04 December Wednesday

ഉപതെരഞ്ഞെടുപ്പിന്റെ 
രാഷ്ട്രീയപ്രാധാന്യം - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

 

കേരളത്തിൽ മൂന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്തിരുന്നവർ രാജിവച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും അതിനിടയാക്കിയ രാഷ്ട്രീയസാഹചര്യം വ്യത്യസ്തമാണ്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന യുഡിഎഫിന്റെ താൽപ്പര്യം കണക്കിലെടുത്ത് മത്സരിച്ച രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിലാണ്‌ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ഉത്തരേന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്താൻ മത്സരിക്കണമെന്ന നിർദേശം തള്ളിക്കളഞ്ഞ പ്രിയങ്ക ഗാന്ധിയാണ് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ വയനാട്ടിൽ എത്തിയിരിക്കുന്നത്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസുണ്ടാക്കിയ ഒരു പാക്കേജിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്ന് കോൺഗ്രസുകാർതന്നെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് നൽകുകയെന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ പിന്നിൽ. തൃശൂർ ലോക്‌സഭാ മണ്ഡലം ബിജെപിക്ക് നൽകിയതും ഇതിന്റെ ഭാഗമാണെന്ന്‌ അവർതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രൻ നാലു കോടി രൂപ ഷാഫിക്ക് നൽകിയെന്ന വെളിപ്പെടുത്തൽ ഈ യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. തൃശൂരിലെ  ബിജെപി വിജയം യുഡിഎഫ് വോട്ട്‌ ചോർച്ചയുടെ ഫലമാണ്. കോൺഗ്രസിന് 86,965 വോട്ട് നഷ്ടപ്പെട്ടപ്പോൾ ബിജെപി വിജയിച്ചത് 74,656 വോട്ടിനായിരുന്നല്ലോ.

കേരളത്തിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി ബിജെപിക്ക് സീറ്റ് നൽകാനുള്ള ഇടപെടൽ യുഡിഎഫ് നടത്തുന്നത് ഇതാദ്യമായല്ല.  ബാബ്‌റി മസ്ജിദ് തകർക്കാനുള്ള   രഥയാത്രയെ തടഞ്ഞതിന്റെ പേരിൽ 1990ൽ കോൺഗ്രസും  ബിജെപിയും ഒന്നിച്ചുചേർന്ന് വി പി സിങ് സർക്കാരിനെ താഴെയിറക്കി. ആ തെരഞ്ഞെടുപ്പിലാണ് കുപ്രസിദ്ധമായ കോലീബി സഖ്യം വടകര പാർലമെന്റ് മണ്ഡലത്തിലും  ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും അരങ്ങേറിയത്. എന്നാൽ, ആ അജൻഡ എൽഡിഎഫ് പരാജയപ്പെടുത്തി. അതോടെ  കോ-ലീബി സഖ്യം അതുപോലെ തുടരുന്ന നില പൊതുവിൽ ഇല്ലാതായി. നേമത്തും  തൃശൂരും ഉണ്ടായതുപോലെ  ബിജെപി വിജയത്തിനാധാരമായ വോട്ട് മറിക്കൽ പ്രക്രിയയിലേക്ക് അത് മാറി. ഇങ്ങനെ ബിജെപിയുമായി ചേർന്ന് രൂപപ്പെടുത്തിയ പാക്കേജാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വെളിപ്പെട്ടത്‌.


 

