26 August Monday

ഉത്തർപ്രദേശ‌് ആർക്കൊപ്പം

എം പ്രശാന്ത‌്Updated: Monday May 20, 2019


എൺപത‌് ലോക‌്സഭാ സീറ്റുള്ള ഉത്തർപ്രദേശിൽ എൻഡിഎ ക്യാമ്പ‌് അസ്വസ്ഥമാണ‌്. 2014ൽ ലഭിച്ച 73 സീറ്റിൽ എത്ര നിലനിർത്താനാകുമെന്ന ആശങ്കയിലാണ‌് നേതൃത്വം. ആത്മവിശ്വാസത്തോടെയാണ‌് ബിജെപി തെരഞ്ഞെടുപ്പിലേക്ക‌് കടന്നതെങ്കിലും ഓരോ ഘട്ടം പിന്നിടുന്തോറും സ്ഥിതി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയടക്കം കിഴക്കൻ യുപിയിലെ പൂർവാഞ്ചൽ മേഖലയിൽ വരുന്ന 14 മണ്ഡലത്തിലാണ‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ 14 മണ്ഡലവും എൻഡിഎക്കൊപ്പമായിരുന്നു. എന്നാൽ, വാരാണസി ഒഴികെ മറ്റ‌ു മണ്ഡലത്തിലെല്ലാം കടുത്ത മത്സരത്തെയാണ‌് ബിജെപി അഭിമുഖീകരിച്ചത‌്.

ബിജെപിക്ക‌് ആദ്യ വെല്ലുവിളിയായത‌് എസ‌്പി–-ബിഎസ‌്പി മഹാസഖ്യം
2014നെ അനുസ‌്മരിപ്പിക്കുംവിധമുള്ള വിജയം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്ക‌് നേടാനായി. എന്നാൽ, തുടർന്ന‌ു നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന‌ു മണ്ഡലം നഷ്ടമായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ‌്പുർ, ഉപമുഖ്യമന്ത്രി കേശവ‌് പ്രസാദ‌് മൗര്യയുടെ മണ്ഡലമായ ഫൂൽപുർ, ഹുക്കുംസിങ‌് എംപിയുടെ നിര്യാണത്തെ തുടർന്ന‌് ഉപതെരഞ്ഞെടുപ്പ‌ുണ്ടായ കൈരാന എന്നീ ലോക‌്സഭാ മണ്ഡലങ്ങളാണ‌് ബിജെപിക്ക‌് നഷ്ടമായത‌്. ഗൊരഖ‌്പുരിലും ഫൂൽപുരിലും എസ‌്പി സ്ഥാനാർഥികൾ ജയിച്ചപ്പോൾ കൈരാനയിൽ ആർഎൽഡി ബിജെപിയെ തോൽപ്പിച്ചു. ഗൊരഖ‌്പുരിലും ഫൂൽപുരിലും എസ‌്പിയെ ബിഎസ‌്പി പിന്തുണച്ചപ്പോൾ കൈരാനയിൽ ആർഎൽഡി സ്ഥാനാർഥിക്ക‌് എസ‌്പിയുടെയും ബിഎസ‌്പിയുടെയും പിന്തുണ ലഭിച്ചു.

2014ലും 2017ലും ഭിന്നിച്ച‌് മത്സരിച്ച‌് ബിജെപിയോട‌് ദയനീയമായി തോറ്റ എസ‌്പിക്കും ബിഎസ‌്പിക്കും ഉപതെരഞ്ഞെടുപ്പ‌ുഫലം കണ്ണുതുറപ്പിക്കുന്നതായി. യോജിപ്പോടെ നീങ്ങിയാൽ ബിജെപിയെ തറപറ്റിക്കാമെന്ന ബോധ്യം ഇരു പാർടിക്കുമുണ്ടായി. യുപിയിൽ ഒരു തെരഞ്ഞെടുപ്പ‌ു തോൽവികൂടി താങ്ങാനുള്ള ശേഷി ബിഎസ‌്പിക്കുണ്ടായിരുന്നില്ല. ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിക്കേണ്ടത‌് എസ‌്പിക്കും അനിവാര്യമായി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര ജയത്തിന‌് തൊട്ടുപിന്നാലെ ഉപതെരഞ്ഞെടുപ്പിൽ തോറ്റത‌് ബിജെപിക്ക‌് കനത്ത ആഘാതമായി മാറുകയും ചെയ‌്തു. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് എസ‌്പി–- ബിഎസ‌്പി സഖ്യചർച്ചകൾ മാസങ്ങൾക്ക‌ു മുമ്പുതന്നെ ആരംഭിച്ചിരുന്നു. രാഷ്ട്രീയത്തിൽ പ്രായോഗികതയ‌്ക്ക‌് മുൻഗണന നൽകുന്ന അഖിലേഷ‌് യാദവ‌് എസ‌്പിയുടെ തലപ്പത്തേക്ക‌് ഉയർന്നത‌് സഖ്യചർച്ചകൾക്ക‌് ഗുണകരമായി. മുലായംസിങ‌് യാദവുമായി കടുത്ത ശത്രുത പുലർത്തിയിരുന്ന ബിഎസ‌്പി അധ്യക്ഷ മായാവതിക്ക‌് എന്നാൽ അഖിലേഷുമായി ചർച്ചകൾക്ക‌് മടിയുണ്ടായില്ല. ഇടനിലക്കാരില്ലാതെ ഇരുനേതാക്കളും നേരിട്ട‌് ആശയവിനിമയം ആരംഭിച്ചതോടെ ഇരു പാർടിക്കുമിടയിൽ വർഷങ്ങളായി നിലനിന്ന വൈര്യത്തിന്റേതായ കാർമേഘം നീങ്ങി.

