16 February Saturday
കോഴത്താമര-4

'സെല്ലി'ന്റെ നാനാര്‍ഥങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

 

സെല്‍ എന്ന ഇംഗ്ളീഷ് വാക്കിന് വ്യത്യസ്ത വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ വ്യത്യസ്ത അര്‍ഥം പറഞ്ഞതുകേട്ട് അന്തംവിട്ടിരുന്നുപോയ ഒരു കുട്ടിയുടെ കഥയുണ്ട്. ജീവശാസ്ത്രം പഠിപ്പിക്കുന്ന മാഷ് ക്ളാസില്‍വന്ന് സെല്‍ എന്നാല്‍ കോശം എന്ന് അര്‍ഥം പറയുന്നു. ഊര്‍ജതന്ത്രം പഠിപ്പിക്കുന്ന അധ്യാപിക വന്ന് പറയുന്നു ഊര്‍ജം സംഭരിച്ചിരിക്കുന്ന ബാറ്ററിയാണ് സെല്‍ എന്ന്. ചരിത്രം പഠിപ്പിക്കുന്ന അധ്യാപിക പറഞ്ഞത് ജയില്‍മുറിയെന്ന്. മറ്റൊരധ്യാപകന്‍ പറഞ്ഞു, ഒരേ ജോലിചെയ്യുന്ന ആള്‍ക്കാരുടെ ചെറുസംഘത്തെ സെല്‍ എന്നു വിളിക്കും.

സെല്‍ എന്ന വാക്കിന് ഇങ്ങനെ അര്‍ഥം പലതുണ്ടെങ്കിലും കേരളത്തിലെ ബിജെപി നേതാക്കളെ സംബന്ധിച്ചിടത്തോളം ഒരേഒരു അര്‍ഥം മാത്രം. ആഡംബരജീവിതം നയിക്കാനുള്ള ഊര്‍ജം സംഭരിക്കാന്‍ ശേഷിയുള്ളതും  ലോക്കപ്പ് മുറിയില്‍പോലും പ്രവേശിക്കാന്‍ സാധ്യത നില്‍നില്‍ക്കാത്തതുമായ ഒരു സംവിധാനമാണ് അവര്‍ക്കത്. ചുരുക്കിപ്പറഞ്ഞാല്‍ പണമുണ്ടാക്കാനുള്ള ഉപാധി.  ഏതെങ്കിലുമൊരു സെല്ലിന്റെ തലവനായാല്‍ മതി. പിന്നെ തണ്ടും തടിയും തന്റേടവും ഉണ്ടെങ്കില്‍ കോടീശ്വരനാകാം. വിരട്ടല്‍, ഭീഷണി, കോഴ, മറുകോഴ, സമരം, വെടക്കാക്കി തനിക്കാക്കല്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ സെല്‍ ഭാരവാഹികള്‍ക്ക് കരണീയം. എതു കുത്സിതമാര്‍ഗമായാലും ലക്ഷങ്ങള്‍ കീശയിലെത്തണം. ഈ സെല്‍ഭരണത്തെ ഒരിക്കല്‍പോലും നിയന്ത്രിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചിട്ടില്ല. കോഴപ്പങ്ക് കിട്ടുന്നതുതന്നെ കാരണം.

മെഡിക്കല്‍കോഴ പുറത്തായതോടെ പാര്‍ടിയുടെ പടിക്കു പുറത്തായ വിനോദ് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനറാണ്. കഴിഞ്ഞ ദിവസം പ്രവാസി വ്യവസായി റബീയുള്ളയെ മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍വച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് കേരള പൊലീസ് പിടികൂടി ജയിലിലടച്ച അസ്ലം ഖാന്‍ കര്‍ണാടകയിലെ ന്യൂനപക്ഷസെല്ലിന്റെ തലവന്‍.

