20 April Tuesday

ക്യാപ്‌റ്റൻ - കെ ശ്രീകണ്ഠൻ എഴുതുന്നു

കെ ശ്രീകണ്ഠൻUpdated: Thursday Mar 11, 2021

‘പറയുന്നത്‌ ചെയ്യുക, ചെയ്യാൻ കഴിയുന്നത്‌ പറയുക’ പിണറായി വിജയൻ എന്ന പേരിന്‌ ഏറ്റവും അന്വർഥമായ വിശേഷണമാണ്‌ ഈ വാക്യം. വികസനവും കരുതലുമാണ്‌ ആ മനസ്സ്‌ എല്ലായ്‌പ്പോഴും ഉരുവിടുന്ന മഹാമന്ത്രം. ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകിത്തെളിഞ്ഞ ഈ നേതൃപാടവം എക്കാലത്തെയും കേരളത്തിന്റെ പ്രതീക്ഷയാണ്‌. കേരളത്തിന്റെ ടീം ക്യാപ്‌റ്റനായി ഒരിക്കൽക്കൂടി പിണറായി എൽഡിഎഫിനെ നയിക്കാനിറങ്ങുകയാണ്‌.

ജനങ്ങളുടെ ഉറപ്പും വിശ്വാസവുമാണ്‌ പിണറായിയെന്ന്‌ കേരളം തിരിച്ചറിഞ്ഞതാണ്‌. പ്രളയം തകർത്തെറിഞ്ഞപ്പോഴും കോവിഡ്‌ മഹാമാരിയായി ഉറഞ്ഞുതുള്ളിയപ്പോഴും ആശ്വാസത്തിന്റെയും കരുത്തിന്റെയും ആൾരൂപമായി പിണറായി എന്ന മുഖ്യമന്ത്രി മലയാളിയുടെ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ലോകമെങ്ങുമുള്ള മലയാളികളെ മാത്രമല്ല, പക്ഷിമൃഗാദികളെയും മറ്റു ജീവജാലങ്ങളെയും അദ്ദേഹം കരുതലോടെ കാത്തു. അതുതന്നെയാണ്‌ സംഘടിതമായ കുപ്രചാരണങ്ങളെ വെള്ളം വകഞ്ഞുമാറ്റുന്ന ലാഘവത്തോടെ മുറിച്ചുകടക്കാൻ ഇന്ധനം പകർന്നതും.

തിരുവനന്തപുരത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പിണറായിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമ്പോൾ തന്റെ മണ്ഡലമായ ധർമടത്ത്‌ വോട്ടർമാരെ നേരിട്ടു കാണുന്ന തിരക്കിലായിരുന്നു അദ്ദേഹം. വീണ്ടും സ്ഥാനാർഥിയായി തീരുമാനിച്ച വിവരം പിണറായി തന്നെ അവരെ അറിയിച്ചു. ‘നാടിന് പേരുദോഷമുണ്ടാക്കുന്ന ഒരു കാര്യവും എൽഡിഎഫ്‌ ചെയ്‌തിട്ടില്ല. ഇനി ചെയ്യുകയുമില്ല. അതുകൊണ്ടാണ്‌ വികസനത്തുടർച്ചയ്‌ക്ക്‌ വീണ്ടും എൽഡിഎഫ്‌ വരണമെന്ന്‌ കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നത്‌’. ആവേശം വിതറിയ മുദ്രാവാക്യങ്ങളോടെയും കരഘോഷത്തോടെയുമാണ്‌ സ്‌ത്രീകളും കുട്ടികളുമടങ്ങിയ ജനാവലി ആ വാക്കുകൾ ഏറ്റുവാങ്ങിയത്‌.

കേരളത്തിന്റെ ചെറുതും വലുതുമായ ഓരോ പ്രശ്‌നവും ശ്രദ്ധാപൂർവം വീക്ഷിക്കുകയും പ്രസാദാത്മകമായി ഇടപെടുകയും ചെയ്യുക എന്നതാണ്‌ പിണറായി വിജയൻ എന്ന ജനനേതാവിനെ വേറിട്ടതാക്കുന്നത്‌. മുഖത്ത്‌ ഗൗരവം നിറയുമ്പോഴും ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുഴുകിയിരിക്കും ആ ഉള്ള്‌. ചിരിച്ചും തമാശ പറഞ്ഞും ജനങ്ങളെ കബളിപ്പിക്കുന്നതല്ല ആ പൊതുപ്രവർത്തനശൈലി. ആത്മാർഥതയാണ്‌ അതിന്റെ കാതലെന്ന തിരിച്ചറിവാണ്‌ ഭരണത്തുടർച്ചയെന്ന വികാരം കേരളമെമ്പാടും അലയടിച്ചുയരാനുള്ള കാരണവും.

വ്യക്തിപരമായ വേട്ടയാടലുകളും കടന്നാക്രമണങ്ങളും നേരിട്ട്‌ മുന്നേറുന്ന പിണറായി വിജയനെന്ന ‘ടീം കേരള’ നായകന്‌ നിയമസഭയിലേക്കിത്‌ ആറാമങ്കമാണ്‌. കൂത്തുപറമ്പിൽനിന്ന്‌ മൂന്നുതവണയും പയ്യന്നൂർ, ധർമടം എന്നിവിടങ്ങളിൽനിന്ന്‌ ഓരോ തവണയും അദ്ദേഹം നിയമസഭയിലെത്തി. 26–-ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തി. ജനപ്രതിനിധിയായിട്ടും അടിയന്തരാവസ്ഥയിൽ പൊലീസിന്റെ ക്രൂരമർദനത്തിരയായി. ചോരയിൽ മുങ്ങിയ ഉടുപ്പും മുണ്ടും നിയമസഭയിൽ ഉയർത്തിക്കാട്ടി, കെ കരുണാകരനു നേരെ വിരൽചൂണ്ടി പൊലീസിന്റെ ക്രൂരതയെക്കുറിച്ച്‌ പിണറായി നടത്തിയ പ്രസംഗം ഇന്നും ത്രസിപ്പിക്കുന്നതാണ്‌.

