27 May Monday

വല്ലഭന് സ്റ്റാന്‍ഡിങ് കമ്മിറ്റിയും...

വെബ് ഡെസ്‌ക്‌Updated: Wednesday Jul 26, 2017

അടിക്കാനറിയുന്നവന്റെ കൈയില്‍ വടി കൊടുക്കണം, വല്ലഭന് പുല്ലും ആയുധം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ കേരളത്തിലെ ബിജെപിക്കാരെ ഉദ്ദേശിച്ചുള്ളതാണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. തിരുവനന്തപുരം, പാലക്കാട് നഗരസഭകളിലുള്ള സ്വാധീനം വച്ച് ബിജെപിക്കാര്‍ കൊയ്ത കോടികളുടെ കണക്കുകണ്ടാല്‍ ന്യായമായും അങ്ങനെ തോന്നിപ്പോകും. പാറപ്പുറത്തുകെട്ടിയാലും പച്ചില തിന്ന് വയറുനിറയ്ക്കുന്ന ആടുകളെ പ്പോലെയാണവര്‍ എന്നാണ് നേതാക്കളുടെ അഴിമതിയില്‍ മനംനൊന്ത് പാര്‍ടി വിട്ട ഒരു ബിജെപി നേതാവ് പരിഹസിച്ചത്. അഴിമതി നടത്താന്‍ എന്തിന് രാജ്യഭരണം, ഒരു കൊച്ചു നഗരസഭ ഭരണമോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനമോ മതിയെന്ന പാഠം ബിജെപിക്കാര്‍ പറഞ്ഞുതരും.

അമിത്ഷായുടെ ആഹ്വാനവും അണികളുടെ ചെയ്തിയും
കേരളം പിടിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കൂ...എന്ന് കേരളത്തില്‍ വന്ന് ബിജെപി നേതാക്കളോട് ആഹ്വാനംചെയ്തത് സാക്ഷാല്‍ അമിത് ഷാ. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കോര്‍പറേഷനില്‍ മെലിഞ്ഞുണങ്ങുകയും പലേടത്തും യുഡിഎഫ് വോട്ട് മറിക്കുകയും ചെയ്തതിനെതുടര്‍ന്ന് 2015ല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബിജെപിക്കായി. ആ വകയില്‍ ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഒന്നിന്റെ ചെയര്‍മാന്‍ പദവി കിട്ടി. നികുതി അപ്പീല്‍ സ്ഥിരംസമിതി. അഴിമതി നടത്താന്‍ ഏറ്റവും കുറഞ്ഞ സാധ്യത. പക്ഷേ, ബിജെപിക്ക് അത് മതിയായിരുന്നു.

ഭരണം കിട്ടിയില്ലെങ്കിലും കൈയിട്ടുവാരലിന് ഒരു കുറവുമുണ്ടായില്ല. ടെക്നോപാര്‍ക്കിലെ തേജസ്വിനി എന്ന ഒരു കെട്ടിടത്തിനുമാത്രം നികുതിയിളവ് നല്‍കിയതിലൂടെ നഗരസഭയ്ക്ക് നഷ്ടം അഞ്ചുകോടി. ബിജെപിക്ക് കിട്ടിയത് 'ന്യായമായ' 20 ശതമാനം കമീഷന്‍. അങ്ങനെ കിട്ടിയ ഒരുകോടിയെച്ചൊല്ലി ജില്ലാ നേതാക്കളില്‍ അടികലശല്‍ മൂത്തു.

