25 July Sunday

വിധിദിനം കാത്ത്‌ ബിഎസ്എൻഎൽ

കെ എൻ ബാലഗോപാൽ Updated: Wednesday Feb 5, 2020

2004-–-05ൽ 10,000 കോടിയുടെ ലാഭമുണ്ടാക്കിയ നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായിരുന്നു ബിഎസ്എൻഎൽ. ഒഎൻജിസി കഴിഞ്ഞാൽ ആ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ പൊതുമേഖലാ കമ്പനിയും ബിഎസ്എൻഎൽ ആയിരുന്നു.14 വർഷം കഴിയുമ്പോൾ ഏതാണ്ട് 57,000 കോടി രൂപയുടെ കടവുമായി ആ സ്ഥാപനം സമ്പൂർണ തകർച്ചയെ മുഖാമുഖം കാണുകയാണ്. 78,559 ജീവനക്കാരാണ് ബിഎസ്എൻഎലിൽനിന്ന്‌ കഴിഞ്ഞദിവസം നിർബന്ധിത വിരമിക്കലിനു വിധേയരായത്. ഉന്നത പദവിയിലിരുന്നവരും ഇടത്തരം ഉദ്യോഗം കൈയാളിയിരുന്നവരുമെല്ലാം ഒറ്റദിവസംകൊണ്ട് കമ്പനിയുടെ ഭാഗമല്ലാതായി. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയിൽ കൂട്ടവിരമിക്കലിനുശേഷം ഇനി 85,344 ജീവനക്കാരാണ് അവശേഷിക്കുക. കേരളത്തിലെ ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം ഇതോടെ 9381ൽ നിന്ന് 4785 ആയി ചുരുങ്ങി. പട്ടാളവും റെയിൽവേയും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾക്ക് പൊതുമേഖലയിൽ തൊഴിൽ നൽകിയിരുന്നത് ടെലികോം മേഖലയായിരുന്നു. 70,000 പേർ ഒറ്റയടിക്ക് ഒരേ സ്ഥാപനത്തിൽനിന്ന് ഒരേ ദിവസം ഒഴിവാക്കപ്പെടുന്നത്, ഒരുപക്ഷേ ലോകത്തുതന്നെ നടാടെയായിരിക്കും.

തൊഴിൽ നഷ്ടമായവരുടെ ജീവിതപ്രശ്നമെന്ന നിലയിലും ബിഎസ്എൻഎൽ പോലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തിൽ ജോലി ആഗ്രഹിച്ചിരുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ഭാവിയുടെ പ്രശ്നമെന്നനിലയിലും ഇതിനെ കാണേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ മോഡി സർക്കാർ വിറ്റുതുലയ്‌ക്കുകയാണ്. ഇന്ത്യയിലെ യുവാക്കളുടെ മുന്നിൽ തൊഴിൽ ഒരു ചോദ്യചിഹ്നമായിരിക്കുന്നു.

മാധ്യമങ്ങളുടെ മൗനവും ബിഎസ്എൻഎലിന്റെ ആസ്‌തിയും
എന്നാൽ, നിസ്സാര വിഷയങ്ങളിൽ പോലും ആഴ്ചകളോളം ചർച്ച നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയങ്ങളെ ഗൗരവമായി എടുത്തിട്ടില്ല. വളരെ ചെറിയ പ്രശ്നമായി അവതരിപ്പിച്ച് ഇതിനെ ലഘൂകരിക്കുകയാണ്. എൺപതിനായിരത്തോളം പേരുടെ കൂട്ടവിരമിക്കൽ ചാനലിലെ  ഒരു അന്തിച്ചർച്ചയുടെ പോലും വിഷയമാകാതെ പോകുന്നു. വർഗീയരാഷ്ട്രീയത്തിന്റെയും വെറുപ്പിന്റെയും വാർത്തകൾക്കിടയിലൂടെ  ജനവിരുദ്ധനയങ്ങൾ ഒളിച്ചുകടത്തപ്പെടുന്നു. പൗരത്വ നിയമത്തിലെ പ്രശ്നങ്ങളുടെയും നേതാക്കളുടെ  വർഗീയ പ്രസ്താവനകളുടെ കോലാഹലങ്ങളുടെയും മറവിലൂടെ കോർപറേറ്റ് അജൻഡകൾ കൗശലപൂർവം നടപ്പാക്കപ്പെടുന്നു. 


