25 March Monday

സിനിമയ്ക്ക് പുതുജന്മം നല്‍കിയ 'ബാറ്റില്‍ഷിപ് പോടെംകിന്‍'

കോയ മുഹമ്മദ്Updated: Tuesday Nov 7, 2017

 

സിനിമയെപ്പോലെ ഒക്ടോബര്‍ വിപ്ളവത്തിന്റെ പ്രഭാവത്തില്‍ അടിമുടി നവീകരിക്കപ്പെട്ട കല വേറെയില്ല. കല്‍പ്പനയുടെയും ആവിഷ്കാരത്തിന്റെയും മണ്ഡലങ്ങളില്‍ വിപ്ളവത്തെതുടര്‍ന്നുണ്ടായ ഇടപെടലാണ് ഹോളിവുഡിന് തീര്‍ത്തും അടിപ്പെട്ടുപോകാമായിരുന്ന ഈ വിനിമയമാധ്യമത്തെ കലയുടെ വിതാനത്തിലേക്ക് കരകയറ്റിയത്.
വിപ്ളവത്തിന് തൊട്ടുപിന്നാലെ വെളുത്ത പടയും അവരെ പിന്തുണച്ച് ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ജപ്പാനും അകത്തുനിന്നും പുറത്തുനിന്നുമായി നടത്തിയ ആക്രമണങ്ങളില്‍ റഷ്യയില്‍ ജനജീവിതം ദുഃസാധ്യമാകുകയായിരുന്നു. അതിവിശാലമായ ഭൂപ്രദേശത്തായി പരന്നുകിടക്കുന്ന ഏറെയും നിരക്ഷരരും നൂറിലേറെ ഭാഷ സംസാരിക്കുന്നവരുമായ ജനസഞ്ചയത്തോട് ഫലപ്രദമായി സംവദിക്കുക എളുപ്പമായിരുന്നില്ല.

"നമ്മെ സംബന്ധിച്ചിടത്തോളം സിനിമയാണ് എല്ലാ കലകളിലുംവച്ച് പ്രധാനം'', ലെനിന്‍ പ്രഖ്യാപിച്ചു. പക്ഷേ, സിനിമ യൂറോപ്പിലെപ്പോലെയൊന്നും റഷ്യയില്‍ ജനങ്ങള്‍ക്ക് കാര്യമായി പ്രാപ്യമായിക്കഴിഞ്ഞിരുന്നില്ല. വിപ്ളവത്തിനുമുമ്പ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന ചലച്ചിത്രവ്യവസായികള്‍ മിക്കവാറും കുടിയൊഴിഞ്ഞുപോയിക്കഴിഞ്ഞുമിരുന്നു. സാമ്പത്തിക ഉപരോധം കാരണം സാങ്കേതിക ഉപകരണങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതി ദുഃസാധ്യവുമായിരുന്നു.

എങ്കിലും സോവിയറ്റ് ഭരണം നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറി. അധികാരത്തിലേറിയതിന്റെ മൂന്നാംദിവസം രൂപീകരിച്ച എക്സ്ട്രാ മ്യൂറല്‍ ഡിവിഷനുകീഴില്‍ ചലച്ചിത്രത്തിനായി സബ് ഡിവിഷന്‍ ഏര്‍പ്പെടുത്തി. ചലച്ചിത്രവ്യവസായവും വ്യാപാരവും ദേശസാല്‍ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍, ജനകീയ കമീസാറുകളുടെ തലവനെന്ന നിലയ്ക്ക് 1919 ആഗസ്ത് 27ന്, ലെനിന്‍ ഒപ്പുവച്ചു. ഉന്നതമായ കല ജനങ്ങള്‍ക്ക് നല്‍കാനുള്ള സമര്‍പ്പിതവും ഉദാത്തവുമായ യജ്ഞത്തില്‍ ഭാഗഭാക്കാകാന്‍ ലെനിന്റെയും വിദ്യാഭ്യാസകാര്യ കമീസാര്‍ ലൂണാചാര്‍സ്കിയുടെയും എക്സ്ട്രാ മ്യൂറല്‍ ഡിവിഷന്‍ അധ്യക്ഷ ക്രൂപ്സാക്കായയുടെയും ആഹ്വാനം ചെവിക്കൊണ്ട് ഒരുപറ്റം യുവ ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തേക്കുവന്നു.

