20 March Wednesday

അക്രമപാതയിൽ ബിജെപി

സു ബ്രത ചക്രവർ ത്തി Updated: Thursday Feb 15, 2018


ത്രിപുരയിലെ രാഷ്ട്രീയപ്രബുദ്ധരും ജനാധിപത്യവിശ്വാസികളുമായ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ട ബിജെപി, ഫെബ്രുവരി 18ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടർമാരെ ഭയവിഹ്വലരാക്കാനുള്ള ശ്രമത്തിലാണ്. സിപിഐ എമ്മിനെതിരെ ആക്രമണം സംഘടിപ്പിക്കുന്നതിന് സാമൂഹ്യവിരുദ്ധർക്ക് ബിജെപി അംഗത്വം നൽകിവരികയാണ്.  ഇതോടൊപ്പം പ്രകോപനപരമായ ഊഹാപോഹംപടർത്തിയും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച് ഇടതുപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്തിയും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  എന്നാൽ,ഈ പ്രകോപനങ്ങളിലൊന്നും വീഴാതെ ബിജെപിയുടെ ദുഷ്ടലാക്കിനെ ത്രിപുരയിലെ ജനം തള്ളിക്കളയുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രചാരണത്തിന് എത്തുന്ന ആയിരങ്ങൾ ഇതാണ് തെളിയിക്കുന്നത്. 

പരിഭ്രാന്തിയിലാഴ്ന്ന ബിജെപി നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വർധിച്ച തോതിൽ കൊടുങ്കാറ്റുപടക്കാരെ ബൈക്കുകളുമായി സംസ്ഥാനത്തേക്ക് ഇറക്കിയിരിക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പുചട്ടവും ലംഘിച്ച് ഈ 'ബൈക്കുവാലകൾ' മണ്ഡലങ്ങളിൽ മുഴുവൻ പൊടിപറത്തി ഉഴറുകയാണ്. എന്നാൽ, ജനങ്ങളുടെ മനസ്സിൽ ഒരു സ്വാധീനവും സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവർ പ്രത്യേകിച്ചും ത്രിപുരയിലെ ബിജെപി പ്രവർത്തകരുടെ വീട്ടിലാണ് താമസിക്കുന്നത്.

സംസ്ഥാനത്തെ സമാധാനം കാംക്ഷിക്കുന്ന ജനങ്ങളിൽ ഇത് വലിയ ആശങ്ക ഉണർത്തിയിട്ടുണ്ട്. ഉത്സവാന്തരീക്ഷത്തിൽ, തീർത്തും സമാധാനപരമായാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇതിന് ഭീഷണി ഉയർത്തുന്നതാണ് പുറത്തുനിന്നുള്ളവരുടെ വർധിച്ച വരവ്. ഇത്തരം ആൾക്കാരെ പുറത്താക്കാൻ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. 

ഇടതുമുന്നണിയുടെ 60 സ്ഥാനാർഥികളെയും ജനുവരി 24നുതന്നെ പ്രഖ്യാപിക്കാനായത് ആദ്യറൗണ്ട് പ്രചാരണത്തിൽ അവർക്ക് മുൻതൂക്കം ലഭിക്കുന്നതിന് കാരണമായി. ആ ഘട്ടത്തിൽ  പ്രതിപക്ഷക്യാമ്പിലാകട്ടെ ആഭ്യന്തരകലഹം തിമിർത്താടുകയായിരുന്നു. ഐപിഎഫ്ടി (പൻസിൾ) വിഭാഗവുമായി ബിജെപി അവസാനനിമിഷമാണ് സഖ്യത്തിലെത്തിയത്. ഐപിഎഫ്ടിക്ക് ഒമ്പത് സീറ്റാണ് ബിജെപി നൽകിയത്.  എന്നാൽ, പ്രത്യേക ത്വിപ്രലാൻഡ് എന്ന പ്രധാന ആവശ്യത്തിൽനിന്ന് ഐപിഎഫ്ടി പിൻവാങ്ങിയിട്ടുമില്ല. എന്നാൽ, ബിജെപി പറയുന്നത് സംസ്ഥാനത്തിന്റെ ഐക്യവുമായി ഒരു സന്ധിക്കും തയ്യാറല്ലെന്നാണ്. ഈ അവിശുദ്ധകൂട്ടുകെട്ട് കാരണം ഒരു ഭാഗത്ത് ബിജെപിയിൽതന്നെ സീറ്റുതർക്കം രൂക്ഷമായപ്പോൾ മറുഭാഗത്ത് ജനങ്ങളുടെ മനസ്സിൽ ഭയം സൃഷ്ടിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ സമാധാനപരമായ ജനാധിപത്യ അന്തരീക്ഷം പഴയപടി നിലനിൽക്കുമോ എന്ന സംശയമാണ് ജനങ്ങളിൽ ഉടലെടുത്തിട്ടുള്ളത്. വർഗീയശക്തികളും വിഘടനവാദശക്തികളും തമ്മിലുള്ള ഐക്യത്തെയാണ് ജനം ഭയപ്പെടുന്നത്. 