പിന്നീടെല്ലാം വേഗത്തിലായി. ഇരു പാർടിയും സഖ്യം പ്രഖ്യാപിച്ചു. കുടുംബ തട്ടകമായ മെയിൻപുരിയിൽ വീണ്ടുമൊരു അവസരംകൂടി നൽകിക്കൊണ്ട‌് മുലായത്തെ അഖിലേഷ‌് ഒപ്പം നിർത്തി. സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ‌് വാശിപിടിച്ചപ്പോൾ ദേശീയ രാഷ്ട്രീയ മർമമറിയുന്ന മായാവതി തന്ത്രപൂർവം അവരെ അകറ്റിനിർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌ുമായുള്ള സഖ്യം പാളിയതിന്റെ നിരാശയിലായിരുന്ന അഖിലേഷും ഇതിനോട‌് വിയോജിച്ചില്ല. എന്നാൽ, പടിഞ്ഞാറൻ യുപിയിൽ നിർണായക ശക്തിയായ അജിത് സിങ്ങിന്റെ ആർഎൽഡിയെ മായാവതിയും അഖിലേഷും ഒപ്പം കൂട്ടുകയും ചെയ‌്തു. തെരഞ്ഞെടുപ്പ‌ു പ്രഖ്യാപനത്തിനു മുമ്പുതന്നെ സഖ്യപ്രഖ്യാപനം വന്നു. സീറ്റ‌് ധാരണയുമായി.

സഖ്യപ്രഖ്യാപനത്തിൽ തളർന്നത‌് ബിജെപി
എസ‌്പി–- ബിഎസ‌്പി–-ആർഎൽഡി പാർടികളുടെ അപ്രതീക്ഷിതമായ മഹാസഖ്യ പ്രഖ്യാപനം ബിജെപിയെ ഞെട്ടിച്ചുകളഞ്ഞു. 2014ലെ തെരഞ്ഞെടുപ്പ‌ു വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ നീങ്ങിയിരുന്ന ബിജെപിക്ക‌് പെട്ടെന്നുള്ള മഹാസഖ്യ രൂപീകരണത്തെ പ്രതിരോധിക്കുംവിധം തന്ത്രങ്ങൾ മെനയാൻ വേണ്ടത്ര സമയമുണ്ടായില്ല. തെരഞ്ഞെടുപ്പ‌ുഫലം നിശ‌്ചയിക്കുന്നതിൽ ജാതിരാഷ്ട്രീയം നിർണായകമായ യുപിയിൽ മഹാസഖ്യ രൂപീകരണം തുടക്കത്തിൽ തന്നെ എസ‌്പിക്കും ബിഎസ‌്പിക്കും മേൽക്കൈ നൽകി. ഒബിസി വിഭാഗമായ യാദവരുടെ വോട്ടുകളാണ‌് എസ‌്പിയുടെ അടിത്തറ. ദളിത‌് വിഭാഗത്തിലെ ജാദവരുടെ പിന്തുണയാണ‌് ബിഎസ‌്പിയെ നിലനിർത്തുന്നത‌്. ഇതോടൊപ്പം ബിജെപി വിരുദ്ധമെന്ന‌് ഉറപ്പായും നിശ‌്ചയിക്കാവുന്ന ന്യൂനപക്ഷ വോട്ടുകൾകൂടി മഹാസഖ്യം ഉറപ്പാക്കി. ഈ മൂന്ന‌് വോട്ടുബാങ്കുകൾ ചേരുമ്പോൾ ഏതാണ്ട‌് 40 ശതമാനത്തിലേക്ക‌് വോട്ടുനില ഉയരും. 2014ൽ 42.63 ശതമാനം വോട്ടാണ‌് യുപിയിൽ ബിജെപിക്ക‌് ലഭിച്ചത‌്. ഇതേ തെരഞ്ഞെടുപ്പിൽ എസ‌്പി–-ബിഎസ‌്പി വോട്ടുകൾ ചേരുമ്പോൾ ബിജെപിക്കൊപ്പമെത്തും. ആർഎൽഡി നേടിയ വോട്ടുകൾ ഇതിന‌ു പുറമെയാണ‌്. വോട്ടുനിലയിലെ ഈ മുൻതൂക്കം മഹാസഖ്യത്തിന‌് തുടക്കത്തിൽ തന്നെ ആധിപത്യം നൽകി.

