18 January Monday

പക്ഷിപ്പനി പറന്നെത്തുമ്പോൾ - ഡോ. എം മുരളീധരൻ എഴുതുന്നു

ഡോ. എം മുരളീധരൻUpdated: Friday Jan 8, 2021


പ്രാചീനകാലംമുതൽ മനുഷ്യന്റെ കളിക്കൂട്ടും കളിക്കോപ്പുമായിരുന്നു പറവകൾ. കാഞ്ചന കൂട്ടിലിരുന്ന് അവ നമ്മുടെ കുഞ്ഞുങ്ങളോട് കൊഞ്ചി. സന്ദേശങ്ങളുമായി പറന്ന് അവ ഇതിഹാസങ്ങളിൽപ്പോലും താരങ്ങളായി. എഴുത്തച്ഛന് ശാരികപ്പൈതലാണ് രാമായണം കഥ മധുരതരമായി ചൊല്ലിക്കൊടുത്തത്. 1963ൽ ആൽഫ്രഡ് ഹിച്ച്കോക്ക്, പക്ഷേ  കഥ അപ്പാടെ മാറ്റിയെഴുതി. പക്ഷികൾ ഭീകര രൂപികളായി മാറി രക്തം മരവിപ്പിക്കുന്ന ആക്രമണങ്ങൾ അഴിച്ചുവിടുന്ന ബേഡ്സ് എന്ന ഹൊറർ സിനിമ കലിഫോർണിയൻ പശ്ചാത്തലത്തിൽ ചുരുൾ നിവർന്നപ്പോൾ ആദ്യമായി മനുഷ്യൻ പക്ഷികളെയോർത്ത് ഭീതി പൂണ്ടു. വർഷങ്ങൾക്കുശേഷം 1997ലാണ് തികച്ചും വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലത്തിൽ അവ മനുഷ്യനെ നടുക്കിയത്. ആ വർഷമാണ് അന്നുവരെ മനുഷ്യന് അപരിചതമായിരുന്ന പക്ഷിപ്പനി എന്ന ഏവിയൻ ഫ്ലൂ ആദ്യമായി മനുഷ്യനെ ലക്ഷ്യമിട്ടത്.

1997-ലും 2014ലും കുട്ടനാട്ടിലും കഴിഞ്ഞ വർഷം കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ എച്ച്‌ 5എൻ1 എന്ന വൈറസ് ആയിരുന്നു രോഗഹേതുവായി കണ്ടെത്തിയിരുന്നത്. ഇത്തവണ പക്ഷേ എച്ച്‌ 5എൻ8 എന്ന പുതിയ വൈറസാണ് ഭോപ്പാലിലെ വൈറോളജി ലാബിൽ അഞ്ചു സാമ്പിളിൽ തിരിച്ചറിഞ്ഞത്.


 

അപ്പർ കുട്ടനാട്ടിലെ തകഴി, കരുവാറ്റ, നെടുമുടി, പള്ളിപ്പാട് എന്നിവിടങ്ങളിലും കോട്ടയത്തെ നീണ്ടൂരിലുമാണ് പക്ഷിപ്പനി ഈ വർഷം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ മാസംതന്നെ പക്ഷികൾക്ക് മന്ദതയും ചലന വേഗക്കുറവുമൊക്കെ ശ്രദ്ധിച്ചിരുന്നുവെങ്കിലും പക്ഷിപ്പനിയാണന്ന് കർഷകർ കരുതിയിരുന്നില്ല. നാൽപ്പതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കാനും ഒരു കിലോമീറ്റർ ചുറ്റുവട്ടത്തുള്ളഎല്ലാ പക്ഷികളെയും മരത്തിലെ മുട്ടകളെയും നശിപ്പിക്കാനും പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ എല്ലാ പക്ഷി വ്യാപാരങ്ങളും നിർത്തിവയ്‌ക്കാനുമാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. രണ്ടു ജില്ലയിലും ഇതിനകംതന്നെ കൺട്രോൾ റൂമുകൾ ആരംഭിക്കുകയും ദ്രുതകർമസേന രൂപീകരിക്കുകയും  ചെയ്തുകൊണ്ട്  സ്തുത്യർഹമായ നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പക്ഷിപ്പനി ബാധിച്ച പറവകളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാകും. കലശലായ ക്ഷീണം, ചലനങ്ങളിൽ മന്ദത, ഭക്ഷണത്തിൽ വൈമുഖ്യം, മൂക്കിലൂടെയുള്ള രക്തസ്രാവം, നീലിമയാർന്ന കൊക്കും പൂവും,  ശ്വാസതടസ്സം, വയറിളക്കം എന്നിവയെല്ലാം ഏറിയും കുറഞ്ഞും പക്ഷികളിൽ കാണാം. മുട്ടകൾ എണ്ണത്തിൽ കുറയുകയും തോടുകൾക്ക് വളരെ കട്ടി കുറയുകയും ചെയ്യും. പക്ഷിക്കൂട്ടങ്ങളിൽ രോഗം അതിവേഗം പടരും. തൂവലുകൾ, പക്ഷിത്തീറ്റ, കൂടുകൾ എന്നിവയും രോഗാണു സംക്രമണത്തിന് കാരണമാകാറുണ്ട്. വൈറസ് ബാധയുള്ള സ്രവങ്ങളാണ് രോഗം പരത്തുന്നത്.