എംഎൽഎ ആയിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന്‌ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ്‌. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ജനകീയ താൽപ്പര്യമുയർത്തിപ്പിടിച്ച്‌ പാർലമെന്റിൽ പോരാടുന്നതിനും ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന നിലപാടിന്റെ ഭാഗമായിരുന്നു രാധാകൃഷ്‌ണൻ ആലത്തൂരിൽ മത്സരിച്ചത്‌. ബിജെപിയോട് സ്വീകരിക്കുന്ന മൃദുസമീപനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ മതനിരപേക്ഷ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണ്.  ഇത് കോൺഗ്രസിനകത്ത് പൊട്ടിത്തെറികൾ രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ്‌ പി സരിൻ എൽഡിഎഫ് സ്ഥാനാർഥിയായി പാലക്കാട്ട് മത്സരിക്കുന്നത്.  ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപിയുമായി സന്ധിയുണ്ടാക്കുകയെന്ന കോൺഗ്രസ് നയത്തിനെതിരായുള്ള നിലപാടുകൾ കോൺഗ്രസിനകത്തും  ശക്തിപ്രാപിക്കുകയാണ്. അതിന്റെ തെളിവാണ് കോൺഗ്രസ് നേതാക്കൾ ദിനംപ്രതിയെന്നോണം രാജിവയ്‌ക്കുന്നത്. എൽഡിഎഫിന്റെ കരുത്താണ്‌ കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമെന്ന തിരിച്ചറിവ് അവരെ ഇടതുപക്ഷത്തോട് ചേർത്തുനിർത്തുന്നു.

സംസ്ഥാനത്തെ കോൺഗ്രസിൽനിന്ന്‌ നിരവധി നേതാക്കൾ ബിജെപിയിലേക്ക് കുടിയേറിയിട്ടുണ്ട്. അത്തരം നിലപാടുകൾ സ്വീകരിച്ചവർക്കെതിരെ ഉയർന്നുവരാത്ത പ്രതിഷേധമാണ് എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറായ ഡോ. പി സരിനെതിരായി കോൺഗ്രസുകാർ ഉയർത്തുന്നത്. പരസ്പരം കണ്ടാൽ മിണ്ടാത്ത വിദ്വേഷത്തിലേക്ക് അത് വളർത്തിക്കൊണ്ടുവരികയാണ്. ബിജെപി വിജയിച്ചാലും ഇടതുപക്ഷം ദുർബലപ്പെടണമെന്ന കേരളത്തിലെ കോൺഗ്രസിന്റെ സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്.

എല്ലാ വലതുപക്ഷ ശക്തികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഇടതുപക്ഷത്തെ ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ പൊതുബോധം സൃഷ്ടിക്കുകയെന്ന ആസൂത്രിത പദ്ധതിയാണ്‌ മാധ്യമങ്ങൾ നടപ്പാക്കുന്നത്.  കള്ളക്കഥകളും ഗൂഢാലോചനകളുമെല്ലാം നേരിട്ടുള്ള സംവാദങ്ങളിൽ പൊളിഞ്ഞുവീഴും. അതിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രശ്നങ്ങളിൽ നിയമസഭാ ചർച്ചകളിൽ യുഡിഎഫിന്റെ നിറംമങ്ങിയ പ്രകടനം. നിയമസഭയിൽ ഉയർന്നുവരുന്ന വിഷയങ്ങളിൽ അടിയന്തര പ്രമേയം അനുവദിച്ചിട്ടും ഇറങ്ങിപ്പോകുന്ന യുഡിഎഫിന്റെ നിലപാട് അവരുടെ വിഷയദാരിദ്ര്യത്തിന്റെ തെളിവാണ്. മാധ്യമപ്രചാരണങ്ങളും യാഥാർഥ്യവും രണ്ടാണ് എന്നതുകൊണ്ടാണ് നിയമസഭയിൽ അവരുടെ രാഷ്ട്രീയ നിരായുധത്വം പുറത്തുവന്നത്.


 

തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചർച്ചകളും ഇപ്പോൾ സജീവമായി ഉയർത്തുന്നുണ്ട്. എല്ലാ മതവിശ്വാസികൾക്കും അവരുടെ വിശ്വാസവുമായി ജീവിക്കാനും വിശ്വാസമില്ലാത്തവർക്ക്‌ അങ്ങനെ ജീവിക്കാനുമുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് എൽഡിഎഫ് നയം. അതുകൊണ്ടുതന്നെ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയെന്നത് ഇടതുപക്ഷത്തിന്റെ അജൻഡയല്ല. അതിനാൽ, മതവിശ്വാസത്തെ സംരക്ഷിക്കാനും എൽഡിഎഫ് നിലപാട് സ്വീകരിക്കുന്നു.  ഈ നിലപാടുള്ള  ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഉത്സവങ്ങൾ കലക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നത് ചിന്തിക്കാൻപ്പോലും പറ്റാത്ത ഒന്നാണ്. ഉത്സവങ്ങൾ നമ്മുടെ സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും അഭേദ്യഭാഗമായാണ് ഇടതുപക്ഷം കാണുന്നത്.

