23 February Saturday

പ്രസ്ഥാനത്തിനുവേണ്ടി മാത്രം ജീവിച്ച സഖാവ്

ഡോ. കെ രാജഗോപാല്‍Updated: Saturday Sep 9, 2017

ശ്വാസകോശ അര്‍ബുദം എന്ന രോഗം പിടിപെട്ടില്ലായിരുന്നെങ്കില്‍ ചടയന്‍ ഗോവിന്ദന്‍ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ധീരനും കര്‍മനിരതനുമായ ആ പാര്‍ടി സംസ്ഥാന സെക്രട്ടറിയുടെ അവസാന നാളുകളില്‍ ഒരു നിഴല്‍പോലെ സഖാവിനൊപ്പം ഉണ്ടാകാനുള്ള അവസരം ലഭിച്ച ഒരു ഡോക്ടറാണ് ഞാന്‍.

1997ല്‍ ഒരു ചെറിയ പനിയിലും അതേത്തുടര്‍ന്നുണ്ടായ ചുമയിലും നിന്നായിരുന്നു രോഗത്തിന്റെ ആരംഭം. ഇടുക്കി ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയത് ജലദോഷവും പനിയുമായാണ്. സാധാരണ ചെറിയ പനിയും ചുമയും ഒന്നും സഖാവ് വകവയ്ക്കാറില്ല. അസുഖംകൂടി ജോലിക്ക് തടസ്സമുണ്ടാകുമ്പോഴായിരുന്നു ചികിത്സയ്ക്കായി എന്നെ വിളിച്ചിരുന്നത്. ഞാന്‍ അന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. ഇടുക്കിയില്‍നിന്ന് വന്നതിന്റെ അടുത്ത ദിവസം രാവിലെ സഖാവ് എന്നെ ഫോണില്‍ വിളിച്ചു. "ചുമ ശല്യം ചെയ്യുന്നുണ്ടല്ലോ ഡോക്ടറെ.'' ചടയന്‍ ഗോവിന്ദന്‍,

ഞാന്‍ എ കെ ജി സെന്ററിലേക്ക് ചെന്നു. സഖാവിനെ പരിശോധിച്ചു. നല്ല പനിയുണ്ടായിരുന്നു. "നാളെ സെക്രട്ടറിയറ്റ് മീറ്റിങ്ങാണ്. അപ്പോഴേക്കും സുഖമാകണം'' ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എഴുതി ഓഫീസ് സെക്രട്ടറി രാജേന്ദ്രനെ ഏല്‍പ്പിച്ച് ഞാന്‍ ആശുപത്രിയിലേക്ക് പോയി. വൈകിട്ട് പനി കുറഞ്ഞെങ്കിലും നെഞ്ചില്‍ കഫകെട്ടുണ്ടായിരുന്നു. അടുത്ത ദിവസം സഖാവ് ഉന്മേഷവാനായി. സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, അടുത്ത ദിവസം രാവിലെ പിന്നെയും പനി കൂടി.

കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് പോയി. ഫിസിഷ്യന്‍ ഡോ. രാജശേഖരന്‍നായരെ കാണിച്ചു. രക്തം പരിശോധിച്ചു. എക്സറേ എടുത്തു. നെഞ്ചിലെ കഫകെട്ട് നിസ്സാരമല്ലെന്നും മനസ്സിലാക്കി. കഫം പരിശോധിച്ചു. വീര്യംകൂടിയ ആന്റിബയോട്ടിക്കുകള്‍ നല്‍കിയപ്പോള്‍ പനിയും ചുമയും വിട്ടുമാറി. എന്നാല്‍, ഒരാഴ്ചയ്ക്കകം വീണ്ടും പനിയും ചുമയും തുടങ്ങി. സി റ്റി സ്കാന്‍ ചെയ്തുനോക്കിയപ്പോള്‍ ശ്വാസകോശ അര്‍ബുദമാണെന്നും സംശയിച്ചു. റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായരെ കാണിച്ചു. ശ്വാസകോശ അര്‍ബുദം (ബ്രോങ്കോജനിക് കാഴ്സിനോമ) ആണെന്നും മനസ്സിലാക്കി.
അര്‍ബുദം ബാധിച്ച ശ്വാസകോശഭാഗം മുറിച്ചുമാറ്റാന്‍ തീരുമാനമായി. രണ്ടു മൂന്നു വര്‍ഷംമുമ്പ് സഖാവ് മദ്രാസിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. അതുകൊണ്ട് വീണ്ടും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ നടത്തുന്നത് 'റിസ്ക്' ആണെന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ തൊറാസിക് സര്‍ജന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ബൈപാസ് സര്‍ജറി നടത്തിയ മദ്രാസ് മെഡിക്കല്‍ സെന്ററിലെ ഡോ. ചെറിയാനെ കാണിക്കാന്‍ തീരുമാനിച്ചു. സഖാവും ഞാനുംകൂടി മദ്രാസിലെത്തി. ഡോക്ടര്‍ ചെറിയാന്‍ പരിശോധിച്ചശേഷം 'ബ്രോങ്കോസ്കോപ്പി'ക്ക് നിര്‍ദേശിച്ചു. മദ്രാസിലെ അപ്പോളോ ആശുപത്രിയില്‍ ബ്രോങ്കോസ്കോപ്പി നടത്തി. ബയോപ്സി എടുത്തു. ക്യാന്‍സര്‍ സ്ഥിരീകരിച്ചു.

