15 January Friday
പുറത്തായത് പ്രസിഡന്റിനു വഴിയൊരുക്കിയ മുന്‍ ജഡ്ജി

ബ്രസീല്‍ സര്‍ക്കാര്‍ കൂട്ടക്കുഴപ്പത്തില്‍: ഒരു മന്ത്രി കൂടി പുറത്ത്

വി ബി പരേേമശ്വരൻUpdated: Sunday Apr 26, 2020

ബ്രസീലിലെ നീതി വകുപ്പ്‌‌ മന്ത്രി സെർജിയോ മോരോ രാജിവെച്ചിരിക്കുന്നു. തീവ്രവലതുപക്ഷ പ്രസിഡന്റ്‌ ജയിർ ബൊൾസനാരോ യുടെ വലംകൈയ്യായിരുന്ന മന്ത്രിയാണ്‌ രാജിവെച്ചത്‌. കോവിഡ്‌ പടർന്നുപിടിച്ചതിന്‌ ശേഷം ബ്രസീലിൽ രാജിവെച്ചൊഴിയുന്ന രണ്ടാമത്തെ മന്ത്രിയാണ്‌ സെർജിയോ മോരോ. ആരോഗ്യ മന്ത്രി ലുയിസ്‌ ഹെൻറിക്ക്‌ മാൻഡേറ്റയായിരുന്നു ആദ്യം പുറത്തായത്‌. അതും കോവിഡ്‌ കാലത്ത്‌.

ആരാണ്‌ ഈ സെർജിയോ മോരോ?

ബൊൾസനാരോ ഇന്നത്തെ പ്രസിഡന്റ്‌ കസേരയിൽ ഇരിക്കുന്നതിന്‌ പ്രധാന കാരണം മുൻ ഫെഡറൽ ജഡ്‌ജിയായ സെർജിയോ മോരോയായിരുന്നു. 2018 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 53 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്ന വർകേഴ്‌സ്‌ പാർടി നേതാവും മുൻ പ്രസിഡന്റുമായ ലുല ഡ സിൽവയെ അഴിമതിക്കേസിൽ കുടുക്കി ശിക്ഷിച്ച ജഡ്‌ജിയാണ്‌ മോരോ. ലാറ്റിനമേരിക്കയെ ആകെ വിഴുങ്ങിയ ‘കാർ വാഷ്‌ ’അഴിമതിക്കേസിലാണ്‌ ലുലയും ശിക്ഷിക്കപ്പെട്ടത്‌. ഒഡേബ്രഷ്‌റ്റ്‌ എന്ന നിർമാണക്കമ്പനിക്ക്‌ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ കരാർ ഉറപ്പിച്ചതിന്‌ ഒരു ഫ്ലാറ്റ്‌ ലുലക്ക്‌ നൽകിയെന്നായിരുന്നു ആരോപണം. ഇത്‌ ശരിവെക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കഴിയാതിരുന്നിട്ടും ലുല ശിക്ഷിക്കപ്പെട്ടു. ലുലക്കെതിരായ കേസ്‌ അന്വേഷിച്ച പൊലീസ്‌ ഓഫീസറാണ്‌ മൗറിഷ്യോ വലിക്‌സോ.

ലുലയെ ജയിലിടച്ചതാണ്‌ തീവ്രവലതുപക്ഷക്കാരനായ ജയിർ ബൊൾസനാരോടക്ക്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ നടന്നടുക്കാൻ വഴിതുറന്നിട്ടത്. ഉപകാരസ്‌മരണയെന്നോണം സെർജിൃയോ മോരേയെ ബൊൾസനാരോ മന്ത്രിസഭയിലേക്ക്‌ ക്ഷണിച്ചു. മൗറിഷ്യോ വലിക്‌സോ ഫെഡറൽ പൊലീസ്‌ മേധാവിയായും നിയമിതനായി. നീതി വകുപ്പ്‌ മാത്രമല്ല പൊതുസുരക്ഷാാ വകുപ്പും മോരോക്ക്‌ നൽകി. മോരേയുടെ അഴിമതി വിരുദ്ധമുഖമാണ്‌ ബൊൾസനാരോ മന്ത്രിസഭയുടെ കരുത്ത്‌. അതുകൊണ്ടു തന്നെ ഒരു സൂപ്പർ മന്ത്രിയുടെ പദവിയായിരുന്നു ബൊർസനാരോ മന്ത്രിസഭയിൽ മോരേക്ക്‌ ഉണ്ടായിരുന്നത്‌.

