05 October Wednesday

അപരാജിതകളാകണം - ബൃന്ദ കാരാട്ട് എഴുതുന്നു

ബൃന്ദ കാരാട്ട്Updated: Friday Jul 2, 2021

ദിവസങ്ങളുടെ ഇടവേളയിൽ വിസ്‌മയ, അർച്ചന, സുചിത്ര എന്നീ മൂന്ന്‌ യുവതികളുടെ ദാരുണമായ മരണം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കയാണ്‌. ഈ മരണങ്ങൾക്ക്‌ കാരണമായത്‌ ഗാർഹിക പീഡനവും സ്‌ത്രീധനവുമാണ്‌. സ്‌ത്രീകളുടെ സാമൂഹ്യ പദവിയും ലിംഗ അസമത്വവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഈ ആത്മഹത്യകൾ. ഈ സംഭവത്തിനുശേഷം, സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങളും സ്‌ത്രീധന പീഡനവും സംബന്ധിച്ച പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ‘അപരാജിത’ എന്ന ഓൺലൈൻ പോർട്ടൽ തുടങ്ങി. ആദ്യ ദിവസംതന്നെ ഗാർഹിക, സ്‌ത്രീപീഡനങ്ങളെപ്പറ്റി 117 പരാതിയാണ്‌ ലഭിച്ചത്‌. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ഫലപ്രദവും കാര്യക്ഷമവുമായ സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ സംഭവിക്കുന്നതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ പ്രതികരണമാണ്‌ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്‌ കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. 2019ലെ നാഷണൽ ക്രൈം റെക്കോഡ്‌ ബ്യൂറോയുടെ കണക്ക്‌ പ്രകാരം ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു സ്‌ത്രീവീതം സ്‌ത്രീധന പീഡനത്തെതുടർന്ന്‌ മരിക്കുന്നു. ഇതോടൊപ്പം ഓരോ നാലു മിനിറ്റിലും ഒരു സ്‌ത്രീ എന്ന കണക്കിൽ ഭർത്താവിൽനിന്നോ അവരുടെ ബന്ധുക്കളിൽനിന്നോ ശാരീരികവും മാനസികവുമായ പീഡനത്തിന്‌ ഇരയാകുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ സാമൂഹ്യതിന്മ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ സർക്കാരുകൾ. എന്നാൽ, കേരളത്തിലെ പിണറായി വിജയൻ സർക്കാർമാത്രമാണ്‌ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അവർക്ക്‌ ശക്തമായ പിന്തുണ നൽകാനും നടപടി സ്വീകരിക്കുന്നത്‌.

നമ്മുടെ സ്‌കൂൾ, കോളേജ്‌ പാഠ്യപദ്ധതികൾ പുനഃപരിശോധിക്കണമെന്നും പാഠ്യപദ്ധതിയിൽ ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തണമെന്നും ഈ വേളയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആൺകുട്ടികളും പെൺകുട്ടികളും തുല്യരായ പൗരന്മാർ ആണെന്നും ഓരോ സാഹചര്യത്തിലും പെൺകുട്ടികൾക്ക്‌ അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയാനും ആത്മവിശ്വാസം വർധിപ്പിക്കാനും പ്രോത്സാഹനം നൽകണം. പുരുഷത്വം എന്നത്‌ സ്‌ത്രീകളുടെ മേൽ അധികാരം ഉപയോഗിക്കാനുള്ളതാണെന്ന തെറ്റിദ്ധാരണ മാറ്റേണ്ടതാണ്‌. പാഠ്യപദ്ധതിയിലും ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉൾപ്പടുത്തിക്കൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ രാജ്യത്തിനാകെ മാതൃകയാകേണ്ടതുമുണ്ട്‌. ചൂഷണത്തിലധിഷ്‌ഠിതമായ നിലവിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ഘടനയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതോടൊപ്പം സ്‌ത്രീമുന്നേറ്റത്തിനായുള്ള ബദൽ മുന്നോട്ടുവയ്‌ക്കാനും ഇടതുപക്ഷ രാഷ്ട്രീയത്തിനുമാത്രമേ സാധിക്കൂ.