തുടര്‍ന്ന് ശ്വാസകോശ ശസ്ത്രക്രിയ നടത്താനായി സഖാവിനെ ഡല്‍ഹിയിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി. ഡല്‍ഹിയിലും സഖാവിനൊപ്പം ഞാനുണ്ടായിരുന്നു. അര്‍ബുദം ബാധിച്ച ശ്വാസകോശഭാഗം മുറിച്ചുമാറ്റിയശേഷം കീമോ തെറോപ്പിയും റേഡിയേഷന്‍ തെറോപ്പിയും നല്‍കണമെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

വീണ്ടും ഡോ. കൃഷ്ണന്‍നായരെ ആര്‍സിസിയില്‍ ചെന്നു കണ്ടു. ശ്വാസകോശ അര്‍ബുദത്തിന് ലണ്ടനിലെ 'റോയല്‍ മാര്‍സണ്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍' ആധുനിക ചികിത്സാക്രമം ഉണ്ടെന്നും അവിടെ കെണ്ടുപോയി അവരുടെ അഭിപ്രായംകൂടി അറിഞ്ഞിട്ട് ചികിത്സ തുടങ്ങുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുമായും സംസാരിച്ചു. തുടര്‍ന്ന് സഖാവിനെ ഇംഗ്ളണ്ടില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. സഖാവിനൊപ്പം ഇംഗ്ളണ്ടിലേക്ക് പോയതും ഞാന്‍തന്നെ. രോഗം അര്‍ബുദമാണെന്ന വിവരം ചടയനെ അല്‍പ്പംപോലും തളര്‍ത്തിയിരുന്നില്ല. അദ്ദേഹം ഡോ. കൃഷ്ണന്‍നായരോട് ഒരു കാര്യംമാത്രമേ പറഞ്ഞുള്ളൂ.

"ജീവിച്ചിരിക്കുന്ന കാലംമുഴുവന്‍ പാര്‍ടിയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയണം.'' ഡോ. കൃഷ്ണന്‍നായര്‍ അത് ശരിവച്ചു. "ജീവിതത്തിന്റെ ക്വാളിറ്റി ഉറപ്പുവരുത്തണം. ജോലി ചെയ്യാനുള്ള കഴിവ് പൂര്‍ണമായി നിലനിര്‍ത്തണം. അതിനുവേണ്ടിയുള്ള എല്ലാ ആധുനിക ചികിത്സാമാര്‍ഗങ്ങളും അന്വേഷിക്കണം''- അദ്ദേഹം പറഞ്ഞു.

ലണ്ടനിലെ റോയല്‍ മാര്‍സണ്‍ ആശുപത്രിയിലെ ഓങ്കോളജി പ്രൊഫസര്‍ ഡോ. മേരി ഓബറിന്‍ ഡോ. കൃഷ്ണന്‍നായരുടെ സുഹൃത്തായിരുന്നു, എന്റെ സുഹൃത്തും സഹപാഠിയുമായ ഡോ. വാസുദേവന്‍നായര്‍ ഇംഗ്ളണ്ടില്‍ ബര്‍മിങ്ഹാമില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ളണ്ടില്‍ താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ സഹായവും അദ്ദേഹം നല്‍കാമെന്ന് സമ്മതിച്ചു. അദ്ദേഹം ഒരു പാര്‍ടി അനുഭാവികൂടിയായിരുന്നു.

