26 September Saturday

പെണ്‍പോരാട്ടങ്ങളുടെ ഊര്‍ജ സ്രോതസ്സ്‌

അഡ്വ. പി സതീദേവിUpdated: Thursday Jul 23, 2020

ക്യാപ്റ്റൻ ലക്ഷ്‌മി നമ്മെ  വിട്ടുപിരിഞ്ഞിട്ട്  8 വർഷമായിരിക്കുന്നു. എന്നാൽ  ഇന്നും അവരുടെ  രണ്ടു നേത്രപടലങ്ങൾ കാൺപുരിലെ ബബ്ലിയുടെയും രാംപ്യാരിയുടെയും കണ്ണുകളിലൂടെ ലോകത്തെ കാണുകയാണ്. കോവിഡ് 19 എന്ന മഹാമാരി ലോകജനതയെയാകെ ഭയാശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് ആ കണ്ണുകൾ കാണുകയാണ്. ജീവിച്ചിരുന്ന കാലഘട്ടത്തിൽ സമൂഹം നേരിട്ട എല്ലാ ദുരന്തങ്ങളിലും പാവപ്പെട്ടവർക്ക് താങ്ങായി തണലായി നിന്ന പ്രിയപ്പെട്ട ‘മമ്മീജി’യുടെ സ്മരണ അയവിറക്കുമ്പോൾ ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ രംഗത്തിറങ്ങുക എന്നതാണ് നമുക്ക് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ ഇന്ത്യയിലെ പെൺപോരാളികളിൽ പ്രഥമ സ്ഥാനീയയായ ക്യാപ്റ്റൻ ലക്ഷ്മി എന്ന ഡോ. ലക്ഷ്മി സൈഗാൾ ആയുസ്സ് മുഴുവൻ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ വിശ്രമരഹിതമായി പൊരുതി മുന്നേറി.

ലക്ഷ്മി ജനിച്ചതും ജീവിച്ചതുമായ ചുറ്റുപാട്  അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചു. 1914 സെപ്തംബർ 24ന് പാലക്കാട് ജില്ലയിലെ ആനക്കരയിൽ സമ്പന്നമായ വടക്കത്ത് തറവാട്ടിലെ അമ്മുവിന്റെയും മദിരാശി  ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായ ഡോ. സ്വാമിനാഥന്റെയും മകളായിട്ടാണ് ലക്ഷ്മി ജനിച്ചത്. അമ്മു സ്വാമിനാഥൻ അന്നത്തെ മദിരാശിയിലെ ഏറ്റവും സ്വാതന്ത്ര്യബോധമുള്ള സ്‌ത്രീയായിരുന്നു. അമ്മൂമ്മ അമ്മുക്കുട്ടിയമ്മ ആനക്കര ഗ്രാമത്തിലെ ആജ്ഞാശക്തിയുള്ള ഒരു സ്‌ത്രീയായിരുന്നു. മാപ്പിളലഹളയുടെ കാലയളവിൽ ആനക്കരയിലെ മുസ്ലിം സഹോദരങ്ങളാണ് ആ കുടുംബത്തിന് കാവൽ നിന്നത്. ഇളയമ്മയായ എ വി കുട്ടിമാളു അമ്മ കെപിസിസി അംഗവും കോഴിപ്പുറത്ത് മാധവമേനോന്റെ പത്നിയുമായിരുന്നു.

ദേശീയ പ്രസ്ഥാനം, ശൈശവവിവാഹം, സാമൂഹ്യ പരിഷ്കരണം എന്നിവ സംബന്ധിച്ച് സ്‌കൂളിൽ നടന്ന ചർച്ചകളിലെല്ലാം അവർ ഭാഗഭാക്കായി. ക്യൂൻ മേരീസ് കോളേജിലെ പഠനത്തിനുശേഷം മദ്രാസ് മെഡിക്കൽ കോളേജിൽനിന്നും മെഡിക്കൽ ബിരുദവും ഗൈനക്കോളജിയിൽ ഡിപ്ലോമയും നേടി 1940ൽ ഡോക്ടറായി സേവനമനുഷ്ഠിക്കാൻ സിങ്കപ്പുരിൽ എത്തി. രണ്ടാം ലോകമഹായുദ്ധകാലയളവിൽ സിങ്കപ്പുർ  ജപ്പാന്റെ കൈയിലായി. ബ്രിട്ടീഷ് പട്ടാളം ജാപ്പനീസ് സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. ബ്രിട്ടീഷുകാരായ സേനാതലവന്മാർ ഇന്ത്യൻ പട്ടാളക്കാരെ ജപ്പാന്‌ കൈമാറി. ഈ സമയം നേതാജി സുഭാഷ് ചന്ദ്രബോസുമായി പരിചയപ്പെട്ട ലക്ഷ്മി സുഭാഷ് ചന്ദ്രബോസിന്റെ നിർദേശപ്രകാരം ഐഎൻഎയുടെ വനിതാ വിഭാഗമായ റാണി ലക്ഷ്മിഭായ്  റജിമെന്റ് രൂപീകരിച്ചു.  1500ൽ പരം സ്ത്രീകൾ അണിനിരന്ന സേനയുടെ ക്യാപ്റ്റൻ ആയി ചുമതലയേൽക്കുകയും  പിന്നീട് ക്യാപ്റ്റൻ ലക്ഷ്മി എന്ന പേരിൽ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ബർമയിലെ കുടിയേറ്റ തൊഴിലാളികളുടെ ഡോക്ടറായിരുന്ന ഡോ. ലക്ഷ്മി ഒരു കൈയിൽ സ്റ്റെതസ്കോപ്പും മറുകൈയിൽ യന്ത്രത്തോക്കുമായി ബർമൻ കാടുകളിൽ ബ്രിട്ടീഷ് സൈന്യത്തോട് ധീരോദാത്തമായി ചെറുത്തുനിന്നു. 1946ൽ വീട്ടുതടങ്കലിൽനിന്നും മോചിപ്പിക്കപ്പെട്ടതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്നു.