മതരാഷ്ട്രവാദ നിലപാട് സ്വീകരിക്കുന്ന സംഘപരിവാറായാലും ജമാഅത്തെ ഇസ്ലാമിയായാലും വിശ്വാസത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ അധികാരം നേടുന്നതിനാണ് പ്രവർത്തിക്കുന്നത്. അതിനാൽ, എല്ലാവരും ഒത്തുചേർന്നുള്ള ആഘോഷങ്ങളെ  ഇത്തരം ശക്തികൾ എതിർക്കുന്നു. ജനകീയ ഉത്സവങ്ങൾപോലും മതരാഷ്ട്രവാദികൾക്ക് രാഷ്ട്രീയനേട്ടത്തിനുള്ള ഉപാധികൾ മാത്രമാണ്. അതുകൊണ്ട് രാഷ്ട്രീയനേട്ടം ലഭിക്കുമെങ്കിൽ ഏത് ഉത്സവവും കലക്കാനും അവർക്ക് ബുദ്ധിമുട്ടില്ല. കാരണം, അവയെയെല്ലാം രാഷ്ട്രീയനേട്ടത്തിനുള്ള വഴികളായാണ് അവർ വിലയിരുത്തുന്നത്.

തൃശൂർ പൂരത്തിന് ചില തടസ്സങ്ങൾ ഉണ്ടാകുന്നതിന് കാരണമായിത്തീർന്നത് ഉത്സവത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നവരുടെ നിലപാടുകളാണ്. സുരേഷ്ഗോപിയും ബിജെപി നേതാവും എന്തിനാണ് ആംബുലൻസിൽ കയറി അവിടെയെത്തിയത്. പിന്നീട് എന്തുകൊണ്ടാണ് അത് നിഷേധിച്ചത്. ഇത്തരം കാര്യങ്ങളെല്ലാം വിരൽചൂണ്ടുന്നത് പൂരത്തെ അലങ്കോലപ്പെടുത്താനുള്ള ഇവരുടെ താൽപ്പര്യങ്ങളാണ്. ഇത്തരം ശക്തികളുടെ ഇടപെടലുകൾ പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സമഗ്രമായ അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലൂടെ  ജനകീയോത്സവങ്ങളെ സംരക്ഷിച്ച് നിർത്തുന്നതിനുള്ള ഇടതുപക്ഷത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നത്. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകി എന്നതാണ് ഇപ്പോഴത്തെ പ്രശ്നമെങ്കിൽ വെടിക്കെട്ട് തന്നെ നടത്താൻ പറ്റാത്ത നിയമം കേന്ദ്ര സർക്കാർ നിർമിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇവരാണിപ്പോൾ പൂരത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നതെന്നും കാണണം.


 