 

പൊതുജീവിതത്തിലായാലും വീട്ടകങ്ങളിലായാലും സ്‌ത്രീകൾ രണ്ടാംകിട പൗരന്മാരാണെന്ന ചിന്താഗതി ഇല്ലാതാക്കാനും സ്‌ത്രീസമത്വം ഉറപ്പിക്കാനും സിപിഐ എം നേതൃത്വത്തിൽ കേരളത്തിൽ സ്‌ത്രീപക്ഷ പ്രചാരണ ബോധവൽക്കരണ ക്യാമ്പയിന്‌ തുടക്കമിട്ടിരിക്കയാണ്‌. ഇത്‌ പ്രധാനപ്പെട്ട കാൽവയ്‌പാണ്‌. സ്‌ത്രീവിരുദ്ധ നിലപാടുകളെ നേരിടുന്നതിനായി സ്ഥിരമായ സാമൂഹ്യ പ്രസ്ഥാനത്തിന്റെ നിരന്തരമായ ഇടപെടൽ ആവശ്യമാണ്‌. സ്‌ത്രീപക്ഷം എന്നു പറഞ്ഞാൽ അർഥമാക്കുന്നത്‌ സ്‌ത്രീകൾക്കെതിരായ അനീതി, ചൂഷണം, അടിച്ചമർത്തൽ തുടങ്ങിയവ ഇല്ലാതാക്കാൻ അവരോടൊപ്പം ചേർന്നുനിൽക്കുക എന്നതാണ്‌. തൊഴിലാളികൾ, പൗരന്മാർ, സ്‌ത്രീകൾ എന്ന നിലയിലെല്ലാം സ്‌ത്രീകളോട്‌ ഇത്തരം അനീതി കാട്ടുന്നുണ്ട്‌. ഇത്‌ ചിലപ്പോൾ പ്രത്യക്ഷത്തിൽ കണ്ടെന്നുവരില്ല. കൂടുതൽ സമയവും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ച സ്‌ത്രീകളല്ലാതെ മറ്റുള്ളവർ ഇത്‌ മനസ്സിലാക്കുന്നില്ല. കിടപ്പുമുറിയിലും വീടിന്റെ നാല്‌ ചുവരിനിടയിലും സ്‌ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ നിശ്ശബ്ദത പുലർത്തുന്ന സാമൂഹ്യക്രമത്തെ തച്ചുടയ്‌ക്കണം. ഉറച്ചുസംസാരിക്കാൻ സ്‌ത്രീകളെ പ്രാപ്‌തമാക്കുകയാണ്‌ വേണ്ടത്‌. അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചാൽ അവളും അവളുടെ രക്ഷിതാക്കളും സമൂഹത്തിനുമുന്നിൽ നാണംകെടുമോ എന്ന ചിന്താഗതിമൂലം നിശ്ശബ്ദത പാലിക്കുകയാണ്‌ പലരും. പ്രധാനപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ്‌ അതിനെ നേരിടാനുള്ള കരുത്തായി സ്‌ത്രീപക്ഷ ക്യാമ്പയിനെ മാറ്റിയെടുക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ യാഥാസ്ഥിതിക ശക്തികൾക്ക്‌ ശക്തമായ തിരിച്ചടി നൽകാനുള്ള മുന്നൊരുക്കം നടത്താനാകും. സ്‌ത്രീ സമത്വത്തിന്‌ വേണ്ടിയും അതിക്രമങ്ങൾക്കെതിരെയും ശക്തമായി മുന്നോട്ടുവരാൻ സ്‌ത്രീകളെ പ്രേരിപ്പിക്കുന്നതിനായി ഇടതുപക്ഷം നടത്തുന്ന പ്രചാരണം ഒരു ബദൽ കാഴ്‌ചപ്പാടുകൂടിയാണ്‌. ഇത്തരം പ്രചാരണം പല നിശ്ശബ്ദതകളെയും തകർക്കുന്നതുകൂടിയാണ്‌. രാജ്യം ഭരിക്കുന്ന ശക്തികൾ സ്‌ത്രീകളെ അടിച്ചമർത്തുകയും രണ്ടാംകിടക്കാരായി കാണുന്ന സമീപനവും സ്വീകരിക്കുന്നവരാണ്‌. ഇത്‌ മുമ്പൊരിക്കലുമില്ലാത്ത രീതിയിലുള്ള ഭീഷണിയാണ്‌.

