05 August Thursday

ബ്ലാക്ക്‌ ഫംഗസ്‌: ഭീതി വിതയ്‌ക്കരുത്‌;
 ജാഗ്രതയാണ്‌ പ്രധാനം

ഡോ. ടി എസ്‌ അനീഷ്‌Updated: Monday May 24, 2021

നമ്മുടെ ചുറ്റുപാടുകളിൽ സാന്നിധ്യമറിയിക്കുന്ന അനേകം ഫംഗസുകളിൽ ഒന്നുമാത്രമാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ (മ്യൂകോർമൈക്കോസിസ്). ഇതിന്റെ നിറം യഥാർഥത്തിൽ കറുപ്പ്‌ അല്ലാതിരിന്നിട്ടും ‘ബ്ലാക്ക്‌ ഫംഗസ്‌’ എന്ന തെറ്റായ പ്രയോഗം വന്നത്‌ ഇവ ബാധിച്ച്‌ ജീർണിക്കുന്ന ശരീരഭാഗങ്ങളുടെ നിറം കറുപ്പാകുന്നതുകൊണ്ടുകൂടിയാകാം. സാധാരണഗതിയിൽ രോഗപ്രതിരോധശേഷിയുള്ള ഒരാളുടെ ശരീരം ബ്ലാക്ക്‌ ഫംഗസുകളുടെ ആക്രമണത്തിന്‌ ഇരയാകുകയില്ല. എന്നാൽ, ശരീരത്തിൽ രോഗപ്രതിരോധശേഷി തീർത്തും ഇല്ലാതാകുമ്പോഴാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധ അപകടകാരിയായി മാറുന്നത്‌. കോവിഡ്‌ മഹാമാരിയുടെ വരവിനും മുമ്പുതന്നെ നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഈ ഫംഗൽ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രധാനമായും രണ്ടുകാരണത്താലാണ്‌ ഈ പൂപ്പൽ മനുഷ്യശരീരഭാഗങ്ങളെ ആക്രമിച്ച്‌ ജീവൻ അപകടത്തിലാക്കുന്നത്‌. എച്ച്‌ഐവിപോലുള്ള വൈറസ്‌ ബാധിച്ച്‌ രോഗപ്രതിരോധശേഷി പൂർണമായും ഇല്ലാതാകുന്ന അവസരങ്ങളിലും തീവ്ര പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതുമൂലം ഉണ്ടാകുന്ന രോഗപ്രതിരോധ ശക്തിയുടെ ഇടിവിലുമൊക്കെ ബ്ലാക്ക്‌ ഫംഗസ്‌ രോഗബാധാ സാധ്യത വർധിപ്പിക്കും. ഡോക്ടറെ സമീപിച്ച്‌ ശാസ്‌ത്രീയമായ മരുന്ന്‌ ഉപയോഗത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. ഡോക്ടറെ കാണാതെയുള്ള പറഞ്ഞുകേട്ടുള്ള ചികിത്സയ്‌ക്കു പിന്നാലെ പോയി സ്വയം മരുന്നുകൾ വാങ്ങി കഴിക്കുന്നത്‌ പ്രമേഹരോഗികൾക്ക്‌ വിനയാകുമെന്നകാര്യം പലപ്പോഴും നമ്മുടെ സമൂഹത്തിൽ ഏറെപ്പേരും മനസ്സിലാക്കുന്നില്ല.

കോവിഡിന്റെ രണ്ടാം തരംഗത്തിലാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധ വീണ്ടും കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. കോവിഡ്‌ രോഗികളിലെല്ലാം പരക്കെ കണ്ടുവരുന്ന സങ്കീർണതയല്ല ഈ രോഗമെന്ന്‌ മനസ്സിലാക്കണം. കോവിഡിനെ ചെറുക്കാൻ സ്‌റ്റിറോയ്‌ഡുകൾപോലുള്ള മരുന്നുകൾ ഉയർന്ന അളവിൽ ദീർഘകാലം നൽകുമ്പോഴും രോഗികളിൽ പ്രതിരോധശേഷി കുറയാം. അത്തരം സാഹചര്യത്തിൽ അത്യപൂർവമായി ഈ അണുബാധയുണ്ടാകാം.

