16 February Saturday

ജനാധിപത്യത്തെ തകർക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം

കെ ടി കുഞ്ഞിക്കണ്ണൻUpdated: Tuesday Mar 13, 2018


ത്രിപുരയിലെ തെരഞ്ഞെടുപ്പുവിജയത്തിനുശേഷം കമ്യൂണിസ്റ്റുകാർക്കും ജനാധിപത്യശക്തികൾക്കുമെതിരെ മക്കാർത്തിയൻ മാതൃകയിലുള്ള ഭീകരമായ ആക്രമണങ്ങളാണ് നടക്കുന്നത്. ത്രിപുരയിൽ അഴിഞ്ഞാടുന്നത് കമ്യൂണിസ്റ്റുവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവും നവോത്ഥാനവിരുദ്ധവുമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റുകാർക്കെതിരായി ആരംഭിച്ച ആക്രമണങ്ങൾ, ഇന്ത്യയുടെ നവോത്ഥാനചരിത്രത്തെയും സാമൂഹ്യനീതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള രാഷ്ട്രീയമുന്നേറ്റങ്ങളെയും വിധ്വംസകമായി കടന്നാക്രമിക്കുന്നതിലേക്കാണ് എത്തിയിരിക്കുന്നത്. ലെനിന്റെ പ്രതിമമാത്രമല്ല അംബേദ്കറുടെയും പെരിയോറുടെയും പ്രതിമകളും തകർക്കുകയാണ്. ഇന്ത്യയെ രൂപപ്പെടുത്തിയ സമഭാവനയുടെയും സാമൂഹ്യനീതിയുടെയും നവോത്ഥാനത്തിന്റെയും പ്രതീകങ്ങളെയും ബിംബങ്ങളെയും തകർക്കുകവഴി വിധ്വംസകമായ വർണാശ്രമധർമങ്ങളിൽ അധിഷ്ഠിതമായ പ്രതിലോമരാഷ്ട്രീയത്തെ അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റുകാരെ ഡെസിമെയ്റ്റ് ചെയ്യണമെന്നാണ് രാംമാധവ് ആഹ്വാനംചെയ്യുന്നത്. ഡെസിമെയ്റ്റ് എന്ന വാക്കിന്റെ അർഥം കൊല്ലുക, വകവരുത്തുക, കൂട്ടത്തോടെ ഇല്ലാതാക്കുക എന്നൊക്കെയാണ്. കമ്യൂണിസ്റ്റുവിരുദ്ധത ഉന്മാദംപോലെ പടർത്തിയ അമേരിക്കൻ സെനറ്റർ മക്കാർത്തിയെയാണ് ബിജെപിയുടെ നേതാക്കളുടെ ഇത്തരം ലേഖനങ്ങളും പ്രസ്താവനകളും ഓർമിപ്പിക്കുന്നത്. ഇന്തോനേഷ്യയിലും ലാറ്റിനമേരിക്കയിലും ഇറാനിലും വിയത്‌നാമിലും അമേരിക്ക നടത്തിയ നിഷ്ഠുരമായ കമ്യൂണിസ്റ്റുവേട്ടയുടെയും കൂട്ടക്കൊലകളുടെയും പ്രത്യയശാസ്ത്രമാണ് മക്കാർത്തിയിസം. ദൈവം അനുഗ്രഹിച്ച സ്വത്തുടമാവർഗങ്ങളെ എതിർക്കുന്ന നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുന്നത് ദൈവഹിതവും വിശുദ്ധദൗത്യവുമായിട്ടാണ് മക്കാർത്തി ഉദ്‌ബോധിപ്പിച്ചത്. സിഐഎക്കും ഇന്ത്യാവിരുദ്ധ ശക്തികൾക്കും പ്രതേ്യകം താൽപ്പര്യമുള്ള വടക്കുകിഴക്കൻ പ്രദേശങ്ങെള അസ്ഥിരീകരിക്കുക എന്ന അജൻഡയാണ്  ഇപ്പോൾ നടപ്പാക്കുന്നത്. അതിനായി ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയാണ്. 

