02 December Monday

നാലാം തൂണിൽനിന്ന്
 നെടുംതൂണിലേക്ക്

എമ്മോവിUpdated: Wednesday Nov 13, 2024

 

നാലാം തൂണ് എന്നൊക്കെ പറയുമെങ്കിലും യുഡിഎഫിന്റെയും ബിജെപിയുടെയും നെടുംതൂണാകാനുള്ള മത്സരത്തിലാണ് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളവർ. ചൊട്ടയിലെ ശീലം ചുടലവരെയെന്ന് പറഞ്ഞതുപോലെ ജന്മവൈകല്യം തൂത്താലും തുടച്ചാലും പോകില്ലെന്ന് വായനക്കാർക്കിടയിൽ ടോക്കുണ്ട്. കമ്യൂണിസ്റ്റ് എന്ന് കേട്ടാൽ ചുവപ്പ് കണ്ട കാളയെപ്പോലെയാണിവർ. തെരഞ്ഞെടുപ്പായാൽ ഈ കാളക്കുട്ടന്മാരുടെ അർമാദിക്കൽ പ്രവചനാതീതം. ഒരു കള്ളം മറ്റൊന്നിലേക്ക് പടരുക മാത്രമല്ല, കള്ളങ്ങളുടെ പെരുമഴക്കാലമായിരിക്കും. വിഷവൃക്ഷം എന്നൊരു ഓമനപ്പേര് നാട്ടിൽ പണ്ടേ ഉള്ളതുകൊണ്ട്  വിഷം ചീറ്റൽ നീണാൾ തുടരുന്നതിൽ അതീവ ശ്രദ്ധാലുക്കളുമാണ്. പടുകുഴിയിൽ വീണു കിടക്കുന്ന യുഡിഎഫിനെ കരകയറ്റാൻ എന്തെല്ലാം വേഷമാണിവർ കെട്ടേണ്ടത്. നാരദനായും മാരീചനായും വിമതനായും വേഷം കെട്ടുന്നവരുടെ പങ്കപ്പാട് പറഞ്ഞറിയിക്കാൻ പറ്റാതായെന്നാണ് കേൾവി.

പെട്ടിപ്പുറത്ത് കമന്നടിച്ച് വീണ് മൂക്കിലും വായിലും ചോര ചിന്തിയാലും ഒന്നുമില്ല, പെട്ടിയുമില്ല, ചട്ടിയുമില്ല, പെട്ടിയുടെ പിടിപോലും ഇല്ല. എല്ലാം കണ്ടുനിന്ന മാർക്സിസ്റ്റുകാരുടെ തോന്നൽമാത്രമെന്ന ആശ്വാസ വചനം വെണ്ടയ്‌ക്ക നിരത്താനുള്ള അപാര സാമർഥ്യം സമ്മതിച്ചേ പറ്റൂ. തെരഞ്ഞെടുപ്പ് ചെലവിനായി ആരോടെങ്കിലും കടം വാങ്ങി കൊണ്ടുവരുന്ന ഏതാനും കോടികളും വോട്ടർമാരെ സന്തോഷിപ്പിക്കാൻ കൊണ്ടുവരുന്ന ചില്ലറ സാധനങ്ങളും പിടിച്ചെടുക്കുന്നത് ഒട്ടും ശരിയല്ലെന്ന് നല്ല നിശ്ചയവും ഇവർക്കുണ്ട്. പ്രത്യേകിച്ച്  മഹാശുദ്ധൻമാർ മാത്രമുള്ള കോൺഗ്രസിനെക്കുറിച്ചുള്ള ആരോപണം എങ്ങനെ സഹിക്കാൻ പറ്റും. കള്ളത്തരത്തിന്റെ ലാഞ്ചനപോലും ഇല്ലാത്ത മാമ്പൂവുപോലെ തങ്കമാണ് കോൺഗ്രസ് സ്ഥാനാർഥി. യൂത്ത് പ്രസിഡന്റാകാനുള്ള തെരഞ്ഞെടുപ്പിൽ ആർഎസ്എസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിനേറെ ഡിവൈഎഫ്ഐക്കാരെയും അംഗങ്ങളാക്കി വോട്ട് ചെയ്യിപ്പിച്ച സമത്വ ഭാവനയുടെ അപ്പോസ്തലനാണ്. എന്നിട്ടും തികയാതെ വന്നപ്പോൾ നാട്ടുകാർക്കൊക്കെ ഐഡി കാർഡ് സ്വന്തമായി ഉണ്ടാക്കി സംഘടനയിൽ ഉൾപ്പെടുത്തിയ ആളെക്കുറിച്ച്‌ അപവാദം പറഞ്ഞാൽ എങ്ങനെ സഹിക്കും. കള്ളപ്പണം എങ്ങനെയിരിക്കുമെന്നുപോലും ഇവരാരും കണ്ടിട്ടില്ല. റെയ്ഡിൽ വീഴ്ച സംഭവിച്ചെന്ന് കലക്ടർ റിപ്പോർട്ട് നൽകിയതായി സ്വന്തം ലേഖകൻ സ്വപ്നം കണ്ടതിൽ തെറ്റ് പറയാൻ പറ്റില്ല. കലക്ടർ സ്വപ്നത്തിൽപ്പോലും അറിഞ്ഞിട്ടില്ലെങ്കിലും ലേഖകൻ കണ്ട സ്വപ്നം മുഖ്യ വാർത്തയാക്കി മാലോകരെ എങ്ങനെ അറിയിക്കാതിരിക്കും.