ക്യാപ‌്റ്റൻ ലക്ഷ‌്മി ഐഎൻഎയിൽ സുഭാഷ‌് ചന്ദ്രബോസിനൊപ്പം

ക്യാപ‌്റ്റൻ ലക്ഷ‌്മി ഐഎൻഎയിൽ സുഭാഷ‌് ചന്ദ്രബോസിനൊപ്പം


 

1947 മാർച്ചിൽ ക്യാപ്റ്റൻ ലക്ഷ്മിയും ഐഎൻഎയിലെ സഹപോരാളിയുമായിരുന്ന കേണൽ പ്രേംകുമാറും  വിവാഹിതരായി. പിന്നീട് കാൺപുരിൽ താമസമാക്കി. 1947ൽ  രാജ്യം സ്വാതന്ത്ര്യം നേടിയെന്ന പ്രഖ്യാപനം വന്നുവെങ്കിലും ക്യാപ്റ്റൻ ലക്ഷ്മിയുടെ പോരാട്ടജീവിതം തുടരുകയായിരുന്നു. ഇന്ത്യാ–-പാക്ക് വിഭജനത്തെതുടർന്ന് കാൺപുരിൽ എത്തിയ ആയിരക്കണക്കിന് അഭയാർഥികളുടെയിടയിൽ സേവനമനുഷ്ഠിച്ചു. ഏവരുടെയും സ്നേഹാദരങ്ങൾ അവർ ഏറ്റുവാങ്ങി കാൺപുരുകാരുടെ ‘മമ്മീജി’യായി.

1971ൽ ബംഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവർ ബംഗാളിലെ അഭയാർഥികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി. അവിടെ വച്ചാണ് സ.ജ്യോതി ബസുവുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. കമ്യൂണിസ്റ്റ് ആശയങ്ങളോട് ചെറുപ്പം മുതൽ ആഭിമുഖ്യമുണ്ടായിരുന്ന അവർ സ. ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. 1981ൽ തമിഴ്നാട്ടിൽ വച്ച് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത അവർ സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റായി.

ജീവിതാവസാനം വരെ അവർ മഹിളാ അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റിയംഗമായി പ്രവർത്തിച്ചു. 1984ൽ ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിന്റെ നാളുകളിൽ അവർ കാൺപുരിലെ തന്റെ ക്ലിനിക്കിന്റെ മുന്നിൽ അക്രമികൾക്കെതിരെ നിലകൊണ്ടു. ഒരു സിഖുകാരനും ആക്രമിക്കപ്പെടാതിരിക്കാൻ  ഇടപെട്ടു. 2002ൽ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവർ പ്രതിപക്ഷ സ്ഥാനാർഥിയായി.


 