സീറ്റുതർക്കം തുടരവെ ബിജെപി സ്ഥാനാർഥികളുടെ പട്ടിക രണ്ടുഘട്ടങ്ങളിലായി ഡൽഹിയിൽനിന്നാണ് പുറത്തിറക്കിയത്. ജനുവരി 27ന് 44 പേരുടെയും ബാക്കി ഏഴുപേരുടെ ലിസ്റ്റ് ജനുവരി 28നും പുറത്തിറക്കി. സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെതന്നെ ആഗ്രഹിച്ച സീറ്റ് ലഭിക്കാത്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബാൽ ഭൗമിക് മത്സരത്തിൽനിന്ന് പിന്മാറി. ധർമനഗറിൽ മറ്റൊരു ബിജെപി നേതാവ് ടിങ്കു റോയ് കലാപക്കൊടി ഉയർത്തി. ഇവരുടെ ദേഷ്യം ശമിപ്പിക്കാനായി ഇരുവരെയും പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അതായത് ബിജെപി‐ ഐപിഎഫ്ടി സഖ്യം പാർടി സംഘടനയ്ക്ക് ക്ഷതമേൽപ്പിച്ചുവെന്ന് സാരം.   
നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിലേക്ക് പോയതിനാൽ കോൺഗ്രസിന്റെ അടിത്തറതന്നെ ഇളകി. ബിജെപിയിൽനിന്ന് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനെതുടർന്ന് പലരും കോൺഗ്രസിലേക്ക് തിരിച്ചുവരുന്നുമുണ്ട്. പത്ത് എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന് രണ്ടുപേർമാത്രമാണ് അവശേഷിച്ചിട്ടുള്ളത്.
ഇടതുമുന്നണിയുടെ വൻ റാലികളാണ് ത്രിപുരയിലെങ്ങും നടക്കുന്നത്.  സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ മണിക് സർക്കാർ, ബൃന്ദ കാരാട്ട്, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജൻ ധർ, ഗൗതം ദാസ്, അഗോരെ ദേബബർമ, തപൻസെൻ തുടങ്ങിയ നേതാക്കളാണ് റാലിയെ അഭിസംബോധനചെയ്യുന്നത്. ഇടതുമുന്നണി പ്രവർത്തകർ വീടുകയറിയുള്ള പ്രചാരണവും നടത്തുന്നു.

ഇടതുമുന്നണിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം വിജയിച്ചിട്ടില്ലെന്ന് ടിയുജെഎസും ഐഎൻപിടിയും എൻസിടിയും പ്രത്യേകം സ്ഥാനാർഥികളെ നിർത്തിയതിൽനിന്ന് മനസ്സിലാക്കാം. ഐഎൻപിടി എൻസിടിയുമായി ചേർന്ന് സഖ്യം രൂപീകരിക്കുകയും 14 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഐപിഎഫ്ടി (ത്രിപാഹ) വിഭാഗവും മത്സരരംഗത്തുണ്ട്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top