 

ധർമരാജൻ തനിക്ക് മാത്രമല്ല, ഷാഫിക്കും നാലുകോടി കൊടുത്തിട്ടുണ്ടെന്ന സുരേന്ദ്രന്റെ സാക്ഷ്യത്തെക്കുറിച്ച് മിണ്ടേണ്ട കാര്യമില്ല. അത് കടം വാങ്ങിയതാണെന്ന് പറയാൻ പറഞ്ഞിട്ടുള്ളതുകൊണ്ട് വാർത്ത കൊടുക്കേണ്ടതില്ലെന്നാണ് എഡിറ്റോറിയൽ തീരുമാനം. റെയ്ഡ് സംബന്ധിച്ച് അന്വേഷിച്ച സ്വന്തം ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തൽ മാലോകരെ അറിയിക്കാനും തീരുമാനിച്ചു. പെട്ടി ഹോട്ടലിൽ വന്നിട്ടില്ല. വ്യാജ ഐഡി കാർഡ് നിർമിച്ച കേസിലെ ഒന്നാം പ്രതി ഫെനി നൈനാൻ പാലക്കാട് അറിയുകപോലുമില്ല. സ്ഥാനാർഥിയും ഷാഫിയും ഉൾപ്പെടെയുള്ള നേതാക്കൾ ഒരേ ഹോട്ടലിലാണ് താമസം (അല്ലെന്ന് അവർക്കുമാത്രം അറിയുന്ന രഹസ്യം). ഹോട്ടലിൽ തെരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു. ഡിസിസി പ്രസിഡന്റ്‌ ഒന്നും അറിയാത്ത ശുദ്ധനായതുകൊണ്ട് യോഗത്തിലേക്ക് വിളിച്ചിട്ടില്ല. ഷാഫിയും ചാമക്കാലയും പൊലീസിനെ കണ്ട് ഓടിയതല്ല. നടക്കാൻ ഇറങ്ങിയതാണ്. വനിതാനേതാവിന്റെ മുറിയിൽ പുരുഷ പൊലീസ് അതിക്രമിച്ച് കയറി (വനിതാ പൊലീസാണ് പരിശോധിച്ചതെന്ന് പറയേണ്ടതില്ല). റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് കലക്ടർ റിപ്പോർട്ട് നൽകി (കലക്ടർ അറിയാതെ മെയിലിൽനിന്ന് സ്വയം പോയതാണ്) തുടങ്ങിയവയായിരുന്നു  പ്രധാന കണ്ടെത്തൽ.  തിരക്കഥ ആദിമധ്യാന്ത ബദ്ധമായതിനാൽ ഖണ്ഠശ കൊടുക്കാനും തീരുമാനമായി. അന്വേഷകരുടെ പേര് വിവരം വെളിപ്പെടുത്തേണ്ടെന്നും സ്ഥിരം പ്രയോഗങ്ങളായ സൂചന, കുരുക്ക്, ജാള്യം തുടങ്ങിയവ തരംപോലെ പ്രയോഗിക്കാമെന്ന ധാരണയിലാണ് കോളം നിറച്ചത്. വളർന്ന് പന്തലിച്ച വിഷവൃക്ഷത്തിൽ നിറയെ വിഷക്കായകളാണല്ലോ.

