23 October Friday

ആധിവ്യാധികളുടെ ഓണക്കാലം - സി രാധാകൃഷ്‌ണൻ എഴുതുന്നു

സി രാധാകൃഷ്‌ണൻUpdated: Monday Aug 17, 2020


ചിങ്ങമെത്തി. ഓണം വരുന്നു, പതിവുപോലെ. എന്നാൽ, നാം പതിവില്ലാത്ത സങ്കടങ്ങളിലാണ്. ഒരു ഭാഗത്ത് മഹാമാരി, മറുഭാഗത്ത് ആവശ്യത്തിലേറെ പേമാരി. ഇത്രയൊക്കെയായിട്ടും ഒത്തുപിടിച്ച്, ഒരുമിച്ച് ഇതിനൊക്കെയെതിരെ വേണ്ടതെല്ലാം ചെയ്യാൻ മടികാണിക്കുന്ന കുറച്ചാളുകളും. ആകപ്പാടെ ഓണം ഏറെ സന്തോഷിക്കാൻ വകയില്ലാത്ത ഒരുത്സവമായി മാറുന്നു. ഒത്തുകൂടാൻ വയ്യ, ഒന്നിച്ച് കളിക്കാനും ചിരിക്കാനും വയ്യ എന്ന സങ്കടത്തിന് പുറമേയാണിത്.

മുഖം മൂടിയിട്ട് കൈകൊട്ടി കളിക്കാൻ പറ്റില്ലല്ലോ. മുഖം മൂടിയിട്ട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും പറ്റില്ലല്ലോ. എനിക്കോർമയുണ്ട്, ഇതിനേക്കാൾ സങ്കടകരങ്ങളായ ഓണങ്ങൾ. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് അറുവറുതിയുടെ കാലത്ത് കൂനിന്മേൽ കുരുവായി കോളറ തേർവാഴ്ച നടത്തിയ കർക്കടകത്തിനുശേഷം പിന്നീടുവന്ന ഒരോണത്തെക്കുറിച്ച് എന്റെ ഓർമയിലുണ്ട്. അനാഥമായിരുന്നു അന്ന് നാട്. ആരെയും പരിചരിക്കാനോ സഹായിക്കാനോ സഹതപിക്കാൻപോലുമോ ആരുമുണ്ടായിരുന്നില്ല. അന്ന് നമുക്ക് കാര്യക്ഷമമായ ഭരണമില്ലായിരുന്നുവല്ലോ.


 

ഭാഗ്യത്തിന്  ഈ ഒരു വിഷയത്തിൽ ഇന്ന് കാര്യം വളരെ മെച്ചമാണ്. കോളറയല്ല മഹാമാരിയായ കോവിഡല്ല  മഹാപ്രളയമായാലും  കാര്യക്ഷമമായി അതിനെ നേരിടാൻ നമുക്ക് നാഥനും ആളുമുണ്ടെന്നത്  വലിയൊരാശ്വാസമാണ്. എങ്കിലും ഒത്തുപിടിച്ചാലല്ലാതെ നമുക്കീ വൈതരണി മറികടക്കാനാകില്ല. നമ്മുടെ ഭരണാധികാരികളും ആരോഗ്യവകുപ്പും നിയമപാലകരും വൈദ്യ സമൂഹവും ഏക സ്വരത്തിൽ പറയുന്ന നിസ്സാരകാര്യങ്ങൾ പാലിച്ചിരുന്നുവെങ്കിൽ വളരെ എളുപ്പത്തിൽ ഈ നാട്ടിൽനിന്ന് ഓടിക്കാമായിരുന്ന ഒരു വിപത്തിനെയാണ് നാമിപ്പോഴും  പൊറുതികേടായി കൊണ്ടുനടക്കുന്നത്. ഈ വിവരക്കേടിന് നാമാരെയാണ് പഴിചാരേണ്ടത്, നമ്മളെയല്ലാതെ. കേരളീയർ വിവരവും വിദ്യാഭ്യാസവുമുള്ളവരാണ് എന്നാണ് ലോകത്തിന്റെ പൊതുധാരണ. അത് അതേപടി നിലനിർത്താൻ നമുക്ക് കഴിയുമാറാകണം. അതിനായിക്കൂടി എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് നമുക്കിന്ന്  ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.


 

എല്ലാവരും ഇതോർത്താൽ നന്നായി. ഇക്കാലത്ത് ലോകംതന്നെ ഒരുമിച്ചുനിൽക്കേണ്ട ഒരവസ്ഥയായിട്ടുണ്ടല്ലോ. ലോകത്തെവിടെയെങ്കിലും ഒരാൾക്ക് മഹാമാരി പിടിപെടാവുന്ന അവസ്ഥയുണ്ടായാൽ അതുമതിയല്ലോ അവിടന്ന്  മുഴുവൻ ദേശങ്ങളിലേക്കും പരക്കാൻ. വളരെ ഉയരത്തിൽ കെട്ടിയ മതിലുകളോ വളരെ കാര്യക്ഷമമായി സുരക്ഷാസൈനികർ കാവൽനിൽക്കുന്ന അതിർത്തികളോ ദേശാന്തരഗമനത്തിനുള്ള മറ്റു നിയന്ത്രണങ്ങളോ ഒന്നും ഇത്തിരിക്കുഞ്ഞനായ ഈ വൈറസിന് ബാധകമല്ലല്ലോ. അതുകൊണ്ട് വംശ- വർണ ഭേദംകൂടാതെ  എല്ലാവരും ഒരേതരത്തിലുള്ള  തയ്യാറെടുപ്പോടുകൂടി ഇതിനെതിരെ നിൽക്കാൻ പ്രേരിതരാകുന്നു.

ഈ ദുരിതാവസ്ഥയിലും ആശ്വാസകരമായ നല്ല കാര്യമായി ഈ മഹാമാരി ഇങ്ങനെയൊരാവശ്യം മനുഷ്യരുടെ മുന്നിൽവയ്ക്കുന്നു. അതുകൊണ്ട് ഈ ഓണം മനുഷ്യമഹാസമത്വത്തിന്റെ വലിയ സന്ദേശം നമുക്ക് നൽകുന്നു എന്ന് നമുക്ക് ചെറുതായി സന്തോഷിക്കാം. ആ ഒരു സന്തോഷത്തിൽനിന്ന് നാളെ എന്ന മഹാ സ്വപ്നം വിരിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top