24 September Sunday

ജ്ഞാനാധിപത്യത്തെ ചോദ്യംചെയ്ത ചട്ടമ്പി

പ്രൊഫ. വി 
കാർത്തികേയൻ നായർUpdated: Friday May 5, 2023

ഏകദേശം ഒരു സഹസ്രാബ്ദക്കാലംകൊണ്ട് കേരളത്തിൽ രൂപംകൊണ്ട സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയെ ഇ എം എസ് വിശേഷിപ്പിച്ചത് ജാതി ജന്മി നാടുവാഴി വ്യവസ്ഥ എന്നായിരുന്നു. നെൽക്കൃഷിയിൽ അധിഷ്ഠിതവും ക്ഷേത്രകേന്ദ്രിതവുമായ സാമ്പത്തിക അടിത്തറയും നാടുവാഴി കേന്ദ്രിതമായ രാഷ്ട്രീയ മേൽപ്പുരയും ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയും ആയിരുന്നു 19–-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്നത്. ഈ വ്യവസ്ഥ ഉൽപ്പാദിപ്പിച്ച മൂല്യങ്ങളെ നിഷേധിക്കുന്നതിനായി ഉയർന്നുവന്നതായിരുന്നു നവോത്ഥാനപ്രസ്ഥാനം. പരമ്പരാഗതമൂല്യങ്ങളെ വ്യാഖ്യാനിച്ചും സംരക്ഷിച്ചും നിർത്തിയിരുന്നത് പൗരോഹിത്യമായിരുന്നു. അവരാണ് നിലവിലിരുന്ന വ്യവസ്ഥയെയും മൂല്യങ്ങളെയും സനാതനമെന്ന് വിശേഷിപ്പിച്ചത്.

ഇന്ത്യാ സമുദ്രമേഖലയിലെ വിദേശവാണിജ്യ കുത്തക കൈയടക്കിവച്ചിരുന്ന അറബി ചീന കച്ചവടക്കാരെ അവിടെനിന്ന്‌ പുറത്താക്കി പോർച്ചുഗീസുകാർമുതൽ ഇംഗ്ലീഷുകാർവരെയുള്ള യൂറോപ്യൻ രാജ്യങ്ങൾ സാമ്പത്തികമായ ആധിപത്യമുറപ്പിച്ചു.18–-ാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോൾ നാടുവാഴികളുടെമേൽ ബ്രിട്ടീഷുകാർ രാഷ്ട്രീയമായ ആധിപത്യമുറപ്പിച്ചു. ഓരോ ജാതിക്കകത്തും നിലനിന്നിരുന്ന സനാതനമായ ആചാരങ്ങളെ അനാചാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ പ്രബുദ്ധവർഗം പരിഷ്കരണ സംഘടനകൾ സ്ഥാപിച്ച് അവയെ ചോദ്യംചെയ്തു. ആ പ്രബുദ്ധവർഗം ജാതിക്കകത്തുനിന്ന്‌ പുറത്തുവന്നപ്പോൾ ഉണ്ടായതാണ് കേരളത്തിലെ പൊതു ഇടം. ജാതിയെ തിരിച്ചറിയുന്നത് അയിത്തമെന്ന വിവേചനത്തിലൂടെയാണ്. ജാതിബോധം നിലനിർത്തുന്ന സംഘടനകൾക്കകത്തു നിന്നുകൊണ്ടുതന്നെ അവർ അയിത്തത്തിന്‌ എതിരായും പൗരാവകാശങ്ങൾക്കുവേണ്ടിയും പോരാടി. എന്നാൽ, ജാതി ജന്മി നാടുവാഴി പൗരോഹിത്യ വ്യവസ്ഥ സ്ഥാപിച്ച ജ്ഞാനസാമ്രാജ്യത്തെ വെല്ലുവിളിക്കാൻ അവർക്ക് കഴിഞ്ഞില്ല. ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച ആ ജ്ഞാനാധിപത്യത്തെ വെല്ലുവിളിച്ചതും പിച്ചിച്ചീന്തിയതും ചട്ടമ്പിസ്വാമികളായിരുന്നു.