മഹാസഖ്യ രൂപീകരണത്തിന‌ുശേഷവും ബിജെപി വച്ചുപുലർത്തിയ പ്രതീക്ഷകൾ
മഹാസഖ്യ രൂപീകരണത്തോടെ യുപിയിൽ സീറ്റുകൾ കുറയുമെന്ന‌് ബിജെപി ഉറപ്പിച്ചു. നരേന്ദ്ര മോഡിയെ മുൻനിർത്തിയുള്ള തീവ്രമായ പ്രചാരണത്തിലൂടെ ഒപ്പം പിടിക്കാനായി പിന്നീട‌് അവരുടെ ശ്രമം. പരമ്പരാഗതമായി ശത്രുപക്ഷങ്ങളിൽ നിലയുറപ്പിച്ചിരുന്ന യാദവരുടെയും ജാദവരുടെയും വോട്ടുകൾ അത്ര എളുപ്പത്തിൽ പരസ‌്പരം കൈമാറപ്പെടില്ലെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. ഇതോടൊപ്പം 2014ലും 2017ലും തങ്ങൾക്ക‌ു ലഭിച്ച മുന്നോക്ക വോട്ടുകളും വ്യാപാരി വിഭാഗമായ ബനിയകളുടെ  വോട്ടുകളും യാദവർ ഒഴികെയുള്ള ഒബിസി വോട്ടുകളും ജാദവർ ഒഴികെയുള്ള ദളിത‌് വോട്ടുകളും ഉറപ്പിച്ചുനിർത്താമെന്നും ബിജെപി കണക്കുകൂട്ടി. കേന്ദ്രത്തിൽ പ്രധാനമന്ത്രിയെ നിശ‌്ചയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ തന്നെ ഉപതെരഞ്ഞെടുപ്പ‌ു ഫലം ആവർത്തിക്കില്ലെന്നും അവർ പ്രതീക്ഷ വച്ചു. പുൽവാമ ആക്രമണവും തുടർന്നുള്ള ബാലാകോട്ട‌് അവകാശവാദങ്ങളും മോഡിയെന്ന ഏക നേതാവിലേക്ക‌് വോട്ടർമാരെ എത്തിക്കുമെന്ന‌് സംഘ‌ ക്യാമ്പ‌് പ്രതീക്ഷിച്ചു.

ബിജെപിയെ തളർത്തി അഖിലേഷ‌്–-മായാവതി യോജിപ്പ‌്
യാദവരും ജാദവരും എസ‌്പിക്കും ബിഎസ‌്പിക്കുമായി പരസ‌്പരം വോട്ടുകൾ കൈമാറില്ലെന്ന ബിജെപിയുടെ പ്രതീക്ഷകൾ തന്നെയാണ‌് ആദ്യം പൊളിഞ്ഞത‌്. മായാവതിയും അഖിലേഷും പ്രചാരണത്തിൽ യോജിച്ചുനീങ്ങിയതോടെ എസ‌്പി–-ബിഎസ‌്പി ധാരണ ശക്തിപ്പെട്ടു. മുതിർന്ന നേതാവെന്ന ബഹുമാനം മായാവതിക്ക‌് പൂർണമായും നൽകിക്കൊണ്ടായിരുന്നു അഖിലേഷിന്റെ നീക്കമെല്ലാം. മെയിൻപുരിയിൽ മുലായത്തിന‌ും കനൗജിൽ അഖിലേഷിന്റെ ഭാര്യ ഡിമ്പിളിനും വോട്ടഭ്യർഥിച്ച‌് മായാവതിയെത്തി. എസ‌്പി സ്ഥാനാർഥികൾക്കായി ബിഎസ‌്പി പ്രവർത്തകർ തിരിച്ചും ഐക്യത്തോടെ പ്രചാരണത്തിനിറങ്ങി. യുപിയിൽ പലപ്പോഴും വിവിധ മതനിരപേക്ഷ പാർടികൾക്കായി വോട്ടുകൾ ചിതറിപ്പോയിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഇതോടെ സംശയങ്ങൾ അകന്നു. അമേഠിയും റായ‌്ബറേലിയുംപോലെ ചുരുക്കം മണ്ഡലങ്ങളിലൊഴികെ ന്യൂനപക്ഷങ്ങൾ മഹാസഖ്യത്തിന‌ു പിന്നിലുറച്ചു. ആർഎൽഡി ഒപ്പം ചേർന്നതോടെ പടിഞ്ഞാറൻ യുപിയിലെ ജാട്ട‌് വോട്ടുകളിലും മാറ്റം പ്രകടമാണ‌്. കോൺഗ്രസിന്റെ സാന്നിധ്യവും പല മണ്ഡലത്തിലും ബിജെപിക്ക‌് പ്രതിസന്ധിയായി. ബിജെപി വോട്ടുകളിലേക്ക‌് കടന്നുകയറാനാകുംവിധമായിരുന്നു പല മണ്ഡലത്തിലും കോൺഗ്രസ‌് സ്ഥാനാർഥികളുടെ സാന്നിധ്യം. ഇതോടൊപ്പം മഹാസഖ്യവും തന്ത്രപൂർവംതന്നെ സ്ഥാനാർഥികളെ വിന്യസിച്ചു.

