23 April Tuesday
കോഴത്താമര- 6

മുദ്രാബാങ്കിലും കോഴയുടെ താമരമുദ്ര

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

ഇത് വെറുമൊരു കണക്കല്ല. കൂട്ടിയാല്‍ അന്ധാളിക്കുന്ന കണക്ക്. പക്ഷേ, അന്തംവിട്ട് നില്‍ക്കുകയേ വഴിയുള്ളൂ. പ്രധാന്‍മന്ത്രി മുദ്രാ ബാങ്ക് ലോണ്‍ യോജന (പിഎംഎംവൈ) എന്ന കേന്ദ്ര പദ്ധതി വഴി പ്രാദേശിക നേതാക്കള്‍ തൊട്ട് അഖിലേന്ത്യന്മാര്‍ വരെയുള്ളവരുടെ കീശയിലേക്ക് ഒഴുകുന്ന കറന്‍സിയുടെ കണക്കുനോക്കുമ്പോള്‍ വേറെന്തു ചെയ്യാന്‍. തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 10 ലക്ഷംവരെ ഉപാധിരഹിതവായ്പ നല്‍കുന്നതാണ് പദ്ധതി. പലിശ കുറവ്, ജാമ്യ വ്യവസ്ഥകളില്ല. ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. പണം കിട്ടണമെങ്കില്‍ സംഘപരിവാര്‍ കനിയണം.

സംസ്ഥാനത്ത് ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് 3625 ശാഖ. സ്വകാര്യ ബാങ്കുകള്‍ക്ക് 2092ഉം റീജ്യണല്‍, റൂറല്‍ ബാങ്കുകള്‍ക്ക് 615ഉം ശാഖ. ആകെ ബാങ്കുകള്‍-6332. ഈ ശാഖയിലെല്ലാം ഇപ്പോള്‍ സംസ്ഥാനതലംമുതല്‍ പ്രാദേശികതലംവരെയുള്ള ബിജെപി നേതാക്കള്‍ കയറിയിറങ്ങുകയാണ്. പ്രധാന്‍മന്ത്രി മുദ്രാ ബാങ്ക് ലോണ്‍ യോജന പ്രകാരമുള്ള വായ്പയ്ക്ക് അപേക്ഷ വാങ്ങാനും അപേക്ഷിച്ചവര്‍ക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാനുമാണ് ഈ സന്ദര്‍ശനങ്ങള്‍. ഇവരുടെ വിരട്ടലും ഭീഷണിയും കാരണം ബാങ്ക് മാനേജര്‍മാരും ജീവനക്കാരും പൊറുതിമുട്ടിയിരിക്കയാണ്.

കണക്കിലേക്ക് മടങ്ങിവരാം. 6332 ബാങ്കിലുമായി ശരാശരി 10 പേര്‍ക്കെങ്കിലും വായ്പ തരപ്പെടുത്തിക്കൊടുക്കലാണ് നേതാക്കളുടെ പരിപാടി. 50ഉം 60ഉം അപേക്ഷാ ഫോറം വാങ്ങിയ ബിജെപിക്കാരുമുണ്ട്. ശരാശരി 60,000 പേര്‍ക്ക് കേരളത്തിലെ മാത്രം ബാങ്കുകളില്‍നിന്ന് ബിജെപിക്കാര്‍ മുഖേന തരപ്പെടുത്തിക്കൊടുക്കാന്‍ ലക്ഷ്യമിട്ടത് 6000 കോടി രൂപ.

വായ്പ തേടുന്നവര്‍ക്ക് സംഘപരിവാറുകാര്‍ നല്‍കുന്ന പ്രലോഭനം ഇങ്ങനെ, പത്തു ലക്ഷം വായ്പയെടുത്ത് തരും, ഒന്നും തിരിച്ചടയ്ക്കേണ്ട. കാരണം, ഇതിന് ജാമ്യമൊന്നുമില്ല. ഈട് വയ്ക്കുകയും വേണ്ട. അതുകൊണ്ട് പത്തു ലക്ഷം നിങ്ങള്‍ക്ക് കിട്ടുമ്പോള്‍ രണ്ടു ലക്ഷം രൂപ കമീഷന്‍ നല്‍കണം. വെറുതെ എട്ടു ലക്ഷം കിട്ടുമല്ലോ എന്ന് കണക്കാക്കി രണ്ടു ലക്ഷം നല്‍കാന്‍ സന്നദ്ധരാകുന്നവരെയാണ് ഇതിനായി വലവീശുന്നത്. അഖിലേന്ത്യാ കണക്കെടുക്കുമ്പോള്‍ വിജയ്മല്യ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചതിനേക്കാള്‍ ഭീമമായ തുകയാകുമെന്ന് കാണാം.