ഭീതി പരത്തുന്നത്‌ 
മാനസികാരോഗ്യത്തെ തകർക്കും
കോവിഡ്‌ ബാധിതരിലെല്ലാം ബ്ലാക്ക്‌ ഫംഗസ്‌ രോഗം വരാൻ ഇടയുണ്ടെന്ന പ്രചാരണവും രോഗത്തെക്കുറിച്ച്‌ ഭീതിജനകമായ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതും ഗുണകരമാകില്ല. കോവിഡ്‌ രോഗികളിൽ കഠിനമായ തലവേദനയോ ശരീരത്തിൽ പാടുകളോ ഉണ്ടായാൽ അതെല്ലാം ബ്ലാക്ക്‌ ഫംഗസിന്റെ ബാധകാരണമാണെന്നുവരെ വിശ്വസിക്കുന്നവരുണ്ട്‌. എന്നാൽ, യാഥാർഥ്യം ഇങ്ങനെയല്ല. കോവിഡ് ബാധിച്ച് അതി തീവ്ര ലക്ഷണങ്ങളില്ലാതെ, ഗുരുതര പ്രമേഹംപോലുള്ള അപകടസാധ്യത ഘടകങ്ങളില്ലാതെ വീടുകളിൽ കഴിയുന്നവരെ ഈ രോഗം ആക്രമിക്കുന്ന സാഹചര്യം ഇല്ല. ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുകയുമില്ല. പ്രതിരോധശേഷി തീരെ നശിച്ച്‌ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നവരെയാണ്‌ ഈ രോഗം ബാധിക്കാൻ സാധ്യത കൂടുതൽ.


 

രോഗാണുക്കൾ 
മണ്ണിലും വായുവിലും
ബ്ലാക്ക് ഫംഗസ് സൂക്ഷ്‌മജീവിയാണ്. അന്തരീക്ഷത്തിലുള്ള അതിന്റെ അതിസൂക്ഷ്മമായ ബീജരേണുക്കൾ ആണ് രോഗത്തിന് കാരണമാകുന്നത് എങ്കിലും സാധാരണയായി ഇവയ്‌ക്ക് ഒരാളെ രോഗിയാക്കാൻ കഴിയില്ല. മൂക്കിലൂടെയും വായിലൂടെയും സാധാരണ നിലയിൽത്തന്നെ നമ്മുടെ ശരീരത്തിലേക്ക്‌ ദിവസവും ഇവ കടക്കുന്നുണ്ട്. കണ്ണിനും മൂക്കിനും ചുറ്റും വേദന, ചുവപ്പോ കറുപ്പോ നിറം, മൂക്കിൽനിന്ന് കറുപ്പോ രക്തനിറത്തിലോ സ്രവം വരിക, മുഖത്ത് വേദന, തരിപ്പ്, പല്ല് വേദന, കാഴ്ച മങ്ങൽ, പനി, അസഹ്യമായ തലവേദന, ചുമ, ശ്വാസതടസ്സം, ഛർദിയിൽ രക്തത്തിന്റെ അംശം എന്നിവയാണ് രോഗലക്ഷണങ്ങൾ എങ്കിലും ഇവയിൽ പലതും സൈനസൈറ്റിസ് പോലെ ഗുരുതരമല്ലാത്ത രോഗങ്ങളുടെയും ലക്ഷണമാണ്. രോഗബാധിതരുടെ കാര്യത്തിൽ ശരീരത്തിലെ കോശങ്ങളെ കാർന്നുതിന്നുന്ന ഫംഗസ്‌ രക്തത്തിലൂടെ സഞ്ചരിച്ച്‌ തലച്ചോറിനെവരെ ബാധിക്കാം. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ, ശ്വാസകോശം എന്നിവയെയാണ്‌ പ്രധാനമായും രോഗം ആക്രമിക്കുക. കണ്ണുകളെ ബാധിച്ചാൽ കാഴ്ച നഷ്ടപ്പെടാം. എംആർഐ സ്‌കാനിങ്ങിലൂടെ ഒരു പരിധിവരെ രോഗം കണ്ടെത്താമെങ്കിലും ഫലപ്രദം മൈക്രോബയോളജിസ്റ്റിനെ സമീപിച്ചുള്ള പരിശോധനയാണ്‌. ഫംഗസ്‌ ബാധ അധികമുള്ള ശരീരഭാഗങ്ങളിൽ ശസ്‌ത്രക്രീയയിലൂടെ ഫംഗസിനെ നീക്കം ചെയ്യുക എന്നതാണ്‌ തീവ്രരോഗാവസ്ഥയിലുള്ള പോംവഴി. ചികിത്സയിൽ ആന്റി ഫംഗൽ മരുന്നുകളും പ്രധാനമാണ്. ഫംഗസ് ബാധ മാരകമായാൽ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ അവയവം നീക്കം ചെയ്യേണ്ടി വന്നേക്കാം.