രാജ്യത്തെ കള്ളപ്പണം മുഴുവൻ കണ്ടെത്തി ലക്ഷങ്ങൾ ജനങ്ങളിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി നേരത്തേ അധികാരത്തിലെത്തിയത്. എന്നാൽ, ഇപ്പോൾ കള്ളപ്പണത്തിന്റെ വ്യവഹാരംതന്നെ അവർ ഏറ്റെടുത്തിരിക്കുകയാണ്. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പണം കൊണ്ടുപോകുന്ന ഘട്ടത്തിലാണ് വാഹനം ആക്രമിക്കപ്പെടുകയും  3.5 കോടി രൂപ അപഹരിക്കപ്പെടുകയും ചെയ്തത്. കൊടകര കള്ളപ്പണക്കേസ് അങ്ങനെയാണുണ്ടാകുന്നത്. പൊലീസ് ശരിയായ അന്വേഷണം നടത്തി പണം കണ്ടെത്തുകയും 23 പേരെ കേസിൽ പ്രതിചേർത്ത് കുറ്റപത്രം നൽകുകയും ചെയ്തു. ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള പൊലീസിന് അന്വേഷിക്കാൻ നിയമപരമായ അവകാശങ്ങളില്ല. അതുകൊണ്ടാണ് കുറ്റപത്രത്തിന്റെ കോപ്പി സഹിതം സംസ്ഥാന പൊലീസ് ഇഡിക്കും  ഇൻകം ടാക്സിനും കത്തയച്ചത്. എന്നാൽ, പ്രതിപക്ഷ നേതാക്കളെ ഇല്ലാക്കഥകളുടെ പേരിൽ വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾ ഇത് കണ്ടതായിപ്പോലും ഭാവിച്ചില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ വന്ന ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേന്ദ്ര ഏജൻസികൾക്ക് കത്തയച്ചു. കോടതിയിൽ ഹാജരായ കേന്ദ്ര ഏജൻസികൾ, കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള (പിഎംഎൽഎ) കാര്യങ്ങൾ പരിശോധിച്ച് കേസ്‌ അന്വേഷിക്കാമെന്ന്‌ ഹൈക്കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, തുടർ നടപടികളുണ്ടായില്ല. ബിജെപി നേതാക്കൾക്കെതിരായി കേസുകൾ ഉയർന്നുവരുമ്പോൾ കൂട്ടിലടച്ച തത്തയായി കേന്ദ്ര ഏജൻസികൾ മാറുന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്. കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന രണ്ടുതരം സമീപനങ്ങളാണ്‌ വെളിപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനുള്ള വസ്തുക്കളെന്ന് പറഞ്ഞു ആറ്‌ ചാക്കിൽ പണം നിറച്ച് ബിജെപി ഓഫീസിൽ എത്തിച്ചെന്ന വസ്തുതയാണ് ബിജെപി ഓഫീസ് സെക്രട്ടറി അടുത്തിടെ വെളിപ്പെടുത്തിയത്‌. കൊടകര കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇതുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നങ്ങൾ ഉയർന്നുവന്നാൽ അന്വേഷിക്കുമെന്ന കാര്യം എടുത്തുപറയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി സമഗ്രമായ അന്വേഷണം വേണമെന്ന കാര്യം എടുത്തുപറഞ്ഞത്.

തെരഞ്ഞെടുപ്പുകളിലും കള്ളപ്പണ ഇടപാടുകളിലും പരസ്പരം അന്തർധാര സൃഷ്ടിച്ച് പ്രവർത്തിക്കുന്ന നിലയാണ് ബിജെപിയും കോൺഗ്രസും സ്വീകരിക്കുന്നത്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പങ്കാളി ഇലക്‌ടറൽ ബോണ്ടിൽ ബിജെപിക്ക് പണം നൽകിയ കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. അതുകൊണ്ട്‌ ഈ പ്രശ്നത്തിലും കേന്ദ്ര ഏജൻസികളെ വിമർശിക്കുന്നതിനുപകരം എൽഡിഎഫിനെ വിമർശിക്കുന്ന രീതി പ്രതിപക്ഷ നേതാവ് സ്വീകരിച്ചതും യാദൃച്ഛികമല്ല. കോൺഗ്രസും ബിജെപിയും യോജിച്ച് എൽഡിഎഫിനെ തകർക്കാൻ നടത്തുന്ന ഇടപെടലുകൾ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന്‌ ഭീഷണിയാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. 

ആഗോളവൽക്കരണനയങ്ങൾക്കും മതരാഷ്ട്രവാദങ്ങൾക്കുമെതിരായി പ്രവർത്തിക്കുന്ന എൽഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് അത്യന്താപേക്ഷിതമാണ്. കോൺഗ്രസും ബിജെപിയും  ഗ്രൂപ്പ് വടംവലിയിൽ വലയുമ്പോൾ എൽഡിഎഫ് ഒറ്റക്കെട്ടായി  മുന്നേറുകയാണ്. പണാധിപത്യരാഷ്ട്രീയത്തിനുപകരം ജനകീയരാഷ്ട്രീയത്തെ മുന്നോട്ടുവയ്‌ക്കുന്നതു കൊണ്ടാണത്‌. ഇത് മനസ്സിലാക്കിയുള്ള ജനവിധിയാകും ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top