23 November Monday

ബുര്‍ഹാന്‍ വാനിയും ഹാഥ്‌രസ്‌ പെണ്‍കുട്ടിയും

കെ രാജേന്ദ്രൻUpdated: Thursday Oct 29, 2020


ബുർഹാൻ വാനി കശ്മീരിലെ കൊടുംഭീകരനായിരുന്നു. 15–-ാം വയസ്സിൽ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവജനങ്ങളുടെ ഹരമായി. താ‍ഴ്വരയിൽ ഭീകരവാദത്തിന് ഉത്തേജനം നല്കി. ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറായിരിക്കെ 2016 ജൂൺ എട്ടിന് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അന്ന് ജമ്മു കശ്മീർ ഭരിക്കുന്നത് പിഡിപി –- ബിജെപി സർക്കാരാണ്. ബുർഹാൻ വാനിയുടെ മൃതദേഹം അന്ത്യകർമങ്ങൾ അർപ്പിച്ച് സംസ്കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി ബുർഹാൻ വാനിക്ക് അന്ത്യകർമം അർപ്പിക്കാനായി പുൽവാമയിലെ ത്രാൽ ഗ്രാമത്തിൽ തടിച്ചുകൂടിയത് 17,000 പേരായിരുന്നു. ജനവികാരം തണുപ്പിക്കുന്നതിനായി സർക്കാർ ബുർഹാൻ വാനിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും സഹോദരന് സർക്കാർ ജോലിയും പ്രഖ്യാപിച്ചു. കുടുംബം സഹായം സ്വീകരിച്ചില്ല.

കൊടുംഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ട സംഭവം ഇക്കാലത്ത് കൂടുതൽ പ്രസക്തമാണ്. കാരണം, പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമായ യുപിയിലെ ഹാഥ്‌രസിൽ അതിക്രൂരമായി ഒരു ദളിത് പെൺകുട്ടി കൊല്ലപ്പെട്ടു. അന്ത്യകർമംപോലും ചെയ്യാൻ അനുവദിക്കാതെ പുലർച്ചെ 2.30ന് മൃതദേഹം കത്തിച്ചുകളഞ്ഞു. ഭീകരനായ ബുർഹാൻ വാനിയുടെ മൃതദേഹത്തെയും കൊല്ലപ്പെട്ട ഒരു ദളിത് പെൺകുട്ടിയുടെ മൃതദേഹത്തെയും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നോക്കുക. കാരണം ലളിതമാണ്. ആ പെൺകുട്ടി വാത്മീകി വിഭാഗത്തിൽപ്പെട്ട ദ‍ളിതയാണ്. കൊലയാളികളാകട്ടെ ഉയർന്ന ജാതിക്കാരായ ഠാക്കൂർമാരും.

ബുർഹാൻ വാനി

ബുർഹാൻ വാനി


 

2012 ഡിസംബർ 16നാണ് ഡൽഹി നഗരത്തിൽവച്ച് നിർഭയ കൊല്ലപ്പെട്ടത്. നരേന്ദ്ര മോഡി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്നുമുതൽ പ്രധാനമന്ത്രിസ്ഥാനത്ത് അവരോധിതനാകുന്നതുവരെ മോഡി ഏറ്റവുമധികം ഉച്ചരിച്ച വാക്ക് "നിർഭയ’ എന്നതായിരുന്നു. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി ഇങ്ങനെ പറഞ്ഞു: " യുപിഎ സർക്കാർ ഡൽഹി നഗരത്തെ ബലാത്സംഗ നഗരമാക്കി. ലോകത്തിനുമുന്നിൽ രാജ്യത്തെ നാണംകെടുത്തി’ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരോട്  "നിർഭയയെ മറക്കരുത്’ എന്ന് അഭ്യർഥിച്ചുകൊണ്ട് മോഡി ട്വീറ്റ് ചെയ്തു. മോഡിയെ നല്ല ഭൂരിപക്ഷത്തോടെ ഒരിക്കലല്ല, രണ്ടുതവണ ജനങ്ങൾ അധികാരത്തിലേറ്റി.