എന്നാൽ വെള്ളിയാഴ്‌ച ‌സെർജിയോ മോരോ ബൊൾസനാരോ മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. ഫെഡറൽ പൊലീസ്‌ മേധാവി മൗറിഷ്യോ വലിക്‌സോയെ പുറത്താക്കിയതാണ്‌ മോരോയുടെ രാജിക്ക്‌ കാരണമായത്‌. മൗറിഷ്യോ വലിക്‌സോയെ തൽസ്ഥാനത്തുനിന്നും മാറ്റണമെന്ന്‌ ബൊൾസനാരോ കടുത്ത സമ്മർദ്ദം ചെലുത്തുകയായിരുന്നു. പ്രസിഡന്റിന്റെ മൂന്ന്‌ ആൺമക്കളിൽ  ഇളയവനായ എഡ്വാർഡോക്ക്‌ വ്യാജവാർത്താ നിർമ്മിതിയാണ്‌ പ്രധാന തൊഴിൽ. പ്രസിഡന്റിനെയും സർക്കാരിനെയും വിമർശിക്കുന്ന വ്യക്തികൾക്കുംസ്ഥാനപങ്ങൾക്കുമെതിരെയാണ്‌ വ്യാജവാർത്താ നിർമ്മാണം.  

കള്ളപ്പണം വെളുപ്പിക്കലാണ്‌ മൂത്ത മകനായ ഫാൽവിയോ ബൊൾസനാരേയുടെ പ്രധാന ജോലി. റിയോ ഡി ജനീറോയിലെ കുപ്രസിദ്ധ ഗുണ്ടാപ്പടയുടെ നേതാവ്‌ കൂടുയാണ്‌ ഉപരിസഭാംഗം കൂടിയായ ഫാൽവിയോ. ഈ കേസുകളൊക്കെ ഫെഡറൽ പൊലീസ്‌ അന്വേഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ വിവരങ്ങൾ പ്രസിഡന്റിനെ ധരിപ്പിക്കണമെന്ന ബൊൾസനാരോയുടെ നിർദ്ദേശം നടപ്പിലാകാത്തതാണ്‌ ഫെഡറൽ പൊലീസ്‌ മേധാവിയുടെ തൊപ്പിതെറിക്കാൻ കാരണം.

എന്നാൽ ബ്രസീലിയൻ ഭരണഘടനയനുസരിച്ച്‌ ഫെഡറൽ പൊലീസ്‌ മേധാവി നീതി–-പൊതുസുരക്ഷാ മന്ത്രിക്കാണ്‌ ബ്രീഫിങ്ങ്‌ നൽകേണ്ടത്‌. തനിക്ക്‌ വഴങ്ങുന്ന, വിവരങ്ങൾ യഥാസമയം കൈമാറുന്ന ഒരു പൊലീസ്‌ മേധാവി വേണമെന്ന്‌ ബൊൾസനാരോ തന്നോട്‌ പലവട്ടം പറഞ്ഞിരുന്നതായി രാജിക്ക്‌ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സെർജിയോ മോരോ വെളിപ്പെടുത്തി. അതായത്‌ ഫെഡറൽ പൊലീസിന്റെ പ്രവർത്തനത്തിൽ പ്രസിഡന്റ്‌  നേരിട്ട്‌ കൈകടത്തിയെന്ന്‌. പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാൻ വരെ ഈ ആരോപണം വഴിവെക്കും. ബൊൾസനാരോക്കെതിരെ അന്വേഷണം നടത്താൻ പ്രോസിക്യൂഷൻ ജനറൽ അഗസ്‌റ്റോ അരസ്‌ സുപ്രിം കോടതിയുടെ അനുമതിക്ക്‌ അപേക്ഷിച്ചു കഴിഞ്ഞു. മോരോയുടെ വെളിപ്പെടുത്തലുകൾ ഇംപീച്ച്‌ മെന്റ്‌ പ്രക്രിയക്ക്‌ തുടക്കമിടാനുള്ള ശക്തമായ തെളിവുകളാണെന്നാണ്‌‌ അഗസ്‌റ്റോ അരസിന്റെ നിഗമനം.

