26 April Friday
കോഴത്താമര-2

വിശ്വാസം മറ, കുമ്മനത്തിന് വിദ്യാഭ്യാസം കച്ചവടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

പത്തനംതിട്ട വിജയാനന്ദ ആശ്രമത്തിലെ സ്വാമിനി മാതാ ഗുരുപൂര്‍ണിമ തുടങ്ങിയതാണ് ആറന്മുള വിജയാനന്ദ വിദ്യാപീഠം ഇംഗ്ളീഷ് മീഡിയം സ്കൂള്‍. സ്വാമിനിയടക്കം ഏഴുപേരുള്ള ട്രസ്റ്റിനായിരുന്നു ഭരണച്ചുമതല. സ്കൂളിന് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ഭാരതീയ വിദ്യാനികേതനില്‍ അഫിലിയേഷന്‍ കിട്ടാന്‍ അപേക്ഷ നല്‍കി. അഫിലിയേഷന്‍ കിട്ടണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നായി നിബന്ധന. ആര്‍എസ്എസ് പ്രചാരക് എന്‍ ജി ഉണ്ണിക്കൃഷ്ണന്‍, പരേതനായ അജന്ത നാരായണന്‍നായര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് വിപുലീകരിച്ചു. പക്ഷേ, ട്രസ്റ്റ് ഇതിനിടയില്‍ സാമ്പത്തികപ്രതിസന്ധിയിലായി. ആശ്രമത്തിന് 3.60 കോടി രൂപയുടെ സാമ്പത്തികബാധ്യത വന്നു. സ്കൂള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രമുഖ മതസ്ഥാപനം പത്തുകോടി രൂപയുടെ ഓഫറുമായി എത്തി.

ഹെറിറ്റേജ് ട്രസ്റ്റിന്റെ ഉദയം
കച്ചവടം ഉറപ്പിക്കുന്ന ഘട്ടമെത്തി. അപ്പോഴാണ് ഹിന്ദുത്വ കാര്‍ഡുയര്‍ത്തി കുമ്മനം രാജശേഖരന്റെ രംഗപ്രവേശം. ഹിന്ദുസ്ഥാപനം അന്യമതസ്ഥര്‍ക്ക് വില്‍ക്കരുതെന്ന പ്രചാരണം ശക്തമാക്കി. ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തിനെന്ന പേരിലാണ് എത്തിയതെങ്കിലും ലക്ഷ്യം സ്കൂളായിരുന്നു. ഒരുഭാഗത്ത് വിമാനത്താവളവിരുദ്ധ സമരം ശക്തമാക്കവെ മറുഭാഗത്ത് സ്കൂള്‍ വിലയ്ക്കെടുക്കാനുള്ള പദ്ധതിയും ഊര്‍ജിതമാക്കി. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് പൊങ്ങിവന്നത് അങ്ങനെ. കുമ്മനം രക്ഷാധികാരിയായ ട്രസ്റ്റിലെ അംഗങ്ങള്‍ ചേര്‍ന്ന് മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച്, സ്കൂള്‍ കച്ചവടമാക്കുകയായിരുന്നു. ആറന്മുള ബാലാശ്രമം കേന്ദ്രീകരിച്ച് ഇതിനുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തി.

ധനസമാഹരണത്തിന് പല വമ്പന്മാരെയും സമീപിച്ചു. അവരുടെ പണം ഉപയോഗിച്ചാണ് സ്കൂള്‍ വാങ്ങിയതെന്ന് വരുത്താന്‍ വളഞ്ഞവഴിയും സ്വീകരിച്ചു. പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖനെ ബാലാശ്രമത്തിലേക്ക് വിളിച്ചുവരുത്തി. 50 ലക്ഷം രൂപ ചോദിച്ചു. ട്രസ്റ്റില്‍ അംഗമാക്കിയാല്‍ പണം നല്‍കാമെന്ന് പ്രമുഖന്‍ വാഗ്ദാനം ചെയ്തു. അങ്ങനെ 50 ലക്ഷം നല്‍കി. എന്നാല്‍, ട്രസ്റ്റില്‍ അംഗമാക്കിയില്ല. ഇയാള്‍ പരാതി നല്‍കുമെന്ന ഘട്ടമെത്തിയപ്പോള്‍ തുക തിരിച്ചുകൊടുത്ത് തടിയൂരി. ഇദ്ദേഹത്തിന്റെ സുഹൃത്തും 50 ലക്ഷം കൊടുക്കാന്‍ സന്നദ്ധനായിരുന്നു. ട്രസ്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്ന് വന്നതോടെ പിന്‍വാങ്ങി. എങ്കിലും ഇങ്ങനെ പലരില്‍നിന്നും കാശ് വാങ്ങി. സ്കൂള്‍ ഏറ്റെടുത്തു. ഏഴുപേരുടെ നിയന്ത്രണത്തിലാണ് സ്കൂള്‍. ഈ ഏഴുപേരുടെയും നിയന്ത്രണം സാക്ഷാല്‍ കുമ്മനത്തിന്.
അവിടെയും 5.60 കോടി ഇവിടെയും 5.60 കോടി

