24 March Friday

എരിഞ്ഞുതീരുന്ന ബീഡി വ്യവസായം

കെ പി സഹദേവൻUpdated: Wednesday Dec 28, 2022

ഓൾ ഇന്ത്യ ബീഡി വർക്കേഴ്സ് ഫെഡറേഷന്റെ എട്ടാമത് ദേശീയ സമ്മേളനം ബുധനും വ്യാഴവും കണ്ണൂരിൽ ചേരുകയാണ്. 30 വർഷംമുമ്പ് ഫെഡറേഷന്റെ രൂപീകരണസമ്മേളനം കണ്ണൂരിലായിരുന്നു. പുകയിലയുമായി ബന്ധപ്പെട്ട് 17 സംസ്ഥാനത്തിലായി  80 ലക്ഷത്തോളംപേർ ജോലിചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് 64 ലക്ഷത്തിലധികം തൊഴിലാളികൾ. അതിൽ 51 ലക്ഷത്തിലധികംപേർക്ക്  കമ്പനികൾ തിരിച്ചറിയൽ കാർഡ് നൽകി.  ഇതിനുപുറമെ, തിരിച്ചറിയൽ കാർഡ് നൽകാതെ ജോലി ചെയ്യുന്നവരുമുണ്ട്. ഇന്ത്യയിൽനിന്ന്‌  53 രാജ്യത്തിലേക്ക് ബീഡി കയറ്റുമതി ചെയ്തിരുന്നു. നേരത്തെ ബീഡി ഇറക്കുമതി ചെയ്ത മിക്ക രാജ്യവും ഇറക്കുമതി കുറച്ചിരിക്കുകയാണ്‌.

പ്രോവിഡന്റ് ഫണ്ട് ബാധകമായ 41 ലക്ഷത്തിലേറെ തൊഴിലാളികൾ  നിലവിലുണ്ട്. ഐഎൽഒ കണക്കനുസരിച്ച് ഇന്ത്യയിൽ 72 ലക്ഷം ബീഡിത്തൊഴിലാളികൾ ജോലിചെയ്യുന്നു. ഈ കണക്കിൽപ്പെടാത്ത  വലിയ വിഭാഗമുണ്ട് എന്നതാണ് വസ്തുത.  ഭൂരിഭാഗവും സ്ത്രീത്തൊഴിലാളികളാണ്. ദേശീയ തലത്തിൽ ഏകീകൃത കൂലിവ്യവസ്ഥയെന്ന ആവശ്യമുന്നയിച്ച്‌  1954 മുതൽ തൊഴിലാളികൾ സമരം സംഘടിപ്പിക്കുന്നു. എന്നാൽ, ഇതുവരെ മിനിമംകൂലി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ബീഡിത്തൊഴിലാളികളെ നിയമപരമായി സംരക്ഷിക്കുന്നതിന് 1966ലാണ് കേന്ദ്രസർക്കാർ  നിയമം കൊണ്ടുവന്നത്. എന്നാൽ, കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളൊന്നും നടപ്പാക്കാൻ തയ്യാറായില്ല. പാർലമെന്റ്‌ പാസാക്കിയ നാല്‌ വേജ് കോഡ് ബില്ലിന്റെ പരിധിയിൽ ബീഡി–-സിഗാർ നിയമം ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടെ 56 വർഷംമുമ്പ് ബീഡിത്തൊഴിലാളികൾക്കുവേണ്ടി ഉണ്ടാക്കിയ നിയമം ഇല്ലാതായി.

1972ൽ ബീഡിത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി കേന്ദ്ര വെൽഫെയർ ഫണ്ട് രൂപീകരിച്ചു. അതുവഴി തൊഴിലാളികൾക്ക് ഭവന നിർമാണ ധനസഹായം, കുട്ടികൾക്ക്‌  സ്കോളർഷിപ്, വൈദ്യസഹായം തുടങ്ങിയവ ലഭിച്ചു. ബീഡിയിന്മേൽ സെസ് ചുമത്തിയാണ് അതിന് ആവശ്യമായ സംഖ്യ കേന്ദ്രസർക്കാർ സ്വരൂപിച്ചത്. ജിഎസ്ടി  നടപ്പാക്കിയതിനെത്തുടർന്ന് സെസ് പിരിക്കാൻ കഴിയാതായതോടെ വെൽഫെയർ ഫണ്ട് ആനുകൂല്യം പൂർണമായും ഇല്ലാതായി.

ധാരാളം തൊഴിലാളികളെവച്ച് ജോലി ചെയ്യിക്കുന്ന വൻകിട ബീഡി വ്യവസായങ്ങളുണ്ട്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ബാധകമല്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചുവരുന്നത്. കടുത്ത ചൂഷണത്തിന് തൊഴിലാളികൾ വിധേയമാകുന്നു. അവരെ രക്ഷിക്കാൻ ആവശ്യമായ ഒരുനടപടിയും കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. വ്യവസായികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്‌. ബീഡി –-സിഗാർ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും ഉയർന്ന മിനിമം കൂലി നിശ്ചയിച്ചിട്ടുള്ളത് കേരളമാണ്. 1996 മുതൽ തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കിവരുന്നു, ഇൻകം സപ്പോർട്ട് സ്കീം അനുസരിച്ച്. വർഷത്തിൽ ആനുകൂല്യങ്ങൾ നൽകുന്നു. ഇത്തവണയും അനുവദിച്ചു.

ബീഡി വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ വിശദമായി അഖിലേന്ത്യ സമ്മേളനം ചർച്ച ചെയ്യും. വേജ് കോഡിൽ ഉൾപ്പെടുത്തി ഇല്ലാതാക്കിയ ബീഡി–- സിഗാർ  നിയമം നടപ്പാക്കുക, മിനിമം കൂലി നടപ്പാക്കുക, നിർത്തിവച്ച കേന്ദ്ര വെൽഫെയർ ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യമുന്നയിച്ച്‌ പ്രക്ഷോഭ സമരത്തിന് രൂപംനൽകും.

(ഓൾ ഇന്ത്യ ബീഡി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top