29 October Thursday
ഇന്ന്‌ അധ്യാപകദിനം

അധ്യാപകൻ നല്ല വിദ്യാർഥികൂടിയാകണം - സി രവീന്ദ്രനാഥ് എഴുതുന്നു

സി രവീന്ദ്രനാഥ്Updated: Saturday Sep 5, 2020


ഇന്ന്‌ അധ്യാപകദിനമാണ്‌. ഡോ. സർവേപ്പിള്ളി രാധാകൃഷ്‌ണനെ ഓർത്തുകൊണ്ടാണ്‌ നാം ഇൗ ദിനം ആചരിക്കുന്നത്‌. സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ അധ്യാപകരിലാണ്‌. ആ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുക എന്നതാണ്‌ അധ്യാപകരുടെ കടമ. ഇക്കാര്യം പ്രിയപ്പെട്ട എല്ലാ അധ്യാപകരെയും ഓർമിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ. നല്ല തലമുറകളെ വാർത്തെടുക്കുക എന്നതാണ്‌ വികസനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.  അറിവിലും അന്വേഷണത്തിലും കരുണയിലും സമഭാവനയിലും പ്രകൃതിസ്‌നേഹത്തിലും സഹ, അന്യജീവി സ്‌നേഹത്തിലും പടിപടിയായി ഗുണപരമായ മാറ്റങ്ങൾ തലമുറകൾതോറും ഉണ്ടാകണമെന്ന്‌ മനുഷ്യൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിനൊത്ത്‌ തലമുറകളെ വാർത്തെടുക്കുന്ന പ്രക്രിയയാണ്‌ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ അത്‌ സമഗ്രമാണ്‌, ആവാസവ്യവസ്ഥാധിഷ്‌ഠിതമാണ്‌.


 

മേൽപ്പറഞ്ഞ രീതിയിൽ തലമുറകളെ വാർത്തെടുക്കാൻ ശ്രമിക്കുന്ന അധ്യാപകന്‌ കൃത്യമായ ബോധനശാസ്‌ത്രവും ബോധനരീതിയും ഉണ്ടാകണം. കേരളത്തിൽ ടെക്‌നോപെഡഗോഗി എന്ന ഏറ്റവും ആധുനിക ബോധനശാസ്‌ത്രമാണ്‌ നാം ഉപയോഗിക്കുന്നത്‌. കുട്ടിയെ അറിവിലേക്കും തിരിച്ചറിവിലേക്കും അന്വേഷണത്തിലേക്കും ചിന്തയിലേക്കും നയിക്കുക എന്നതാണ്‌ ഈ ബോധനശാസ്‌ത്രത്തിന്റെ സർഗസന്ദേശം. കുട്ടിയുടെ മനസ്സിനെ അറിവിന്റെ പ്രഭവ സ്രോതസ്സുകളിലേക്ക്‌ തുറന്നുകൊടുക്കുക എന്ന ബോധനരീതിയാണ്‌ പിന്തുടരേണ്ടത്‌. ആധുനികശാസ്‌ത്ര സാങ്കേതികവിദ്യകളുടെ സഹായവും സാധ്യതയും കേരളത്തിൽ ഇന്ന്‌ അധ്യാപകന്‌ ഉണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഹൈടെക്‌ ക്ലാസുകളിലൂടെ നാലുചുവരുകൾക്ക്‌ അപ്പുറം ലോകത്തിന്റെ ഏത്‌ കോണുകളിലെയും അറിവിന്റെ സ്രോതസ്സുകളിലേക്ക്‌ കുട്ടിയുടെ മനസ്സിനെ കൊണ്ടുപോകാം. ഈ  സാധ്യത കുട്ടിയുടെ മനസ്സിന്റെ വികാസത്തിന്റെ സർഗസാധ്യതയാക്കി മാറ്റുന്നിടത്താണ്‌ അധ്യാപകർ വളരുന്നത്‌. അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ നമ്മുടെ മക്കൾക്കുയരാൻ സാധിക്കുന്ന കനകാവസരമാണ്‌ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.

അറിവിന്റെ ചക്രവാളത്തിലേക്ക്‌ കുട്ടിയെ കൂട്ടിക്കൊണ്ടുപോയാൽമാത്രംപോര. കുട്ടിയുടെ മനസ്സിനെ അന്വേഷണ ഭാവത്തിലേക്ക്‌ നയിക്കണം. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു മാത്രമല്ല അന്വേഷണഭാവം വളർത്തേണ്ടത്‌. സ്വയം ചോദിക്കാനുള്ള സർഗശേഷി കുട്ടിയിൽ വളർത്തിക്കൊണ്ടുകൂടിയാണ്‌. ഈ സർഗശേഷിയാണ്‌ വികാസത്തിന്റെ രാസത്വരകം. സ്വയം ചോദിക്കുന്ന സർഗപ്രക്രിയ കുട്ടിയിൽ വളർന്നുവരുമ്പോൾ അത്‌ പൂർണമാകാനുള്ള വഴികളിലൊന്ന്‌ ആഴത്തിലുള്ള വായനയും അനുഭവങ്ങളുടെ പങ്കുവയ്‌ക്കലുമാണ്‌. ശാസ്‌ത്ര, സാങ്കേതിക, സാഹിത്യ, സംഗീത, കലാസാംസ്‌കാരിക, ചരിത്ര, ഭാഷാമേഖലകളിൽ ശുദ്ധ ഗവേഷകരാകാൻ സാധ്യതയുള്ള നിരവധി കുട്ടികൾ നമ്മുടെ ക്ലാസുകളിലുണ്ട്‌. അവരെ പരീക്ഷയ്‌ക്കുവേണ്ടി മനഃപാഠം പഠിപ്പിച്ച്‌  അവരിലെ അനന്ത സാധ്യതകളെ ഇല്ലാതാക്കരുത്‌. എല്ലാ മേഖലകളിലും സർഗാന്വേഷണം ചടുലമായി വളരണം. പ്രകൃതി മനുഷ്യനിൽ ലയിപ്പിച്ചിട്ടുള്ള അന്വേഷണഭാവത്തെ വളർത്തുന്നവരാണ്‌ അധ്യാപകർ. അച്ഛനും അമ്മയ്‌ക്കും നല്ല അധ്യാപകരാകാം. നല്ല അധ്യാപകൻ എന്നും നല്ല വിദ്യാർഥിയാണ്‌. നല്ല വിദ്യാർഥിക്കേ നല്ല അധ്യാപകനാകാൻ കഴിയൂ.