 

ബിഎസ്എൻഎലിന് ആസ്‌തി ഇല്ലാത്തതുകൊണ്ടോ സർക്കാർ മുൻകൈയെടുത്താൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതുകൊണ്ടോ ഉണ്ടായതല്ല ഇപ്പോഴത്തെ പ്രതിസന്ധി. ടെലികോം മേഖലയിൽ  റിലയൻസിന്റെ ആധിപത്യത്തിനു വഴിയൊരുക്കാൻവേണ്ടി സർക്കാർ തന്നെ ആസൂത്രിതമായി സൃഷ്ടിച്ച പ്രതിസന്ധിയാണിത്. ബിഎസ്എൻഎലിനെ തകർത്ത് ടെലികോം മേഖല സമ്പൂർണമായി അംബാനിക്ക് തീറെഴുതാനുള്ള പദ്ധതിയാണ് ആത്യന്തികമായി അണിയറയിൽ ഒരുങ്ങുന്നത്.

ലക്ഷക്കണക്കിനു കോടി രൂപയുടെ ആസ്‌തിയാണ് ബിഎസ്എൻഎലിനുള്ളത്. മുംബൈയും ഡൽഹിയും ബംഗളൂരുവും അടക്കമുള്ള മെട്രോ നഗരങ്ങളിലുൾപ്പെടെ ഇന്ത്യയുടെ ഗ്രാമ-നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ ഒന്നരലക്ഷം ഏക്കർ ഭൂമി സ്വന്തമായുണ്ട്. ഇന്ത്യൻ റെയിൽവേക്കും സൈനിക വിഭാഗങ്ങൾക്കുമല്ലാതെ മറ്റാർക്കും രാജ്യത്ത് ഇത്രയും ഭൂമിയില്ല.

ഇതിനുമാത്രം വിപണിവില ഒന്നരലക്ഷം കോടി വരുമെന്നാണ് കണക്കുകൾ. അസംഖ്യം കെട്ടിടങ്ങളും  ഏഴരലക്ഷം കിലോമീറ്റർ നീളമുള്ള കേബിളുകളും സാങ്കേതിക ഉപകരണങ്ങളും ടവറുകളുമായി പതിനായിരക്കണക്കിനു കോടിയുടെ ആസ്‌തി വേറെയുമുണ്ട്. മറ്റൊരു സ്വകാര്യ കമ്പനിക്കും ബിഎസ്എൻഎലിന്റെ ആസ്‌തിയോടോ വിതരണശൃംഖലയുടെ വൈപുല്യത്തോടോ  കിടപിടിക്കാനാകില്ല. വെറും മൂന്നുലക്ഷം കിലോമീറ്ററാണ് റിലയൻസിന്റെ ആകെ കേബിൾ ശൃംഖലാ ദൈർഘ്യമെന്നുകൂടി അറിയുക.

എല്ലാം അംബാനിക്കുവേണ്ടി
ഇന്ത്യയിലെ സ്വകാര്യ മൊബൈൽ കമ്പനികളൊക്കെ 4 ജി സേവനം നൽകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഉപയോക്താക്കൾക്ക്  4 ജി സേവനം ലഭ്യമാക്കാനുള്ള അനുമതി ബിഎസ്എൻഎലിന് ഇതുവരെ കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. ഇന്റർനെറ്റിന്റെ വേഗതയില്ലായ്മമൂലം ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബിഎസ്എൻഎലിനെ കൈയൊഴിഞ്ഞിട്ടു പോയിട്ടും സർക്കാർ ആ തീരുമാനം മാറ്റിയിട്ടില്ല.