ഡസനിലേറെ സെല്‍, സ്വന്തം രസീത്, സ്വന്തം പിരിവ് സഹകരണ സെല്‍
ന്യൂനപക്ഷ സെല്‍ പോലുള്ള സെല്ലുകള്‍ ഒരു ഡസനില്‍ കുറയില്ല. എസ്സി-എസ്ടി സെല്‍, ഒബിസി സെല്‍, വനിതാ സെല്‍ തുടങ്ങി ഓരോന്നിനും സംസ്ഥാനതലം തൊട്ട് ബൂത്തുതലം വരെ കണ്‍വീനര്‍മാര്‍. ഓരോ കണ്‍വീനര്‍മാര്‍ക്കുമുണ്ട് സ്വന്തം നിലയില്‍ രസീത്ബുക്കും ലെറ്റര്‍പാഡും.  നികുതി വെട്ടിപ്പ്, മണല്‍വാരല്‍, ക്വാറി ഖനനം, അതിര്‍ത്തിത്തര്‍ക്കം, സ്വത്തുതര്‍ക്കം, നിലം നികത്തല്‍, കെട്ടിട നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടപെടും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിഷയങ്ങളില്‍ ബന്ധപ്പെട്ടവരെ സമീപിച്ച് കോഴ ചോദിക്കലാണ് ഇതില്‍ ആദ്യഘട്ടം. വഴങ്ങിയില്ലെങ്കില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന ഭീഷണി. എന്നിട്ടും പണം നല്‍കിയില്ലെങ്കില്‍ പരാതി. പരാതി അന്വേഷിക്കുന്നതിനിടെ വീണ്ടും വിലപേശും, ഇടപെടും. നേരത്തെ ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തുക കോഴ വാങ്ങിയാകും ഒത്തുതീര്‍പ്പ്. അതിര്‍ത്തിത്തര്‍ക്കങ്ങളിലും സ്വത്തുതര്‍ക്കങ്ങളിലുമെല്ലാം ഇരുപക്ഷവും കറവപ്പശുക്കള്‍.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെയും ദുരുപയോഗിക്കും. ഒപ്പം നിന്നില്ലെങ്കില്‍ അവര്‍ക്കെതിരെ പോസ്റ്റര്‍ പ്രചാരണവും പരാതിയും ആയുധമാക്കും. എറണാകുളം ജില്ലയിലാണ് സെല്ലുകള്‍ ഏറ്റവും കൂടുതല്‍ പണപ്പിരിവ് നടത്തുന്നത്. ആദായനികുതി വെട്ടിപ്പ് സംശയിക്കുന്ന കേസുകളില്‍ കോടികളുടെ വിലപേശലുകളാണ് നടത്തുക. കോടികളുടെ ഇടപാടിലേക്ക് കടക്കുമ്പോഴും സെല്ലിനെ മറികടന്ന് ഔദ്യോഗികനേതൃത്വം എത്തും. അത് കൂടുതല്‍ വലിയ ശല്യമാകുമെന്നതിനാല്‍ അവര്‍ ഇടപെടും മുമ്പ് പ്രശ്നം ഒതുക്കിത്തീര്‍ത്ത് തടിതപ്പാനാണ് പലപ്പോഴും വ്യാപാരികളും വ്യവസായികളും ശ്രമിക്കുക.

പിരിവ് സിപിഐ എം 'അക്രമ'ത്തിന്റെ പേരിലും
എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം സെല്ലുകള്‍ മുഖേനയും അല്ലാതെയും നേതാക്കള്‍ കോടികള്‍ വാരുന്നത്. മറ്റു ജില്ലക്കാരും ഒട്ടും പിന്നിലല്ല.  കണ്ണൂര്‍ ജില്ലയില്‍ സിപിഐ എം അക്രമത്തിനിരയാകുന്നവര്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ത്തന്നെ പണം വാരിക്കൂട്ടി. വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുകയും അതിനുശേഷം അതില്‍പ്പെട്ടവര്‍ക്കുവേണ്ടി പണപ്പിരിവ് നടത്തുകയുമെന്ന കളിയാണ് മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നടത്തിയത്. പണം ആവശ്യപ്പെട്ട് തയ്യാറാക്കുന്ന കത്തില്‍ സംഖ്യ രേഖപ്പെടുത്തുന്നിടത്ത് ഒഴിച്ചിടും. പിരിവുകാര്‍ക്ക് അവരുടെ സൌകര്യം അനുസരിച്ച് തുക രേഖപ്പെടുത്താനാണിത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം ടൌണിലെ വ്യാപാരികളോട് അഞ്ചുലക്ഷം രൂപ വരെ ആവശ്യപ്പെട്ട് നിയോജക മണ്ഡലം പ്രസിഡന്റ്  നല്‍കിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ പരിപാടികള്‍ യാഥാര്‍ഥ്യമാകാന്‍ പണം നല്‍കണമെന്നായിരുന്നു ഈ കത്തിലെ ആവശ്യം. പാര്‍ടി ഫണ്ടിന് പുറമെയാണ് ഈ തുകയും ആവശ്യപ്പെട്ടതെന്ന് അറിയുമ്പോള്‍ വെട്ടിപ്പിന്റെ ആഴം  വ്യക്തമാകും *

വ്യാജ രസീതിനു പിന്നില്‍ താന്‍ മാത്രമല്ലെന്ന് മുന്‍ പ്രസിഡന്റ്
വ്യാപാരികളെയും ധനാഢ്യരെയും വിരട്ടിയുള്ള പണപ്പിരിവ് സമ്മേളനകാലത്തും തെരഞ്ഞെടുപ്പുകാലത്തും നേതാക്കള്‍ക്ക് സമ്മാനിക്കുന്നത് ചാകര. കോഴിക്കോട്ട് കഴിഞ്ഞ സെപ്തംബറിലാണ് നരേന്ദ്രമോഡിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ബിജെപി ദേശീയ കൌണ്‍സില്‍ യോഗം നടന്നത്. അതിന്റെ മറവില്‍ വ്യാജ രസീത് ഉണ്ടാക്കി പണം പിരിച്ചവരില്‍ സംസ്ഥാന നേതാക്കളും ഉള്‍പ്പെടും.

