13 May Thursday

ബംഗാൾ 
ഇടതുപക്ഷത്തുറച്ച്‌ - ഗോപി കൊൽക്കത്ത എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021

ബംഗാളിൽ തെരഞ്ഞെടുപ്പ് അന്ത്യഘട്ടം കടക്കുമ്പോൾ സംസ്ഥാനത്തെ ഏകദേശ ചിത്രം വ്യക്തമാകുകയാണ്‌. സമഗ്ര വിശകലനത്തിൽ ഇടതു സംയുക്ത മുന്നണി വലിയ മുന്നേറ്റമാണ്‌ നടത്തിയത്. എല്ലായിടത്തും മികച്ച പ്രകടനമാണ് ഇടതുപക്ഷ മുന്നണി കാഴ്ചവച്ചത്. ഈ മുന്നേറ്റം കണ്ടില്ലെന്ന്‌ നടിക്കാനാണ് ദേശീയ സംസ്ഥാന തലങ്ങളിൽ മിക്ക മാധ്യമങ്ങളും ശ്രമിച്ചത്. തൃണമൂലും ബിജെപിയും തമ്മിലുള്ള പോരാട്ടമായി വരുത്തിത്തീർക്കാനും അതുവഴി ഇടതുപക്ഷത്തെ കുറച്ചുകാണിക്കാനുമുള്ള ആ ശ്രമം ജനങ്ങൾ തള്ളി.

ആകെയുള്ള 294 സീറ്റിൽ 257 ഇടത്തെ വോട്ടെടുപ്പാണ് പൂർത്തിയായത്‌. കോവിഡ് ബാധിച്ച് രണ്ടിടത്ത്‌ സ്ഥാനാർഥികൾ മരിച്ചതോടെ വോട്ടെടുപ്പ് മാറ്റി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഒരു മണ്ഡലത്തിലും സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. മാർച്ച് 27ന് തുടങ്ങി ഏപ്രിൽ 29വരെ എട്ടു ഘട്ടമായാണ്‌ വോട്ടെടുപ്പ്. കോവിഡ് വ്യാപകമായതോടെ അന്ത്യഘട്ടങ്ങളിൽ പ്രചാരണത്തിൽ വലിയ മാറ്റം വന്നു. പരസ്യപ്രചാരണം 72 മണിക്കൂർ മുമ്പേ അവസാനിപ്പിച്ചു. പൊതുയോഗങ്ങളും റോഡ് ഷോകളും റദ്ദാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം വരുന്നതിന് മുമ്പുതന്നെ ഇടതുമുന്നണി റാലികളും റോഡ് ഷോകളും റദ്ദാക്കി. സിപിഐ എമ്മും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് പ്രവർത്തനം കോവിഡ് പ്രതിരോധ ക്യാമ്പയിനുകൾ കൂടിയാക്കി.

ഇതുവരെ ഇല്ലാത്തവിധം എട്ട്‌ ഘട്ടമായി വോട്ടെടുപ്പ് നടത്താനുള്ള കമീഷന്റെ തീരുമാനം മമത സർക്കാരിന് കനത്ത പ്രഹരമായി. മമതയുടെ കാലത്ത്‌ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ചതിനാലാണ്‌ നിരവധി ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 2016ൽ തെരഞ്ഞെടുപ്പ് ആറ് ഘട്ടമായിരുന്നു. അതിനുശേഷം സ്ഥിതി കൂടുതൽ മോശമായി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമം അരങ്ങേറുന്ന സംസ്ഥാനമാണ് ബംഗാൾ. തൃണമൂൽ സഹായത്തോടെ ബിജെപി വേരോട്ടമുണ്ടാക്കിയതോടെ അക്രമത്തിന്‌ അവരും തുല്യ പങ്കുവഹിച്ചു. തെരഞ്ഞെടുപ്പ് സുതാര്യവും അക്രമരഹിതവുമായി നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ എടുത്ത നടപടികളൊന്നും പര്യാപ്തമല്ല എന്നാണ്‌ പൂർത്തിയായ ഏഴു ഘട്ടവും തെളിയിച്ചത്.

