25 March Monday

ബോധോദയത്തിന്റെ പുതുതാമരകൾ

രാവുണ്ണിUpdated: Monday May 14, 2018


മണ്ടാ മണ്ടാ എന്ന് ആരെങ്കിലും വിളിക്കുന്നുണ്ടോ എന്ന് ചെവി വട്ടംപിടിച്ച‌് നോക്കിയിട്ടാണ് രാവിലെ എഴുന്നേൽക്കുന്നതുതന്നെ. കുറച്ചുനാളായി ഇതാണ് പ്രശ്നം. ഊണില്ലാ ഉറക്കമില്ല. മുഖ്യമന്ത്രിപ്പട്ടം കിട്ടിയതിന്റെ അന്ധാളിപ്പാണോ എന്നറിയില്ല. പണ്ട് ഇതുപോലൊരു കുമാരന് ഊണും ഉറക്കവും ഇല്ലാതായതാണ്. ഇറങ്ങിപ്പുറപ്പെട്ടു. ഗയയിലെത്തി. ആൽമരച്ചോട്ടിലിരുന്നു. ബോധോദയമുണ്ടായി. നൂറ്റാണ്ടുകൾക്കുശേഷമാണ് ഇപ്പോൾ വീണ്ടുമൊരു കുമാരന് ബോധോദയമുണ്ടായത്. ഉപേക്ഷിച്ചിട്ട് ഇറങ്ങിയപ്പോഴല്ല, വെട്ടിപ്പിടിച്ചപ്പോഴാണ് വിപ്ലവകുമാരന്റെ ബോധോദയം എന്നതത്രേ വ്യത്യാസം. വെട്ടിവെട്ടിപ്പിടിച്ചതാണ്. പണപ്പെയ്ത്തിൽ ജനം മുങ്ങി. പടപ്പെയ്ത്തിൽ ജനം വീണു. പാർടികളെ വിഴുങ്ങി. സെക്രട്ടറിയറ്റിലെ ശീതോഷ്ണ സമീകൃതമുറിയിൽ ഇരുന്നപ്പോൾ ദാ വരുന്നു ബോധോദയം.

ഇന്റർനെറ്റിൽ വിരൽ തൊട്ടപ്പോഴാണ് ബുദ്ബുദം പോലാ ചിന്ത പൊങ്ങിയത്. ഇന്റർനെറ്റ് കണ്ടുപിടിച്ചത് ലവന്മാരല്ല നുമ്മളാണെന്ന്. തെളിവ‌് വേണേൽ പിടിച്ചോ.  ലവന്റെ കംപ്യൂട്ടറിൽ വരുന്നതിന‌് ആയിരത്താണ്ടായിരത്താണ്ടുമുമ്പേ നുമ്മടെ മഹാഭാരതത്തിലുണ്ട് ഇന്റർനെറ്റ്. കുരുക്ഷേത്രയുദ്ധത്തിന്റെ തത്സമയവിവരണം  സഞ്ജയന്റെ കൈയിൽ കിട്ടിയതെങ്ങനെ? ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ ഇതുവരെ ആരെങ്കിലും ഉണ്ടായോ? ദേശസ്നേഹം വേണമെടാ ദേശസ്നേഹം. 

വിശ്വവിജ്ഞാനരാശിയിൽ സംഘിഭാരതത്തിന്റെ അത്യുജ്വലമായ സംഭാവനയാകുന്നു വിപ്ലവകുമാരവചനം. വചനത്തിന‌് ലഭിച്ച അന്താരാഷ്ട്രപ്രശസ്തിയിൽ ആനന്ദതുന്തിലനായി കുമാരൻ മറ്റൊന്നുകൂടി പറഞ്ഞു: ത്രിപുരയിൽ ഇനി സിവിൽ എൻജിനിയർമാർമാത്രമേ സിവിൽ സർവീസിൽ വേണ്ടൂ. മെക്കാനിക്കൽ എൻജിനിയർമാർ മക്കയിൽ പോകട്ടെ.