പരശുരാമൻ മഴുവെറിഞ്ഞ് കടലിനെ കരയാക്കി മാറ്റിയ കേരളത്തെ 32 ഗ്രാമമായി വിഭജിച്ച് ബ്രാഹ്മണർക്ക് നൽകിയെന്നാണല്ലോ ‘കേരളോൽപ്പത്തി'യിൽ പറയുന്നത്. ബ്രാഹ്മണർ എഴുതിയുണ്ടാക്കിയ ഈ വ്യാജ കൃതി ആരെയും കാണിക്കാതെയും എന്നാൽ, സർവജനങ്ങളിലും പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ അത് സത്യമാണെന്ന് എല്ലാവരും വിശ്വസിച്ചു. പച്ചക്കള്ളം പരമസത്യമായി മാറ്റുന്ന പ്രചാരവേല.  അതിനവർ ഉപയോഗപ്പെടുത്തിയത് ബൗദ്ധികമായ മേധാവിത്വമായിരുന്നു. പ്രാചീന മലയാളം എന്ന കൃതിയിലൂടെ ഈ പച്ചക്കള്ളത്തെ പിച്ചിച്ചീന്തുകയാണ് ചട്ടമ്പിസ്വാമി ചെയ്തത്. അധ്വാനശീലരും ബലിഷ്ഠകായരുമായ മനുഷ്യർ ബ്രാഹ്മണർ ഇവിടെ എത്തുന്നതിനുമുമ്പേ ഉണ്ടായിരുന്നെന്നും അവരാണ് കേരളത്തെ സൃഷ്ടിച്ചത്‌ എന്നുമായിരുന്നു അദ്ദേഹം പറയുന്നത്. തന്റെ നിലപാടുകൾ സ്ഥാപിക്കുന്നതിനുവേണ്ടി യുക്ത്യാധിഷ്ഠിതമായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ദശാവതാര കഥയിലെ അഞ്ചാമനായ വാമനനാണ് കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. ആറാമത്തെ അവതാരമായ പരശുരാമനാണ് കേരളം സൃഷ്ടിച്ചതത്രെ! അപ്പോൾ പരശുരാമനു മുമ്പേ കേരളം ഇവിടെയുണ്ടല്ലോ. പരശുരാമൻ ഇഷ്ടദാനംകൊടുത്ത് ബ്രാഹ്മണർ പട്ടയം സമ്പാദിച്ച് സ്വന്തമായി ജന്മിമാരായ കള്ളക്കഥയെ പൊളിച്ചെഴുതാൻ ചട്ടമ്പിക്കല്ലാതെ മറ്റാർക്കുകഴിയും.

