06 July Wednesday

പാഠ്യപദ്ധതിയിലും കാവിമുദ്രകൾ - അഡ്വ. എം രൺദീഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2022

ഭഗവദ്‌ഗീത സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചിരിക്കുന്നു.  വിദ്യാഭ്യാസ മന്ത്രി ജിത്തു വഘാനിയാണ് ആറാം ക്ലാസുമുതൽ 12–-ാം ക്ലാസ് വരെയുള്ള പാഠപുസ്തകത്തിൽ  ഭഗവദ്‌ഗീത ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സർക്കാർ തീരുമാനം അറിയിച്ചത്. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ  എല്ലാ സ്കൂളിലും  കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ചേർക്കുക. ഒമ്പതാം ക്ലാസ് മുതൽ  കൂടുതൽ വിശദാംശങ്ങൾ  ഉണ്ടാകുമെന്നും പറയുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഭഗവദ്ഗീത സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ട്.
ഗുജറാത്തിനു പിന്നാലെ   കർണാടക സർക്കാരും ഭഗവദ്‌ഗീത പാഠ്യവിഷയമാക്കാൻ ഒരുങ്ങുന്നുണ്ട്‌. എല്ലാ സർക്കാർ സ്കൂളിലും ഗീത നിർബന്ധിത പാഠ്യവിഷയമാക്കാനാണ് കർണാടകയും ആലോചിക്കുന്നത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനൊപ്പമാണ്‌  ഭഗവദ്‌ഗീത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്‌ എന്നതാണ്‌ പ്രധാനം.

2021 ഡിസംബർ ഏഴിന്  മധ്യപ്രദേശിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്കൂളിൽ പ്ലസ് ടു പരീക്ഷ നടക്കുന്നതിനിടെ ഒരു കൂട്ടം ഹിന്ദുത്വസംഘടനാ പ്രവർത്തകർ ആക്രമണം നടത്തി. കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നുവെന്നതായിരുന്നു ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. ബൈബിൾ പ്രചരിപ്പിക്കുന്നു, മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നു എന്നെല്ലാം ആരോപിച്ച്  സംഘപരിവാർ ക്രൈസ്തവർക്കും മിഷണറി പ്രവർത്തകർക്കുമെതിരെ നടത്തിയ കലാപങ്ങളും അക്രമങ്ങളും എണ്ണമറ്റതാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങളും ദർശനങ്ങളും മതനിരപേക്ഷമായി അവതരിപ്പിക്കുകയും മറ്റുവിഭാഗങ്ങളുടെ വിശ്വാസങ്ങൾ അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് ഏൽപ്പിക്കുന്ന പോറൽ ചെറുതല്ല. 

ബിജെപി സർക്കാരുകൾ കുട്ടികളെ  ഭഗവദ്‌ഗീത പഠിപ്പിക്കാൻ ഒരുങ്ങുന്നത്‌ നിഷ്കളങ്കമായി കാണാവുന്ന ഒന്നല്ല.  ചാതുർവർണ്യം എന്ന ഹീനമായ അവസ്ഥയെ മഹത്വവൽക്കരിച്ച്  അവതരിപ്പിക്കുന്ന ഗീതവചനം ഭാരതത്തിന്റെ വൈവിധ്യങ്ങളുടെ ഭാഗമായി പാഠപുസ്തകത്തിൽ  അവതരിപ്പിക്കപ്പെടുന്നതല്ല. അയിത്തത്തെയും തൊട്ടുകൂടായ്മയെയും നിയമംമൂലം നിരോധിച്ച ഭരണഘടനാ വ്യവസ്ഥകളെത്തന്നെ വെല്ലുവിളിക്കുന്നതാണ് ഈ നീക്കം.  ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കാനായി ശങ്കരനെ സഹായിച്ചത് ഭഗവദ്ഗീതയാണ്. ഇന്ത്യയെ ഹിന്ദുമതരാഷ്ട്രമാക്കാനുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗമായാണ്‌ ഗീതാപഠനം ഉൾപ്പെടുത്തുന്നത്‌.