വ്യാപകമായ അക്രമവും ബൂത്തുപിടിത്തവും വോട്ടർമാരെ അടിച്ചോടിക്കലും എല്ലാ ഘട്ടത്തിലും നടന്നു. കൂടുതൽ കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പലയിടത്തും ഇടതുമുന്നണിയുടെ ഏജന്റുമാരെ ബൂത്തുകളിൽനിന്ന്‌ ബലാൽക്കാരമായി പുറത്താക്കി. ക്രൂരമായി മർദിക്കുകയും ചെയ്തു. ഏഴുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കുപറ്റുകയും ചെയ്തു. ഇടതുമുന്നണിയുടെ നിരവധി സ്ഥാനാർഥികളും ഏജന്റുമാരും ആക്രമണത്തിന് ഇരയായി. വാഹനങ്ങൾ തകർത്തു. പൊലീസ് ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. എന്നാൽ, ഇത്തവണ ശക്തമായ ചെറുത്തുനിൽപ്പാണ് ഇടതുപക്ഷം നടത്തിയത്‌. ജനങ്ങൾ സംഘടിതമായി അക്രമം ചെറുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ജനങ്ങൾ സംഘടിതമായി ഇടതു പ്രവർത്തകരോടൊപ്പം അണിനിരന്നു. ഇത് വലിയൊരു മാറ്റമാണ് സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഇടതുപക്ഷം സജീവമായി. ചിട്ടയായ പ്രവർത്തനമാണ് നടന്നത്. തൃണമൂലിന്റെ ജനാധിപത്യവിരുദ്ധ അക്രമനടപടികളും അഴിമതിയും ജാതി മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന ബിജെപിയുടെ വർഗീയനയങ്ങളും തുറന്നുകാട്ടാൻ കഴിഞ്ഞു. ജനകീയ അവകാശങ്ങൾ സംരക്ഷിക്കാനും നേടിയെടുക്കാനും ഇടതുപക്ഷം കൂടുതൽ ശക്തിയാർജിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തി.

ഇതെല്ലാം ഒരു പുത്തൻ ഉണർവ് സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വർഗീയവിദ്വേഷം വിതച്ചുള്ള പ്രചാരണമാണ് പ്രകടമായത്. തൃണമൂലും ബിജെപിയും മത്സരിച്ചുള്ള പ്രവർത്തനമാണ് നടത്തിയത്. നയത്തിൽ വലിയ വ്യത്യാസമില്ലാത്ത ഇരുകൂട്ടരുടെയും പ്രചാരണം പരസ്പരസഹായമാണ് ചെയ്തത്. അവർ വൻതോതിൽ പണം ഒഴുക്കി. തൃണമൂലിന്റെ വിധ്വംസക വികസന വിരുദ്ധ അക്രമ രാഷ്ട്രീയത്തെയും ബിജെപിയുടെ വർഗീയ ജനവിരുദ്ധ നയങ്ങളെയും ഒരേപോലെ ഇടതുപക്ഷം തുറന്നു കാട്ടി. വ്യത്യസ്തമായ നിലപാടാണ് മാധ്യമങ്ങൾ ഇത്തവണ സ്വീകരിച്ചത്. ഇടതു മുന്നണിയെ തകർക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ ബിജെപിക്ക്‌ അമിത പ്രാധാന്യം നൽകി. ബിജെപി പ്രചാരണം ഒരു പരിധിവരെ മാധ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തൃണമൂലിന് ബദൽ ബിജെപിയാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ബദ്ധപ്പാടാണ് അവർ നടത്തിയത്.  

വലിയ തോതിലുള്ള കൂറുമാറ്റവും ചാക്കിട്ടു പിടിത്തവും നടന്നു. തൃണമൂലിൽനിന്ന്‌ വൻ തോതിൽ ബിജെപിയിലേക്കും മറിച്ചുമാണ് ഇത് നടന്നത്. നിരവധി ബിജെപിക്കാർ തൃണമൂലിൽ എത്തി സീറ്റു നേടി. ബിജെപി സ്ഥാനാർഥികളിൽ പകുതിയിലധികവും പഴയ തൃണമൂലുകാരാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ഓട്ടം തുടരും. ബിജെപിയുടെയും തൃണമൂലിന്റെയും മുഖ്യ എതിരാളി സംയുക്ത മുന്നണിയാണ്. പ്രതിബന്ധങ്ങൾ തരണംചെയ്ത് ബംഗാളിൽ ഇടതുമുന്നണി അതിശക്തമായ തിരിച്ചുവരവ്‌ നടത്തുമെന്നുറപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top