സ്ത്രീകളും ദസ്യുകളും  ഗായത്രീ മന്ത്രവും വേദസൂക്തങ്ങളും ഉരുവിടാൻ പാടില്ലെന്ന ഋഗ്വേദത്തിലെ വിലക്ക് ജ്ഞാനസമ്പത്തിന്റെ കുത്തകാവകാശം സ്ഥാപിക്കുന്നതിനുവേണ്ടി ബ്രാഹ്മണ്യം പടച്ചുണ്ടാക്കിയ കള്ളക്കഥയാണെന്ന് വേദാധികാര നിരൂപണം എന്ന കൃതിയിലൂടെ ചട്ടമ്പിസ്വാമി സ്ഥാപിക്കുന്നു. പറയസ്ത്രീ പ്രസവിച്ച പരാശരമുനിക്ക് മുക്കുവ സ്ത്രീയിലുണ്ടായ കൃഷ്‌ണദ്വൈപായനൻ  എന്ന വ്യാസൻ  ചിട്ടപ്പെടുത്തിയതാണ് വേദങ്ങൾ. അതുകൊണ്ടാണല്ലോ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെട്ടത്. ആ വേദങ്ങളുടെ ഉടമസ്ഥാവകാശം അപഹരിച്ചെടുത്ത ബ്രാഹ്മണ്യത്തിന് വേദപഠനം നിരോധിക്കാൻ എന്തധികാരമാണ്‌ ഉള്ളത്?  സംസ്കൃതം ദേവഭാഷയാണെന്നും അതാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയെന്നുമാണല്ലോ ബ്രാഹ്മണ്യം പാടിനടന്നിരുന്നത്. ഭാഷാശാസ്ത്രപരമായ തെളിവുകൾ വച്ചുകൊണ്ട് സംസ്കൃതത്തിന്റെ പ്രാചീനതയെ ചട്ടമ്പി ചോദ്യംചെയ്യുന്നു. സംസ്കൃതത്തേക്കാൾ പഴക്കമുള്ള മറ്റൊരു ഭാഷ ദക്ഷിണേന്ത്യയിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ആദിഭാഷ എന്ന കൃതിയിലൂടെ സംസ്കൃതത്തിന്റെ പ്രാചീനതയെ അദ്ദേഹം നിഷേധിക്കുന്നു. അക്ഷരങ്ങളുടെ എണ്ണവും ഉച്ചാരണഭേദവും അവതരിപ്പിച്ചുകൊണ്ട് തമിഴ്ഭാഷാ കുടുംബത്തിന് സംസ്കൃതത്തേക്കാൾ പഴക്കമുണ്ടെന്ന് അദ്ദേഹം പറയുന്നു.

തമിഴ്ഭാഷയിൽ ക, ച,  ട, ത, പ എന്നീ വ്യഞ്‌ജനങ്ങളിൽ ആദ്യത്തെ അക്ഷരമായ ഖരവും അവസാനത്തെ അക്ഷരമായ അനുനാസികവും മാത്രമേയുള്ളൂ. എന്നാൽ, സംസ്കൃതത്തിൽ അതിഖരം, മൃദു, ഘോഷം എന്നിങ്ങനെ മൂന്ന്‌ അക്ഷരങ്ങൾ ഓരോന്നിലും അധികമായിട്ടുണ്ട്. അതിപ്രാചീനമായ ആദിഭാഷയിൽ ആവശ്യത്തിനനുസരിച്ച് അക്ഷരങ്ങൾമാത്രം മതിയായിരുന്നു. എന്നാൽ, കാലംമാറിയപ്പോൾ അന്നത്തെ ആവശ്യത്തിനായി അക്ഷരങ്ങളുടെ എണ്ണം കൂട്ടേണ്ടതായി വന്നു. അങ്ങനെയാണ് സംസ്കൃതത്തിൽ അക്ഷരക്കൂടുതൽ ഉണ്ടായത്. സംസ്‌കൃതവുമായി സമ്പർക്കത്തിലേർപ്പെട്ട ദ്രാവിഡ കുടുംബത്തിലെ മലയാളം ഉൾപ്പെടെയുള്ള മറ്റു ഭാഷകളിൽ അക്ഷരം കൂടുതലുണ്ട്. ആര്യഭാഷാകുടുംബമെന്നു പറയുന്നതുപോലെ ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെട്ടതാണ് മലയാളവും തമിഴും തെലുങ്കുമെല്ലാം. എങ്കിലും ഇവ തമ്മിൽ ആദാനപ്രദാനമുണ്ടായപ്പോൾ അക്ഷരങ്ങൾ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്.

