23 November Monday

പാടലീപുത്രയിലെ പടനിലങ്ങൾക്കും അപ്പുറം - പി വി തോമസ്‌ എഴുതുന്നു

പി വി തോമസ്‌Updated: Wednesday Oct 28, 2020


ജാതിരാഷ്ട്രീയം അപകടമാണ്‌. മതരാഷ്ട്രീയം ഏതു മതമായാലും അതിനേക്കാൾ അപകടകരമാണ്‌. ജാതി–- മത രാഷ്ട്രീയങ്ങൾ ഒന്നുചേരുന്നത്‌ അന്ത്യന്തം വിസ്‌ഫോടനാത്മകമാണ്‌. ഒടുവിൽ ജാതിരാഷ്ട്രീയത്തെ മതരാഷ്ട്രീയം വിഴുങ്ങുന്നതും സമകാലിക രാഷ്ട്രീയ വിദ്യാർഥികൾക്ക്‌ അറിവുള്ളതാണ്. ഉത്തർപ്രദേശിൽ അതാണ്‌ സംഭവിച്ചത്‌. മുലായം സിങ്‌ യാദവിന്റെയും മായാവതിയുടെയും ജാതി ദളിത്‌ രാഷ്ട്രീയത്തെ ഒടുവിൽ ഹിന്ദുരാഷ്ട്രീയം വിഴുങ്ങി. ബിഹാറിൽ ഇപ്പോൾ ജനതാദൾ -യു-വിന്റെ ജാതിരാഷ്ട്രീയവും ബിജെപിയുടെ ഹിന്ദുരാഷ്ട്രീയവും കൈയോടു കൈ ആയി. അവിടെയും യുപി ആവർത്തിക്കാൻ സാധ്യതയുണ്ട്‌, ഈ സഖ്യം വിജയിച്ചാൽ. ലാലുപ്രസാദ്‌ യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ മഹാസഖ്യത്തിന്‌ ജാതിരാഷ്ട്രീയ സ്വഭാവമുണ്ട്‌. പക്ഷേ, അതിന്‌ തികച്ചും ജനാധിപത്യ മതനിരപേക്ഷ സ്വഭാവവുമുണ്ട്‌. ബിഹാറിലെ ഈ തെരഞ്ഞെടുപ്പിൽ ജാതി–- മത രാഷ്ട്രീയവും ജാതി- ജനാധിപത്യ ‐മതനിരപേക്ഷ ശക്തികളും തമ്മിലാണ്‌ ഏറ്റുമുട്ടുന്നത്‌. ആദ്യത്തേത്‌ ഉപരിവർഗത്തെയും രണ്ടാമത്തേത്‌ ദളിത്‌ ന്യൂനപക്ഷത്തെയും ഒരു പരിധിവരെ പ്രതിനിധാനംചെയ്യുന്നു.

ജനാധിപത്യത്തിന്റെ ചതുരംഗക്കളമായ ബിഹാറിൽ മൂന്നുഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. നവംബർ 10ന്‌ ഫലം വരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ ഏടായിരിക്കും അത്‌. ഇതിനുശേഷം 2021ൽ കേരളത്തിലും അസമിലും പുതുച്ചേരിയിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കും. അസമിൽ ബിജെപി ഭരണം നിലനിർത്താനുള്ള തിരക്കിലാണ്‌. പശ്ചിമ ബംഗാളിൽ ഭരണം പിടിച്ചെടുക്കാനുള്ള കോപ്പുകൂട്ടലിലുമാണ്‌. കേരളത്തിൽ രക്ഷയില്ല. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിലൂടെ പ്രോക്‌സിഭരണം നടത്തുന്നുണ്ടെങ്കിലും ഡിഎംകെ അവിടെ ശക്തമായ തിരിച്ചുവരവിന്‌ കച്ചകെട്ടുകയാണ്‌.

അതുകൊണ്ട്‌ ബിഹാർ തെരഞ്ഞെടുപ്പ്‌ ബിജെപിക്കും മഹാസഖ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്‌. ബിജെപിക്കാണെങ്കിൽ ആവലാതിക്ക്‌ ഒട്ടേറെ കാരണമുണ്ട്‌. ഒന്നാമതായി 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നടന്ന നാലു തെരഞ്ഞെടുപ്പിലും(ഡൽഹി, മഹാരാഷ്ട്ര, ജാർഖണ്ഡ്‌, ഹരിയാന) ബിജെപിക്ക്‌ തിരിച്ചടി ആയിരുന്നു. ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും 70 അംഗ സഭയിൽ 2015ൽ ലഭിച്ച മൂന്നു സീറ്റിൽനിന്ന്‌ എട്ടു സീറ്റിലേക്ക്‌ മേൽഗതി ഉണ്ടായി. നാലു സംസ്ഥാന നിയമസഭകളിലായി ബിജെപിക്ക്‌ നഷ്ടമായത്‌ 17.4 ശതമാനം അസംബ്ലി സീറ്റാണ്‌ (ഇന്ത്യ റ്റുഡെ ഡാറ്റ ഇന്റലിജൻസ്‌ യൂണിറ്റ്‌). ഹരിയാനയിൽ തെരഞ്ഞെടുപ്പ്‌ അനന്തര സഖ്യത്തിലൂടെ അധികാരം നിലനിർത്താൻ സാധിച്ചെങ്കിലും അവിടെയും തിരിച്ചടി നേരിട്ടു. ഏഴു സീറ്റാണ്‌ നഷ്ടമായത്‌. ജാർഖണ്ഡിൽ 12 സീറ്റ്‌ നഷ്ടമായി, അധികാരവും.


