23 November Monday

മാറണം പല തെറ്റിദ്ധാരണകളും

ഡോ. സഹീർ നെടുവഞ്ചേരിUpdated: Thursday Oct 29, 2020


ഒക്ടോബർ സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അച്ചടി മാധ്യമങ്ങളിലും ഈ രോഗം സംബന്ധിച്ച ചർച്ച നടക്കുന്നു. സ്തനാർബുദത്തെപ്പറ്റി ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ മാറാൻ ഈ ചർച്ചകൾ സഹായിക്കുമെന്ന് കരുതുന്നു.

ആറു മാസംമുമ്പാണ് അനിത എന്ന രോഗി ഒപിയിൽ വരുന്നത്. നാൽപ്പതിനോടടുത്ത പ്രായം. വലതു മാറിൽ ഒരു മുഴയായിട്ടാണ് ഞങ്ങളുടെ അടുക്കൽ വന്നത്. വളരെ പ്രസന്നവദനയായ ഒരു സ്ത്രീ. മാറിലെ മുഴ കണ്ടയുടനെ തന്നെ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. ആ ഡോക്ടർ ക്യാൻസറാണെന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ തന്നെ മറ്റു പലരെയും പോലെ പല  ആശുപത്രി  കയറിയിറങ്ങാതെ നേരെ ആർസിസിയിലേക്കു വന്നു. ഒരു കൂട്ടുകാരിയോടൊപ്പമാണ് ഒപിയിൽ വന്നത്. ഭർത്താവ് വിദേശത്താണ്. രണ്ടു മക്കളുണ്ട്. ഗ്രാജുവേറ്റാണ്. വളരെ ആത്മവിശ്വാസം തുളുമ്പുന്ന പെരുമാറ്റമായിരുന്നു അനിതയുടേത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം. ബയോപ്സിയും മറ്റ് ടെസ്റ്റുകളുമെല്ലാം ചെയ്തു. ക്യാൻസർ സ്ഥിരീകരിച്ചു. കാര്യങ്ങളെല്ലാം കൃത്യമായി അനിതയോട് വിശദീകരിച്ചു. കീമോതെറാപ്പി കൊടുത്തതിനു ശേഷം സർജറി ചെയ്യാമെന്ന് തീരുമാനിച്ചു. അനിതയ്ക്ക് ഒരു സന്ദേഹമോ വിഷമമോ ഉണ്ടായിരുന്നില്ല.


 

ഒറ്റക്കാര്യത്തിൽ മാത്രമേ അനിതയ്ക്ക് നിർബന്ധമുണ്ടായിരുന്നുള്ളൂ. മാറ് നിലനിർത്തിക്കൊണ്ടുള്ള സർജറി വേണമെന്നുള്ളത്. ബ്രസ്റ്റ് സർജൻസിന് കേൾക്കാൻ സന്തോഷമുള്ള ഒരു കാര്യമാണത്. കാരണം മാറ് നിലനിർത്തിയുള്ള സർജറി വേണമെന്ന് വളരെക്കുറച്ച് രോഗികളേ ആവശ്യപ്പെടാറുള്ളൂ. ഞങ്ങൾ പലപ്പോഴും രോഗികൾക്കുമേൽ ‘അടിച്ചേൽപ്പിക്കാൻ’ ശ്രമിക്കാറുള്ള ഒരു ആശയമാണത്.. അനിതയ്‌ക്കു സർജറി വേണ്ടിവന്നു. പക്ഷേ, ഇപ്രാവശ്യം അമ്മയും ഭർത്താവുമായിരുന്നു കൂടെ. അനിത നിശ്ശബ്ദയായിരുന്നു. ഭർത്താവ് ഇടയ്ക്കു കയറി ഇങ്ങോട്ടു പറഞ്ഞു, ‘സാർ, ഞങ്ങൾക്ക് മാറ് മുഴുവൻ എടുക്കാനാണ് താൽപ്പര്യം.’ ഞാൻ ഞെട്ടിപ്പോയി. അനിത ശൂന്യമായ കണ്ണുകളോടെ എങ്ങോട്ടോ നോക്കിയിരിക്കുന്നു. ‘സാർ, അവൾക്കു വേണ്ടി ഞങ്ങളാണ് ഈ തീരുമാനമെടുത്തത്. ആരോ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

അനിത പ്രസന്നവതിയായി ഞങ്ങളുടെ അടുത്തെത്തി വിഷാദവതിയായി മടങ്ങി. ഇതൊരു അനിതയുടെ മാത്രം അനുഭവമല്ല.എല്ലാവരും തങ്ങളുടെ ശരീരത്തെ സ്നേഹിക്കുന്നവരാണ്. തങ്ങളുടെ ശരീരത്തിന്റെ അവിഭാജ്യമായ ഒരു അവയവം എടുത്തുമാറ്റുന്നതിലൂടെ അവരുടെ ആത്മവിശ്വാസത്തെ, ലൈംഗികതയെ,ശാരീരിക സങ്കൽപ്പങ്ങളെ, എല്ലാത്തിനെയും തകിടംമറിക്കുകയാണ്.

(തിരുവനന്തപുരം ആർസിസിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top