 

2014ലെ പക്ഷിപ്പനി പ്രധാനമായും കുട്ടനാട്ടിലെ താറാവുകളിൽമാത്രം ഒതുങ്ങിനിന്നു. അതിന്റെ മുഴുവൻ അഭിനന്ദനവും അർഹിക്കുന്നത് വളരെ കർശനവും അസൂത്രിതവുമായ പദ്ധതികൾ തുടക്കംമുതൽ നടപ്പാക്കിയ മൃഗസംരക്ഷണ വകുപ്പാണ്. കഴിഞ്ഞ വർഷം കോഴിക്കോട്ടെ കൊടിയത്തൂരിലും വേങ്ങേരിയിലും കോഴി ഫാമുകളിൽ രോഗം പടർന്നപ്പോൾ മലപ്പുറത്തെ പെരുവള്ളൂരിൽ കാക്കകൾ ചത്തുവീണത് ആരോഗ്യപ്രവർത്തകരിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഒരു പ്രത്യേക വർഗം പറവകളിൽനിന്ന് മറ്റൊരു വർഗത്തിലേക്ക് രോഗം പടരുന്നത് വലിയൊരു ഗുരുതരാവസ്ഥയിലേക്കുള്ള വിരൽ ചൂണ്ടലായി കണക്കാക്കപ്പെടുന്നതാണ് കാരണം. കോഴിക്കോട് പത്തു കിലോമീറ്റർ ചുറ്റളവിൽ എല്ലാ പക്ഷി ഫാമും അടച്ചിട്ടും ഒരു കിലോമീറ്റർ പരിധിയിൽ എല്ലാ  വളർത്തുപക്ഷികളും മരങ്ങളിലെ മുട്ടയും പക്ഷികളുമടക്കം എല്ലാറ്റിനെയും കൊന്നൊടുക്കിയും നിതാന്തജാഗ്രത പാലിച്ചുമാണ് കഴിഞ്ഞ വർഷത്തെ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്.

മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക്‌ എളുപ്പം പകരില്ല
രോഗബാധിതരായ പക്ഷികളുടെ മുട്ട, കാഷ്ടം, ഇറച്ചി, സ്രവങ്ങൾ എന്നിവ വഴിയാണ് രോഗം അപൂർവമായെങ്കിലും  മനുഷ്യനിലേക്ക് പകരുന്നത്. സാധാരണ ജലദോഷമായിട്ടാണ് രോഗം മനുഷ്യരിൽ പ്രത്യക്ഷപ്പെടുക. തുടർന്ന് തലവേദന, ഛർദി, പനി കടുത്ത ക്ഷീണം, ശരീരവേദന, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളിലേക്ക് കടക്കും. രോഗബാധിതരിൽ 60ശതമാനത്തിനും ഉണ്ടാകുന്ന വൈറൽ ന്യൂമോണിയ ഒരു വലിയ ഗുരുതരാവസ്ഥയാണ്. 70ശതമാനമാണ് മരണനിരക്ക്. പക്ഷികളിൽനിന്ന് മനുഷ്യനിലേക്ക് വളരെ വേഗത്തിൽ പടരുമെങ്കിലും  മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കുള്ള പകർച്ച വളരെ അപൂർവമാണ്. അറുപതു ഡിഗ്രി സെൽഷ്യസിൽ അരമണിക്കൂറുകൊണ്ട് വൈറസ് പരിപൂർണമായി നശിച്ചുപോകുകയും ചെയ്യും. അതാണ് പക്ഷിപ്പനിക്കാലത്തുപോലും  നന്നായി വേവിച്ച ഇറച്ചിയും മുട്ടയും കഴിക്കാം എന്ന് പറയുന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം.