സൽക്കർമം എന്നത് സ്വന്തം വർണത്തിന്റെ കർമം അനുഷ്ഠിക്കലാണ്. അതുകൊണ്ടാണ് അർജുനനോട് സ്വന്തം ബന്ധുമിത്രാദികളെ വധിച്ചുകൊണ്ട് സ്വധർമം നിർവഹിക്കാൻ കൃഷ്ണൻ പറയുന്നത് മഹത്തരമായി മാറുന്നത്.

തോട്ടിപ്പണി ചെയ്യുന്നവനെ എന്നും തോട്ടിയായും ദാസ്യവേല ചെയ്യുന്നവനെ എന്നും ദാസനായും നിലനിർത്തുകയെന്ന ദൗത്യമാണ് ഗീത നിർവഹിക്കുന്നത്. സൽക്കർമം എന്നത് സ്വന്തം വർണത്തിന്റെ കർമം അനുഷ്ഠിക്കലാണ്. അതുകൊണ്ടാണ് അർജുനനോട് സ്വന്തം ബന്ധുമിത്രാദികളെ വധിച്ചുകൊണ്ട് സ്വധർമം നിർവഹിക്കാൻ കൃഷ്ണൻ പറയുന്നത് മഹത്തരമായി മാറുന്നത്. അന്യവർണത്തിന്റെ കർമം നിർവഹിച്ചാൽ അത് ദുഷ്കർമമാണ്. വർണവ്യവസ്ഥ ബ്രാഹ്മണർക്ക് സമൂഹത്തിനുമേലുള്ള ആധിപത്യം നിലനിർത്തുന്നതിനുള്ള ആയുധമാണ്. അവരാണതിന്റെ മുഖ്യ ഗുണഭോക്താവ്. ശൂദ്രവർണത്തെയും തമോഗുണത്തെയും അധിക്ഷേപിക്കുന്ന ഗീത ബ്രാഹ്മണനെതിരെ ഒരു വരിപോലും മിണ്ടുന്നില്ലല്ലോ. ഗീതയെന്നത് മാധുര്യമൂറുന്ന പാൽപ്പായസമാണെന്ന് സമർഥിക്കാനാണ് എല്ലാ ഗീതാവ്യാഖ്യാതാക്കളും ശ്രമിക്കുന്നത്. എന്നാൽ, കീഴാളജനതയെയും സ്ത്രീകളെയും "പാപയോനി'യിൽ ജനിച്ചവരായി കണക്കാക്കുന്ന ഈ മതഗ്രന്ഥത്തെ ബ്രഹ്മസമാജ സ്ഥാപകനായ രാജാറാം മോഹൻ റായ്,  ശ്രീനാരായണഗുരു തുടങ്ങിയവർ ഒഴിവാക്കിനിർത്തിയത് അത് ജാതിവ്യവസ്ഥയ്ക്ക് "ദൈവിക' പരിവേഷം ചാർത്തുന്ന ഗ്രന്ഥമാണെന്നതു കൊണ്ടുതന്നെയാണ്.

ഭാഷാമേൻമയുള്ളതും ശ്രവ്യസുന്ദരവുമായ വരികൾ മറ്റേതൊരു മതഗ്രന്ഥത്തെയുംപോലെ ഗീതയിലുമുണ്ട് എന്നതു സത്യം. അത് പൂർണമായും തിൻമയോ നൻമയോ അല്ല, അതിൽ രണ്ടുമുണ്ട്. പൂർണമായും തിൻമ നിറഞ്ഞ ഒന്ന് രചിക്കാൻ മനുഷ്യനാകില്ല. രചിക്കപ്പെടുന്ന ഘട്ടത്തിലെ സയൻസും അതിൽ കാണും. അതിലപ്പുറം ആധുനിക സയൻസൊക്കെ അതിൽ കുത്തിനിറച്ചിരിക്കുകയാണെന്ന സംഘവാദം തികച്ചും അപഹാസ്യമാണ്.

