07 June Wednesday

കാലികമാകുന്ന 
ക്യാമ്പസുകൾ

ഡോ. കെ കെ ദാമോദരന്‍Updated: Tuesday May 23, 2023

സമൂഹത്തിന്റെ സർവതോമുഖമായ പുരോഗതിയിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക്, തർക്കത്തിനിടം നൽകാത്തതാണ്. ഇവിടെ നിലനിന്ന പ്രാകൃതങ്ങളായ പല സാമൂഹ്യവ്യവസ്ഥകളെയും നാം മാറ്റിമറിച്ചെങ്കിലും പല കാര്യങ്ങളും ഇപ്പോഴും സാധാരണക്കാർക്കും തൊഴിലാളികൾക്കും അനുകൂലമായി മാറിയിട്ടില്ല. മുതലാളിത്ത ചൂഷണങ്ങൾക്കു പുറമെ, മൺമറഞ്ഞ അടിമത്ത ജന്മി നാടുവാഴി വ്യവസ്ഥകളുടെ നീക്കിയിരിപ്പുകൾ ഇന്നും ഇന്ത്യൻസമൂഹത്തെ പലവിധത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇവയെഎല്ലാം പൂർണമായി നിർവീര്യമാക്കിയാലേ രാജ്യത്ത് സമഗ്ര പുരോഗതി സാധ്യമാകുകയുള്ളൂ. അതതുകാലത്തെ ഗ്രാമപഞ്ചായത്തുമുതൽ കേന്ദ്രസർക്കാർവരെയുള്ള സർക്കാരുകളുടെ കാഴ്ചപ്പാടുകളും ദൈനംദിന പ്രവർത്തനങ്ങളും ഇക്കാര്യത്തിൽ പരമപ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ എല്ലാവർക്കും പ്രാപ്യമായതും വളരെക്കാലം നിലനിൽക്കുന്നതുമായ പദ്ധതികളും പരിപാടികളുമാണ് ഈ ലക്ഷ്യത്തിലേക്ക്‌ ഏറ്റവും ആശ്രയിക്കാവുന്ന പാത.  ഈ ബോധ്യമാണ് 1957ലെ ഇ എം എസ് സർക്കാർമുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളെയും നയിച്ചിട്ടുള്ളത്. ഇന്നത്തെ പിണറായി സർക്കാരും ഒട്ടും വ്യത്യസ്തമല്ല, എന്നുമാത്രമല്ല ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റങ്ങൾ കുറിച്ചുകൊണ്ടിരിക്കുകയുമാണ്‌.

ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇടപെടൽ

തകർച്ചയുടെ വക്കിലായിരുന്ന സ്കൂൾവിദ്യാഭ്യാസ രംഗത്തെ രക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനമായ ഒരു ഉദ്യമം. ആ സർക്കാരിന്റെ കാലത്തുതന്നെ അക്കാര്യത്തിൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തു.
എന്നാൽ, ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കാലങ്ങളായി പല പോരായ്മകളും ഉണ്ടായിരുന്നു. ഗവേഷണം, എംഫിൽ, ബിരുദാനന്തരബിരുദം, ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, സംയോജിത കോഴ്സുകൾ തുടങ്ങിയ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏകദേശം 13,65,000 വിദ്യാർഥികളാണ് കേരളത്തിൽ പഠിക്കുന്നത്. ഇതിൽ പത്തു ലക്ഷത്തിലധികം പേർ ബിരുദ പ്രോഗ്രാമുകൾക്ക്‌ പഠിക്കുന്നു. ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകളുടെ ഉള്ളടക്കം, ബോധനം, മൂല്യനിർണയം എന്നിവയുടെ  ആനുകാലികതയും ഗുണനിലവാരവും ഉയർത്തുക, സർവകലാശാലകളുടെ പ്രവർത്തനം ഏറ്റവും നവീനവും അക്കാദമിക സൗഹൃദവുമായി പരിഷ്കരിക്കുക, സർക്കാർ മേഖലയിലുള്ള സർവകലാശാലകളുടെയും കോളേജുകളുടെയും പശ്ചാത്തല സൗകര്യം വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന വെല്ലുവിളികൾ.  ഇതിനിടയിൽ കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം പുറത്തിറങ്ങുകയും പല സംസ്ഥാനങ്ങളും പ്രത്യേകിച്ച് ബിജെപി ഭരിക്കുന്നവ നടപ്പാക്കാൻ തുടങ്ങുകയും ചെയ്തു.  ഈ നയത്തിന്റെ കെടുതികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കാത്തവിധം ഈ രംഗത്ത് ഇടപെടാൻ സംസ്ഥാനസർക്കാർ തീരുമാനിക്കുകയും വിദഗ്ധാഭിപ്രായം ലഭ്യമാക്കുന്നതിന്‌ സംസ്ഥാനതലത്തിൽ അധികാരങ്ങളുള്ള മൂന്ന് പഠന കമീഷനെ നിയോഗിക്കുകയും ചെയ്തതാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നടപടി.

