23 April Tuesday

കാവിയുടെ 'ധര്‍മ'കോഴ

കോടിയേരി ബാലകൃഷ്ണന്‍Updated: Friday Jul 28, 2017

മുസ്ളിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എതിരെയുള്ള ആക്രമണപീഡനങ്ങളാല്‍ കുപ്രസിദ്ധമാണ് സംഘപരിവാര്‍. സ്വതന്ത്രഭാരതവും അതിന്റെ ഭരണഘടനയും ഉറപ്പുനല്‍കുന്ന ജീവശ്വാസങ്ങളായ മതേതരത്വവും പൌരസ്വാതന്ത്യ്രവും സംഘപരിവാറിന്റെ കഠാരയും ത്രിശൂലവും ആഞ്ഞിറങ്ങി പിടയുകയാണ്. ഈ ദേശീയ ദുരന്തത്തിനിടയിലും ബിജെപിയുടെ അഴിമതിക്കറയും മറനീക്കുകയാണ്. ഭരണം കിട്ടിയാല്‍ അത് കേന്ദ്രത്തിലാകട്ടെ, സംസ്ഥാനത്തിലാകട്ടെ, അല്ലെങ്കില്‍ പ്രാദേശികതലത്തിലാകട്ടെ- ഇവിടങ്ങളിലെല്ലാം സ്വന്തം കീശവീര്‍പ്പിക്കുകയെന്നതാണ് ബിജെപി- ആര്‍എസ്എസ് സ്വഭാവം. ശവപ്പെട്ടി കുംഭകോണംമുതല്‍ വ്യാപം തട്ടിപ്പുവരെയുള്ള സംഭവങ്ങള്‍ അത് ബോധ്യപ്പെടുത്തുന്നു. അതിനെ കൂടുതല്‍ സാധൂകരിക്കുന്നതാണ് കേരളത്തില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന ബിജെപിയുമായി ബന്ധപ്പെട്ട വന്‍ കോഴ ഇടപാടുകള്‍. ചോരപറ്റിയ ത്രിശൂലം അഴിമതിക്കറയില്‍ മുങ്ങിയിരിക്കുന്നു. 'സനാതനി'കളുടെ നാറുന്ന 'ധര്‍മ'കോഴ ഇടപാടുകളുടെ പുതുവിവരങ്ങള്‍ ദിനംപ്രതി പുറത്തുവരികയാണ്.

ആദ്യം വന്നത് മെഡിക്കല്‍ കോളേജ് കോഴയിടപാടുമാത്രമായിരുന്നു. വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ വാര്‍ഷിക അംഗീകാരം കിട്ടാന്‍ ആദ്യഗഡുവായി 5.60 കോടി രൂപ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിന് നല്‍കിയെന്ന് ബിജെപി സംസ്ഥാനകമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ പണം ഡല്‍ഹിയിലെത്തിയത് കുഴല്‍പ്പണം വഴിയാണ്. ഇതില്‍  പാര്‍ടി സംസ്ഥാന അധ്യക്ഷന്റെ ഡല്‍ഹി പ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നും ബിജെപി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. മെഡിക്കല്‍ കോഴ ഇടപാട് പുറത്തുവന്നതിനെതുടര്‍ന്ന് അണക്കെട്ടിലെ ഒരു കല്ല് ഇളകുമ്പോഴുള്ള അനുഭവമാണ് ഉണ്ടായിരിക്കുന്നത്. ഒരു കല്ല് ഇളകിയാല്‍ മറ്റു കല്ലുകളെ മറിച്ചിട്ട് വെള്ളം കുതിച്ച് പാഞ്ഞുവരുന്നതുപോലെ അഴിമതിയുടെ അഴുക്കുവെള്ളം പൊട്ടി പ്രവഹിക്കുകയാണ്.