ഇനി 2020ലേക്ക്‌ വരാം. സെപ്തംബർ 14നാണ് ഹാഥ്‌രസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. സെപ്തംബർ 29ന് അന്ത്യശ്വാസം വലിച്ചു. ഐക്യരാഷ്ട്ര സംഘടന ദുഃഖവും നടുക്കവും രേഖപ്പെടുത്തി. പക്ഷേ, പ്രധാനമന്ത്രി മൗനംപാലിച്ചു.ആർഎസ്എസ് സർസംഘ്‌ ചാലക് മോഹൻ ഭാഗവതും വാ തുറന്നിട്ടില്ല.  ഇതേ ദിവസമാണ് കുവൈത്ത്‌ അമീർ അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് മോഡി ട്വീറ്റ് ചെയ്തു.

സവർണ സർസംഘ്‌ ചാലക്മാർ
ആർഎസ്എസിന്റെ സവർണ പക്ഷപാതത്തെക്കുറിച്ച് ചോദിച്ചാൽ ചില പതിവ് മറുചോദ്യങ്ങൾ ഉണ്ട്. ബങ്കാരു ലക്ഷ്മണനെ ബിജെപിയുടെ അധ്യക്ഷനാക്കിയില്ലേ? രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയില്ലേ? തുടങ്ങിയ പതിവ് ചോദ്യങ്ങൾ. എന്നാൽ, ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ബിജെപി അധ്യക്ഷനുമെല്ലാം അപ്രസക്തരാണ്. ജനസംഘത്തെ നയിച്ചിരുന്ന മൗലി ചന്ദ്രശർമയും ബൽരാജ് മഥോക്കും ബിജെപിയെ നയിച്ചിരുന്ന എൽ കെ അദ്വാനിയും അതിശക്തരായിരുന്നു. എന്നാൽ, സർസംഘ് ചാലക്മാർ കണ്ണുരുട്ടിയപ്പോൾ മൂവരും അധ്യക്ഷസ്ഥാനങ്ങൾ രാജിവച്ചു.

ബിജെപിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ആർഎസ്എസ് താല്പര്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 1997 മുതൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി പ്രചാരക്മാരെ ചുമതലപ്പെടുത്താറുണ്ട്. ഇവർക്ക് കൈകാര്യം ചെയ്യാനാകാത്ത വിഷയങ്ങളിൽ നേരിട്ട് സർസംഘ് ചാലക് ഇടപെടും. 1925 മുതൽ 2020 വരെയുള്ള 95 വർഷക്കാലയളവിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ, ഡോ. ലക്ഷ്മൺ വാമൻ പരഞ്ജ്പേ, മാധവ് സദാശിവ് ഗോൾവാൾക്കർ, മധുകർ ദത്താത്രേയ ദേവറസ്, രാജേന്ദ്ര സിങ്‌, കെ എസ് സുദർശൻ, ഡോ. മോഹൻ ഭാഗവത് എന്നിങ്ങനെ ഏഴ്‌ സർസംഘ്‌ ചാലക്മാർ ആർഎസ്എസിനെ നയിച്ചു. ഇവരെല്ലാം ഉയർന്ന ജാതിയിൽപ്പെട്ടവരാണ്. ആറുപേർ ബ്രാഹ്മണർ, ഒരാൾ ക്ഷത്രിയൻ. തൊണ്ണൂറുകളിൽ ഉത്തരേന്ത്യയിൽ മണ്ഡൽ രാഷ്‌ട്രീയം ശക്തമായപ്പോൾ പിന്നോക്കജാതിക്കാർക്കും ദളിതർക്കുമിടയിൽ വേരോട്ടമുണ്ടാക്കാൻ അബ്രാഹ്മണനായ ഒരാളെ സർസംഘ്‌ ചാലക് ആക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ക്ഷത്രിയനായ രാജേന്ദ്ര സിങ്ങിനെ സർസംഘ്‌ ചാലക് ആക്കിയത്. അപ്പോ‍ഴും പിന്നോക്കക്കാരനെയോ ദളിതനെയോ പരിഗണിച്ചില്ല. മോഹൻ ഭാഗവതിന്റെ പിൻഗാമിയാകാൻ രണ്ടു പേരാണ് രംഗത്തുള്ളത്. ദത്താത്രേയ ഹോസബാലെയും ഭയ്യാജി ജോഷിയും. ഇവരിലെ ഏത് ബ്രാഹ്മണൻ വേണമെന്ന് മോഹൻ ഭാഗവത് തീരുമാനിക്കും.