 

മഹാരാഷ്ട്രയിൽ 17 സീറ്റ്‌ നഷ്ടമായി. ഏറ്റവും പഴയ സഖ്യക്ഷിയെയും (ശിവസേന) നഷ്ടമായി. അധികാരവും കൈവിട്ടുപോയി. ഇവിടെയൊന്നും മോഡി മാജിക്‌ ഫലിച്ചില്ല. അതുകൊണ്ടാണ്‌ ബിജെപി തെല്ലൊരു ആശങ്കയോടെ ബിഹാർ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌. പോരെങ്കിൽ സഖ്യകക്ഷിയായ ജനതാദൾ യു–- നിതീഷ്‌ കുമാറുമായി അധികാരപ്പോരും ഉണ്ട്‌. ഇതിന്റെ ഭാഗമായി മറ്റൊരു സഖ്യകക്ഷിയായ ലോക്‌ ജനശക്തി പാർടി നിതീഷ്‌ കുമാറുമായി കൂറ്‌ തിരിഞ്ഞിരിക്കുകയാണ്‌. ഇതും ബിജെപിയുടെ പിരിമുറുക്കം വർധിപ്പിക്കുന്നു. ഇവിടെ മോഡി– നിതീഷ്‌ കുമാർ മാജിക്‌ മായാജാലം സൃഷ്ടിക്കുമോ അതോ ജയിലിൽ കിടക്കുന്ന ലാലുപ്രസാദ്‌ യാദവിന്റെ മകനും ആർജെഡിയുടെ പുതിയ അമരക്കാരനുമായ തേജസ്വി യാദവിന്റെ നേതൃവൈഭവം വിജയിക്കുമോ.

ജാതിരാഷ്ട്രീയത്തിന്റെ സ്വന്തം നാടായ ബിഹാറിൽ ജതി–- മത രാഷ്ട്രീയങ്ങൾ ഒന്നുചേർന്നുള്ള രാഷ്ട്രീയ മാമാങ്കമാണ്‌ നടക്കുന്നത്‌. മഹത്തായ പാരമ്പര്യമുള്ള ഒരു സംസ്ഥാനമാണ്‌ ഇത്‌. രാഷ്ട്രീയമായും സാംസ്‌കാരികമായും ഇന്ത്യയുടെ വെന്നിക്കൊടി പാറിച്ച ഈ സംസ്ഥാനമാണ്‌ ഇന്ത്യയിലെ ദരിദ്രമായ സംസ്ഥാനങ്ങളിലൊന്ന്‌. തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മുഖമുദ്ര. അതുകൊണ്ടാണ്‌ തൊഴിൽതേടി ഇന്ത്യയുടെ നാനാഭാഗത്തേക്കും ബിഹാറികൾ പോകുന്നത്‌. നളന്ദ ഇന്നലത്തെ ഓർമയാണ്‌. രാഷ്ട്രീയമായി ഏറ്റവും പ്രബുദ്ധമായ ഒരു ജനതയാണ്‌ ബിഹാറികൾ. പക്ഷേ, ആ പ്രബുദ്ധത ജാതിരാഷ്ട്രീയത്തിൽ ഒതുങ്ങുന്നു. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയ്‌ക്കെതിരെ സമ്പൂർണമായ വിപ്ലവകാഹളം മുഴക്കിയ ജയപ്രകാശ്‌ നാരായണന്റെ നാടാണ്‌ ഇത്‌. ഇവിടെനിന്നാണ്‌ അടിയന്തരാവസ്ഥയ്‌ക്കുശേഷം ജോർജ്‌ ഫെർണാണ്ടസ്‌ ലോക്‌സഭയിലേക്ക്‌ ജയിച്ചുവന്നത്‌ (മുസഫർപുർ). അദ്വാനിയുടെ ആദ്യരഥയാത്രയെ ലാലുപ്രസാദ്‌ യാദവ്‌ തടഞ്ഞതും ഇവിടെയാണ്‌. 