സർക്കാർ സംവിധാനമുപയോഗിച്ച് വർഗീയത വളർത്താനുള്ള ശ്രമം എക്കാലത്തും സംഘപരിവാർ അധികാരത്തിലെത്തിയപ്പോൾ നടത്തിയിട്ടുള്ളതാണ്

നരേന്ദ്ര മോദിയുടെ ഭരണം വർഗീയത വളർത്തുന്നതിൽ ബോധപൂർവമായ മുൻഗണന നൽകുന്നുണ്ടെന്ന്‌ ബോധ്യപ്പെടാൻ  അവർ വിദ്യാഭ്യാസരംഗത്തെടുക്കുന്ന സമീപനങ്ങൾമാത്രം പരിശോധിച്ചാൽ മതി.  സർക്കാർ സംവിധാനമുപയോഗിച്ച് വർഗീയത വളർത്താനുള്ള ശ്രമം എക്കാലത്തും സംഘപരിവാർ അധികാരത്തിലെത്തിയപ്പോൾ നടത്തിയിട്ടുള്ളതാണ്. വിദ്യാഭാരതിയിലൂടെയും സരസ്വതി ശിശു മന്ദിരങ്ങളിലൂടെയും ആർഎസ്എസ്‌ നടപ്പാക്കുന്ന വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം പൊതുവിദ്യാഭ്യാസ മേഖലയിലേക്കും കടന്നു വന്നിരിക്കുന്നു.

1999–-2004ൽ വിദ്യാഭ്യാസമേഖലയിൽ സംഘപരിവാർ നടത്തിയ മതാധിഷ്ഠിത പരീക്ഷണങ്ങളുടെ അടുത്ത ഘട്ടമെന്ന നിലയിൽ കുറെക്കൂടി ശക്തവും സമഗ്രവുമായ കടന്നുകയറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല, മുമ്പത്തെക്കാളുപരി നിർണായക രാഷ്ട്രീയശക്തിയായി അവർ ഇന്ന് മാറുകയും ചെയ്തിരിക്കുന്നു. 2000ൽ, മുരളി മനോഹർ ജോഷി മാനവവിഭവശേഷി മന്ത്രിയായിരുന്ന ഘട്ടത്തിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇന്ത്യയിലെ ശാസ്‌ത്ര ചരിത്ര പാഠപുസ്‌തകങ്ങളിലെയും പാഠ്യപദ്ധതിയിലെയും സംഘപരിവാർ ഇടപെടലിന്റെ ആദ്യ ധവളപത്രം. സമഗ്ര മാറ്റമാണ് അന്ന് ലക്ഷ്യമിട്ടതെങ്കിലും അധികാരത്തിൽനിന്ന്‌ പുറത്തായതോടെ തടസ്സംവന്നു. എങ്കിലും ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ പുതിയ നയത്തിന്റെ ചുവടുപിടിച്ച് പാഠ്യപദ്ധതി പൊളിച്ചെഴുതി.  ജനാധിപത്യബോധം, മാനവീയത, മതനിരപേക്ഷത, ശാസ്‌ത്രീയത, വൈവിധ്യങ്ങളും ബഹുസ്വരതയും, സാമൂഹ്യനീതി, സമത്വം എന്നീ ആശയങ്ങളെയെല്ലാം നിരാകരിച്ച പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളുമാണ് പിൽക്കാലത്ത് ഇന്ത്യയെ കടുത്ത വർഗീയധ്രുവീകരണത്തിലേക്കും, അതിന്റെ തുടർച്ചയായി കടന്നുവന്ന കലാപങ്ങളിലേക്കും ആൾക്കൂട്ടക്കൊലപാതകങ്ങളിലേക്കും നയിച്ചതെന്ന് നിരീക്ഷിക്കാം.