മൂന്ന് കമീഷനുകൾ

ഡോ. ബി ആർ അംബേദ്കർ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലർ ഡോ. ശ്യാം ബി മേനോൻ ചെയർമാനായി ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രൊ- വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ ചെയർമാനായി  സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷാ പരിഷ്കരണത്തിനുള്ള കമീഷൻ, നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ ജയകുമാർ ചെയർമാനായി സംസ്ഥാന സർവകലാശാല നിയമ പരിഷ്കരണ കമീഷൻ എന്നിവയായിരുന്നു ഇവ. മൂന്നു കമീഷനും റിപ്പോർട്ടുകൾ  സമർപ്പിച്ചു. തുടർന്ന്, ആദ്യത്തെ രണ്ടു കമീഷന്റെയും  റിപ്പോർട്ടുകളിലെ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെ സംബന്ധിച്ച് അർഹരായ മുഴുവൻ വിഭാഗങ്ങളുടെയും അഭിപ്രായം തേടി.  ഉന്നത വിദ്യാഭ്യാസ കൗൺസിലും സർവകലാശാലകളും പരിഷ്കാരങ്ങളുടെ ചുവടുപിടിച്ച്‌  നിരവധി സെമിനാറുകളും ശിൽപ്പശാലകളും നടത്തി.  2023-–-24 അധ്യയനവർഷം ഈ മേഖലയിൽ അഭൂതപൂർവമായ മാറ്റങ്ങൾ ദൃശ്യമാകും. ഈ റിപ്പോർട്ടുകളിൽ നിർദേശിക്കപ്പെട്ട പല പരിഷ്കാരങ്ങളും നടപ്പാക്കുന്നതിനൊപ്പം മൂന്നാമത്തെ കമീഷൻ റിപ്പോർട്ടു പ്രകാരം സർവകലാശാലകളുടെ നിയമങ്ങളിൽ മാറ്റം വരേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നതിനായി ഒരു ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ അതിന്‌ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

വിദ്യാഭ്യാസത്തിലും ഇതര മേഖലകളിലും വമ്പിച്ച തോതിലുള്ള പുരോഗതി സാധ്യമാകണമെങ്കിൽ ഡിജിറ്റൽ സാങ്കേതിക വിദ്യാരംഗത്ത് തനതായ ആശയങ്ങളും മാതൃകകളും പ്രാവീണ്യവും ആവശ്യമാണ്. ഈ സാഹചര്യത്തിൽ വിവരസാങ്കേതിക മേഖലയിലും അനുബന്ധ മേഖലകളിലും ഗവേഷണം, പരിശോധന, പരീക്ഷണം മുതലായവ സാധ്യമാക്കാനായി തുടങ്ങിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി രാജ്യത്തെ ആദ്യത്തേതാണ്.
കൂടാതെ, സർവകലാശാലാ ലൈബ്രറികൾ ഇന്റർനെറ്റ് വഴി കൂട്ടിയിണക്കി സംസ്ഥാനതലത്തിൽ കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക് (KALNET) പ്രവർത്തനം തുടങ്ങി ഏതാണ്ട് ഒരുവർഷമായി. സർവകലാശാലകൾക്ക് യുജിസി സൗജന്യമായി നൽകിയിരുന്ന ഇ–--ജേണൽ കലവറ നിർത്തലാക്കിയ സാഹചര്യം കണക്കിലെടുത്ത് തുടങ്ങിയ കേരള ഇ-–-ജേണൽ കൺസോർഷ്യം മറ്റൊരു പ്രധാന പദ്ധതിയാണ്. സംസ്ഥാനത്തെ 16 സർവകലാശാലയിൽ പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇത് സൗജന്യമായി ഉപയോഗിക്കുന്നു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിന് പ്രാപ്തമാക്കുന്ന പദ്ധതിയാണ് Digital Enablement of Higher Educaion Institutions in Kerala എന്ന DIGICOL. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ തുടങ്ങിയ Kerala Institutional Ranking Framework, Kerala Higher Education Survey പദ്ധതികളും ഉന്നതവിദ്യാഭ്യാസ രംഗത്തെ പുതിയ ഇടപെടലുകളാണ്.

നവകേരള പോസ്റ്റ് ഡോക്ടറൽ 
ഫെലോഷിപ്പുകൾ

സംസ്ഥാനം ഊന്നൽ നൽകുന്ന വിജ്ഞാനമേഖലകളിൽ ഗവേഷണം ശക്തിപ്പെടുത്തുക, മികച്ച ഗവേഷകരെ കേരളത്തിൽത്തന്നെ നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണിത്. ഒരു വിദ്യാർഥിക്ക് ഒരു മാസത്തിൽ 50,000 രൂപമുതൽ 1,00,000 രൂപവരെ രണ്ടുവർഷത്തേക്ക് സ്കോളർഷിപ്പായും ഒരു വർഷം രണ്ടുലക്ഷം രൂപ അനുബന്ധ ചെലവുകൾക്കും നൽകുന്ന പദ്ധതി 2021–--22ൽ തുടങ്ങി.  പത്ത് വിജ്ഞാനമേഖലയിലായി ഏകദേശം നൂറു വിദ്യാർഥികൾക്ക് ഗവേഷണ ധനസഹായം നൽകും.