ആധുനിക ബിഹാറിന്റെ രാഷ്ട്രീയത്തിൽ ലാലുപ്രസാദ്‌ യാദവും നിതീഷ്‌കുമാറും രാംവിലാസ്‌ പസ്വാനും തിളങ്ങുന്ന താരങ്ങളായിരുന്നു. ലാലുവും നിതീഷും 30 വർഷത്തോളം ബിഹാർ ഭരിച്ചു. 2015ൽ ലാലുവും നിതീഷും ഒത്തുചേർന്ന്‌ മഹാസഖ്യമുണ്ടാക്കി മോഡിയെയും വെല്ലുവിളിച്ച്‌ ജയിച്ചു. 2017 ൽ നിതീഷ്‌ മഹാസഖ്യം വിട്ട്‌ ബിജെപിയുമായി ചേർന്ന്‌ ഭരണം തുടർന്നു. വലിയ അവസരവാദ രാഷ്ട്രീയമായിരുന്നു. മോഡി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടപ്പോൾ എൻഡിഎ വിട്ടതായിരുന്നു നിതീഷ്‌. മോഡിയോടൊപ്പമുള്ള തന്റെ ചിത്രങ്ങൾ പിൻവലിക്കുകയും ദുരിതാശ്വാസത്തിനായുള്ള കേന്ദ്രസഹായം നിരസിക്കുകയും ചെയ്‌തു നിതീഷ്‌. പക്ഷേ, അദ്ദേഹത്തിന്റെ മോഡി വിരോധവും മതനിരപേക്ഷതയും അധികാരരാഷ്ട്രീയത്തിൽ മുങ്ങിപ്പോയി.

സഖ്യത്തിലാണെങ്കിലും മോഡിയും നിതീഷും തമ്മിലുള്ള പോര്‌ തുടരുകയാണ്‌. മോഡിയുടെ മന്ത്രിസഭയിൽ ഒറ്റ ജെഡിയു മന്ത്രിയെയും ഉൾപ്പെടുത്താത്തത്‌ ഇതിലൊന്നാണ്‌. ലോക്‌ ജനശക്തി പാർടിയും ചിരാഗ്‌ പസ്വാനും നിതീഷുമായി തെറ്റിയതും ബിഹാറിൽ എൻഡിഎയുടെ ഭാഗം അല്ലാത്തതും കേന്ദ്രത്തിൽ തുടരുന്നതും ബിജെപിയുടെ കുത്തിത്തിരിപ്പാണെന്ന്‌ രാഷ്ട്രീയവൃത്തങ്ങൾ നിരീക്ഷിക്കുന്നു. നിതീഷിനെ ദുർബലനാക്കി മുഖ്യമന്ത്രിസ്ഥാനം തട്ടിയെടുക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യമെന്നും കരുതുന്നു. ചിരാഗിന്റെ പാർടി അത്ര ശക്തമല്ലെങ്കിലും അത്‌ മത്സരിക്കുന്നത്‌ നിതീഷിന്‌ എതിരായിട്ടുമാത്രമാണ്‌. ബിജെപി നിതീഷിനെമാത്രം മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടുമ്പോൾ രാഷ്ട്രീയം അറിയാവുന്നവർക്ക്‌ അറിയാം അത്‌ തെരഞ്ഞെടുപ്പിനുശേഷമുള്ള അക്കങ്ങളുടെ അങ്കംമാത്രമാണെന്ന്‌. അത്‌ നിതീഷിനും അറിയാം. അതിനാൽ, ബിജെപിയിലും എൽജെപിയിലും ഒരുപോലെ പാളയത്തിൽപടയാണ്‌. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറവുണ്ടെങ്കിൽ നിതീഷ്‌ വീണ്ടും രാഷ്ട്രീയ ജനതാദളിനെ ആശ്രയിക്കുമെന്ന്‌ രാഷ്ട്രീയനിരീക്ഷണമുണ്ട്‌. ഉത്തർപ്രദേശുപോലെ ഈ ഹിന്ദി ഹൃദയഭൂമിയിലും സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കുന്നതിന്‌ ബിജെപി തിടുക്കത്തിലുമാണ്‌. അതുകൊണ്ട്‌ നിതീഷിനെ തഴയാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. ബിജെപി നിതീഷിനെമാത്രമാണ്‌ എൻഡിഎയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്‌.