 

സവർണവൽക്കരണം ബിജെപിയിലെ നേതൃനിരയിലും പ്രകടമാണ്. "ദി പ്രിന്റ്‌’ ന്യൂസ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം ബിജെപി ദേശീയ ഭാരവാഹികളിലെ 75 ശതമാനം  ഉയർന്ന ജാതിക്കാരാണ്. ദേശീയ എക്സിക്യൂട്ടീവിലെ 60 ശതമാനവും സംസ്ഥാന അധ്യക്ഷരിലെയും ജില്ലാ അധ്യക്ഷരിലെയും 65 ശതമാനവും ഉയർന്ന ജാതിക്കാർ. ഹാഥ്‌രസ് ഉൾപ്പെടുന്ന യുപിയിലാകട്ടെ ജനസംഖ്യയിലെ വെറും 10 ശതമാനംമാത്രമാണ് ഉയർന്ന ജാതിക്കാർ.

സവർണ കേന്ദ്രീകൃതമായ ബിജെപിയുടെ സംഘടനാസംവിധാനം അധഃസ്ഥിത മതവിഭാഗങ്ങളെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി വിനിയോഗിക്കും. 2017 നവംബറിൽ ദേശീയ പട്ടികജാതി കമീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ നടത്തിയ കേരള സന്ദർശനമാണ് ഏറ്റവും മികച്ച ഉദാഹരണം. തിരുവനന്തപുരം കോർപറേഷൻ യോഗത്തിനിടെ ഉണ്ടായ സംഘർഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ബിജെപി കൗൺസിലർമാർ മേയർ പ്രശാന്തിനെ ആക്രമിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. എങ്ങനെ പ്രതിരോധം തീർക്കുമെന്ന ആലോചനകൾ ബിജെപി ക്യാമ്പിൽ  സജീവമായി. പട്ടികജാതിക്കാരിയായ ബിജെപി വനിതാ കൗൺസിലറെ രംഗത്തിറക്കിയായിരുന്നു പ്രതിരോധം. മേയർ  ജാതീയമായി അധിക്ഷേപിച്ചു എന്നതായിരുന്നു ആരോപണം. ആരോപണം അന്വേഷിക്കാനായി ഡൽഹിയിൽനിന്ന് ഉടൻ ദേശീയ പട്ടികജാതി കമീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ പറന്നെത്തി. ജാതീയമായ അധിക്ഷേപം നടന്നെന്ന് ഞൊടിയിടയിൽ കണ്ടെത്തിയ മുരുകൻ മേയർ ഉൾപ്പെടെയുളളവർക്കെതിരെ കേസെടുക്കാൻ നിർദേശം നല്കി തിരിച്ച് പറന്നു.

ദേശീയ പട്ടികജാതി കമീഷൻ ഇതുവരെ ഹാഥ്‌രസ് സന്ദർശിക്കാൻപോലും തയ്യാറായിട്ടില്ല. കാലാവധി ക‍ഴിഞ്ഞ പട്ടികജാതി കമീഷനിലെ ഒ‍ഴിവുകൾ നികത്തിയിട്ടില്ല. യുപിയിലും ഒരു പട്ടികജാതി കമീഷൻ ഉണ്ട്. കമീഷനിലെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ   ഒ‍ഴിഞ്ഞുകിടക്കുകയാണ്. പ്രധാനമന്ത്രി മൗനം തുടരുമ്പോൾ ഹാഥ്‌രസ്‌ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് ശിക്ഷ നല്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമധികം നിവേദനങ്ങൾ ലഭിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ്. അദ്ദേഹവും  മൗനത്തിലാണ്.

1999ലാണ് സംഘപരിവാർ സന്യാസിയായ സ്വാമി നിരഞ്ജൻ തീർഥ്‌ ബ്രാഹ്മണർക്ക് ചോദ്യംചെയ്യാനാകാത്ത പരമാധികാരം നൽകിക്കൊണ്ട് ജാതീയമായ ഉച്ചനീചത്വം ഭരണഘടനാപരമാക്കണമെന്ന് ആവശ്യപ്പെട്ടത്. വിവാദമായ ഈ പ്രസ്താവനയ്ക്കു പിന്നാലെ പട്ടികജാതി മോർച്ച ശക്തമായി അപലപിച്ചു. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം സ്ഥിതി  മാറി. ഹാഥ്‌രസിലെ പെൺകുട്ടി പ്രതികളെ വയലിലേക്ക്‌ അനാശാസ്യത്തിനായി വിളിച്ചുവരുത്തിയതാണെന്നായിരുന്നു ബിജെപി നേതാവ് രഞ്ജിത് ബഹദൂർ ശ്രീവാസ്തവയുടെ പ്രസ്താവന. പെൺകുട്ടികളെ സംസ്കാര സമ്പന്നരായി വളർത്താത്തതാണ് ബലാത്സംഗങ്ങൾക്ക് കാരണമെന്നതായിരുന്നു മറ്റൊരു നേതാവായ സുരേന്ദ്ര സിങ്ങിന്റെ അഭിപ്രായം.