ഭരണത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട്  ആർഎസ്എസ്‌ മതനിരപേക്ഷ അന്തരീക്ഷം തകർക്കുന്ന പശ്ചാത്തലത്തിൽ വരും തലമുറകളെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. അതിനായി വിദ്യാഭ്യാസരംഗത്ത് സിലബസിനുപുറത്തുള്ള കാര്യങ്ങൾ ഇപ്പോൾ ചെയ്യിപ്പിക്കുന്നു.  ഇന്ത്യാവൽക്കരണം എന്ന പേരിൽ  നഗ്നമായ ഹിന്ദുത്വ അജൻഡ കുത്തിനിറയ്‌ക്കുന്ന പാഠ്യപദ്ധതിയുടെ ആദ്യ സൂചനകളാണ് ഗുജറാത്തും കർണാടകവും സമ്മാനിക്കുന്നത്.  വൈവിധ്യങ്ങളുടെ സ്രോതസ്സായ ഭാരതീയ ദർശനങ്ങളെ ബ്രാഹ്മണ്യത്തിന്റെ കുറ്റിയിൽ കെട്ടിയിട്ടുകൊണ്ട് സങ്കുചിത സമൂഹത്തെ സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും  വിഭാഗീയതയുടെയും വർഗീയതയുടെയും വിദ്വേഷത്തിന്റെയും ആശയങ്ങൾ എത്തിക്കുകയെന്ന ആസൂത്രിത കാര്യപരിപാടിയാണ് സംഘപരിവാരം നിവർത്തിക്കുന്നത്. മുസോളിനിയും ഹിറ്റ്‌ലറും പിന്തുടർന്ന നീക്കങ്ങളുടെ ആപത്‌ സൂചനകൾ പുതിയകാല വാർത്തകളിൽനിന്ന്  വായിച്ചെടുക്കാം.

ശാസ്‌ത്രീയ പഠനരീതിയേക്കാൾ ആശയങ്ങൾ പഠനവിഷയമാക്കുക,  പാരമ്പര്യത്തിൽ ദുരഭിമാനം വർധിക്കുംവിധമുള്ള മിത്തുകളും കെട്ടുകഥകളും പഠനവിഷയങ്ങളാക്കുക എന്നിവയായിരുന്നു ഇറ്റാലിയൻ ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസോളിനിയുടെ രീതികൾ. ഒന്നാം ലോകയുദ്ധാനന്തര കാലത്ത്, ഇറ്റലിയിൽ മുസോളിനിയുടെ വിദ്യാഭ്യാസമന്ത്രി ജിയോവനി ജന്റൈലും  ഇറ്റാലിയൻ ആശയവാദതത്വചിന്തകൻ ക്രോഷെയും ചേർന്നു നടപ്പാക്കിയ ജെന്റെൽ–-ക്രോഷെ വിദ്യാഭ്യാസപദ്ധതിയും ജർമനിയിൽ ഹിറ്റ്‌ലറിന്റെ വിദ്യാഭ്യാസ നയരൂപകർത്താക്കൾ സൃഷ്ടിച്ച നാപോളയുമാണ് ലോകമെങ്ങും ഫാസിസ്റ്റ്പ്രത്യയശാസ്ത്രങ്ങളുടെ  ഇരുപതാം നൂറ്റാണ്ടിലെ  ഉദാഹരണങ്ങൾ.  ഭരണകൂടത്തിന്റെ ഉൽകൃഷ്ടതയെ പ്രസരിപ്പിക്കുന്ന ബിംബങ്ങളും  തീവ്രദേശീയതയുടെ ഉപരിപ്ലവപ്രതീകങ്ങളും അറിവിന്റെ പൗരാണികവൽക്കരണവും യുക്തിരഹിത വിദ്യാഭ്യാസപദ്ധതികളും അന്യരോടുള്ള വിദ്വേഷവും അസഹിഷ്ണുതയുമാണ് ഇവയുടെ പൊതുവായ മുദ്രകൾ.

