13 May Thursday

ബിജെപിയെ പിടിച്ചുകെട്ടിയ ജനവിധി - വി ബി പരമേശ്വരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തെ ഏറെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. കേരളത്തിൽ എൽഡിഎഫും (എൽഡിഎഫിന്‌ ലഭിക്കുന്ന ആദ്യ തുടർഭരണം) അസമിൽ ബിജെപിയും ഭരണം നിലനിർത്തിയപ്പോൾ തമിഴ്‌നാട്ടിൽ 10 വർഷത്തിനുശേഷം ഡിഎംകെ അധികാരത്തിൽ തിരിച്ചുവന്നു. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെക്ക്‌ ഭരണം നിലനിർത്താനായില്ല. ബിജെപി ബന്ധമാണ്‌ എഐഎഡിഎംകെക്ക്‌ വിനയായത്‌. പുതുച്ചേരിയിൽ കോൺഗ്രസിന്‌ ഭരണം നഷ്ടപ്പെടുകയും എൻഡിഎ ഭരണം പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാൽ, പശ്ചിമ ബംഗാൾ പിടിച്ചെടുക്കാനായി ആവനാഴിയിലെ എല്ലാ അസ്‌ത്രവും പ്രയോഗിച്ച ബിജെപിക്ക്‌ അധികാരത്തിന്റെ അടുത്തുപോലും എത്താനായില്ല.

ഈ തെരഞ്ഞെടുപ്പുഫലത്തിൽനിന്നും പലതും വായിച്ചെടുക്കാനാകും. അതിൽ ആദ്യത്തേത്‌ ബിജെപിയുടെയും പ്രധാനമന്ത്രി മോഡിയുടെയും പ്രതിച്ഛായക്ക്‌ കാര്യമായി മങ്ങലേറ്റുവെന്നതാണ്‌. ബംഗാളിലും കേരളത്തിലും അധികാരം പിടിക്കുമെന്നായിരുന്നു ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നത്‌. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ വേളയിൽ പോലും രോഗപ്രതിരോധ നടപടികൾക്കോ വാക്‌സിനേഷൻ ലഭ്യമാക്കാനോ ഒരു നടപടിയും കൈക്കൊള്ളാതെ പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും ബംഗാളിൽ തീവ്രമായ പ്രചാരണത്തിലായിരുന്നു. ജനാധിപത്യത്തെ വിൽപ്പനച്ചരക്കാക്കി മറ്റു പാർടികളിൽനിന്ന് നേതാക്കളെ പണം കൊടുത്തു വാങ്ങി പാർടി വളർത്താനാണ്‌ അമിത്‌ ഷായും കൂട്ടരും തയ്യാറായത്‌. വർഗീയ, ജാതി കാർഡും തരാതരം പോലെ ഇവർ ഇറക്കി. ബംഗ്ലാദേശ്‌ സന്ദർശനം പോലും തെരഞ്ഞെടുപ്പ്‌ പ്രചാരണവേദിയാക്കാൻ മോഡിക്ക്‌ മടിയുണ്ടായില്ല. പശ്ചിമ ബംഗാളിലെ പ്രബല വിഭാഗത്തിന്റെ ആരാധനാലയം മോഡി സന്ദർശിച്ചത്‌ ആ വിഭാഗത്തിന്റെ വോട്ടിൽ കണ്ണുനട്ടായിരുന്നു. 200 സീറ്റ്‌ നേടി അധികാരത്തിൽ വരുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ, അത്രയും സീറ്റ്‌ നേടി അധികാരത്തിൽ വന്നതാകട്ടെ മമത ബാനർജിയും. ലോക്‌സഭയിൽ ലഭിച്ചതിനേക്കാൾ 2.64 ശതമാനം വോട്ട്‌ ബിജെപിക്ക്‌ ബംഗാളിൽ കുറഞ്ഞു. ഇത്‌ തെളിയിക്കുന്നത്‌ മുമ്പെന്നപോലെ ബിജെപിയുടെ പ്രചാരണം ഏശുന്നില്ലെന്നാണ്‌.