ആരംഭ ഘട്ടമാണെങ്കിൽ 
ഭേദമാകാൻ എളുപ്പം
ബ്ലാക്ക്‌ ഫംഗസ്‌ ബാധ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാനായാൽ ഭേദമാക്കാൻ എളുപ്പമാണ്‌. ഗുരുതരമായാൽ മരണ സാധ്യത 50 മുതൽ- 80 ശതമാനംവരെയാണ്‌. ശ്രദ്ധ, ഉയർന്ന വൃത്തിയുള്ള അന്തരീക്ഷത്തിൽ കഴിയൽ, ശുചിത്വപാലനം എന്നിവയിലൂടെ രോഗബാധ ശരീരത്തിലേക്ക്‌ കടന്നുകയറാതിരിക്കാൻ കുറച്ചൊക്കെ സഹായിക്കാം. പ്രമേഹം ഇല്ലാത്തവരിൽ കോവിഡിനുശേഷം പ്രമേഹം ഉണ്ടാകുന്നോയെന്ന് ശ്രദ്ധിക്കണം. കോവിഡ് രോഗികൾക്ക് പ്രതിരോധശേഷി കുറയും. നെഗറ്റീവായാലും പ്രതിരോധശേഷി തിരിച്ചുകിട്ടാൻ സമയം എടുക്കും. മരുന്നുകൾ കഴിക്കുന്ന കോവിഡ് രോഗികളെ നിരന്തരം നിരീക്ഷിച്ച് ഡോക്ടറുടെ നിർദേശത്തോടെ അളവ് കുറയ്‌ക്കണം. അമിതമായ സ്റ്റിറോയിഡ് ഉപയോഗം പ്രതിരോധശേഷി കുറയ്‌ക്കും. ലക്ഷക്കണക്കിന് ആളുകൾക്ക് കോവിഡ് ബാധിച്ചതിൽ ചുരുക്കം ചിലർക്കാണ് ബ്ലാക്ക് ഫംഗ്സ് ബാധിച്ചത്. അതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ബ്ലാക്ക്‌ ഫംഗസിന്‌ പിന്നാലെ വൈറ്റ്‌ ഫംഗസും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ സാന്നിധ്യം കേരളത്തിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. വൈറ്റ്‌ ഫംഗസ് മാരകമാണോ എന്നകാര്യത്തിലും വ്യത്യസ്‌ത അഭിപ്രായങ്ങൾ വിദഗ്‌ധർക്കിടയിൽത്തന്നെയുണ്ട്‌. അതുസംബന്ധിച്ച്‌ വിശദമായ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്‌.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയറ്റ് 
പ്രൊഫസറാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top