ഇത് മാതൃകയാക്കി ഹിന്ദുരാഷ്ട്രനിർമാണം  പൂർണതയിലെത്തിക്കാനുള്ള  മൂല്യബോധങ്ങൾക്ക് നിലമൊരുക്കുന്ന ആശയവിതരണ ഉപാധിയായി വിദ്യാഭ്യസത്തെ സംഘപരിവാർ ഉപയോഗിക്കുകയാണ്.  2020ലെ ദേശീയവിദ്യാഭ്യാസനയം തീവ്രവും വിദ്യാഭ്യാസ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ മുഖം പുറത്തെടുത്തു കഴിഞ്ഞു. ഏതാനും വർഷങ്ങളായി തുടരുന്ന പാഠ്യപദ്ധതിയിലെ തിരുത്തലുകളും വെട്ടിമാറ്റലുകളും ചരിത്രനിഷേധവും അപനിർമിതിയും വക്രീകരണവും പുതിയൊരു ഘട്ടത്തിലേക്ക്, സമൂലമായ പാഠ്യപദ്ധതി പരിവർത്തനത്തിലേക്ക് കടക്കുകയാണ്.  ഈ ലക്ഷ്യത്തോടെ കോവിഡ് പ്രതിസന്ധിക്കിടയിലും ശിശുവിദ്യാഭ്യാസം, സ്കൂൾവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, അനൗപചാരിക വിദ്യാഭ്യാസം എന്നിവയുടെ കരിക്കുലം ഫ്രെയിംവർക്കുകളുടെ രൂപീകരണം അതിദ്രുതം നടന്നിരുന്നു.

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നു എന്ന ആരോപണത്തിന് മറുപടിയായി അടുത്തിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞത്‌ വിദ്യാഭ്യാസം കാവിവൽക്കരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു. രാജ്യത്തെ ഉന്നതമായ  ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളിൽ നിന്നുള്ള മറുപടിയുടെ ധ്വനി ഇതാണ്. വിദ്യാഭ്യാസത്തെ ഇന്ത്യനൈസ് ചെയ്യുകയാണ് പുതിയ നയമെന്നാണ് നായിഡു തുടർന്നു പറയുന്നത്. ഇന്ത്യാവൽക്കരണമെന്നാൽ പുഷ്പക വിമാനത്തെക്കുറിച്ചും ആഗ്നേയാസ്ത്രത്തിലെ ആണവോർജത്തെക്കുറിച്ചും ഗണപതി സൃഷ്ടിയിലെ ശസ്‌ത്രക്രിയയെക്കുറിച്ചും ചാണകത്തിൽ പ്ലൂട്ടോണിയത്തെക്കുറിച്ചും ഊറ്റം കൊള്ളാൻ  കുട്ടികളെ പഠിപ്പിക്കലാണോ ഉദ്ദേശ്യം?   മഹാത്മാ ഗാന്ധിയെ വെടിവച്ച ഗോഡ്സെ റോൾ മോഡലാണെന്ന്‌  കുട്ടികൾ പഠിക്കേണ്ട കാലമാണോ വരുന്നത്?  

അതിവിദൂരമല്ലാതെ ഇന്ത്യൻ വിദ്യാഭ്യാസത്തിൽ സംഭവിക്കുന്ന കാവി അധിനിവേശത്തിന്റെ സകല സൂചനയും കാണുന്നുണ്ട്‌. തട്ടമിട്ട മുസ്ലിം പെൺകുട്ടികൾക്ക് പ്രവേശനമില്ലാത്തതും ബൈബിൾ  നിഷിദ്ധമാകുന്നതും   ഭഗവദ്‌ഗീത പാഠപുസ്തകമാകുന്നതും ക്ലാസ് മുറികൾ ഹിന്ദുരാഷ്ട്ര നിർമിതിയുടെ പടവുകളാക്കുന്നതിന്റെ ഭാഗമായി കാണണം. ഇത്‌ തിരിച്ചറിയുക വളരെ  പ്രധാനം.

(ബാലസംഘം സംസ്ഥാന കോ–-ഓർഡിനേറ്റർ ആണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top