യാദൃച്ഛികമെന്ന് കരുതാം, സ്കൂള്‍ വിലയ്ക്കെടുത്തത് 5.60 കോടി രൂപയ്ക്ക്. ഈയിടെ വെളിപ്പെട്ട മെഡിക്കല്‍ കുംഭകോണത്തില്‍ വര്‍ക്കലയിലെ ഷാജി കൊടുത്തതും 5.60 കോടി. ഹിന്ദുത്വ കാര്‍ഡിറക്കിയപ്പോള്‍ പത്തുകോടിയുടെ സ്വത്ത് ആശ്രമം മാനേജ്മെന്റിന് 5.60 കോടിക്ക് വില്‍ക്കേണ്ടിവന്നു. ഈ 5.60 കോടി രൂപ ഏതെല്ലാം വഴിക്ക് എത്തിയെന്നതാണ് കൂടുതല്‍ ദുരൂഹം. ആറന്മുള വിമാനത്താവളസമരത്തിന്റെ പിന്നാമ്പുറകഥകളും ധനസമാഹരണത്തിലുണ്ട്.

കുമ്മനം സംസ്ഥാന പ്രസിഡന്റാകുന്നത് ബിജെപിയുടെ തകര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിലാണ്. ബിജെപിയുടെ സഖ്യകക്ഷി നേതാവുകൂടിയായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്, ഇപ്പോഴത്തെ തര്‍ക്കം കാശ് കിട്ടാത്തവരും കിട്ടിയവരും തമ്മിലുള്ള അടിയാണെന്നാണ്. കാശ് വാങ്ങാത്തവരും വാങ്ങുന്നവരും തമ്മിലുള്ള അടിയല്ലെന്നാണ് വെള്ളാപ്പള്ളി പ്രത്യേകം ഓര്‍മിപ്പിച്ചത്. ഈ അടി മൂത്ത സമയത്താണ് കുമ്മനത്തെ പ്രതിഷ്ഠിച്ചത്. ആ സമയത്ത് കുമ്മനം ബിജെപിയുടെ പ്രാഥമികാംഗംപോലുമല്ലായിരുന്നു. എന്നാല്‍, കുമ്മനം ആദ്യം പ്രതിഷ്ഠിച്ചത് ഇപ്പോള്‍ പുറത്താക്കിയ ആര്‍ എസ് വിനോദിനെ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന മാരാര്‍ജി മന്ദിരം തകര്‍ത്ത സംഭവത്തില്‍ പുറത്താക്കിയതാണ് വിനോദിനെ. ഇതിനുപുറമെ നിരവധി അഴിമതിയാരോപണങ്ങള്‍ നേരിട്ടയാളും. ഇപ്പോള്‍ സംഘടന ക്ളീന്‍ ഇമേജ് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുന്ന എം ടി രമേശിന്റെയും സ്വന്തം ആളാണ് വിനോദ്. വിനോദ് മാത്രമല്ല, സതീശ് നായരെ ഡല്‍ഹിയിലെ പിആര്‍ഒ ആക്കിയതും രാകേഷ് ശിവരാമനെ വലംകൈയായി കൊണ്ടുനടന്നതും കുമ്മനത്തിന്റെ നിഷ്കളങ്കത കൊണ്ടായിരുന്നില്ല. ജൂണ്‍ ആറിന് കിട്ടിയ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തെപ്പോലും അറിയിക്കാതെ ഒന്നരമാസത്തിലേറെ പൂഴ്ത്തിവച്ചതുതന്നെയാണ് യഥാര്‍ഥ സാഹചര്യത്തെളിവ്.

