18 February Tuesday

സമരോജ്വല ജീവിതം

കോടിയേരി ബാലകൃഷ്ണൻUpdated: Monday Sep 9, 2019

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്- ഇന്നേക്ക്- 21 വർഷം പൂർത്തിയാകുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ്- പാർടിയും ഇടതുപക്ഷ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം. വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് അദ്ദേഹം പാർടി പ്രവർത്തനത്തിലേക്ക്- കടന്നുവന്നത്-. ഏറ്റവും നിർധനരായ ജനവിഭാഗത്തെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്-. 

ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ലാളിത്യത്തെ ജീവിതവ്രതംപോലെ കൊണ്ടുനടന്നു.1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്ര-ട്ട-റി-യറ്റ് അംഗമായി. 1996 മെയ്- മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററിരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തൊഴിലാളിവർഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിതരസാധാരണമായ മാതൃകയാണ് അദ്ദേഹം കാട്ടിയത്-. കാർക്കശ്യമാർന്ന അച്ചടക്കവും ലളിതജീവിതവും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ- സവിശേഷതയായിരുന്നു.

ഇന്നത്തെ കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിലെ കമ്യൂണിസ്റ്റ്- പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദനെന്ന കമ്യൂണിസ്റ്റ്- പോരാളി വളർന്നുവന്നത്-.കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനങ്ങളുടെ എണ്ണമറ്റ സമരങ്ങൾ നടന്ന പ്രദേശമായിരുന്നു ചിറക്കൽ താലൂക്ക്-. പുരകെട്ടി മേയാനുള്ള പുല്ല്പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തരം സമരങ്ങൾക്കു പിന്നിൽ കമ്യൂണിസ്റ്റുകാരായതുകൊണ്ടുതന്നെ അവർക്കെതിരെ ഭരണകൂട ഏജൻസികൾ ഭീകരമായ മർദനമാണ് അഴിച്ചുവിട്ടത്-. പൊലീസ്- ഗുണ്ടാവാഴ്-ചയെ ചെറുത്ത്- കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം ചടയനെ ആവേശംകൊള്ളിച്ചിരുന്നു. അതുതന്നെയാണ് ചടയൻ ഗോവിന്ദനെന്ന മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ചടയൻ സാമൂഹ്യപ്രശ്-നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്-ധനായ സാമൂഹ്യ ശാസ്-ത്രജ്ഞനായി മാറിയത്- ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റ്-ചര്യയിലൂടെയാണ്. വീട്ടിലെ പ്രയാസങ്ങളാൽ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന് തൊഴിലെടുക്കേണ്ടിവന്നു. വിദ്യാഭ്യാസം മുന്നോട്ടു- കൊണ്ടുപോകാൻ കഴിഞ്ഞില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക്- ആകർഷിക്കപ്പെട്ടു. ഉപജീവനത്തിനായി നെയ്-ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയകാര്യങ്ങളിൽ അദ്ദേഹം താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്-ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. എത്‌ കോണിലൂടെ നോക്കിയാലും സമരോജ്വലമായ ജീവിതമാണ്‌ സഖാവ്‌ ചടയൻ നയിച്ചതെന്ന്‌ കാണാം.

കലാസാംസ്-കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്-. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്-കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് അദ്ദേഹം ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ അവിടത്തുകാർക്ക്- പരിചയപ്പെടുത്തുന്നത്- ചടയന്റെ നേതൃത്വത്തിലായിരുന്നു. നല്ല നാടകനടനെന്ന പെരുമകൂടി ചടയന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റ്- വേട്ടയുടെ ഘട്ടത്തിൽ റക്കയുടെ കോലൂരി കൈയിലെടുത്ത്- പ്രതിരോധഭടനായും അദ്ദേഹം മാറി. പിന്നീട്-, സഖാവുൾപ്പെടെയുള്ളവർക്ക്- പൊലീസ്- വേട്ടയെ നേരിടേണ്ടതായിവന്നു. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീടുകൾ പൊലീസും കോൺഗ്രസ്- ഗുണ്ടകളും റെയ്-ഡ്- നടത്തുകയും അടിച്ചുതകർക്കുകയും ചെയ്-തു. ഓരോ ഘട്ടത്തിലും സമരമുഖങ്ങളിൽ കരുത്തുറ്റ സാന്നിധ്യമായി ചടയൻ മാറി. 1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്-ത്തിവച്ച നെല്ല് പിടിച്ചെടുത്ത്- ജനങ്ങൾക്ക്- വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും ചടയനുണ്ടായിരുന്നു.
അടിയന്തരാവസ്ഥയ്-ക്കെതിരായ പ്രതിഷേധപ്രകടനത്തിനും കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ്- ലാത്തിച്ചാർജിൽ ചടയന് അടിയേറ്റു. കൂടാതെ നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടതായി വന്നു.
രണ്ടാം മോഡി സർക്കാർ സംഘപരിവാർ അജൻഡകൾ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയും ഫെഡറൽ തത്ത്വങ്ങളും അവർ മാനിക്കുന്നില്ല. ഭരണഘടനയുടെ 370–ാം അനുച്ഛേദപ്രകാരം ജമ്മു കശ്-മീരിന് നൽകിയിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞു. കശ്-മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം തടങ്കലിലാണ്. ബിജെപി സർക്കാർ എല്ലാ കീഴ്-വഴക്കങ്ങളും കാറ്റിൽ പറത്തിയാണ് കാര്യങ്ങൾ ചെയ്യുന്നത്-.

ഇതുമാത്രമല്ല,  രാജ്യത്തെ വൻസാമ്പത്തിക ശക്തിയാക്കുമെന്ന് വീമ്പടിക്കുന്ന മോഡി ഭരണത്തിൽ രാജ്യത്തിന്റെ സമ്പദ്-വ്യവസ്ഥ തകരുകയാണ്. വ്യവസായ വളർച്ചനിരക്ക്- ഇടിഞ്ഞു. ഓട്ടോമൊബൈൽ വ്യവസായം വലിയ തകർച്ചയിലാണ്. വാഹനങ്ങൾ കെട്ടിക്കിടക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക്- ജോലി നഷ്ടപ്പെട്ടു. ഈ പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ല. ലോക സാമ്പത്തികരംഗവും വലിയ പ്രതിസന്ധിയിലേക്ക്- നീങ്ങുകയാണ്. ഇന്ത്യയിലെ തൊഴിലില്ലായ്-മ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കാർഷികമേഖലയും പ്രതിസന്ധിയിലാണ്. ഒന്നാം മോഡി സർക്കാരിന്റെ കാലത്തെ തെറ്റായ ‘സാമ്പത്തിക പരിഷ്-കാരങ്ങൾ’ സമ്പദ്-വ്യവസ്ഥയെ പിറകോട്ടടിപ്പിച്ചു. നോട്ട്- നിരോധനവും ചരക്കുസേവന നികുതിയും ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളും നേരിട്ടിടപെടുന്ന അനൗപചാരിക സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞു. അതിന്റെ വലിയ പ്രത്യാഘാതത്തിൽനിന്ന് ഇനിയും കരകയറാനായിട്ടില്ല. ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും വർധിച്ചുവരികയാണ്.

കേരളത്തിലെ ജനതയുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനമാണ് സ. ചടയൻ തന്റെ ജീവിതംകൊണ്ട്- നിർവഹിച്ചത്-. ഇത്തരം നിസ്വാർഥ ജനസേവകരുടെ ഓർമകൾ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടത്തിന് നമുക്ക്- കരുത്തുപകരും.


പ്രധാന വാർത്തകൾ
 Top