ആയുസ്സിന്റെ കണക്ക് പുസ്തകം 
പരതുന്നവർ
ഇടതുപക്ഷ ആയുസ്സിന്റെ കണക്ക് പുസ്തകം തേടി ചില സാഹിത്യ നായകർ ഇറങ്ങിയിട്ടുണ്ടെന്നാണ് കേൾവി. ഇടതുപക്ഷമെന്ന് കേൾക്കുമ്പോഴേ ചിരി വരുമെന്ന്  മലബാറിന്റെ ഉദ്യാനത്തിൽ കയറിയിരുന്ന് ഇവർ വീരസ്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ആയുസ്സ് ഒടുങ്ങിയതായും കഥയെഴുത്തിൽ അമ്പതാണ്ട് പിന്നിട്ട മഹാൻ കണ്ടെത്തിയിട്ടുണ്ട്. ഉദ്യാനം ഒരുക്കിയവരോടാണ് മൂപ്പർക്ക് പണ്ടേ കമ്പം. നാലാളെ കാണുമ്പോൾ ഇടതുപക്ഷത്തിനെയും പിണറായിയെയും നല്ലത് രണ്ട് പറഞ്ഞില്ലെങ്കിൽ മുമ്പേ മനഃസമാധാനം ഇല്ലാത്ത ആളാണ്. പിന്നെ അവരെക്കുറിച്ച് പറഞ്ഞാലേ മാധ്യമ അറ്റൻഷൻ കിട്ടൂവെന്നും നല്ല നിശ്ചയവുമുണ്ട്. പഴയ നേതാക്കളേ ഇടതുപക്ഷമായുള്ളൂ ഇപ്പോഴുള്ളവരൊന്നും അല്ലെന്ന് തോന്നുന്നത് അടിത്തൂൺ പറ്റിയിട്ട് പത്ത്പതിനഞ്ച് വർഷമായതിന്റെ ഭ്രമാത്മകതയായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. എന്തായാലും സ്വന്തം വിളക്കുമാടം തെളിക്കാൻ തീപ്പെട്ടി നൽകിയവരെ ഇരുട്ടത്തിരുത്തണമെന്ന് പറയുന്നവരുടെ മനസ്സുകാണാൻ എത്ര തിരശ്ശീല നീക്കേണ്ടി വരുമെന്നാണ് ജനങ്ങളുടെ സംശയം. ഇടതുപക്ഷമെന്ന് പറഞ്ഞ് നടക്കുന്ന സാഹിത്യകാരന്മാരെ കാണുന്നതേ മൂപ്പിലാന് ചതുർഥിയാണെന്നും ഉദ്യാനവേദിയിൽ പേർത്തും പേർത്തും പറഞ്ഞിട്ടുണ്ട്. ഇതുകേട്ട് ആമേൻ പറഞ്ഞിട്ടുണ്ട്  പ്രതിപക്ഷ നേതാവും. സാഹിത്യകാരന്മാരെ ചട്ടക്കൂട്ടിൽ തളയ്ക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് കോൺഗ്രസ് സാഹിത്യമേഖലയിൽ സംഘടന ഉണ്ടാക്കിയിട്ടില്ലത്രെ. എന്നാലും സംസ്കാര സാഹിതി എന്നൊക്കെപ്പറഞ്ഞ് ബാഗും തൂക്കി നടക്കുന്ന കുറച്ചാളുകളെ ഇങ്ങനെ പുച്ഛിക്കേണ്ടിയിരുന്നില്ലെന്ന് അടക്കം പറച്ചിൽ. താൻ പ്രതിപക്ഷ നേതാവായതിനു ശേഷമേ കേരളത്തിൽ കോൺഗ്രസുണ്ടായിട്ടുള്ളൂവെന്ന് ചിന്തിക്കുന്ന സതീശനുണ്ടോ സാഹിതിയെക്കുറിച്ചറിയുന്നു. ഇങ്ങനെയൊരു സംഘടന ഉണ്ടാക്കിയതായി വിദൂര ഓർമയിൽപ്പോലും ഇല്ലത്രെ. കൂടെയിരുന്ന സാഹിത്യ പുംഗവന്റെ എഴുത്തിന്റെ അമ്പതാണ്ട് ആഘോഷിച്ചത് കെപിസിസിയുടെ ഈ സംഘടനയായിരുന്നുവെന്നെങ്കിലും ഓർക്കണമായിരുന്നെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഉദ്യാനവേദിയിലെ ഇവരുടെ പരാക്രമം കണ്ട് കടൽ കടന്നെത്തിയ കന്നാലി കായലിൽ മുങ്ങി ചത്തതുപോലെയായെന്നാണ് നാട്ടിലെ ടോക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top