ബിഎസ്എൻഎലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞവർഷം ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. നിരവധി പുനരുജ്ജീവന മാർഗങ്ങൾ നിർദേശിക്കപ്പെട്ടു. ജീവനക്കാർക്ക് നിർബന്ധിത കൂട്ടവിരമിക്കലെന്ന ഒരൊറ്റ ഇനം മാത്രമാണ് ആ പാക്കേജിൽ ഇതുവരെ നടപ്പായത്. 4 ജി സേവനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും മൂന്നു മാസമായിട്ടും അതിനു വേണ്ടിയുള്ള നീക്കങ്ങൾ ഒന്നുംതന്നെ കാണാനില്ല. ബിഎസ്എൻഎലിനെ സ്വകാര്യവൽക്കരിക്കുകയല്ല മറിച്ച് അതിനെ പുനരുദ്ധരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇപ്പോൾ പറയുന്നുണ്ടെങ്കിലും പരമാവധി വെടക്കാക്കി ആത്യന്തിക മരണത്തിലേക്ക് കമ്പനിയെ തള്ളിവിടുക തന്നെയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.  നവരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായിരുന്ന ബിഎസ്എൻഎൽ ഇന്ന് നഷ്ടത്തിലോടുന്ന “രോഗാതുരമായ പൊതുമേഖലാ സ്ഥാപനത്തിന്റെ’ പട്ടികയിലേക്ക് കൂപ്പുകുത്തിയതിൽ പ്രധാന പങ്ക് സർക്കാരിനു തന്നെയാണ്. 2004–-05ൽ 10,000 കോടി ലാഭമുണ്ടാക്കിയ സ്ഥാപനം സർക്കാരിന്റെ നയവൈകല്യത്തിന്റെയും കോർപറേറ്റ് സ്വകാര്യമേഖലാ പ്രീണനത്തിന്റെയും ഇരയാണ്. തെറ്റായ നയങ്ങൾ നടപ്പാക്കി രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുക. തുടർന്ന് പ്രതിസന്ധിയുടെ പേരുപറഞ്ഞ്  സ്ഥാപനത്തെ തകർക്കുക. ഇതാണ് മോഡിയുടെ തന്ത്രം. എയർ ഇന്ത്യയുൾപ്പെടെ ഇപ്പോൾ വിപണിയിൽ വിൽക്കാൻ വച്ചിരിക്കുകയാണ്.

തുടക്കമിട്ടത് കോൺഗ്രസ്‌
പൊതുമേഖലാ ടെലികോം കമ്പനികളെ  തകർക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് കോൺഗ്രസിന്റെ ഭരണകാലത്താണ് എന്നതും  മറക്കാൻ പാടില്ല. 2 ജി  ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ കോൺഗ്രസ്‌ ഗവൺമെന്റ് നടത്തിയ തീവെട്ടിക്കൊള്ളയും കള്ളക്കളികളുമാണ് ഇന്നത്തെ തകർച്ചയ്‌ക്ക്‌ ആരംഭം കുറിച്ചത്. ബിഎസ്എൻഎലിനെ തകർത്ത് സ്വകാര്യമേഖലയെ സഹായിക്കാനുള്ള ഇടപാടുകൾ മൻമോഹൻസിങ്ങിന്റെ കാലംമുതലേ സജീവമാണ്. മാത്രവുമല്ല, ഹച്ചിസൺ എസ്സാർ കമ്പനിയെ വൊഡാഫോൺ 80,000 കോടി രൂപ വിലകൊടുത്തു വാങ്ങിയപ്പോൾ അതിന്റെ നികുതിയായി 12,000 കോടി രൂപ ജിഎഎആർ (ജനറൽ ആന്റി അവോയ്‌ഡൻസ്‌ റൂൾ) നിയമപ്രകാരം സർക്കാരിലേക്ക് അടയ്ക്കണമെന്ന് അന്നത്തെ ധന മന്ത്രിയായിരുന്ന പ്രണബ് മുഖർജി നിലപാടെടുത്തിരുന്നു. എന്നാൽ, ചിദംബരം അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുടെ സമ്മർദ ഭാഗമായി കോടതിയിൽ സർക്കാർ ദുർബലമായ നിലപാട് സ്വീകരിക്കുകയും വൊഡാ ഫോൺ നികുതി അടയ്‌ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ടെലികോം രംഗത്തേക്ക് റിലയൻസ് കടന്നുവന്നതോടുകൂടി, അവരെ സഹായിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് സർക്കാർ മാറുകയാണുണ്ടായത്.  കോൺഗ്രസ്‌ ഗവണ്മെന്റിനും പിന്നാലെ വന്ന ബിജെപി ഗവൺമെന്റിനും ഒരേ മനസ്സായിരുന്നു ഇക്കാര്യത്തിൽ. അങ്ങനെയാണ് ബിഎസ്എൻഎൽ ഈ നിലയിൽ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടത്.