ക്യാപ്റ്റൻ ലക്ഷ്മിയുടെ പ്രവർത്തനകേന്ദ്രമായിരുന്ന കാൺപുർ ഉൾപ്പെടുന്ന ഉത്തർപ്രദേശ് ഇന്ന്  ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റെ ഭരണത്തിൻ കീഴിലാണ്. നരേന്ദ്രമോഡി സർക്കാർ കോർപറേറ്റ് താൽപ്പര്യം മാത്രം പരിരക്ഷിക്കുകയാണ്. പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ ജീവിതം താറുമാറായി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ സ്ത്രീകളുടെ ജീവിതം ഇത്രയും ഭീതിദമായ ഒരു അവസ്ഥ നേരിടുന്ന സ്ഥിതി മുമ്പൊരിക്കലുമുണ്ടായിട്ടില്ല.  വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശ്രമിക്കുകയാണ്. കൊറോണ വൈറസിനെ തുരത്താൻ ചൂട്ടുകത്തിച്ചും കിണ്ണം മുട്ടിയും രംഗത്തിറങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം നടത്തിയത്. വൈറസിനെ ദേവിയായി ചിത്രീകരിച്ച് (കൊറോണ മായി) പൂജിക്കാനായി സ്‌ത്രീകളെ തെരുവിലിറക്കി ക്ഷേത്രങ്ങളിലേക്ക് അയക്കാൻ വർഗീയ ശക്തികൾ രംഗത്തു വന്നിരിക്കുകയാണ്.  ശാസ്‌ത്ര ചിന്തയ്‌ക്കോ യുക്തിബോധത്തിനോ നിരക്കാത്ത കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കപ്പെടുകയാണ്. കിണ്ണം മുട്ടിയും വിളക്കു കത്തിച്ചും കോവിഡ്‌ രോഗത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ പ്രധാനമായും സംഘപരിവാർ രംഗത്തിറക്കുന്നത്‌ സ്‌ത്രീകളെയാണ്‌. അന്ധവിശ്വാസം മുതലെടുത്ത്‌ യഥാർഥ പ്രതിസന്ധികളിൽനിന്നും രക്ഷപ്പെടാനാണ്‌ നീക്കം. വസൂരിയുടെ കാലത്ത്‌ മുമ്പ്‌‌ വസൂരിമാല എന്ന പേരിൽ ദേവീകോപമാണ്‌ മഹാമാരിക്കു കാരണമെന്നും പ്രചരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളും മറ്റും അടച്ചിട്ടതിനാൽ ദേവീകോപം ഉണ്ടാകുന്നതിനാലാണ്‌ രോഗം പടരുന്നതെന്ന്‌ പാവപ്പെട്ട സ്‌ത്രീകളെ വിശ്വസിപ്പിക്കാനാണ്‌ ശ്രമം. ചാണകവെള്ളത്തിൽ കൈമുക്കി ചുവരിൽ പതിപ്പിച്ചാൽ രോഗം വരില്ലെന്ന തരത്തിൽ തമിഴ്‌നാട്ടിൽ പ്രചരിപ്പിക്കുന്നു. കുളിച്ച്‌ സിന്ദൂരമിട്ട്‌ സ്‌ത്രീകൾ ദേവീപൂജ നടത്തിയാൽ കൊറോണ വരില്ലെന്ന്‌ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയെ തന്നെയാണ്‌ സംഘപരിവാർ തെരഞ്ഞെടുക്കുന്നത്‌.  ജനങ്ങൾക്കിടയിൽ ശാസ്‌ത്രചിന്തയും യുക്തി ബോധവും വളർത്തിയെടുക്കുന്നതിനുള്ള വിപുലമായ ക്യാമ്പയിനുകൾ നടത്തേണ്ടതായിട്ടുണ്ട്.

ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മരണദിനം ഇത്തവണ ആരോഗ്യപരിരക്ഷാ ദിനമായി ആചരിക്കണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ശാസ്‌ത്രീയ ചിന്തകൾ വളർത്തിയെടുക്കാനുള്ള രാജ്യവ്യാപകമായ ക്യാമ്പയിനുകൾ അസോസിയേഷൻ സംഘടിപ്പിക്കുകയാണ്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ് വരെ ഡോ. ലക്ഷ്മി കാൺപുരിലെ  ക്ലിനിക്കിൽ രോഗികളെ പരിചരിച്ചു. ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ  ജീവിതാഭിലാഷം നിറവേറ്റുന്നതിനായി അവരുടെ ശരീരം കാൺപുരിലെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി നൽകാൻ മക്കളായ സുഭാഷിണി അലിയും അനീസയും തയ്യാറായി. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട്‌ മരിച്ച സാമൂഹ്യപ്രവർത്തകൻ അനുജിത്തിന്റെ അവയവദാനവും ഇത്തരുണത്തിൽ സ്‌മരണീയമാണ്‌. ജനകീയ ആരോഗ്യ ദിനമായി ആചരിക്കുന്ന ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ സ്‌മരണദിനം മുതൽ നരേന്ദ്ര ധാബോൽക്കറുടെ രക്‌തസാക്ഷിത്വ ദിനമായ ആഗസ്‌ത്‌ 20 വരെ ബോധവൽക്കരണം നീളും. 1978ൽ ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ പങ്കാളിത്തത്തോടെ തുടക്കം കുറിച്ച ഓൾ ഇൻഡ്യ പീപ്പിൾസ്‌ സയൻസ്‌ നെറ്റ്‌വർക്ക്‌(എഐപിഎസ്‌എൻ ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ്‌ ദിനാചരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top