കേന്ദ്ര ഭരണാധികാരവും പണവും ചാക്കിട്ടുപിടിത്തവും ഉപയോഗിച്ച് ത്രിപുരയിലെ തെരഞ്ഞെടുപ്പിനെയും ജനവിധിയെയും പ്രഹസനമാക്കിമാറ്റുകയാണ് ബിജെപി ചെയ്തത്. സായുധസംഘങ്ങളെ ഉപയോഗിച്ച് വോട്ടർമാരെ ഭയപ്പെടുത്തിയും ജനവിധി തങ്ങൾക്കനുകൂലമാക്കുന്ന മാനേജ്‌മെന്റ് തന്ത്രമാണ് മോഡിയും അമിത് ഷായും ത്രിപുരയിൽ പ്രയോഗിച്ചത്. ഗോത്രമേഖലകളിൽ ഇടതുപക്ഷസർക്കാർ ബംഗാളി ബാബുമാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്ന പ്രചാരണം അഴിച്ചുവിടുകയായിരുന്നു. എന്നാൽ, 70 ശതമാനം വരുന്ന ബംഗാളി ഭൂരിപക്ഷപ്രദേശങ്ങളിൽ സിപിഐ എം ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും സംരക്ഷിക്കുന്ന പാർടിയാണെന്നും ബംഗാളി ഹിന്ദുക്കളെ അവഗണിക്കുകയുമാണെന്ന പ്രചാരണമാണ് നടത്തിയത്. കുടിയേറ്റക്കാരായ ബംഗ്ലാദേശി മുസ്ലിങ്ങളെ സംരക്ഷിക്കുന്ന മണിക് സർക്കാരിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തണം എന്ന അങ്ങേയറ്റം ക്ഷുദ്രവികാരം ഉണർത്തുന്ന പ്രചാരണങ്ങളാണ് ബിജെപി നടത്തിയത്. ഇരുവംശീയ വികാരങ്ങളെയും കത്തിച്ച് നടുക്ക് പിടിക്കുന്ന അധാർമികമായ രാഷ്ട്രീയതന്ത്രവും രാജ്യവിരുദ്ധശക്തികളുമായി ചേർന്നുള്ള തത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകളുമാണ് ത്രിപുരയിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചത്.

തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യപ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന ഒരു ഓപ്പറേഷനായിരുന്നു ത്രിപുരയിലേത്. 25 വർഷം നീണ്ട ഇടതുപക്ഷഭരണത്തെ അട്ടിമറിക്കുകയെന്ന ആഗോള മൂലധനശക്തികളുടെ കമ്യൂണിസ്റ്റുവിരുദ്ധ അജൻഡയുമായി ചേർന്നാണ് ബിജെപിയുടെ ത്രിപുര മിഷൻ രൂപപ്പെട്ടത്. ഇതിനാദ്യം അവർ ചെയ്തത് ത്രിപുരയിലെ കോൺഗ്രസ് പാർടിയെ ഒന്നാകെ ബിജെപിയുടെ ഭാഗമാക്കുകയായിരുന്നു. കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരെയും തൃണമൂൽവഴി ബിജെപിയിൽ എത്തിച്ച് നിയമസഭയിലെ മുഖ്യപ്രതിപക്ഷമായി.
ജനാധിപത്യത്തെയും നിയമസഭകളെയും കക്ഷികളെയും വിലകൊടുത്ത് വാങ്ങുന്ന പണാധികാരത്തിന്റേതായ രാഷ്ട്രീയമാണ് ബിജെപിയെ ത്രിപുരയുടെ മണ്ണിൽ കാലുറപ്പിച്ച് നിർത്തിയത്.  ഇത് ബിജെപിയുടെ കേന്ദ്രനേതൃത്വം പ്ലാൻ ചെയ്ത ത്രിപുര മിഷന്റെ ഭാഗമായ കുത്സിതമായൊരു നീക്കമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ കാർമികത്വത്തിൽ രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഉൾപ്പെടെയുള്ള മുൻ ഇന്റലിജൻസ് ഉദേ്യാഗസ്ഥരാണ് ത്രിപുര മിഷൻ രൂപപ്പെടുത്തിയത്. ഇടതുപക്ഷസർക്കാരിനെ തെരഞ്ഞെടുപ്പിന്റെ വഴികളിലൂടെ അട്ടിമറിക്കാനുള്ള ഓപ്പറേഷനായിരുന്നു അത്. വടക്കുകിഴക്കൻ മേഖലകളിലെ വിധ്വംസകഗ്രൂപ്പുകളുമായി ബന്ധം പുലർത്തുന്ന നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ രാഷ്ട്രീയമുഖമായ ഐപിഎഫ്ടിയെ ഒരു തത്വദീക്ഷയുമില്ലാതെ ബിജെപി നേതൃത്വം സഖ്യകക്ഷിയാക്കി. ഐപിഎഫ്ടി എന്ന ഗോത്രതീവ്രവാദ സംഘടനയുടെ പൂർവരൂപം ത്രിപുര ഉപജാതി ജുബാ സമിതിയാണ്. ത്രിപുരയിലെ ഗോത്രമേഖലകളെ ഒരു പ്രതേ്യക രാഷ്ട്രമാക്കണമെന്ന മുദ്രാവാക്യമുയർത്തി പർവതമേഖലകളിൽ സായുധസമരം നടത്തുന്ന സംഘടനയാണിത്. 1970കളുടെ അവസാനവും '80കളിലും അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൂട്ടക്കൊലകൾ നടത്തിയ വിഘടന ഭീകരവാദിസംഘങ്ങളുടെ ഭാഗമായിരുന്നു എൻഎൽഎഫ്ടിയും. എണ്ണസമ്പന്നമായ ബ്രഹ്മപുത്ര തടത്തെയും സൈനികപ്രധാനമായ വടക്കുകിഴക്കൻ അതിർത്തിയെയും അസ്ഥിരീകരിക്കാനുള്ള സിഐഎയുടെ ‘ഓപ്പറേഷൻ ബ്രഹ്മപുത്ര'എന്ന പദ്ധതിയുടെ ഉപകരണങ്ങളിലൊന്നായിരുന്നു ഈ സംഘടന.

തീവ്ര ഗോത്രദേശീയത ഭീഷണമായതോടെ ഭൂരിപക്ഷ ബംഗാളികൾക്കിടയിൽ തീവ്രബംഗാളി വംശീയവികാരങ്ങളും വളർന്നുവന്നു. ആദിവാസിവിരുദ്ധ അമ്രബംഗാളി പ്രസ്ഥാനങ്ങൾക്കുപിറകിൽ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ കോൺഗ്രസ് തന്നെയായിരുന്നു. തൊഴിലാളികളുടെയും കർഷകരുടെയും ആദിവാസികളുടെയും സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു വംശീയസംഘടനകളും പ്രവർത്തിച്ചത്.

ഈ പ്രതിലോമപരവും വിധ്വംസകവുമായ വിഘടന വംശീയശക്തികൾക്കെതിരെ പോരാടിക്കൊണ്ടാണ് 1978ൽ നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തിയത്. 1988ൽ കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച്, കോൺഗ്രസ് എല്ലാ പ്രതിലോമ വിധ്വംസക ശക്തികളെയും കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷസർക്കാരിനെ താഴെയിറക്കിയത്.  1993ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽവന്നു. പിന്നീട് നടന്ന ഓരോ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ബഹുജനാടിത്തറ വിപുലമാക്കുന്നതാണ് കണ്ടത്.