കൊള്ളമുതല്‍ പങ്കുവയ്ക്കുമ്പോള്‍
രണ്ടാഴ്ചമുമ്പ് ചേര്‍ന്ന ബിജെപി ജില്ലാ കോര്‍കമ്മിറ്റിയോഗത്തില്‍ അഴിമതിക്കഥകള്‍ നിരത്തി വി മുരളീധരന്‍പക്ഷവും പി കെ കൃഷ്ണദാസ് പക്ഷവും തമ്മിലടിച്ചു. തൊണ്ടിമുതല്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ദൃക്സാക്ഷി. കിട്ടിയ കോഴയില്‍ 88 ലക്ഷവും ജില്ലയിലെ പ്രമുഖന്‍ മുക്കിയതിനെച്ചൊല്ലിയാണ് അടി. അഴിമതിക്കെതിരെയുള്ള ധാര്‍മികരോഷമല്ല അവിടെ കണ്ടത്; കള്ളമുതല്‍ പങ്കുവയ്ക്കുമ്പോഴുള്ള അത്യാര്‍ത്തിമാത്രം.
കൃഷ്ണദാസ് പക്ഷക്കാരനായ ജില്ലയിലെ പ്രധാന നേതാവിനെയാണ് മുരളീധരന്‍പക്ഷം ആഞ്ഞുകൊത്തിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയെക്കൊണ്ട് അഴിമതി നടത്തിച്ചത് ഈ നേതാവാണെന്നായിരുന്നു ആരോപണം. 88 ലക്ഷം രൂപ ഇയാള്‍ കൊണ്ടുപോയെന്ന് ആരോപണവിധേയരില്‍ ചിലര്‍. തനിക്ക് 25,000 രൂപയും ഭര്‍ത്താവിന് രണ്ടു കുപ്പി മദ്യവും മാത്രമാണ് കിട്ടിയതെന്ന് ഒരു വനിതാ നേതാവ്. ഈ അഴിമതി അന്വേഷിക്കാനും കമീഷനെ നിയമിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കി. ഇതുകൂടി ചര്‍ച്ചചെയ്യാന്‍ കോര്‍കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മെഡിക്കല്‍ കുംഭകോണം.

കൈനറ്റിക് ഹോണ്ട പണ്ട്, ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റ
കോര്‍പറേഷനിലെ അഴിമതിയോടൊപ്പം മെഡിക്കല്‍ കോളേജ് കുംഭകോണത്തെക്കുറിച്ചും ഈ യോഗത്തില്‍ ഉന്നയിച്ച ഒരു യുവ സംസ്ഥാന നേതാവുണ്ട്. ഒരു കൈനറ്റിക് ഹോണ്ടയില്‍ രാഷ്ട്രീയയാത്ര തുടങ്ങിയ നേതാവിന് ഇപ്പോള്‍ തലസ്ഥാനനഗരത്തില്‍ എട്ടുസെന്റ് സ്ഥലവും ബംഗ്ളാവും. ഇതിന് ചുരുങ്ങിയ മാര്‍ക്കറ്റ് വില മൂന്നുകോടി വരും. കൂടാതെ, ഇന്നോവ ക്രിസ്റ്റ കാറും. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളതിനേക്കാള്‍ ആസ്തിയില്‍ 64 ലക്ഷം രൂപ വര്‍ധിച്ചു അഞ്ചുവര്‍ഷത്തിനുശേഷം നെടുമങ്ങാട്ട് മത്സരിച്ചപ്പോള്‍. ബിജെപി സംസ്ഥാന വക്താവ് എന്നതില്‍ കവിഞ്ഞ് കൂടുതല്‍ ഒരു വരുമാനവുമില്ല ഈ നേതാവിനെന്ന് മുരളീധരന്‍ പക്ഷം.

പാലക്കാട് നഗരസഭയില്‍ അഴിമതിയുടെ ചൂടുകാറ്റ്
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ടെ കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതാണ്. തൊടുന്നിടത്തെല്ലാം കൈയിട്ടുവാരുന്ന  നഗരസഭാ ഭരണക്കാരുടെ  അഴിമതിയുടെ പേരില്‍ നേതാക്കളുടെ തമ്മിലടി നിയന്ത്രിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. കോണ്‍ഗ്രസിലെ ചിലരുമായി ചേര്‍ന്ന് ഭരണത്തിലെ പ്രമുഖര്‍ നടത്തുന്ന അഴിമതി പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന നേതൃത്വത്തിന് ഇടപെടാനാകുന്നില്ല.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചുറ്റുമതില്‍ പൊളിച്ച് സ്വകാര്യവ്യക്തിയുടെ സ്ഥാപനത്തിന് ഗുണം ഉണ്ടാക്കിക്കൊടുത്ത വിഷയം ബിജെപിക്കാര്‍തന്നെയാണ് പുറത്തുകൊണ്ടുവന്നത്. ബിജെപി സംസ്ഥാന സെക്രട്ടറികൂടിയായ വൈസ് ചെയര്‍മാനെയും നിലവിലെ നഗരസഭ അധ്യക്ഷനെയും പരോക്ഷമായി ലക്ഷ്യമിട്ടുള്ള ആരോപണം ഉന്നയിച്ചത് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ എന്‍ ശിവരാജനാണ്.