  ഇന്റർനെറ്റ്  പ്രസ്താവന സൈബർലോകത്തെ പിടിച്ചുകുലുക്കി. മൈക്രോസോഫ്റ്റാദി ഇന്റർനെറ്റ് വണിക്കുകൾ ഞെട്ടിവിറച്ചു. നെറ്റ് ഉപയോഗിച്ചതിന് ഇന്ത്യക്ക് പണം നൽകേണ്ടിവരുമോ? മുൻകാലപ്രാബല്യം കണക്കാക്കിയാൽ തെണ്ടിപ്പോവുമല്ലോ. ഫോണുകൾ ചലിക്കുന്നു. മെസേജുകൾ പായുന്നു. വിപ്ലവകുമാരന്റെ വെളിപ്പെടുത്തലുകളുടെ മുമ്പിൽ നമോയും നമിച്ചു. വൈകിയില്ല വിപ്ലവകുമാരന് ഡൽഹിയിൽനിന്ന‌് വിളിവരുന്നു.  ശാസിക്കാനെന്നും ഗുണദോഷിക്കാനെന്നും ചൂരൽ കൊണ്ടടിക്കാനെന്നും കിംവദന്തികൾ (കിം വദന്തിക്ക് കൊറിയയുമായി ബന്ധമില്ല കേട്ടോ) പൊട്ടിപ്പുറപ്പെട്ടു.  ചുരുങ്ങിയ നാൾകൊണ്ട് വിപ്ലവകുമാരനുണ്ടായ ദേശാന്തരീയപ്രശസ്തിയിൽ മോഹിതരായി സംഘീശിങ്കങ്ങൾ രംഗത്തിറങ്ങുന്ന നയനമനോഹരമായ കാഴ്ചയാണ് പിന്നെ കണ്ടത്.

പുരാണത്തിലെ നാരദൻ ഗൂഗിളിന്റെ ആദിരൂപിയാണെന്ന കണ്ടുപിടിത്തവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ശ്രീകൃഷ്ണൻ ഓബീസിക്കാരനെന്നും ശ്രീരാമൻ ക്ഷത്രിയനെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്പീക്കർ വെറുതെയിരിക്കാമോ.

അംബേദ്കർ ബ്രാഹ്മണനാണെന്ന ചരിത്രസത്യം രാജേന്ദ്രത്രിവേദി വെളിപ്പെടുത്തി. റൈറ്റ് സഹോദരന്മാരാണ് വിമാനം കണ്ടുപിടിച്ചതെന്ന പാശ്ചാത്യരുടെ വെളിപ്പെടുത്തൽ ആർഷഭാരതത്തിലെ പ്രജകളാരെങ്കിലും ഇപ്പോൾ വിശ്വസിക്കുന്നുണ്ടാകുമോ. ഇല്ലേയില്ല. നമ്മുടെ പുഷ്പകത്തിൽ പറന്നിറങ്ങിയതാണെന്ന് ആർക്കാണറിയാത്തത്. രാവണൻ പുഷ്പകവിമാനത്തിൽ പറന്നുനടന്നെങ്കിൽ സാക്ഷാൽ ശ്രീരാമചന്ദ്രൻ ഏതൊക്കെ അത്ഭുതവാഹനങ്ങളിലാകും സഞ്ചരിച്ചിട്ടുണ്ടാവുക? മിനിമം റോക്കറ്റെങ്കിലും ഉറപ്പ്. ദേവകൾ ഉപഗ്രഹങ്ങളിലല്ലേ സഞ്ചരിച്ചിരുന്നത്. അമ്മാതിരി ഗവേഷണങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. ഗൂഗിളും നാരദനുമൊക്കെ ഒന്നു പച്ചപിടിച്ചിട്ടുവേണം അടുത്ത ശാസ്ത്രസത്യങ്ങൾ വെളിപ്പെടുത്താൻ. പശുവിൽനിന്ന‌് ഓക്സിജൻ ഉണ്ടാകുന്നതും മയിൽ കണ്ണീരിൽനിന്ന‌് പിറവിയെടുക്കുന്നതും അന്താരാഷ്ട്രതലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അല്ലായിരുന്നെങ്കിൽ നൊബേൽ സമ്മാനങ്ങൾകൊണ്ട് ഇന്ത്യ കൂടുതൽ തിളങ്ങിയേനെ.