വ്യാജ രസീത് വിവാദം ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതലക്കാരന്‍ മുന്‍ പ്രസിഡന്റ് വി മുരളീധരനിലേക്ക് ചെന്നുനില്‍ക്കുന്നുവെന്നും കേന്ദ്രനേതൃത്വം വിശദീകരണം തേടിയെന്നുമുള്ള വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതിനെ പ്രതിരോധിക്കാന്‍ മുരളീധരന്‍ ചെയ്ത വിദ്യയാണ് അതിലേറെ കൌതുകകരം. കുടുങ്ങുന്നെങ്കില്‍ താന്‍ മാത്രം കുടുങ്ങാന്‍ പാടില്ലെന്ന് നിശ്ചയിച്ച് ഫിനാന്‍സ് കമ്മിറ്റി ചുമതലക്കാരുടെയെല്ലാം പേരുള്ള രേഖ ഫെയ്സ്ബുക്കിലിട്ടു. അതുപ്രകാരം കമ്മിറ്റിയുടെ കണ്‍വീനര്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍, സഹ കണ്‍വീനര്‍മാരായി മുരളീധരനൊപ്പം മുന്‍ പ്രസിഡന്റ് ശ്രീധരന്‍പിള്ളയും ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും.
സംസ്ഥാനസമിതി അംഗം എം മോഹനന്‍ വ്യാജരസീത് അച്ചടിക്കാന്‍ വടകരയിലെ ഒരു പ്രസിനെ സമീപിച്ചതായി ബിജെപിക്ക് അകത്തെ അന്വേഷകസംഘത്തിന് മൊഴിലഭിച്ചു. യഥാര്‍ഥ രസീത് വാട്സാപ് വഴി പ്രസിലേക്ക് അയച്ച് വ്യാജന്‍ ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാത്രം ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയ നേതാക്കളുണ്ട് ബിജെപിയുടെ തലപ്പത്ത്. കോഴപ്പണം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ നിക്ഷേപിച്ച് പിന്നെയും പണമുണ്ടാക്കും. വ്യാജ രസീത് അടിച്ച നേതാവുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടിലുടെ പണമുണ്ടാക്കിയ സംസ്ഥാന നേതാവിന് അടുത്ത ബന്ധമാണുള്ളത്.

ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമായ ജനസംഘം പഴയ ജനതാപാര്‍ടിയില്‍ ലയിക്കുകയും പിന്നീട് വേര്‍പിരിഞ്ഞ് പേരു മാറ്റി ഭാരതീയ ജനതാപാര്‍ടി രൂപീകരിക്കുകയുമായിരുന്നു. ബിജെപി രൂപീകരിച്ച കാലം തൊട്ട് കച്ചവടം മാത്രമാണ് പാര്‍ടിയുടെ കൈമുതല്‍. വോട്ട് കച്ചവടത്തെക്കുറിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് രാമന്‍പിള്ളയുടെ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ടെങ്കില്‍ അതിന് മുമ്പും പിമ്പും നടന്ന വന്‍ കുംഭകോണമാണ്

ബാങ്ക് ഉദ്യോഗത്തിന് കോഴ;കായികതാരങ്ങളോടുംഅഭ്യാസം
മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനംചെയ്ത് കോഴവാങ്ങിയത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി. പത്തുലക്ഷം രൂപയാണ് കോഴ വാങ്ങിയത്. ബാങ്ക് പരീക്ഷ എഴുതി ഫലത്തിനായി കാത്തുനില്‍ക്കുന്നവരില്‍ നിന്നാണ് ഇങ്ങനെ ബിജെപി നേതാക്കളുടെ പണപ്പിരിവ്. ഇതില്‍ ചിലര്‍ക്ക് സ്വാഭാവികമായും ജോലി കിട്ടും. മറ്റു ചിലര്‍ക്ക് അവിഹിതമായും ജോലി നേടിക്കൊടുക്കും. ഇവരില്‍നിന്നെല്ലാം പണം പിരിക്കുമ്പോള്‍  ജോലി കിട്ടാത്തവരാണ് പരാതിയുമായി രംഗത്തെത്തുക. അത്തരം ഘട്ടങ്ങളില്‍ വാങ്ങിയ തുക തിരിച്ചുകൊടുത്ത് തടിതപ്പും. മലപ്പുറത്ത് ഈ പണം തിരിച്ചുകിട്ടാതായതാണ് പരാതിയായത്.

പ്രമുഖ സ്പോര്‍ട്സ് താരങ്ങളെ സമീപിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ദേശസാല്‍കൃത ബാങ്കുകളിലും മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതിന്റെ കഥകളും ഒന്നൊന്നായി പുറത്തുവരുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ അമ്പതോളം കായിക താരങ്ങളെയാണ് ഇങ്ങനെ സമീപിച്ചത്. റെയില്‍വേ, എഫ്സിഐ, സിഐഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് നല്‍കിയാണ് കോഴ ആവശ്യപ്പെടുന്നത്. സ്പോര്‍ട്സ് ക്വാട്ടയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താന്‍ കഴിയുമെന്ന് പ്രലോഭിപ്പിച്ചാണ് പണപ്പിരിവ്

തയ്യാറാക്കിയത്
എം രഘുനാഥ്  എന്‍ എസ് സജിത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top