 

ബംഗാളിലെ പോലെ തന്നെ കേരളത്തിലും അധികാരത്തിന്റെ കടിഞ്ഞാൺ പിടിക്കുമെന്ന പരിഹാസ്യമായ അവകാശവാദവുമായാണ്‌ ബിജെപി രംഗത്തുവന്നത്‌. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ 35 സീറ്റ്‌ കിട്ടിയാൽ സംസ്ഥാനം ഭരിക്കുമെന്നു പറഞ്ഞാണ്‌ ബിജെപി പ്രചാരണം തുടങ്ങിയത്‌. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നീട്ടിവച്ചത്‌. 35 സീറ്റ്‌ ലഭിച്ചാൽ രാജ്യസഭയിലേക്ക്‌ ഒരാളെ അയക്കാൻ കഴിയുമെന്നുപോലും ബിജെപി വ്യാമോഹം പ്രകടിപ്പിച്ചു. മോഡിയും അമിത്‌ ഷായും മാത്രമല്ല, കേന്ദ്ര ഏജൻസികളും സംസ്ഥാനത്ത്‌ ബിജെപിക്കായി പ്രചാരണം നടത്തി. പണക്കൊഴുപ്പാർന്ന പ്രചാരണമാണ്‌ ബിജെപി നടത്തിയത്‌. രണ്ട്‌ സീറ്റിൽ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രചാരണം ഹെലികോപ്‌റ്ററിലായിരുന്നു. കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണവും ഇവിടെ ഒഴുക്കി. ഈ പ്രചാരണ ഘോഷങ്ങളത്രയും നടത്തിയിട്ടും ഏക സിറ്റിങ് സീറ്റ്‌ നഷ്ടപ്പെട്ടു. കെ സുരേന്ദ്രൻ രണ്ട്‌ സീറ്റിലും തോറ്റു. മോഡി ശബരിമല വിഷയമുയർത്തി പ്രചാരണം നടത്തിയ കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. ബിജെപിക്ക്‌ സംസ്ഥാനത്ത്‌ നാലു ലക്ഷത്തിലധികം വോട്ടും കുറഞ്ഞു. 90 സീറ്റിലാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട്‌ കുറഞ്ഞത്‌. രണ്ടര ശതമാനത്തോളം വോട്ടിന്റെ ചോർച്ചയാണ്‌ ബിജെപിക്ക്‌ ഉണ്ടായത്‌. സ്വന്തം പാർടി സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്യാതെ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ മറിച്ച്‌, പണം വാങ്ങിയെന്ന ആരോപണവും ബിജെപി നേരിടുകയാണ്‌ ഇപ്പോൾ. ജനാധിപത്യത്തെ തീർത്തും കച്ചവടമാക്കിയ പാർടിയെന്ന പ്രതിച്ഛായയാണ്‌ ബിജെപിക്ക്‌ ഉള്ളത്‌. അസമിൽ ഭരണം നിലനിർത്താനായതും പുതുച്ചേരിയിൽ എൻആർ കോൺഗ്രസിന്റെ സഹായത്തോടെ അധികാരത്തിൽ വരാൻ കഴിഞ്ഞതും മാത്രമാണ്‌ ബിജെപിക്ക്‌ ആശ്വാസം പകരുന്നത്‌. 2018നു ശേഷം ബിജെപിക്ക്‌ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടി ലഭിച്ചതായി കാണാം.

ബദലാകാൻ കോൺഗ്രസിനാകില്ല
എന്നാൽ, ബിജെപിയുടെ ഈ തളർച്ച മുതലെടുത്ത്‌ ഒരു ദേശീയ പ്രതിരോധം തീർക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. നേരത്തെ അധികാരത്തിലിരുന്ന അസമിലും കേരളത്തിലും പുതുച്ചേരിയിലും അധികാരം പിടിക്കാൻ കോൺഗ്രസിനായില്ല. കേരളത്തിൽ രാഹുലും പ്രിയങ്കയും മറ്റും കൂടുതൽ സമയമെടുത്ത്‌ പ്രചാരണം നടത്തിയിട്ടും കോൺഗ്രസിന്‌ ഒരിഞ്ച്‌ മുന്നേറാൻ കഴിഞ്ഞില്ല. ബിജെപിയുമായുള്ള വോട്ട്‌ കച്ചവടവും കോൺഗ്രസിനെ സഹായിച്ചില്ല. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായതിനാൽ തമിഴ്‌നാട്ടിൽ ആശ്വസിക്കാമെന്ന്‌ മാത്രം. 1967ൽ തമിഴ്‌നാട്ടിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന്‌ പിന്നീട്‌ അത്‌ ഇന്നുവരെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഉത്തർപ്രദേശ്‌, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മൂന്നു പതിറ്റാണ്ടായി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്‌ കഴിഞ്ഞിട്ടില്ല. അതായത്‌ ബിജെപി വിരുദ്ധരാഷ്ട്രീയത്തിന്റെ, മതനിരപേക്ഷ ബദലിന്റെ കേന്ദ്രബിന്ദുവായി മാറാൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന്‌ കഴിയുന്നില്ല. കഴിയുകയുമില്ല.