വിപ്ലവകുമാരന്റെ അപാരമായ അറിവിന്റെയും പാണ്ഡിത്യത്തിന്റെയും  സദ്ഫലങ്ങൾ ത്രിപുര എന്ന ഇത്തിരി വട്ടത്തിൽ ഒതുങ്ങിനിന്നാൽ മതിയോ? പോരാ. ദേശീയതലത്തിൽ, പറ്റുമെങ്കിൽ അന്താരാഷ്ട്രതലത്തിൽതന്നെ, ഉപയോഗപ്പെടുത്തണം. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലും ശാസ്ത്രഗവേഷണകൗൺസിലും ഉടൻ പുനഃസംഘടിപ്പിച്ചിട്ട് വിപ്ലവകുമാരനെ തലപ്പത്ത് പ്രതിഷ്ഠിക്കണം. നിലവിലെ ചരിത്രവും ശാസ്ത്രവും തച്ചുടച്ച്  കാവി മുക്കി പുണ്യാഹം തളിക്കണം. അത്യപൂർവ ജനുസ്സിൽപ്പെട്ട വിപ്ലവത്തലച്ചോറിൽ വിരിയുന്ന വിജ്ഞാനത്താമരകളെ അപ്പപ്പോൾ ഏറ്റുവാങ്ങാൻ അധ്യാപകപ്പരിഷകളെ നിയോഗിക്കണം. ഇതാകുന്നു ഡൽഹിവിളിയുടെ പരംപൊരുൾ. 

ഗുജറാത്ത്‐ ഉന‐ ഉന്നാവ‐ കഠ്വ എന്നൊക്കെ കേട്ട് വിറങ്ങലിച്ചുനിന്ന സാദാ ജനം ഇപ്പോൾ ചിരിക്കാൻ തുടങ്ങിയത്രേ. കുഞ്ഞുങ്ങൾ കോമിക്കുകൾ വിട്ട് വാർത്ത കേൾക്കാനിരിക്കുന്നു. വീട്ടമ്മമാർ സീരിയലുകൾ ഉപേക്ഷിച്ച് ന്യൂസ് ടൈമിന‌് ക്ഷമകെട്ട് കാത്തിരിക്കുന്നു. എന്തിനേറെ ജയിലിൽ കിടന്ന് ലാലുപ്രസാദ് യാദവുപോലും വിപ്ലവകുമാരന്റെ തിരുവചനങ്ങൾ കേട്ട് പൊട്ടിപ്പൊട്ടി ചിരിക്കുകയാണത്രേ. 

ഇതാണ് സത്യം വിളിച്ചുപറഞ്ഞാലുള്ള കുഴപ്പം. ബ്രൂണോയെ ചുട്ടുകൊന്നു. സോക്രട്ടീസിന് വിഷം കൊടുത്തു. ഗലീലിയോവിനെ കല്ലെറിഞ്ഞുകൊന്നു.  ഭാരതദേശത്തിന്റെ ഭാവിപ്രതീക്ഷയായ വിപ്ലവകുമാരനെ പരിഹസിക്കുന്നു.  കളിയാക്കുന്നവരും വിമർശകരും കരുതിയിരിക്കുക. നിങ്ങളെ തേടി നഖംവെട്ടുകാർ വരുന്നുണ്ട്. പരിവാരങ്ങൾ നഖംവെട്ട‌് പരിശീലനത്തിലാണിപ്പോൾ.

പ്രധാന വാർത്തകൾ
 Top