സൈന്യത്തില്‍ ചേര്‍ക്കാന്‍ ആര്‍എസ്എസുകാരില്‍നിന്ന് കോഴ വാങ്ങിയതിന് ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്ത സംഭവം പുറത്തുവന്നു. മലബാറിലെ അഞ്ചു ജില്ലകളുടെ ചുമതലക്കാരനായ മേഖല സെക്രട്ടറി എം പി രാജനെതിരെ കുറ്റ്യാടി പൊലീസാണ് കേസെടുത്തത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി സംഘപരിവാറിനുള്ളില്‍തന്നെ ആക്ഷേപമുണ്ടായി. അതേത്തുടര്‍ന്ന് തട്ടിപ്പ് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിര്‍ദേശം നല്‍കി. അതുപ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍വകുപ്പ് സെക്രട്ടറി രണ്ടംഗസംഘത്തെ നിയോഗിച്ചിരിക്കയാണ്. മനോരോഗികള്‍ക്കുള്‍പ്പെടെ വിലകുറച്ച് മരുന്നുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണ് ജന്‍ഔഷധി പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തുറന്ന മരുന്നുകടകള്‍ അനുവദിച്ചതിലടക്കമാണ് കോഴ ഇടപാട് നടന്നത്.

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ ഓരോരുത്തര്‍ക്കുമായി ഒരുകോടി രൂപവരെ  കേന്ദ്രനേതൃത്വം നല്‍കിയെന്നും അതിലൊരു പങ്ക് ഇവിടത്തെ നേതാക്കള്‍ മുക്കിയെന്നുമാണ് ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന മറ്റൊരു അഴിമതി ആക്ഷേപം. തൊഴില്‍മേള, ജലസംരക്ഷണം തുടങ്ങി കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ നടത്തിവരുന്ന പരിപാടികളിലും വന്‍ തട്ടിപ്പും വെട്ടിപ്പും ഉണ്ടായിരിക്കുന്നു. വ്യാജരസീത് ഉപയോഗിച്ച് വന്‍ പണപ്പിരിവ്, സഹകരണ നിയമനത്തില്‍ അഴിമതി ഇങ്ങനെ ആക്ഷേപങ്ങള്‍ നിരവധി. ഇതേപ്പറ്റിയെല്ലാം ബിജെപിക്കുള്ളില്‍ അന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമവാര്‍ത്തകള്‍. ഈ കൂട്ടകുംഭകോണം ബിജെപിയുടെ തനിനിറം നാടിനെ ബോധ്യപ്പെടുത്തുന്നു. കള്ളനോട്ടടിച്ച് അഴിക്കുള്ളിലായ സംഘപരിവാര്‍ നേതാക്കളും കേരളത്തിലുണ്ട്. തൃശൂര്‍ ജില്ലയിലെ മതിലകത്ത് ബിജെപി നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടും കമ്മട്ടവും മഷിയും പേപ്പറും പൊലീസ് പിടിച്ചില്ലേ. ബിജെപി കയ്പമംഗലം നിയോജകമണ്ഡലം നേതാവ് രാജീവ് ഉള്‍പ്പെടെ അരഡസന്‍ സംഘപരിവാര്‍ കേസരികള്‍ കള്ളനോട്ടടിച്ചതിന് ജയിലിലാണ്. അഴിമതിപ്പണം കിട്ടിയവനും കിട്ടാത്തവനും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ ബിജെപിയില്‍ നടക്കുന്നതെന്ന്, അവരുമായി അടുത്ത ബന്ധമുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് തള്ളിക്കളയേണ്ട. മെഡിക്കല്‍  കോളേജ് കോഴ സംസ്ഥാനത്തുമാത്രം ആസൂത്രണം ചെയ്തത് 500 കോടി വരുന്ന സംഖ്യയുടേതാണെന്നാണ് വാര്‍ത്തകള്‍. അപ്പോള്‍, ഈ കൊള്ളയുടെ ദേശീയ വ്യാപ്തി എത്ര വലുതായിരിക്കും. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ഏര്‍പ്പെടുത്തേണ്ട അഴിമതിയാണിത്. കേരളത്തില്‍ പുറത്തുവന്നത് വലിയൊരു മഞ്ഞുമലയുടെ ഒരറ്റംമാത്രമാണ്.