1945 മെയ്‌ 24ന്‌ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായാണ്‌ പിണറായി വിജയൻ ജനിച്ചത്‌. ബാല്യവും കൗമാരവും കൊടിയ ദാരിദ്ര്യത്തിന്റേതായിരുന്നു. അച്ഛൻ ചെത്തുതൊഴിലാളിയായതിന്റെ പേരിലും അദ്ദേഹത്തെ വ്യക്തിഹത്യ നടത്താൻ ശ്രമം അരങ്ങേറി. ‘ചെത്തുതൊഴിലാളിയുടെ മകൻ എന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു’ എന്നാണ്‌ അതിനോട്‌ അദ്ദേഹം പ്രതികരിച്ചത്‌. അതേ വികാരവായ്‌പോടെ ആ മറുപടി കേരളീയർ ഏറ്റുവാങ്ങി.

പിണറായി യുപി സ്‌കൂളിലും പെരളശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരുവർഷം നെയ്‌ത്തുതൊഴിലാളിയായി ജോലിനോക്കി. തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രിഡിഗ്രി, ബിരുദപഠനം. കെഎസ്എഫ്‌ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, കെഎസ്‌വൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1968 ൽ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി. 1972ൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും 78ൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986ൽ കണ്ണൂർ ജില്ലാ സെക്രട്ടറി, 88ൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം.


 

1996ൽ സഹകരണ വൈദ്യുതി മന്ത്രിയായിരുന്നു. വൈദ്യുതി മന്ത്രിയെന്ന നിലയിൽ വൈദ്യുതിമേഖലയിൽ കേരളം വൻകുതിപ്പാണ്‌ നടത്തിയത്‌. മലബാറിലെ വൈദ്യുതി വിളക്കുകൾ തെളിഞ്ഞുകത്താൻ തുടങ്ങിയത്‌ പിണറായി വൈദ്യുതി മന്ത്രിയായപ്പോഴാണ്‌. യുഡിഎഫ്‌ സർക്കാർ സമ്മാനിച്ച മൂന്നര മണിക്കൂർ ലോഡ്‌ ഷെഡിങ്ങിന്‌ അറുതിവരുത്തിയത്‌ പിണറായിയുടെ ഭരണമികവിന്‌ മറ്റൊരു ഉദാഹരണമാണ്‌. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും തലശ്ശേരിയിൽ ക്യാൻസർ ആശുപത്രി സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തതിന്‌ ലാവ്‌ലിൻ കേസിൽ പ്രതിയാക്കി വർഷങ്ങളോളം അദ്ദേഹത്തെ വേട്ടയാടി. ഒടുവിൽ സിബിഐ കോടതിയും ഹൈക്കോടതിയും പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു.

വൈദ്യുതി മന്ത്രി പദവി വഹിച്ച സമയത്താണ്‌ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന്‌ പിണറായി സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്‌. 2015ൽ ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറി പദം ഒഴിഞ്ഞു.
റിട്ട. അധ്യാപിക കമലയാണ്‌ ഭാര്യ. വിവേക്‌, വീണ എന്നിവർ മക്കൾ.

1971ൽ തലശ്ശേരിയിൽ ആർഎസ്‌എസുകാർ വർഗീയകലാപം അഴിച്ചുവിട്ടപ്പോൾ സംഘർഷമേഖലകളിലുടനീളം സഞ്ചരിച്ച്‌ പിണറായിയും പാർടി പ്രവർത്തകരും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ തലശ്ശേരി കലാപം അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ അഭിനന്ദിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ അഞ്ചുവർഷം വളരെ നിർണായകമായിരുന്നു. ഓഖി, നിപാ എന്നിവയും രണ്ടു തവണയുണ്ടായ പ്രളയവും തകർത്ത കേരളത്തെ പുനർനിർമിക്കാൻ പിണറായി മുന്നിൽനിന്ന് നയിച്ചു. കോവിഡിനെ തുടർന്ന്‌ അടച്ചുപൂട്ടിയ നാളുകളിൽ കരുതലിന്റെയും പ്രതിരോധത്തിന്റെയും കവചം തീർത്ത പിതൃതുല്യമായ വാത്സല്യത്തോടെയാണ്‌ അദ്ദേഹം ചേർത്തുപിടിച്ചത്‌. വറുതിയുടെ നാളുകളിൽ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ദിനങ്ങളായിരുന്നു വീടുകളിൽ. ആ വാക്കുകളിലൂടെ അളവറ്റ കരുതലും സഹാനുഭൂതിയുമാണ്‌ മലയാളി തിരിച്ചറിഞ്ഞത്‌. ആ ഓർമപ്പെടുത്തലും വികസന പന്ഥാവിലൂടെ മുന്നേറേണ്ട അനിവാര്യതയുമാണ്‌ പിണറായിയിൽ കേരളം അർപ്പിക്കുന്ന വിശ്വാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top