25 May Saturday

ലെനിനിൽ ശത്രുവിനെ കാണുന്നവർ

വി ബി പരമേശ്വരൻUpdated: Tuesday Mar 13, 2018


ത്രിപുരയിലും പശ്ചിമബംഗാളിലും മറ്റുമായി ലെനിൻപ്രതിമകൾ തകർക്കപ്പെടുകയാണ്. ലെനിൻ വിദേശിയാണെന്നും അതിനാൽ പ്രതിമകൾ തകർക്കപ്പെടാൻ അർഹമാണെന്നുമാണ് (ത്രിപുരയിലെ ബിജെപി നേതാവ് രാജുനാഥ്) സംഘപരിവാർ വാദം. അപ്പോൾ അംബേദ്കറുടെയും പെരിയോറിന്റെയും പ്രതിമ തകർത്തതോ? ഇവിടെ യുക്തിക്കൊന്നും പ്രസക്തിയില്ലെന്നർഥം. ഹിറ്റ്ലറിൽനിന്നും മുസ്സോളിനിയിൽനിന്നും ദേശീയതയുടെ പാഠം ഉൾക്കൊള്ളുന്നവരാണ്, ചൂഷണവും പട്ടിണിയും അവസാനിപ്പിക്കാൻ ആഹ്വാനംചെയ്യുന്ന സോഷ്യലിസ്റ്റ് ആശയഗതിപോലും വിദേശീയമാണെന്ന് മുദ്രകുത്തുന്നത്!

വ്ളാദിമിർ ഇലിച്ച് ഉല്യാനോവ് ലോകമെങ്ങും ആദരിക്കപ്പെടുന്ന നേതാവാണ്. സോഷ്യലിസ്റ്റ് ആശയത്തിന്റെ നെടുംതൂണുകളിൽ ഒരാൾ. ലോകത്തിലാദ്യമായി ഒരു സോഷ്യലിസ്റ്റ് സർക്കാർ കെട്ടിപ്പടുത്ത മഹാൻ. സോവിയറ്റ് യൂണിയനിൽ ജനങ്ങൾക് തുല്യതയും തുല്യനീതിയും ഉറപ്പുവരുത്തിയിരുന്നു. ഭൂരഹിതർക്ക് ഭൂമി നൽകിയ, എല്ലാവരെയും എഴുതാനും വായിക്കാനും പഠിപ്പിച്ച, സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ സോഷ്യലിസ്റ്റ് ഭരണത്തിനാണ് ലെനിൻ നേതൃത്വം നൽകിയത്. 'സർവരാജ്യത്തൊഴിലാളികളെ ഒന്നിക്കുവിൻ' എന്ന മുദ്രാവാക്യം ജനപ്രിയമാക്കിയ ലെനിൻ സംഘപരിവാറുകാർക്ക് വെറും വിദേശിമാത്രം.എന്നാൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ലെനിനുള്ള ബന്ധം ഒരു പ്രതിമ നശിപ്പിച്ചതുകൊണ്ടുമാത്രം ജനങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞുപോകുന്നതല്ല.  ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കടപുഴക്കിയെറിയാൻ ഇന്ത്യക്ക് കരുത്തുനൽകിയവരിൽ ലെനിനുമുണ്ടായിരുന്നു. ലെനിനോടുള്ള സംഘപരിവാർവിരോധത്തിന് കാരണം അദ്ദേഹം സോഷ്യലിസ്റ്റ് ആശയം ഉയർത്തിപ്പിടിച്ചുവെന്നതുകൊണ്ടുമാത്രമല്ല; മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സഹായിച്ചു എന്നതുകൊണ്ടുകൂടിയാണ്. ഒരു സംഘടനയെന്ന നിലയിൽ ബ്രിട്ടീഷ്് കൊളോണിയൽ ഭരണത്തിനെതിരെയോ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനങ്ങളുടെ അവകാശത്തിനുവേണ്ടിയോ ആർഎസ്എസ് ഒരിക്കലും ഒരു സമരവും നയിച്ചിട്ടില്ല. സങ്കുചിതവീക്ഷണമുള്ളവരാണ് ബ്രിട്ടീഷ് ഭരണത്തെ എതിർക്കാൻ ശ്രമിക്കുന്നതെന്ന് 1947ൽപ്പോലും ആർഎസ്എസ് സർസംഘചാലക്കായ ഗോൾവാൾക്കർ അഭിപ്രായപ്പെടുകയുണ്ടായി.  രാജ്യത്തെ കഷ്ടപ്പാടുകൾക്ക് പ്രബലരായ വിദേശികളെ (ബ്രിട്ടീഷുകാരെ) ഉത്തരവാദിയാക്കുന്നതിൽ അർഥമില്ലെന്നും ഗോൾവാൾക്കർ പറഞ്ഞു. (ശ്രീ ഗുരുജി സംഘദർശൻ വാല്യം നാല്‐ പേജ് 39) അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകി ജയിൽമോചിതരാകാൻ സവർക്കറും വാജ്പേയിയും ശ്രമിച്ചതും. 