 

ഭാവപ്പകർച്ച മികച്ച അധ്യാപന രീതിയാണ്‌. കൗമാരജീവിതത്തിൽ കുട്ടികൾ അധികസമയവും നേരിട്ട്‌ കാണുന്നത്‌ അധ്യാപകരെയാണ്‌. അവരുടെ ഭാവങ്ങൾ, ഭാഷാപ്രയോഗം, സഹജീവി ബന്ധങ്ങൾ, പ്രകൃതിസ്‌നേഹം, വായനസംസ്‌കാരം, കാരുണ്യം, കരുതൽ എന്നിവയെല്ലാം അറിയാതെ പകരുന്നത്‌ കുട്ടികളിലേക്കാണ്‌. ഈ പകർച്ച നൽകുന്ന സാധ്യത അനിർവചനീയമാണ്‌. ഓരോ കുട്ടിയെയും അത്ഭുതപ്പെടുത്തുന്നതാകണം ഈ ഭാവപ്പകർച്ച. ഇതിനപ്പുറം പല മേഖലകളിലും മാതൃകയുമാകണം. മയക്കുമരുന്ന്‌ ഉപയോഗ വർധന, മദ്യം, പുകയില ഉപയോഗം, കമ്പോളത്തോടും പണത്തോടുമുള്ള ആഭിമുഖ്യം എന്നിവയൊന്നും പുതിയ തലമുറയെ ബാധിക്കരുത്‌ എന്ന്‌ അധ്യാപകർക്ക്‌ നിർബന്ധമുണ്ടാകണം. അതിനായി ഈ ദുശീലങ്ങൾ തൊട്ടുതീണ്ടാത്ത മാതൃകയായി അധ്യാപകർ മാറണം. അധ്യാപകന്റെയും മാതാപിതാക്കളുടെയും ഓരോ ചലനങ്ങളും കുട്ടിയെ സ്വാധീനിക്കുമെന്ന്‌ എല്ലാവരും ഒരിക്കൽകൂടി ഓർക്കണം. ഈ തിരിച്ചറിവിലാണ്‌ കുട്ടിയെ വളർത്തുന്നതിന്റെ കല ലയിച്ചിരിക്കുന്നത്‌. അധ്യാപകന്റെ ജീവിതംതന്നെ പാഠപുസ്‌തകമാകണം. തലമുറകളെ സ്വപ്‌നം കാണുന്നവരാണ്‌ നാം, അതായത്‌ അധ്യാപകർ.


 

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഈ ലക്ഷ്യത്തിലാണ്‌ അധ്യാപക പരിശീലനം നൽകുന്നത്‌. ഒപ്പം സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടാനുംകൂടി ശ്രമിക്കുന്നുണ്ട്‌. ആധുനിക അധ്യാപകരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ശ്രമിക്കുകയാണ്‌. കേരളം വികസിപ്പിച്ചെടുത്ത ടെക്‌നോ പെഡഗോഗി എന്ന ആധുനിക ബോധന ശാസ്‌ത്രത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കാൻ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുകയാണ്‌. ഇങ്ങനെ ജനകീയ വിദ്യാഭ്യാസത്തിന്റെ തനിമ കേരളത്തിൽ നിറഞ്ഞുനിൽക്കുന്നു.

ദേശീയതലത്തിൽ പുതുതായി വരുന്ന വിദ്യാഭ്യാസനയം ഈ നയത്തെ ഇല്ലാതാക്കുന്നതാണെന്ന കാര്യവുംകൂടി ഓർമിക്കണം. കമ്പോള സാന്നിധ്യം മേൽപ്പറഞ്ഞ നൈതികമൂല്യങ്ങളെ തകർക്കും. അവിടെ അധ്യാപകർ കമ്പോളത്തിന്റെ ഉപകരണമാകും. ഇത്‌ പറ്റില്ല എന്ന്‌ നാം ഉറക്കെ പറയണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർ ആധുനികതയുടെയും മാനവികതയുടെയും വക്താക്കളായി മാറണം. എല്ലാവർക്കും അധ്യാപകദിനാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top