കൊറോണയെപ്പോലെതന്നെ മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമെടുക്കുന്ന സ്രവങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയാണ് രോഗബാധിതരെ തിരിച്ചറിയുന്നത്. എച്ച്‌ 5എൻ8-ന്റെ ആന്റിബോഡികൾ രക്തത്തിലെ സീറത്തിൽ തിരിച്ചറിയുന്നതും രോഗനിർണയത്തിന് സഹായിക്കും. പക്ഷി വളർത്തുകാർ, മൃഗസംരക്ഷണ ഉദ്യോഗസ്ഥന്മാർ, പക്ഷി കാഷ്ടം വളമായി ഉപയോഗിക്കുന്നവർ, മുട്ടയും ഇറച്ചിയും കൈകാര്യം ചെയ്യുന്നവർ, പക്ഷികളെ കൊല്ലാൻ നിയോഗിക്കപ്പെടുന്നവർ, ഹോബിയായി പക്ഷി വളർത്തുന്നവർ തുടങ്ങിയവർക്ക് വളരെ അപൂർവമായെങ്കിലും രോഗാണു ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിതാന്തജാഗ്രതയും കർശന നിരീക്ഷണവും അത്യാവശ്യമാണ്.

ഫലപ്രദമായ പ്രതിരോധം
ഒസെൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് പ്രതിരോധത്തിനും ചികിത്സയ്‌ക്കും ഉപയോഗിക്കുന്നത്. രോഗപ്പകർച്ചാ സാധ്യതയുള്ളവർക്ക് അഞ്ചു ദിവസം 75 മില്ലിഗ്രാം ഒരുനേരവും രോഗാണുബാധിതർക്ക് 75 മില്ലിഗ്രാം രണ്ടുനേരവും നൽകണം. ഐസൊലേഷൻ വാർഡിൽ കിടത്തിയുള്ള സൂക്ഷ്മതയേറിയ ചികിത്സ അപൂർവമായി ആവശ്യമായി വന്നേക്കും. പക്ഷിപ്പനിക്കെതിരെ  പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫ്ലുവൻസ (എച്ച്‌1എൻ1)യ്‌ക്കെതിരെയുള്ള വാക്സിൻ പക്ഷിപ്പനിക്ക് ഫലപ്രദവുമല്ല.

പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക, മാസ്ക്, ഷൂസ്, കൈയുറകൾ, ഗോഗിൾസ്, മേൽവസ്ത്രം എന്നിവ ഉപയോഗിക്കുക, മുട്ടയും ഇറച്ചിയും 70 ഡിഗ്രിക്കു  മുകളിൽ ചൂടാക്കിമാത്രം കഴിക്കുക, പാതി വേവിച്ച മുട്ട, ബുൾസ് ഐ എന്നിവ ഒഴിവാക്കുക, ശാസ്ത്രീയമായ കൈ കഴുകൽ പരിശീലിക്കുക, സാമൂഹ്യഅകലം പാലിക്കുക എന്നിവ പ്രതിരോധ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വങ്ങളാണ്. രോഗബാധിതരായ പക്ഷികളെ ശാസ്ത്രീയമായി കൊന്ന് പഞ്ചസാര, വിറക്, മണ്ണെണ്ണ എന്നിവ ഉപയോഗിച്ച് കത്തിക്കുക, അല്ലെങ്കിൽ 20 അടി താഴെ കുഴിച്ചിടുക, ആ സ്ഥലം മൂന്നു മാസത്തക്ക് മറ്റൊരു കാര്യത്തിനും ഉപയോഗിക്കാതിരിക്കുക, പക്ഷികൾക്ക് രോഗം വന്നാൽ മൃഗസംരക്ഷണ വകുപ്പിനെ ഉടൻ അറിയിക്കുക, ചത്ത പക്ഷികളെ തൊടാതിരിക്കുക, സ്വയം ചികിത്സ ചെയ്യാതിരിക്കുക, പക്ഷിപ്പനിയെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുക, പ്രതിരോധമരുന്ന് പെട്ടെന്ന് ലഭ്യമാക്കുക എന്നിവയൊക്കെ സാമൂഹ്യാടിസ്ഥാനത്തിൽ പക്ഷിപ്പനിയെ ചെറുക്കാൻ നമ്മെ പ്രാപ്തരാക്കിയേക്കും.

(ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top