ചട്ടമ്പി സ്വാമികളും സമകാലികരായ മറ്റു നവോത്ഥാന നായകരെല്ലാംതന്നെ ഏതെങ്കിലും  ജാതി സംഘടനയിൽ അംഗങ്ങളോ സ്ഥാപക നേതാക്കളോ ആയിരുന്നു. ചട്ടമ്പി സ്വാമി അത്തരത്തിലുള്ള ഏതെങ്കിലും സംഘടനകളിൽ  ഇടപെട്ട് പ്രവർത്തിച്ചിട്ടില്ല. സഞ്ചാരപ്രിയനും വിജ്ഞാന ദാഹിയുമായിരുന്ന അദ്ദേഹം ഒരിടത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. മതപഠനത്തിനായി മഠങ്ങൾ സ്ഥാപിച്ചിട്ടില്ല. ജ്ഞാന സമ്പാദനത്തിനായി തന്നെ സമീപിച്ചവർക്ക് അദ്ദേഹം അത് പകർന്നുകൊടുത്തു. അവർ ശിഷ്യന്മാരായി അറിയപ്പെട്ടു. തന്റെ പ്രിയശിഷ്യനായ നീലകണ്ഠ തീർഥപാദർ തനിക്കുമുമ്പേ സമാധിയായപ്പോൾ ആ സമാധിസ്ഥാനത്തിനു മുകളിൽ ചട്ടമ്പി ഒരു ശിവപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അത് കരുനാഗപ്പള്ളിയിലാണ്. ഒരു സാമ്പ്രദായിക സന്യാസിയുടെ ചിട്ടവട്ടങ്ങളോ കാഷായവസ്ത്രമോ, അദ്ദേഹം സ്വീകരിച്ചിട്ടില്ല. മഠം സ്ഥാപിക്കുകയോ സന്യാസിസംഘം രൂപീകരിക്കുകയോ ചെയ്യാത്തതിനാൽ അദ്ദേഹം തുടക്കംകുറിച്ച ജഞാന നവോത്ഥാനത്തെ മുന്നോട്ടുനയിക്കാൻ ആരുമുണ്ടായിട്ടില്ല.

1924 മേയ്‌ അഞ്ചിന്‌  ചട്ടമ്പിസ്വാമികൾ സമാധിയടയുന്നതിന്‌ ഒരുമാസംമുമ്പാണ് അയിത്താചരണത്തിന്‌ എതിരെയുള്ള വൈക്കം സത്യഗ്രഹം ആരംഭിച്ചത്. അയിത്തമെന്ന ദുർഭൂതത്തെ പൊതുവഴിയിൽനിന്ന് ആട്ടിയോടിക്കുന്നതിൽ വൈക്കം സത്യഗ്രഹം വിജയിച്ചു. എന്നാൽ, മന്നത്തു പത്മനാഭൻ സൂചിപ്പിച്ചതുപോലെ ആ ദുർഭൂതം ദേവാലയങ്ങളിൽ കയറി അഭയംപ്രാപിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അമ്പലങ്ങൾക്കകത്തു കയറിയവർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാചാരങ്ങളുടെ സംരക്ഷകരായി തീർന്നിരിക്കുന്നു. ദുർഭൂതത്തെ പുറത്തുചാടിക്കാൻ അവർക്കുകഴിഞ്ഞില്ല. ചട്ടമ്പി സ്വാമിയുടെ ജ്ഞാന നവോത്ഥാനം അവിടെ വഴിമുട്ടി.

നവോത്ഥാനം ഒരു തുടർപ്രക്രിയയാണ്. സ്വർണത്തിളക്കമുള്ള ഓട്ടുവിളക്കിൽ ക്ലാവ് പിടിച്ചാൽ അത്‌ കറുത്തുപോകും, ഭസ്മമിട്ടു തിളക്കിയാൽ അതിന്‌ പഴയപ്രഭ തിരിച്ചുകിട്ടും. അതുകൊണ്ടുതന്നെ, നവോത്ഥാനമൂല്യങ്ങളെ കാലോചിതമായി പ്രകാശിപ്പിക്കുകയാണ് സാംസ്കാരിക പ്രവർത്തകരുടെ കർത്തവ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top