1997 ജൂലൈ എട്ടിന് ചടയന്‍ സഖാവും ഞാനും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. ഞങ്ങളെ സ്വീകരിക്കാന്‍ ഡോ. വാസുദേവനും ഭാര്യ ഡോ. രാധയും ഉണ്ടായിരന്നു. ഡോക്ടറുടെ വീട്ടില്‍ ഞങ്ങള്‍ക്ക് താമസത്തിനുള്ള എല്ലാ സൌകര്യവും ഉണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ ഞങ്ങള്‍ റോയല്‍ മാര്‍സണ്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. മേരി ഓബറിനെ കണ്ടു. ഏകദേശം രണ്ടുമണിക്കൂറോളം പരിശോധന നീണ്ടു. ഏതാനും ചില പുതിയ ടെസ്റ്റുകള്‍കൂടി നടത്തി. പരിശോധനയ്ക്കുശേഷം "ക്യാന്‍സര്‍ ബാധിച്ച ഭാഗം മുഴുവനായി മുറിച്ചുമാറ്റിയിട്ടുണ്ട്. കീമോ തെറോപ്പിയും റേഡിയേഷന്‍ തെറോപ്പിയും ഞാന്‍ നിര്‍ദേശിക്കാം. അതനുസരിച്ച് തിരുവനന്തപുരത്തുതന്നെ ചികിത്സ നടത്തിയാല്‍ മതിയാകും. ഇടയ്ക്ക് ഇവിടെ വന്ന് 'റിവ്യൂ' ചെയ്താല്‍ മതി.''
ചടയന്‍ സഖാവ് അതുകേട്ട് സന്തോഷിച്ച് ചിരിച്ചു. അദ്ദേഹത്തിന്റെ ചിരികണ്ടപ്പോള്‍ ഡോ. മേരി ഓബറിന്‍ എന്നോട് പറഞ്ഞു. "ഹീ ഈസ് സോ സിമ്പിള്‍'' അതിനിടെ ഡോക്ടര്‍ ഉപദേശിച്ചു: "ഇംഗ്ളണ്ടില്‍ വന്നതല്ലേ ഇവിടത്തെ പ്രധാന സ്ഥലങ്ങള്‍ കണ്ടിട്ടു മടങ്ങിയാല്‍ മതി. യാത്ര ചെയ്യുന്നതില്‍ കുഴപ്പമില്ല. ഏതു സ്ഥലമാണ് താങ്കള്‍ കാണാന്‍ ഉദ്ദേശിക്കുന്നത്.''

ചടയന്‍ സഖാവിന്റെ മറുപടി പെട്ടന്നായിരുന്നു. "കാള്‍ മാര്‍ക്സിനെ അടക്കിയ സ്ഥലം''. അതുകൂടാതെ ഷേക്സ്പിയറിന്റെ ജന്മഗൃഹവും റോയല്‍ ഷേക്സ്പിയേറിയന്‍ തിയറ്ററും കാണണമെന്നും അവര്‍ നിര്‍ദേശിച്ചു.

അടുത്ത ദിവസം ഞങ്ങള്‍ കാള്‍ മാര്‍ക്സിന്റെ അന്ത്യവിശ്രമസ്ഥലം കാണാന്‍ ലണ്ടനിലെ 'ഹൈഗേറ്റ് സിമിട്രി'യില്‍ എത്തി. ചൈനയില്‍നിന്നുള്ള ഒരു സംഘം അവിടെ എത്തിയിരുന്നു.  ഞങ്ങള്‍ ഒരുമിച്ച് സ്ഥലം കണ്ടുപിടിച്ചു. അവിടെ ചടയന്‍ പൂച്ചെണ്ട് വച്ചു. ചൈനീസ് സഖാക്കള്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു. സഖാവ് ഉന്മേഷവാനായിരുന്നു.

ഡോ. മേരി ഓബറിന്റെ നിര്‍ദേശാനുസരണം തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ ചികിത്സ വളരെ ഫലപ്രദമമായിരുന്നു. സഖാവിന്റെ ചുമ നിശ്ശേഷം മാറി. പാര്‍ടിപരിപാടികളില്‍ സജീവമായി. കേരളംമുഴുവന്‍ സഞ്ചരിച്ചു.

റിവ്യൂവിനായി രണ്ടാമത്തെ പ്രാവശ്യം ഇംഗ്ളണ്ടില്‍ എത്തിയപ്പോള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സുര്‍ജിത് ബര്‍മിങ്ഹാമില്‍ വന്ന് സഖാവ് ചടയനെ കണ്ടു. ഇംഗ്ളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചില നേതാക്കളും സുര്‍ജിത്തിനൊപ്പം ഉണ്ടായിരുന്നു. ഡോക്ടര്‍ വാസുദേവന്‍നായരുടെ വീട്ടില്‍ വച്ച് അവരുമായി നടത്തിയ ചര്‍ച്ചയില്‍ ചടയന്‍ സജീവമായി പങ്കെടുത്തു. ചടയന്‍ സഖാവിന്റെ ജീവന്‍ പാര്‍ടിക്ക് വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴും ഉണ്ടാകണമെന്നും സുര്‍ജിത് എന്നോട് പറഞ്ഞു. 