കോണ്‍ഗ്രസ് നയിച്ച രണ്ടാം മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ അഴിമതിയും കുംഭകോണവുമാണ് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരം ലഭിക്കാന്‍ വഴിതുറന്നത്. 2ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി തുടങ്ങിയ വന്‍ അഴിമതികളില്‍മാത്രമായി അതൊതുങ്ങിയിരുന്നില്ല. കോണ്‍ഗ്രസ് എന്നത് ഒരു ജീര്‍ണ അഴിമതി പാര്‍ടിയായി. അതിന് പകരംവയ്ക്കാന്‍ സംശുദ്ധഭരണം വാഗ്ദാനം ചെയ്ത് അധികാരമേറ്റ ബിജെപിയുടെ നരേന്ദ്ര മോഡി ഭരണത്തിലാകട്ടെ അഴിമതി കൊടികുത്തിവാഴുന്നുവെന്നാണ് കേരളത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്ന സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നത്. സംസ്ഥാനഭരണമില്ലാത്ത ഇടങ്ങളില്‍ ഇങ്ങനെയാണെങ്കില്‍ സംസ്ഥാനഭരണംകൂടി കൈയാളുന്ന സ്ഥലങ്ങളിലെ അഴിമതി എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിയമസഭയില്‍ ഒരു എംഎല്‍എയെ കിട്ടിയപ്പോള്‍ അഴിമതിയുടെ വ്യാപ്തി ഇങ്ങനെയെങ്കില്‍ എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ചിരുന്നെങ്കില്‍ എന്തായേനെ. അഴിമതിക്കെതിരായ മോഡിയുടെ ഉഗ്രന്‍ വായ്ത്താരികള്‍ പൊള്ളയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്, കേരളസംഭവങ്ങളോട് കേന്ദ്ര സര്‍ക്കാരും ബിജെപി കേന്ദ്ര നേതൃത്വവും കാട്ടുന്ന മൃദുസമീപനം.

വ്യക്തി അധിഷ്ഠിത തട്ടിപ്പെന്നാണ് ഇപ്പോഴത്തെ സംഭവങ്ങളെ വിലയിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിശദീകരണം. ഇത് ശരിവച്ചാല്‍ 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്- ആദര്‍ശ് തട്ടിപ്പുകള്‍ തുടങ്ങിയ അഴിമതിക്കേസുകളിലും മന്‍മോഹന്‍സിങ്-സോണിയാഗാന്ധി എന്നിവരുടെ വാദങ്ങള്‍ അംഗീകരിക്കേണ്ടിവരും. പാര്‍ടിക്ക് ബന്ധമില്ല, ചില വ്യക്തികള്‍ക്കാണ് പങ്കാളിത്തമെന്നാണ് അവരും വിശദീകരിച്ചിരുന്നത്. ബിജെപി നേതാക്കളെയും കേന്ദ്ര ഭരണത്തെയും വിശ്വസിച്ചാണ് കോടികള്‍ കോഴയായി നല്‍കിയിട്ടുള്ളത്. രാഷ്ട്രീയത്തിലെ കപടവേഷങ്ങളെ ഇല്ലാതാക്കാനും അഴിമതിയെയും ജീര്‍ണതയെയും കഴുകി വൃത്തിയാക്കാനുമുള്ള ഭഗീരഥയത്നമാണ് നോട്ട് അസാധുവാക്കലടക്കമുള്ള ഭരണനടപടികളിലൂടെ തന്റെ സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി മോഡി അവകാശപ്പെട്ടത്. അങ്ങനെയെങ്കില്‍ കേന്ദ്ര ഭരണവുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെടുന്ന അഴിമതികളാണ് കേരളത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇതിലെ പ്രധാനികളെ എന്തുകൊണ്ട് നിയമം കൈവയ്ക്കുന്നില്ല? 'എന്‍പിള്ള പൊന്‍പിള്ള' എന്ന നയമാണ് കുമ്മനം രാജശേഖരാദികളോട് മോഡി സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അത് നിയമപരമായി ബാധ്യസ്ഥമായ നടപടിയാണ്. വിജിലന്‍സ് അന്വേഷണത്തെ ചില ബിജെപി നേതാക്കള്‍ ചോദ്യംചെയ്യുന്നതായി കണ്ടു. അഴിമതിനിരോധന നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകള്‍പ്രകാരം ഒരു സ്വകാര്യവ്യക്തി അധികാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന കുറ്റകൃത്യത്തിന് വിജിലന്‍സ് കേസെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്. ഈ വിഷയത്തില്‍തന്നെ ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര സര്‍ക്കാരും അനങ്ങാത്തത് പ്രതികള്‍ കേന്ദ്ര ഭരണകക്ഷിയിലെ  ചെറുതും വലുതുമായ സ്രാവുകളായതിനാലാണ്.  മെഡിക്കല്‍ കോളേജ് അഴിമതി, ജന്‍ഔഷധി തട്ടിപ്പ്, സൈന്യത്തില്‍ ആളെ ചേര്‍ക്കല്‍ അഴിമതി- തുടങ്ങിയ വിഷയങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാരിന് നേരിട്ടിടപെടാനും നടപടിയെടുക്കാനും നിയമപരമായ ബാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. അതിന് കാരണം ഇപ്പോഴത്തെ അഴിമതികള്‍ പലതും അന്വേഷിച്ചാല്‍ മേല്‍ത്തട്ടിലുള്ള പലരുടെയും കൈകളില്‍ വിലങ്ങുവീഴും എന്നതുതന്നെ.

കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരമോ സീറ്റ് കൂട്ടലോ കിട്ടണമെങ്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ തുണയ്ക്കണം. അതിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മഞ്ഞവിളക്ക് കത്തണം. പ്രധാനമന്ത്രി മോഡിയുടെ കണ്‍വെട്ടത്തിലാണ് ആരോഗ്യമന്ത്രാലയവും പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ വാങ്ങിയ കോഴ ഡല്‍ഹിയിലെ ഇടനിലക്കാരന്‍ കൈപ്പറ്റിയതായി ബിജെപിയുടെ അന്വേഷണ റിപ്പോര്‍ട്ടുതന്നെ പറയുന്നുണ്ടെന്നാണ് മാധ്യമവാര്‍ത്തകള്‍. അഴിമതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഡല്‍ഹി പ്രതിനിധി, ഒരു ബിജെപി എംപിയുടെ പിഎ തുടങ്ങിയവരുടെ പേരുകള്‍ ഇതിനകംതന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്രകാരം ദേശീയമാനമുള്ള ഒരു കേന്ദ്രീകൃത അഴിമതിയാണ് കേരളത്തില്‍ നടന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളെ മൂന്നുവിഭാഗമായി തിരിച്ച് ഒരുകോടി രൂപവരെ കേന്ദ്ര ഫണ്ട് ഓരോ സ്ഥാനാര്‍ഥിക്കുമായി ബിജെപി കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചുവെന്നും എന്നാല്‍, ഇവിടത്തെ ചില നേതാക്കള്‍ അത് മുക്കിയെന്നുമുള്ള ആക്ഷേപം പരിശോധിക്കുക. അതിന്റെ കെട്ടുപൊട്ടിച്ചാല്‍ നിയമത്തിന്റെ കരം ബിജെപി അധ്യക്ഷന്‍ അമിത്ഷായെയും പ്രധാനമന്ത്രി മോഡിയെയും പിടികൂടില്ലേ! ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ആകെ ചെലവാക്കാവുന്ന തുകയുടെ പരിധിക്കപ്പുറമുള്ള തുക കൊടുത്തുവെന്നത് തെരഞ്ഞെടുപ്പ് അഴിമതിയും നിയമവിരുദ്ധചെയ്തിയുമാണ്. ചില മണ്ഡലങ്ങളില്‍ കേന്ദ്ര ഫണ്ടില്‍ ഒരു ഭാഗമെത്തി. പക്ഷേ, അതുപോലും തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കില്‍ ചേര്‍ത്തിട്ടില്ല. ഇത്തരം അഴിമതികള്‍ക്ക് ആദ്യം പ്രതിക്കൂട്ടിലാകുന്നത് അമിത്ഷായാണ്. പക്ഷേ, നിയമം നിയമത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നില്ലല്ലോ.

ഓരോ സംസ്ഥാന തെരഞ്ഞെടുപ്പിനുവേണ്ടിയും കോടിക്കണക്കിന് രൂപ തുലയ്ക്കുന്നതും ആ പണം വളഞ്ഞവഴിയിലൂടെ പിഴിഞ്ഞെടുക്കുന്നതിലും ഇന്ന് ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ മോഡിയുടെയും അമിത്ഷായുടെയും ബിജെപിയാണ്. കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ സാമ്പത്തികനയമില്ലെന്ന് തെളിയിച്ച മോഡിഭരണം ഹിന്ദുവര്‍ഗീയതയുടെ ആപത്ത് വിതറുന്നു. കീശവീര്‍പ്പിക്കുന്നതിനായി ഭരണത്തെ ഉപയോഗിക്കുന്ന പ്രവര്‍ത്തനശൈലിക്ക് കോണ്‍ഗ്രസിനെപ്പോലെതന്നെ ഉടമയാണ് ബിജെപിയെന്ന് രാജ്യത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതാണ് കേരളത്തിലെ ബിജെപിയിലെ അഴിമതി അനുഭവങ്ങള്‍
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top