 

ബിജെപിക്കും മോഡിക്കുമെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ നടത്തുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്നത്‌ പ്രാദേശിക കക്ഷികളാണ്‌. ബിജെപിയെ ആശയപരമായി നേരിടുന്നതിൽ ഏറ്റവും മുന്നിലുള്ളത്‌ ഇടതുപക്ഷമാണ്‌. കേരളത്തിലെ ഇടതുപക്ഷ തുടർഭരണത്തിന്‌ പ്രധാന കാരണങ്ങളിലൊന്ന് ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട നിലപാട്‌ തന്നെയാണ്‌. അതോടൊപ്പം ഫെഡറലിസം എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിലും ഇടതുപക്ഷം മുന്നിലാണ്‌. പല പ്രാദേശിക പാർടികളും ഇടതുപക്ഷത്തിന്റെ ഈ നയങ്ങളോട്‌ യോജിക്കുന്നുണ്ട്‌. ദ ഹിന്ദു ദിനപത്രം മെയ്‌ മൂന്നിന്‌ പ്രസിദ്ധീകരിച്ച മുഖപ്രസംഗം പറയുന്നത്‌ ‘മോഡിയുടെ കടുത്ത വിമർശകരായ തമിഴ്‌നാട്ടിലെ എം കെ സ്‌റ്റാലിനും കേരളത്തിലെ പിണറായി വിജയനും ബിജെപി രാഷ്ട്രീയത്തിന്‌ ഒരു ബദൽ മുന്നോട്ടുവയ്‌ക്കുന്നുണ്ട് എന്നാണ്‌.’ അതായത്‌ കേരളത്തിൽ ഇടതുപക്ഷത്തിന്റെയും തമിഴ്‌നാട്ടിൽ ഡിഎംകെയുടെയും വിജയം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ബദൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നർഥം. പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ (ജമ്മു കശ്‌മീരിൽ രാഷ്ട്രപതി ഭരണമാണ്‌) ഭരണം നടത്തുന്നത്‌ ബിജെപി ഇതര കക്ഷികളാണ്‌. ബിഹാറിലെ ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ ഭരണത്തിലില്ലെങ്കിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മുൻനിരയിലാണ്‌.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന ബിജെപിയുടെ തേരോട്ടത്തെ തടയാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്ക്‌ കഴിയുമെന്നുതന്നെയാണ്‌. ബിജെപി ഇതര മതനിരപേക്ഷ ജനാധിപത്യകക്ഷികളുടെ യോജിപ്പും സഹകരണവും ഉണ്ടാക്കുക എന്നതാണ്‌ പ്രധാന പ്രശ്‌നം.

അടിയന്തരാവസ്ഥയ്‌ക്കെതിരെയും ബൊഫോഴ്‌സ്‌ കുംഭകോണത്തിനെതിരെയും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക കക്ഷികളുടെ വൻ കൂട്ടായ്‌മ തന്നെ രൂപപ്പെട്ടിരുന്നു. അത്തരമൊരു രാഷ്ട്രീയ സാഹചര്യമാണ്‌ ഇപ്പോൾ ഇന്ത്യയിലുള്ളത്‌. കോവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ നരേന്ദ്ര മോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്‌. ഓക്‌സിജൻ കിട്ടാതെ നിത്യേനയെന്നോണം ആളുകൾ മരിച്ചുവീഴുന്നു. ‘എനിക്ക്‌ ശ്വാസംമുട്ടുന്നു’ എന്ന നിലവിളികളാണ്‌ രാജ്യമെങ്ങും ഉയരുന്നത്‌. സർക്കാരിന്റെ കുറ്റകരമായ ഈ അനാസ്ഥയ്‌ക്കെതിരെ രോഷം പുകയുകയാണ്‌. ഞായറാഴ്‌ച രാജ്യത്തെ 13 രാഷ്ട്രീയ പാർടികൾ കോവിഡ്‌ വിഷയത്തിൽ ഇറക്കിയ സംയുക്ത പ്രസ്‌താവന മോഡി സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയിലേക്കുള്ള ഒരു ചുവടുവയ്‌പാണ്‌. ഡൽഹിയിൽ മാസങ്ങളായി നീളുന്ന കർഷക പ്രക്ഷോഭവും പ്രതിപക്ഷ കക്ഷികൾക്ക്‌ കൂട്ടായ്‌മയുടെ വേദി നൽകുന്നുണ്ട്‌. ഏതായാലും ബിജെപിയുടെ തകർച്ചയ്‌ക്ക്‌ ആരംഭം കുറിച്ചിരിക്കുന്നുവെന്ന്‌ തെരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top