ഈ വിഷയത്തില്‍ പത്തുലക്ഷം രൂപയുടെ അഴിമതി ആരോപണവും ഉയര്‍ന്നു. വിഷയം ഉന്നയിച്ച കൌണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്കനടപടിക്ക് തയ്യാറെടുക്കുകയാണ് നേതൃത്വം. ഈ ആരോപണം നിലനില്‍ക്കെയാണ് മൂത്താന്തറയില്‍ രണ്ടര ഏക്കര്‍ കുളം ഉള്‍പ്പെടെ 12.5 ഏക്കര്‍ നികത്തിയതും നഗരത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.

എന്താണ് തേജസ്വിനി തട്ടിപ്പ്? 
നികുതി-അപ്പീല്‍ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായ സിമി ജ്യോതിഷ് നഗരസഭ സെക്രട്ടറിയുടെയും കൌണ്‍സിലിന്റെയും അനുമതി ഇല്ലാതെ തേജസ്വിനി കെട്ടിടത്തിന് നികുതി ഇളവ് നല്‍കിയതുമൂലം നഗരസഭയ്ക്ക് 4.92 കോടി രൂപ നഷ്ടം വന്നതായി തെളിഞ്ഞിട്ടുണ്ട്. നഗരസഭയിലെ അഴിമതി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോര്‍പറേഷന്‍ കൌണ്‍സില്‍ തീരുമാനിച്ചു. തേജസ്വിനിക്കുമാത്രമല്ല, നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കും ഈവിധം നികുതിയിളവ് നല്‍കിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. നികുതി- അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ ഈ കാലയളവില്‍ തീര്‍പ്പുകല്‍പ്പിച്ച ഏതാണ്ട് 170 പരാതി പരിശോധിച്ചുവരികയാണ്.

78,830 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള തേജസ്വിനി കെട്ടിടത്തിന്റെ വാര്‍ഷികമൂല്യം കണക്കാക്കി 18 ശതമാനം നിരക്കില്‍ നികുതി നല്‍കണമെന്ന സെക്രട്ടറിയുടെയും മുന്‍ കൌണ്‍സിലിന്റെയും ഉത്തരവ് മറികടന്ന് ആറുശതമാനമാക്കി കുറച്ചുനല്‍കി. ഈ ഇടപാടുകളിലൂടെ ലക്ഷങ്ങളുടെ കൈക്കൂലിയാണ് ബിജെപി കൌണ്‍സിലര്‍മാരുടെയും ജില്ലാ നേതാക്കളുടെയും കീശയിലെത്തിയത്.  സിമി ജ്യോതിഷ് അധ്യക്ഷയായശേഷമെടുത്ത 117 നടപടിയും പരിശോധിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
# 18 ശതമാനം നികുതി അടിസ്ഥാനമാക്കി തേജസ്വിനി കെട്ടിടം ഒടുക്കേണ്ട കുടിശ്ശിക 7.38 കോടി രൂപ.
# ആറുശതമാനമാക്കി ചുരുക്കിയപ്പോള്‍ ഒടുക്കേണ്ട കുടിശ്ശിക 2.46 കോടി രൂപ.
# നഗരസഭയ്ക്ക് നഷ്ടം 4,92,63,960 കോടി രൂപ.
 

തയ്യാറാക്കിയത് 
എം രഘുനാഥ്    എന്‍ എസ് സജിത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top