ലോകത്തെങ്ങുമുള്ള ദേശീയ വിമോചനസമരങ്ങൾക്ക് ആശയും ആവേശവും പകർന്ന നേതാവാണ് ലെനിൻ. അതുകൊണ്ടുതന്നെ കൊളോണിയൽവിരുദ്ധ സമരങ്ങളിലേർപ്പെട്ട ഇന്ത്യയിലും ലെനിൻ ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും കൊളോണിയൽ ഭരണത്തിനുമെതിരെ പൊരുതുന്ന ബാലഗംഗാധര തിലകനെപ്പോലുള്ളവരെ ലെനിൻ ഏറെ ശ്രദ്ധിച്ചിരുന്നു. 1908 ഏപ്രിൽ 30ന് പ്രഫുല്ല ചാക്കിയും കുഡീരം ബോസും ബംഗാൾ പ്രസിഡൻസി മജിസ്ട്രേട്ട് ഡഗ്ലസ് കിങ്സ്ഫോർഡിനെ വധിക്കാനായി ബിഹാറിലെ മുസഫർപുരിൽ ഒരു വാഹനത്തിനുനേരെ ബോംബെറിഞ്ഞു. എന്നാൽ, അതിലുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പ്രഫുല്ല ചാക്കി ആത്മഹത്യചെയ്തു. കുഡീരം ബോസ് തൂക്കിലേറ്റപ്പെട്ടു. എന്നാൽ, ഈ സംഭവത്തെ ന്യായീകരിച്ച് തിലകൻ മറാത്തി ഭാഷയിലുള്ള 'കേസരി'യിൽ എഴുതി. നിഹിലിസം വിഷവൃക്ഷമാണെങ്കിലും അത് വളർത്തുന്നതിലുള്ള ഉത്തരവാദിത്തം ബ്രിട്ടീഷ് സർക്കാരിനാണെന്നും ആക്രമണം അപലപനീയമാണെങ്കിലും അത് അനിവാര്യമായിരുന്നുവെന്നുമായിരുന്നു തിലകൻ എഴുതിയത്. ബ്രിട്ടീഷ് സർക്കാർ തിലകനെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുക്കുകയും ആറുവർഷം ബർമയിലെ മണ്ഡാലെ ജയിലിൽ തടവിലിടുകയും ചെയ്തു. ബോംബെ നഗരം ഒരാഴ്ച അടഞ്ഞുകിടന്നു. ടെക്സ്റ്റൈൽ തൊഴിലാളികൾ പണിമുടക്കി.

ആറുപേർ കൊല്ലപ്പെട്ടു. ഈ ഘട്ടത്തിൽ യൂറോപ്പിൽ പ്രവാസജീവിതം നയിക്കുന്ന ലെനിൻ ഇന്ത്യൻ തൊഴിലാളിവർഗം രാഷ്ട്രീയസമരങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തി നേടിയെന്ന് വിലയിരുത്തി. ജനാധിപത്യവാദിയായ തിലകനെതിരെ ബ്രിട്ടീഷുകാർ പ്രഖ്യാപിച്ച കുപ്രസിദ്ധ വിധിയാണിതെന്നും ലെനിൻ വിമർശിച്ചു. (ഇൻഫ്ളെയ്മബൾ മെറ്റീരിയൽസ് ഇൻ വേൾഡ് പൊളിറ്റിക്സ്‐ ലെനിന്റെ തെരഞ്ഞെടുത്ത കൃതികൾ. വാള്യം 15). 1917 നവംബറിൽ റഷ്യൻ വിപ്ലവം നടന്നപ്പോൾ തിലകൻ 'കേസരി'യിൽ എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'റഷ്യൻ നേതാവ് ലെനിൻ' എന്നായിരുന്നു. ഉപരിവർഗത്തിനെതിരെയുള്ള ലെനിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തെ വാഴ്ത്തിയ തിലകൻ, ലെനിനെ സമാധാനസ്നേഹിയായും വിശേഷിപ്പിച്ചു. ജവാഹർലാൽ നെഹ്റു 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിൽ എഴുതി: "ഞങ്ങളുടെ കാലത്ത് പല ബ്രിട്ടീഷ് മാന്യന്മാർക്കും ലെനിൻ ഒരു രാക്ഷസനും കൊള്ളക്കാരനുമായിരുന്നു. എന്നാൽ, ദശലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ വിമോചകനായും ഈ കാലഘട്ടത്തിലെ മഹാനായ മനുഷ്യനായുമാണ് കാണുന്നത്.'' രാഷ്ട്രപിതാവായ ഗാന്ധിജി റഷ്യൻ വിപ്ലവത്തെക്കുറിച്ച് പറഞ്ഞത് വർത്തമാനകാല നൂറ്റാണ്ടിലെ മഹത്തായ സംഭവമായാണ്.  സ്വേച്ഛാധിപത്യത്തിനെതിരെയുള്ള റഷ്യൻ മറുമരുന്നാണ് വിപ്ലവമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളുടെ ധാരയെ മുഴുവൻ സ്വാധീനിച്ച നേതാവായിരുന്നു ലെനിൻ. 1920 ഫ്രെബുവരി 17ന് കാബൂളിലെ ഇന്ത്യൻ വിപ്ലവകാരികൾ റഷ്യൻ വിപ്ലവത്തെ പിന്തുണച്ചും അഭിനന്ദിച്ചുംകൊണ്ട് ഒരു പ്രമേയം പാസാക്കി ലെനിന് അയച്ചുകൊടുത്തു. ഇന്ത്യൻ പുരോഗമനവാദികളുടെ ഈ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലെനിൻ മറുപടിയും  നൽകി.  ഗദ്ദർ, ചിറ്റഗോങ്, യുഗാന്തർ, അനുശീലൻ വിപ്ലവകാരികളെയും മറ്റും ലെനിനും റഷ്യൻ വിപ്ലവവും ഏറെ സ്വാധീനിച്ചു. ഭഗത്സിങ് നേതൃത്വം നൽകിയ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ പേരുതന്നെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നാക്കിയത് ഈ സ്വാധീനത്തിനുള്ള തെളിവാണ്.  'യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട'് എന്ന ലേഖനത്തിൽ 'ലെനിനിൽനിന്ന് പാഠം ഉൾക്കൊണ്ട് ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനായി പ്രവർത്തിക്കാനാണ്' ഭഗത്സിങ് ആഹ്വാനം ചെയ്യുന്നത്. 1930 ജനുവരി 21ന് ബ്രിട്ടീഷ് കോടതിയിൽ ഭഗത്സിങ്ങും കൂട്ടരും  'മഹാനായ ലെനിന് വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള' ഒരു ടെലിഗ്രാം വായിക്കുകയുണ്ടായി. അവസാനം ആരാച്ചാർ ഭഗത്സിങ്ങിനെ തൂക്കിലേറ്റാനായി ജയിലിൽ സെല്ലിലെത്തിയപ്പോൾ ലെനിന്റെ ജീവചരിത്രം വായിക്കുന്ന ഭഗത്സിങ്ങിനെയാണ് കണ്ടത്. 