സംസ്ഥാന സർക്കാരിനെതിരായ വികാരവും ബിജെപിക്ക‌് തിരിച്ചടി
രണ്ടുവർഷം പൂർത്തിയാക്കുന്ന യോഗി ആദിത്യനാഥ‌് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും യുപിയിൽ ശക്തമാണ‌്. കാർഷിക മേഖലയിലെ പ്രശ‌്നങ്ങൾ തന്നെയാണ‌് ഇതിൽ മുഖ്യം. പടിഞ്ഞാറൻ യുപിയിൽ കരിമ്പ‌ുകർഷകരും യുപിയുടെ തെക്കൻ മേഖലയായ ലോവർ ദൊവാബ‌് മേഖലയിലും ലഖ‌്നൗ അടക്കം ഉൾപ്പെടുന്ന അവധ‌് മേഖലയിലും ഉരുളക്കിഴക്ക‌് കർഷകരും ഉൽപ്പന്നത്തിന‌് വില കിട്ടാതെ കടുത്ത പ്രതിസന്ധിയിലാണ‌്. ആദിത്യനാഥ‌് സർക്കാരിന്റെ അൽപ്പംപോലും പ്രായോഗികമല്ലാത്ത ഗോസംരക്ഷണ നടപടികൾമൂലം കാലിവളർത്തൽ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ‌് മറ്റൊന്ന‌്. സംരക്ഷകരില്ലാതെ അലഞ്ഞുതിരിയുന്ന കാലികൾ യുപിയിലെമ്പാടും കൃഷി നശിപ്പിക്കുന്ന ശല്യങ്ങളായി മാറിക്കഴിഞ്ഞു. 2014ൽ ബിജെപിക്ക‌് വോട്ടുചെയ‌്ത ഗോഭക്തർ പോലും നിലപാട‌് മാറ്റിത്തുടങ്ങി. യുപിയിൽ ലക്ഷക്കണക്കിനാളുകൾക്ക‌് ജോലി ഉറപ്പുവരുത്തിയിരുന്ന തുകൽ വ്യവസായമേഖലയും കടുത്ത പ്രതിസന്ധിയിലാണ‌്. നോട്ടുനിരോധനത്തെ തുടർന്ന‌് സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയാകെ തകർച്ചയിലാണ‌്. ജാതിസമവാക്യങ്ങൾക്കപ്പുറം അലയടിക്കുന്ന ഈ ഭരണവിരുദ്ധ വികാരവും ബിജെപിക്ക‌് പ്രതിസന്ധിയാണ‌്.

ആത്മവിശ്വാസത്തിൽ മഹാസഖ്യം
അമ്പതിലേറെ സീറ്റ‌് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ‌് മഹാസഖ്യം. ബിജെപി നേതൃത്വമാകട്ടെ 2014 ആവർത്തിക്കുമെന്ന നിലപാടിൽത്തന്നെ ഉറച്ചുനിൽക്കുന്നു. ന്യൂനപക്ഷങ്ങളുടെയും യാദവ–-ജാദവ വിഭാഗങ്ങൾ ഒഴികെയുള്ളവരുടെയും വോട്ടുകൾ പൂർണമായും ലഭിക്കുമെന്ന വിശ്വാസത്തിലാണ‌് ഈ അവകാശവാദം. തെരഞ്ഞെടുപ്പ‌് റിപ്പോർട്ടിങ്ങിനായി യുപിയിലൂടെ നടത്തിയ യാത്രയിൽ പ്രധാനമന്ത്രിയായി വീണ്ടും മോഡി തന്നെ വരണമെന്ന‌് വാദിക്കുന്നവരെ ധാരാളമായി കണ്ടു. എന്നാൽ, സ്വന്തം മണ്ഡലത്തിൽ ബിജെപി ദുർബലമായ നിലയിലാണെന്ന‌് അവർ തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top