ഉന്നതവിദ്യാഭ്യാസ രംഗത്തെ ബോധന-മൂല്യനിർണയ രംഗത്ത് ഏറ്റവും കാലികമായ സമീപനമാണ് ഫലാധിഷ്ഠിത വിദ്യാഭ്യാസം അഥവാ ഒബിഇ. ഇതനുസരിച്ച്, ശരിയായ വിധം പഠിച്ചാൽ ഓരോ പ്രോഗ്രാമുകൾക്കും കോഴ്‌സുകൾക്കും മുൻ നിശ്ചയിച്ച ചില ഗുണങ്ങളും കഴിവുകളും ശേഷികളും പഠിതാവിൽ അവശേഷിപ്പിക്കാൻ കഴിയും. ഈ സമീപനത്തിന്റെ ഭാഗമായി ഓരോ കോഴ്‌സിന്റെയും പ്രോഗ്രാമുകളുടെയും ഇത്തരം പ്രത്യേകതകൾ നിർവചിക്കുകയും അവയെ സംബന്ധിച്ച്  അധ്യാപകർക്കും വിദ്യാർഥികൾക്കും അവബോധം നൽകുകയും വേണം. ക്ലാസുകൾ, പ്രായോഗിക പരിശീലനം, പരീക്ഷകൾ, മൂല്യനിർണയം എന്നിവയെല്ലാം ഈ സമീപനമനുസരിച്ച് നടത്തണം. ഇത് ദേശീയതലത്തിൽ സർവകലാശാലകൾ നടപ്പാക്കിയെങ്കിലും മിക്ക സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ പുരോഗതി  കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കേരളം ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ ഏറെ മുന്നിലാണെന്നാണ് ദേശീയതലത്തിൽ വിലയിരുത്തപ്പെടുന്നത്.

വിശപ്പുരഹിത ക്യാമ്പസ്‌


പല കാരണങ്ങൾകൊണ്ട് ഉച്ചഭക്ഷണം ഒഴിവാക്കേണ്ടിവരുന്ന ഒരു ചെറുശതമാനം വിദ്യാർഥികൾ നമ്മുടെ കോളേജുകളിൽ ഉണ്ടെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ 2022 മുതൽ തുടങ്ങിയതാണ് ഈ പദ്ധതി. ഇതനുസരിച്ച് കോളേജ് ക്യാന്റീനുകൾ വിദ്യാർഥികൾക്ക് പത്തുരൂപാ നിരക്കിൽ ഉച്ചഭക്ഷണം നൽകും. ക്യാന്റീനുകൾക്ക് നഷ്ടം വരുന്ന തുക സർക്കാർ നൽകും.

ലോകത്തിന്റെ ഏതു കോണിലുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കും ലഭ്യമാക്കുന്നതിനായി വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പിജി പഠനത്തിന് പട്ടികജാതി പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് 25 ലക്ഷം രൂപവരെയും പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപവരെയും സ്കോളർഷിപ് നൽകിവരുന്നു.

പട്ടികവർഗ മേഖലകളിലെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തൊഴിലിനും പ്രാധാന്യം നൽകി സാമൂഹ്യ പഠനമുറികൾ കേന്ദ്രീകരിച്ച് സി-ഡാക്കുമായി ചേർന്ന് ഡിജിറ്റലി കണക്ടഡ് ട്രൈബൽ ഏരിയ പദ്ധതിക്ക് വയനാട്ടിൽ തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് പുറമെ ന്യൂനപക്ഷ ക്ഷേമം, പിന്നാക്ക ക്ഷേമം, ഭിന്നശേഷിക്ഷേമം, സാമൂഹ്യക്ഷേമം, തൊഴിൽ തുടങ്ങി നിരവധി വകുപ്പുകൾ അവരവരുടെ പ്രവർത്തനങ്ങളിലും പദ്ധതികളിലും ഉന്നതവിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നുണ്ട്.  രണ്ടുവർഷം കഴിയുന്നതോടെ ഇവയുടെയെല്ലാം സംയോജിതഫലം അനുഭവവേദ്യമാകുകയും അതുവഴി വിജ്ഞാനാധിഷ്ഠിത സമ്പദ്‌‌വ്യവസ്ഥയെന്ന നവകേരളത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
(ഉന്നതവിദ്യാഭ്യാസ കൗൺസിൽ  അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top