ഒരു വര്‍ഷത്തിനിടെ നാലുപ്രാവശ്യം റോയല്‍ മാര്‍സണ്‍ ആശുപത്രിയില്‍ പായി. ഡോ. മേരി ഓബറിനെ കണ്ടിരുന്നു. അവരുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ ചടയന് കഴിഞ്ഞു. കമ്യൂണിസ്റ്റുകാരെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനും ചടയന് കഴിഞ്ഞു. നിരന്തര യാത്രകള്‍ സഖാവിനെ ക്ഷീണിപ്പിച്ചു. ഒരു പ്രാവശ്യം ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സഖാവിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. നടക്കുമ്പോഴും കുളിക്കുമ്പോഴും ശ്വാസംമുട്ടലുണ്ടായി. മരുന്ന് കഴിക്കുമ്പോള്‍ അത് മാറിയിരുന്നു. ഡല്‍ഹി സിസി മീറ്റിങ്ങുകള്‍ക്ക് പോകുമ്പോള്‍ അദ്ദേഹം എന്നെക്കൂടി കൊണ്ടുപോകുമായിരുന്നു. അതുകൊണ്ട് എന്ത് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ഉടന്‍ പരിഹാരം കണ്ടിരുന്നു.

കുളിക്കുമ്പോഴുള്ള ശ്വാസംമുട്ടല്‍ അദ്ദേഹത്തെ ശല്യംചെയ്തു. അതുകൊണ്ട് രാവിലെ അദ്ദേഹം കുളിക്കാന്‍ കയറുന്നതിനുമുമ്പുതന്നെ ദിവസവും ഞാന്‍ എ കെ ജി സെന്ററില്‍ എത്തിയിരുന്നു.

പാലക്കാട്ട് സംസ്ഥാന സമ്മേളനത്തിനു പോകുമ്പോള്‍ സഖാവിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. കൂടാതെ കീമോ തെറോപ്പിയുടെ ഫലമായി തലമുടിമുഴുവന്‍ കൊഴിഞ്ഞു. സഖാവിനൊപ്പം പാലക്കാട് റെസ്റ്റ് ഹൌസില്‍ ഞാനും താമസിച്ചു. പാര്‍ടി സെക്രട്ടറിയായി വീണ്ടും  സഖാവ് തെരഞ്ഞെടുക്കപ്പെട്ടു. തിരികെ വന്നപ്പോള്‍ അല്‍പ്പം ക്ഷീണിതനായിരുന്നു.

അടുത്ത സിസി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോകുമ്പോള്‍ നല്ല ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. വീല്‍ചെയറിലായിരുന്നു എ കെ ജി ഭവനിലേക്ക് പോയതും കേരള ഹൌസിലേക്ക് തിരിച്ചുവന്നതും. വീല്‍ചെയറിലെ യാത്ര സഖാവിനെ ദുഃഖിപ്പിച്ചു. അടുത്ത റിവ്യൂവിന് ഇംഗ്ളണ്ടിലേക്ക് പോകാന്‍ അദ്ദേഹം മടിച്ചു.
ചെറിയ ശ്വാസംമുട്ടല്‍ ഉണ്ടായിട്ടും അദ്ദേഹം ഇടുക്കിയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഇടുക്കിയില്‍ പോയി മടങ്ങിവന്നപ്പോള്‍ അദ്ദേഹത്തിന് വീണ്ടും പനിയും ചുമയുമുണ്ടായി. ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്തു. അപ്പോള്‍മാത്രമാണ് ഭാര്യയെ അദ്ദേഹം ആശുപത്രിയിലേക്ക് വരുത്തിച്ചത്. അവരെ ബുദ്ധിമുട്ടിക്കുന്നതില്‍ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു.

തുടര്‍ന്ന് അടിക്കടി ശ്വാസകോശത്തില്‍ അണുബാധയുണ്ടാകാന്‍ തുടങ്ങി. അത് ന്യുമോണിയയില്‍ അവസാനിച്ചു. കഠിനമായ ശ്വാസംമുട്ടലും ചുമയും പനിയും അദ്ദേഹത്തെ ക്ഷീണിതനാക്കി. ആര്‍സിസിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തെങ്കിലും അവിടെവച്ച് സെപ്തംബര്‍ ഒമ്പതിന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. സ്വന്തം ആരോഗ്യത്തെയും ജീവനെത്തന്നെയും മറന്ന് പ്രസ്ഥാനത്തിനുവേണ്ടിമാത്രം ജീവിച്ച ഒരു ധീര സഖാവായിരുന്നു ചടയന്‍ ഗോവിന്ദന്‍. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍! അഭിവാദ്യങ്ങള്‍!

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top