എല്ലാ ഭിന്നതകൾക്കിടയിലൂടെയും രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ടെലികോം, ഇൻഷുറൻസ്, വ്യോമഗതാഗതം, റെയിൽവേ തുടങ്ങിയ ഇടങ്ങളിലെ പൊതുമേഖല വഹിച്ച പങ്കുകൂടി സ്മരണീയമാണ്. ബിഎസ്എൻഎലും ഇന്ത്യൻ റെയിൽവേയും എയർഇന്ത്യയും എൽഐസിയുമെല്ലാം ദേശ, ഭാഷ, സാംസ്‌കാരിക വ്യത്യാസങ്ങളെ അതിജീവിച്ച് രാജ്യത്തിന്റെ ആത്മാവിൽ ലയിച്ചുചേർന്ന സ്ഥാപനങ്ങളാണ്. ഇന്ത്യയുടെ അഖണ്ഡതയെ അവ പ്രതിനിധാനം ചെയ്യുന്നു. അവയെ സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുക വഴി രാജ്യത്തിന്റെ ശക്തമായ പൊതുമേഖലാ സംസ്കാരത്തെക്കൂടിയാണ് ബിജെപി ഇല്ലായ്മ ചെയ്യുന്നത്. ഈ ഘട്ടത്തിൽ രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരേണ്ട കോൺഗ്രസ്‌ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർടികൾ എടുക്കുന്ന നിലപാടുകൾ ഏറ്റവും പ്രതിലോമകരമാണെന്ന് പറയാതെ വയ്യ. ഇപ്പോഴും കാര്യമായ ഒരു പ്രതികരണവും പൊതുമേഖല തകരുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

എന്നിരിക്കിലും അതിശക്തമായ പ്രതിഷേധം ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരുന്നുണ്ട് എന്നതുകൂടി കാണേണ്ടതുണ്ട്. പൗരത്വ വിഷയത്തിലുൾപ്പെടെ തെരുവിലുയരുന്ന പ്രതിഷേധം സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള എതിർപ്പിന്റെകൂടി പ്രതിഫലനമാണ്. സർക്കാരിന്റെ നയങ്ങൾ മൂലം ജീവിതം വഴിമുട്ടിയ ഇടത്തരക്കാരനും കർഷകനുമെല്ലാം വിവിധ ആവശ്യങ്ങളുയർത്തി തെരുവിലേക്കിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ആരൊക്കെ അവഗണിച്ചാലും ഈ സമരം ആളിപ്പടരുക തന്നെ ചെയ്യും. രാഷ്ട്രം അതിന്റെ സമരശേഷിയും രാഷ്ട്രീയബോധവും ആർജവത്തോടെ പ്രകടിപ്പിക്കുക തന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top