 

ചായ വിറ്റ്‌ നടന്നെന്നു പറയുന്ന മോഡി ചെയ്തുകൂട്ടുന്നത്
ഗുജറാത്തിലെ വാഡ്നഗർ റെയിൽവേസ്റ്റേഷനിൽ കുട്ടിക്കാലത്ത് ചായ വിറ്റ് നടന്നവനാണ് താനെന്ന് നരേന്ദ്രമോഡി കൊട്ടിഘോഷിച്ച് നടന്നത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള പിആർ സംഘം രാജ്യത്തൊട്ടാകെ ചായ് പി ചർച്ചകൾ സംഘടിപ്പിച്ചു. ലോകംമു‍ഴുവൻ വലിയ ചർച്ചയായി. ഘാൻജി എന്ന ഒബിസി വിഭാഗത്തിൽപ്പെടുന്ന ആളാണ് മോഡി. മറ്റ് പിന്നോക്കവിഭാഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ സാമൂഹ്യമായും സാമ്പത്തികമായും മുന്നോക്കമാണ്. മാത്രമല്ല, മോഡിയുടെ അച്ഛൻ ദാമോദർദാസ് മൂൽചന്ദ് മോഡിയുടെ പേരിൽ ചായക്കട ഉണ്ടായിരുന്നില്ലെന്ന വസ്തുത തെളിവുകൾ സഹിതം പുറത്തുവന്നിട്ടുണ്ട്. ഇനി മോഡിയുടെ അവകാശവാദം ശരിയായിരുന്നുവെന്നുതന്നെ കരുതുക. അധികാരത്തിലേറിയതിനുശേഷം "സാമൂഹ്യമായും സാമ്പത്തികമായും" പിന്നാക്കാവസ്ഥ അനുഭവിച്ചിരുന്ന ആ ചായവില്പനക്കാരൻ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ ജനിതക ഘടന അറിയണമെങ്കിൽ വിവിധ കേന്ദ്രവകുപ്പുകളിലെ സെക്രട്ടറിമാരുടെ സാമുദായിക പ്രാതിനിധ്യം പരിശോധിച്ചാൽമതി.

89 സെക്രട്ടറിമാരിൽ 85ഉം ഉയർന്ന ജാതിക്കാരാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളും പട്ടികവർഗ വിഭാത്തിൽപ്പെട്ട മൂന്നുപേരും ഉണ്ട്. ഒബിസിക്കാരനായ ഒരാൾപോലും ഇല്ല. 275 ജോയിന്റ്‌ സെക്രട്ടറിമാരിലെ 233 പേരും ഉയർന്ന ജാതിക്കാർ; ഒബിസി -19, എസ്‌സി -13, എസ്ടി ഒമ്പത്‌ എന്നിങ്ങനെയാണ് പ്രതിനിധ്യം. വി പി സിങ്‌ സർക്കാർ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയപ്പോൾ  എതിർത്ത ബിജെപി  ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് കേന്ദ്ര സർവീസിൽ മുന്നോക്ക ജാതിക്കാർക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നു. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയതോടെ കേന്ദ്ര സർവീസിലെ അധഃസ്ഥിത വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിച്ചു. എന്നാൽ,  സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറിതലത്തിൽ 90 ശതമാനവും ജനസംഖ്യയിലെ 30 ശതമാനം വരുന്ന സവർണവിഭാഗത്തിന്റെ കൈപ്പിടിയിലാണ്. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. രാഷട്രീയതാല്പര്യം നിറവേറ്റുന്നതിനായി ആർഎസ്എസിന് പ്രാതിനിധ്യമുള്ള രാഷ്ട്രീയ സമിതിക്ക് നരേന്ദ്ര മോഡി രൂപം നല്കിയിരുന്നു. ഭരണഘടന അനുസരിച്ചല്ല, മനുസ്മൃതി അനുസരിച്ചാണ്  സമിതി പ്രവർത്തിക്കുന്നത്. ഇതിന്റെയെല്ലാം പ്രതിഫലനം ഭരണരംഗത്തുമാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിലും പ്രകടമാണ്. അതിന്റെ ദൃഷ്ടാന്തമാണ് ഹാഥ്‌രസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top