അമിത് ഷാ കേരളത്തില്‍ വന്ന് നല്‍കിയ ആഹ്വാനം കേരളത്തില്‍നിന്ന് ആകെ 1200 കോടി സമാഹരിക്കാനാണെങ്കില്‍ അണികള്‍ ഒരു ചുവട് മുന്നിലാണെന്ന് തെളിയിക്കുന്നു ഈ കണക്ക്. ചെറിയ ശതമാനം മാത്രമേ പാര്‍ടിയുടെ 'ഔദ്യോഗികമാകൂ' എന്ന് ചുരുക്കം.

ഒരു ദേശസാല്‍ക്കൃത ബാങ്കിലെ തലസ്ഥാനത്തുള്ള ഒരു ചെറിയ ശാഖയില്‍നിന്ന് 50 അപേക്ഷ വാങ്ങാനെത്തിയ ബിജെപി പ്രാദേശികനേതാവിന്റെ വിക്രിയ വിവരിക്കുമ്പോള്‍ ജീവനക്കാരുടെ ഉള്‍ക്കിടിലം മാറുന്നില്ല. അപേക്ഷകള്‍ കൂട്ടത്തോടെ കൊടുക്കാനാകില്ലെന്നും ഓരോ ഉപയോക്താവും വരട്ടെ എന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു. കസേര കാണില്ലെന്ന ഭീഷണിയായി പിന്നെ. അല്‍പ്പം കഴിഞ്ഞപ്പോള്‍ എന്‍ഡിഎയിലെ ഘടകകക്ഷി നേതാവായ മധ്യതിരുവിതാംകൂറില്‍നിന്നുള്ള ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ കോള്‍. എംഡിക്ക് പരാതി പോയാല്‍ സ്ഥലംമാറ്റം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായിരിക്കും. വശംകെട്ട മാനേജര്‍ ബിജെപിക്കാരന്‍ ചോദിച്ച അത്രയും അപേക്ഷ നല്‍കി. ഗുണഭോക്താക്കള്‍ക്ക് 40 ലക്ഷം, ഇടനിലക്കാര്‍ക്ക് 10 ലക്ഷം. ഇങ്ങനെ നാടാകെ വന്‍കൊള്ള നടക്കുമ്പോഴാണ് മെഡിക്കല്‍ കുംഭകോണം പുറത്തുവന്നത്. ഭീഷണിയെ തുടര്‍ന്ന് വായ്പ നല്‍കിയ മാനേജര്‍മാരും പ്രതിസന്ധിയിലാണ്.

ഔഷധമില്ലാത്ത അഴിമതി
കേന്ദ്ര പൊതുമേഖലാ ഔഷധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ജന്‍ഔഷധി പദ്ധതിയുടെ ഔട്ട്ലെറ്റ് തുടങ്ങുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ജന്‍ഔഷധിയുടെ വെബ്സൈറ്റില്‍ 21 പേജുള്ള മാര്‍ഗരേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കുന്ന ഏതു സംരംഭകനും ഈ സംരംഭം തുടങ്ങാം. ആശുപത്രിക്ക് അടുത്താകണം, കടമുറിക്ക് നിശ്ചിത വിസ്തീര്‍ണം വേണം, മരുന്നുകള്‍ ഉപയോക്താക്കാള്‍ കാണുംവിധം ഷെല്‍ഫില്‍ വയ്ക്കണം, എസി നിര്‍ബന്ധമല്ലെങ്കിലും കുറഞ്ഞ താപനിലയില്‍ വയ്ക്കേണ്ട മരുന്നുകള്‍ സൂക്ഷിക്കാന്‍ സൌകര്യം വേണം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരായവര്‍ക്കാണ് ഇതിന് കട അനുവദിക്കുക.
കരാര്‍ എഴുതാന്‍ 100 രൂപയുടെ മുദ്രപ്പത്രം വാങ്ങുക എന്നത് മാത്രമാണ് പ്രാഥമിക ചെലവ്. രാസവസ്തു-രാസവളം മന്ത്രാലയത്തിനു കീഴില്‍ ബ്യൂറോ ഓഫ് ഫാര്‍മ പബ്ളിക് സെക്ടര്‍ അണ്ടര്‍ടേക്കിങ് ഓഫ് ഇന്ത്യ (ബിപിപിഐ) എന്ന പേരില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് 2008ല്‍ തുടങ്ങിയ സംവിധാനമുണ്ട്.

പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്ക് കീഴില്‍ ജന്‍ഔഷധി ഔട്ട്ലെറ്റുകള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിക്കൊണ്ടാണ് നേതാക്കള്‍ കീശ നിറച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും പ്രധാനമന്ത്രി കാര്യാലയം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംരംഭകരെ സമീപിച്ച് അവരില്‍നിന്ന് ഒരു ലക്ഷം രൂപവരെ കോഴ വാങ്ങിയ നേതാക്കളുണ്ട്. പുലിവാലുപിടിക്കേണ്ടല്ലോ എന്നു കരുതി ബിജെപി നേതാക്കള്‍ക്ക് കാണിക്കയായി കോഴ നല്‍കുന്ന സംരംഭകരാണ് ഏറെയും. എന്നാല്‍, ചിലര്‍ ഇതിനെതിരെ പ്രധാനമന്ത്രി കാര്യാലയത്തിന് പരാതി നല്‍കി.

കേന്ദ്രമന്ത്രിയെ പൊക്കിയവര്‍ക്ക് പ്രവാസി വ്യവസായി ഒന്നുമല്ല
ഗള്‍ഫിലെ ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്റര്‍ എംഡിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. മുഹമ്മദ് റബിയുള്ളയെ മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബിജെപി ന്യൂനപക്ഷ സെല്‍ ദേശീയ ഉപാധ്യക്ഷന്‍ ഇപ്പോഴും ജയിലിലാണ്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് എന്ത് റബീയുള്ള എന്ന ചോദ്യം പിന്നാലെ. റബീയുള്ളയെ തട്ടിക്കൊണ്ടുപോയ അസ്ളം ഗുരുക്കള്‍ എന്ന ബിജെപി നേതാവിനും ശിങ്കിടികള്‍ക്കും കേരള പൊലീസ് ജയിലിലേക്കുള്ള വഴി കാണിച്ചുകൊടുത്തെങ്കിലും സുരേഷ് പ്രഭുവിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് ഒരു പരിക്കും പറ്റിയിട്ടില്ല.

കൊച്ചിയില്‍ ഔദ്യോഗിക ചടങ്ങിനെത്തിയപ്പോഴായിരുന്നു ബിജെപിയിലെ ഒരുവിഭാഗം നേതാക്കള്‍ മന്ത്രി സുരേഷ് പ്രഭുവിനെ ആരുമറിയാതെ പൊക്കിയത്. ചടങ്ങ് കഴിഞ്ഞ് വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംബന്ധിക്കാനായിരുന്നു പദ്ധതി. എന്നാല്‍,കേന്ദ്രമന്ത്രിയെ വച്ച് വ്യാപാരികളില്‍നിന്നും വ്യവസായികളില്‍നിന്നും വന്‍പിരിവ് നടത്തുമെന്നുറപ്പുള്ള എതിര്‍പക്ഷം മന്ത്രിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടുപോയി.അമിത് ഷാ അടക്കമുള്ള നേതാക്കളും കേന്ദ്ര മന്ത്രിമാരും കേരളത്തിലെത്തിയാല്‍ വ്യവസായ പ്രമുഖരുടെ യോഗം ചേരുന്നതാണ് ബിജെപി നേതൃത്വത്തിന്റെ ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യവസായികള്‍ അവരുടെ പ്രശ്നങ്ങള്‍ പറയും. അതോടെ യോഗം തീരും. പക്ഷേ പിരിവ് തുടങ്ങും.

ബിജെപി നേതാക്കളുടെ അഴിമതിക്കഥകള്‍ ആയിരത്തൊന്നു രാവുകളിലേതുപോലെ  എത്രനാള്‍ പറഞ്ഞാലും തീരില്ല. പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന നാലു പേജുള്ള കത്തില്‍ എല്ലാവിഭാഗം നേതാക്കളുടെയും അഴിമതിയാണ് വെളിപ്പെടുത്തുന്നത്. ആ കത്ത് നാളെ വായിക്കുക

തയ്യാറാക്കിയത്
എം രഘുനാഥ്    എന്‍ എസ് സജിത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top