അഴിമതി നടത്താന്‍ ബിജെപിക്ക് രാജ്യഭരണമൊന്നും വേണമെന്നില്ല. കോര്‍പറേഷനിലെ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ഉപയോഗിച്ചുപോലും കോടികള്‍ കൊയ്യാമെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു. (അതേക്കുറിച്ച് നാളെ)

 'വിനോദ'യാത്രകള്‍
മെഡിക്കല്‍ കോളേജ് കുംഭകോണവുമായി ബന്ധപ്പെട്ട് ബിജെപി പുറത്താക്കിയ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിന്റെ പേര് ആദ്യമായല്ല പത്രങ്ങളില്‍ നിറയുന്നത്. ബിജെപി സംസ്ഥാന ഓഫീസില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചേക്കേറിയ വിനോദിന് പല ചുമതലകളുണ്ടായിരുന്നു.  ഇരുചക്രവാഹനമുള്ള വിനോദിന്റെ കൈവശമായിരുന്നു പത്രം ഓഫീസുകളിലേക്ക് പ്രസ്താവനകള്‍ കൊടുത്തുവിടുക. നേതാക്കളെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വിടുന്നതും വിനോദ്.
നേതാക്കളുമായി അടുപ്പം സ്ഥാപിച്ച വിനോദ് പതുക്കെ പ്രബലനായി. നേതാക്കളുടെ ഓരംപറ്റി പണമുണ്ടാക്കി. ഒപ്പം ആരോപണങ്ങളും നേരിട്ടു. സി കെ പത്മനാഭന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ വോട്ട് മറിച്ചതിന് കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് പത്തുലക്ഷം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നു. അന്ന് വിനോദിനെമാത്രം ബലിയാടാക്കി പ്രധാന നേതാക്കള്‍ രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് കോഴവിഷയത്തിലും വിനോദിനെ പുറത്താക്കിയത്് കുമ്മനം അടക്കമുള്ള മറ്റ് നേതാക്കളെ വെള്ളപൂശാനാണ്.

കെ രാമന്‍പിള്ള പ്രസിഡന്റായിരിക്കെയാണ് സാമ്പത്തിക ക്രമക്കേടിന് വിനോദിനെ പുറത്താക്കിയത്. ഇത് എതിര്‍വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല. കുറെക്കാലം പുറത്തുനിന്ന വിനോദ് രാമന്‍പിള്ള പുറത്തായതോടെ  തിരിച്ചെത്തി. ഗ്രൂപ്പുവഴക്കിന്റെ പേരില്‍ ബിജെപി ഓഫീസ് തകര്‍ത്തതിന് പിന്നെയും പുറത്താക്കി. എന്നാല്‍, പൊന്മുട്ടയിടുന്ന ഈ അഴിമതിത്താറാവിനെ കൂട്ടില്‍ കയറ്റാന്‍ കുമ്മനമടക്കം മുന്നില്‍നിന്നു. വിനോദ് സഹകരണ സെല്ലിന്റെ സംസ്ഥാന കണ്‍വീനറുമായി.

വിനോദിനെ മുന്നില്‍നിര്‍ത്തി കള്ള ഇടപാടുകള്‍ നടത്തി പണം സമ്പാദിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു കുമ്മനത്തിന്റെ അനുയായികള്‍ക്ക്. തിരുവനന്തപുരത്ത് സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ പണിയാനടക്കം ഈ തുക ഉപയോഗിക്കാനും നീക്കമുണ്ടായി. വിനോദിന് സംസ്ഥാന നേതാക്കള്‍വഴി ചില കേന്ദ്ര നേതാക്കളുമായും ബന്ധമുണ്ട്. ഇതുപയോഗിച്ചാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി സംഘടിപ്പിച്ചുകൊടുത്തത്. ഇതുവഴി വന്‍തുക വിനോദും ഉന്നതനേതാക്കളും സമാഹരിച്ചു. 

തയ്യാറാക്കിയത് :      എം രഘുനാഥ്    എന്‍ എസ് സജിത്

പ്രധാന വാർത്തകൾ
 Top