മോരേയുടെ കണ്ണ്‌ പ്രസിഡന്റ്‌ പദവിയിലാണ്‌. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നവൻ എന്ന പ്രതിഛായ നിലനിർത്താനുള്ള അവസരമായാണ്‌ പുതിയ പ്രതിസന്ധിയെ മൊരോ ഉപയോഗിക്കുന്നത്‌. ഇടതുപക്ഷക്കാരനായ ലുലക്കെതിരെയും തീവ്രവലതുപക്ഷക്കാരനായ ബൊൾസനാരോക്കെതിരെയും കൊമ്പുകോർത്തത്‌ അഴിമതി വിഷയത്തിലാണെന്ന്‌ വരുത്തി തീർക്കാനാണ്‌ സെർജിയോ മേരോയുടെ ശ്രമം. ‘അമേരിക്കാസ്’‌ എന്ന ക്വാർട്ടർലിയുടെ എഡിറ്റർ ബ്രിയാൻ വിന്ററുടെ അഭിപ്രായത്തിൽ ബൊൾസനാരോയെ പിന്തുണച്ച 30 ശതമാനം പേരുടെ പിന്തുണയുമായാണ്‌ സെർജിയോ മോരോ മന്ത്രിസഭയിൽ നിന്നും പുറത്തുപോകുന്നത്‌. ജയിൽ മോചിതനായ ലുലയും എതിരാളിയായി മാറിയ മോരോയും ബൊൾസനാരോയുടെ അധികാരത്തിന്‌ കടിഞ്ഞാൺ തീർക്കുകയാണ്‌.

സ്വന്തം കുഴിമാടം തീർക്കുന്ന പ്രസിഡന്റ്‌


ബൊൾസനാരോ

ബൊൾസനാരോ


കോവിഡ്‌ മഹാമാരി ബ്രസീലിലെങ്ങും പടരുമ്പോഴും അതിലൊന്നും ശ്രദ്ധ ചെലുത്താതെ 2022ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എങ്ങിനെ ജയിക്കാനാവുമെന്ന ചിന്തയിലാണ്‌ ബൊൾസനാരോ. കോവിഡ്,‌ ചെറിയ പനി മാത്രമാണെന്നും അതിനാൽ ശാരീരിക  അകലവും അടച്ചുപൂട്ടലും ആവശ്യമില്ലെന്നും ട്രംപിനേക്കാളും ശക്തമായി വാദിക്കുകയാണ്‌ ബൊൾസനാരോ. പ്രസിഡന്റിന്റെ  ഈ നയത്തിൽ പ്രതിഷേധിച്ച്‌ ബ്രസീലിയൻ ജനത ബാൽക്കണിയിൽ നിരന്ന്‌ പാത്രംകൊട്ടി വൻ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. മഹാമാരി പടരുമ്പോൾ പോലും ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ ബൊൾസനാരോയുടെ നടപടി അദ്ദേഹത്തിനുള്ള ജനപിന്തുണ ചോർത്തിക്കളയുകയാണ്‌. ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങളനുസരിച്ച്‌ പ്രവർത്തിക്കാൻ പ്രവിശ്യകളെയും ഗവർണർമാരെയും ഏറെ സഹായിച്ച ആരോഗ്യ മന്ത്രിയായിരുന്നു സർജൻ കൂടിയായ ഡോ. ലുയിസ്‌ ഹെൻറിക്ക്‌ മാൻഡേറ്റ. ബൊൾസനാരോയുടെ തലതിരഞ്ഞ നയം കാരണം കോവിഡ്‌ രോഗം വൻതോതിൽ പടരുകയാണിപ്പോൾ. 53000 പേർക്ക്‌ ഇതിനകം രോഗം സ്ഥിരീകരിച്ചു. 3700 ഓളം പേർ മരിക്കുകയും ചെയ്‌തു. ബൊൾസനാരോയെ ജനങ്ങൾക്ക്‌ മടുത്തിരിക്കുന്നു. ഫോറ ബൊൾസനാരോ(ബൊൾസനാരോ പുറത്തുപോകൂ) എന്ന മുദ്രാവാക്യമാണ്‌ തെരുവുകളിലും ബാൽക്കണികളിലും മുഴങ്ങുന്നത്‌. മുൻ പ്രസിഡന്റ്‌ ഫെർണാണ്ടോ ഹെൻറിക്ക്‌ കൊർദോസയുടെ വാക്കുകൾ കടമെടുത്താൽ ബൊർസനാരോ അദ്ദേഹത്തിന്റെ കുഴിമാടം സ്വയം വെട്ടുകയാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top