ഏറ്റവും വിഭവദരിദ്രമായ സംസ്ഥാനമാണ് ത്രിപുര. കൃഷിയും വനോൽപ്പന്നങ്ങളുമാണ് പ്രധാന വരുമാനമാർഗം. ആധുനിക വ്യവസായ നിക്ഷേപങ്ങൾ ഭൂമിശാസ്ത്രപരമായ പ്രതികൂലതകളാൽ കടന്നുവരാത്ത സംസ്ഥാനം. കേന്ദ്രനിക്ഷേപം ഒട്ടുമില്ലാത്ത സംസ്ഥാനം. പ്രതേ്യക പർവത സംസ്ഥാനങ്ങൾക്കും ഗിരിവർഗമേഖലകൾക്കുമുള്ള കേന്ദ്ര സർക്കാരിന്റെ സഹായങ്ങളാണ് സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാന സ്രോതസ്സ്. 2014ൽ ബിജെപി അധികാരത്തിൽ വന്നതോടെ ഇതെല്ലാം പരിമിതപ്പെടുത്തി. പട്ടികവർഗ പ്രതേ്യക ഘടകപദ്ധതികൾ നിർത്തലാക്കിയതോടെ ത്രിപുരയ്ക്കുള്ള ആദിവാസി വികസന ഫണ്ടുകൾ നാമമാത്രമായി. തൊഴിലുറപ്പുപദ്ധതി ഏറ്റവും നന്നായി നടപ്പാക്കി ആദിവാസി ഗ്രാമീണ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തിയ സംസ്ഥാനമാണ് ത്രിപുര. എന്നാൽ, മോഡിസർക്കാർ തൊഴിലുറപ്പുപദ്ധതിക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയും അനുവദിച്ച ഫണ്ട് നൽകാതിരിക്കുകയും ചെയ്തു. 

1978ലെ നൃപൻ ചക്രവർത്തി സർക്കാരാണ് ഗിരിവർഗപ്രദേശങ്ങളിൽ ആദിവാസിവികസന പ്രവർത്തനങ്ങൾക്ക് വിപ്ലവകരമായ ഇടപെടൽ നടത്തിയത്. ഗിരിവർഗ സ്വയംഭരണ ജില്ലാ കൗൺസിലുകൾക്ക് രൂപംകൊടുത്തു. വിഘടന തീവ്രവാദ സംഘങ്ങളിൽനിന്ന് ആദിവാസികളെ പൊതുധാരയിലേക്ക് എത്തിക്കാനും ത്രിപുരയുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കിമാറ്റാനും ഇടതുപക്ഷസർക്കാരിന് കഴിഞ്ഞു.

കുന്നുകളിലും താഴ്‌വരകളിലും വിദ്യാലയങ്ങൾ സ്ഥാപിച്ച് ഇന്ത്യയിലെ 90 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാക്കി മണിക് സർക്കാർ ഉയർത്തി. മാതൃമരണനിരക്കും ശിശുമരണനിരക്കും നിയന്ത്രിച്ചു. മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം വളർത്തി. ത്രിപുരയെ അരക്ഷിതത്വത്തിലാക്കിയ തീവ്രവാദി ഗ്രൂപ്പുകളെ ഒറ്റപ്പെടുത്തി ആദിവാസിസമൂഹങ്ങളെ വികസനത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവന്നു.

കോർപറേറ്റ് പണവും വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേന്ദ്രീകരിക്കപ്പെട്ട ആർഎസ്എസുകാരും ബിജെപിയിലേക്ക് കൂറുമാറിയ മുൻ കോൺഗ്രസുകാരും ചേർന്ന് നടത്തിയ ഒരട്ടിമറിയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പുഫലം. കമ്യൂണിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ് ത്രിപുരയിൽ അധികാരത്തിൽ എത്തിയിരിക്കുന്നത്
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top