ചില പ്രശ്‌നങ്ങൾ നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്‌. അതിൽ ഒന്ന്‌ സ്‌ത്രീധനപ്രശ്‌നമാണ്‌. സ്‌ത്രീധനം ആവശ്യപ്പെടുന്നത്‌ കുറ്റകൃത്യമാണ്‌. എന്നാൽ, സ്‌ത്രീധന നിരോധന നിയമത്തിൽ അത്‌ ആവശ്യപ്പെടുന്നതിനെയും വാങ്ങുന്നതിനെയും കൊടുക്കുന്നതിനെയും ഒരേപോലെ കാണുകയാണ്‌. സ്‌ത്രീകൾ നേരിടുന്ന അസമത്വത്തിന്റെ പ്രതിഫലനമാണ്‌ സ്‌ത്രീധനം ആവശ്യപ്പെടുന്ന സമ്പ്രദായം. സ്‌ത്രീധനവിരുദ്ധ പ്രചാരണത്തിൽ കേന്ദ്രീകരിപ്പിക്കേണ്ടത്‌ യുവാക്കളെയും അവരുടെ രക്ഷിതാക്കളെയുമാണ്‌. ‘ ഞാൻ ഒരിക്കലും സ്‌ത്രീധനം ആവശ്യപ്പെടില്ല’ എന്ന്‌ യുവാക്കളെക്കൊണ്ട്‌ പ്രതിജ്ഞയെടുപ്പിക്കണം. ആരെങ്കിലും സ്‌ത്രീധനം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ പേര്‌ പരസ്യപ്പെടുത്തിക്കൊണ്ട്‌ അവരെ നാണംകെടുത്തണം. എന്നാൽ, പ്രചാരണങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്‌ പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ്‌. ‘സ്‌ത്രീധനം കൊടുത്ത്‌ എന്നെ വിവാഹം ചെയ്‌തുകൊടുക്കരുതെന്ന’ നിലപാട്‌ എടുക്കാൻ പെൺകുട്ടികളെയും പ്രേരിപ്പിക്കണം. രക്ഷിതാക്കളുടെയും പരമ്പരാഗതമായും ആർജിച്ച സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പിക്കുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തണം. നമ്മുടെ ക്യാമ്പയിൻ വനിതകൾക്കും സ്വത്തിൽ തുല്യ അവകാശം ഉറപ്പുവരുത്താൻ കരുത്തുപകരും.

ലിംഗ അനുപാതവും പെൺകുട്ടിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ നടത്തുന്ന ഭ്രൂണഹത്യയും സ്‌ത്രീധനം ആവശ്യപ്പെടുന്നതും സ്‌ത്രീകളുടെ അസമത്വവുമായി ബന്ധപ്പെട്ടുകിടക്കുന്നു. രാജ്യത്ത്‌ കഴിഞ്ഞ രണ്ട്‌ വർഷത്തിനിടയിൽ സ്‌ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുകയാണ്‌. ഇത്തരം പ്രശ്‌നങ്ങൾ തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും സമൂഹത്തിന്‌ കരുത്തുപകരുന്നതാണ്‌ സ്‌ത്രീപക്ഷ ക്യാമ്പയിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top