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏറ്റവും കുടുതൽ സ്വാധീനിച്ച നേതാക്കളിലൊരാളാണ് ലെനിൻ എന്ന കാര്യത്തിൽ തർക്കമില്ല. കമ്യൂണിസ്റ്റുകാരെമാത്രമല്ല സോഷ്യലിസ്റ്റ് നേതാക്കളെയും കവികളെയും കലാകാരന്മാരെയും ലെനിനും സോഷ്യലിസ്റ്റ് ആശയങ്ങളും കാര്യമായി സ്വാധീനിച്ചു. തമിഴ്കവി സുബ്രഹ്മണ്യഭാരതിയുടെ 'പുതിയ റഷ്യ' എന്ന കവിത സോഷ്യലിസ്റ്റ് വിപ്ലവത്തിൽ ലെനിനുള്ള പങ്കിനെ വിലയിരുത്തുന്നതാണ്. ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിനെയും സോഷ്യലിസ്റ്റ് ആശയങ്ങൾ ഏറെ സ്വാധീനിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു റഷ്യയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വർത്തമാനകാല സംഭവങ്ങളെയും ചരിത്രത്തെയും പുതിയ വെളിച്ചത്തിലൂടെ കാണുന്നതിന് മാർക്സിനെക്കുറിച്ചും ലെനിനെക്കുറിച്ചുമുള്ള പഠനം സഹായിച്ചുവെന്ന് 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിൽ നെഹ്റു കുറിച്ചിട്ടു. മാനവരാശിക്കുതന്നെ വലിയ കുതിപ്പാണ് റഷ്യൻ വിപ്ലവം സമ്മാനിച്ചതെന്നും അദ്ദേഹം വിലയിരുത്തി. 'വിശ്വചരിത്രാവലോകം' എന്ന പുസ്തകത്തിൽ സോവിയറ്റ് യൂണിയൻ നടപ്പാക്കിയ പഞ്ചവത്സരപദ്ധതികളെക്കുറിച്ച് വിശദമായി പരാമർശിക്കാനും നെഹ്റു തയ്യാറായി. ഇന്ത്യയും ലെനിനും തമ്മിലുള്ള ബന്ധം ചരിത്രത്തിന്റെ ഭാഗമാണ്. അത് മായ്ച്ചുകളയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിമതകർക്കൽ. ഇത് ചെയ്യുന്ന സംഘപരിവാറിനോട് ലെനിന്റെതന്നെ വാക്കുകൾ കടമെടുത്ത് പറയട്ടെ‐ 'മുതലാളിത്തത്തിന്റെ ജീർണതയാണ് ഫാസിസം'  ആ ജീർണതയുടെ പ്രകടനമാണ് ബെലോണിയയിലും സബ്രൂമിലും കണ്ടത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top