 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രകാരമാണെങ്കിൽ ബിജെപി–- ജെഡിയു സഖ്യത്തിന്‌ നല്ല അവസരമുണ്ട്‌. പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അല്ല സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്‌. അതാണ്‌ മഹാരാഷ്ട്രയിലും ഹരിയാനയിലും ജാർഖണ്ഡിലും ഡൽഹിയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്‌. ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴും ബിജെപി നേടി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിൽ അതിന്റെ ലാഞ്ചനപോലും കണില്ല. 2019ൽ എൻഡിഎയ്‌ക്ക്‌ 40ൽ 39 ലോക്‌സഭാ സീറ്റും ബിഹാറിൽ ലഭിച്ചു. ബിജെപി–-17, ജെഡിയു–- 16, എൽജെപി–-6. ഇത്‌ 243ൽ 223 സീറ്റിനു തുല്യമാണ്‌. ബിഹാറിൽ 122 ആണ്‌ കേവല ഭൂരിപക്ഷം.

പക്ഷേ, രാഷ്ട്രീയം മാറി. ഇവിടെ നിതീഷിന്‌ 15 വർഷത്തെ ഭരണവിരുദ്ധവികാരം നേരിടാനുണ്ട്‌. കോവിഡ്‌ ഏൽപ്പിച്ച ആഘാതവും. അതിനെ നിതീഷ്‌ നേരിട്ടതിൽ പരാജയപ്പെട്ടതും കുടിയേറ്റ തൊഴിലാളികളുടെ പലായനവും അത്‌ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതും വിഷയമാണ്‌. തൊഴിലില്ലായ്‌മയും വെള്ളപ്പൊക്ക പ്രശ്‌നവും കർഷകദുരിതങ്ങളും തെരഞ്ഞെടുപ്പ്‌ ചർച്ചയാണ്‌. നല്ല ഭരണാധികാരി എന്ന്‌ നിതീഷ്‌ നേടിയ ഖ്യാതി ഇന്നില്ല. അദ്ദേഹം തന്റെ മതനിരപേക്ഷമൂല്യങ്ങൾ തീവ്രഹിന്ദുത്വത്തിന്‌ അടിയറവച്ചതായും ആരോപണമുണ്ട്‌. ഇത്‌ 17 ശതമാനം വരുന്ന മുസ്ലിം ജനസംഖ്യയെ സ്വാധീനിക്കാനും സാധ്യതയുണ്ട്‌. തിരിച്ച്‌ ഒരു ഹിന്ദു ധ്രുവീകരണത്തിന്‌ ബിജെപിക്കും ജെഡിയുവിനും സാധിക്കണം.അല്ലെങ്കിൽ മുസ്ലിം വോട്ട്‌ ഭിന്നിക്കണം. അത്‌ 2019ൽ ഏറെക്കുറെ നടന്നതാണ്‌. ഹിന്ദുവോട്ട്‌ ധ്രുവീകരണത്തിൽ രാമക്ഷേത്രവും അനുച്ഛേദം 370ഉം കശ്‌മീർ വിഭജനവും ബിജെപി ഉപയോഗിച്ചേക്കാം. അവ വിജയിക്കുമോ എന്ന്‌ കണ്ടറിയണം.

തേജസ്വി യാദവിന്റെ പ്രതിച്ഛായ ഒരു ഘടകമായിരിക്കും മഹാസഖ്യത്തിന്റെ ജയപരാജയങ്ങളിൽ. അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നുണ്ടെന്ന വാർത്ത മഹാസഖ്യത്തിന്‌ ആശ്വാസം പകരുന്നതാണെങ്കിലും ഈ ആൾക്കൂട്ടം വോട്ടായി മാറുമോ എന്നതാണ്‌ പ്രധാന വിഷയം. ബിഹാർ തെരഞ്ഞെടുപ്പിലെ പ്രധാന കക്ഷികളായ എൻഡിഎയും മഹാസഖ്യവും എങ്ങനെ ജനങ്ങളെ സ്വാധീനിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങൾ. നിതീഷിന്റെ മോശമായ ഭരണവും ബിജെപിയുടെ തീവ്ര ഹിന്ദുത്വവും ഇവിടെ പരീക്ഷിക്കപ്പെടും. ബിഹാർപോലുള്ള ഒരു സംസ്ഥാനത്ത്‌ പുരോഗമനം തെരഞ്ഞെടുപ്പുകൾക്കും മാനിഫെസ്‌റ്റോക്കും അപ്പുറമാണ്‌. എൽജെപിയും ചിരാഗും നിതീഷിന്‌ ഭീഷണിയാണ്‌. അസദുദ്ദീൻ ഒവൈസിയുടെ പാർടിയുടെ മുസ്ലിംവോട്ടും ഭിന്നിച്ചേക്കാം. ബിഹാർ എൻഡിഎയ്‌ക്ക്‌ പ്രത്യേകിച്ച്‌ നിതീഷിനും മോഡിക്കും ഒരു വെല്ലുവിളിയാണ്‌. മഹാസഖ്യത്തിന്‌ കഴിവും ശക്തിയും തെളിയിക്കാൻ ഒരു അവസരവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top