1918ല്‍ പെട്രോഗ്രാഡിലെ സിവില്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് വിപ്ളവത്തെ സംരക്ഷിക്കാന്‍ ചെമ്പടയില്‍ ചേര്‍ന്ന ഐസന്‍സ്റ്റീന്‍ വിപ്ളവത്തിന്റെ വെന്നിക്കൊടി കണ്ട് ജപ്പാനിലെ 'കബുക്കി' നാടോടിരംഗകലയില്‍ ആകൃഷ്ടനായി നാടകരംഗത്ത് മുഴുകിയിരിക്കെയായിരുന്നു സിനിമയിലേക്കുള്ള വിളികേട്ടത്. 1924ല്‍ പുറത്തിറങ്ങിയ 'സ്ട്രൈക്ക്' എന്ന കൃതിയോടെ ഈ ചലച്ചിത്രകാരന്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. വിപ്ളവപൂര്‍വ റഷ്യയിലെ തൊഴിലാളിവര്‍ഗവും മുതലാളിത്തവുംതമ്മിലുള്ള സംഘട്ടനമാണ് ചിത്രത്തിന്റെ പ്രതിപാദ്യവിഷയം. സിനിമയുടെ മര്‍മമായി ഐസന്‍സ്റ്റീന്‍ കണക്കാക്കിയ 'മൊണ്ടാഷി'ന്റെ സാഫല്യംകണ്ട ഈ ചിത്രം ജനങ്ങളെയാണ് നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചത്.

1905ലെ പ്രഥമ റഷ്യന്‍ വിപ്ളവത്തിന്റെ ഇരുപതാം വാര്‍ഷികവേളയിലേക്ക് ഒരു ചിത്രം നിര്‍മിക്കാന്‍ അധികൃതര്‍ ഐസന്‍സ്റ്റീനെ ചുമതലപ്പെടുത്തി. വിപുലമായ ക്യാന്‍വാസിലാണ് തിരക്കഥാകൃത്ത് നീന അഗാത് സനോവയ്ക്കൊപ്പം ആദ്യം ചിത്രം വിഭാവനചെയ്തതെങ്കിലും സമയപരിമിതികാരണം പദ്ധതി മാറ്റി. കരിങ്കടലിലെ 'പ്രിന്‍സ് ഓഫ് പോടെംകിന്‍ ഓഫ് തൌറീസ്' എന്ന പടക്കപ്പലിലെ നാവികരുടെ കലാപത്തില്‍ കേന്ദ്രീകരിച്ച്, പ്രിസത്തിലൂടെയെന്നപോലെ, ഒന്നാം റഷ്യന്‍ വിപ്ളവത്തെ നോക്കിക്കാണുന്ന ഒരു ചിത്രം നിര്‍മിക്കാമെന്നുവച്ചു.

അമേരിക്കയില്‍ ഡി ഡബ്ള്യു ഗ്രിഫിത്തിനുംമറ്റും മുമ്പേ ലഭ്യമായിരുന്നതുപോലുള്ള സജ്ജീകരണങ്ങളൊന്നും അന്ന് സോവിയറ്റ് ചലച്ചിത്രകാരന്മാര്‍ക്ക് പ്രാപ്യമായിരുന്നില്ല. എങ്കിലും കെട്ടടങ്ങാത്ത ആവേശവുമായി ഛായാഗ്രാഹകന്‍ ടീസ്സെ അടക്കമുള്ള വലിയൊരു സംഘവുമായി ഐസന്‍സ്റ്റീന്‍ നാലുമാസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി.

സാര്‍ ഭരണകാലത്ത് കരിങ്കടലില്‍ നിലകൊണ്ട കപ്പല്‍വ്യൂഹത്തിലെ 'പ്രോടെംകി'നിലെ നാവികരാണ് ചിത്രത്തിലെ നായകര്‍. അഞ്ചു ഖണ്ഡങ്ങളായാണ് ചിത്രം അനാവരണംചെയ്യപ്പെടുന്നത്. പ്രാതലിനുള്ള മാംസത്തില്‍ പുഴുവരിക്കുന്നതുകണ്ട് വാകുലിന്‍ ചുകിന്റെ നേതൃത്വത്തില്‍ നാവികര്‍ പ്രതിഷേധമുയര്‍ത്തുന്നത് 'മനുഷ്യരും പുഴുക്കളും' എന്ന അധ്യായത്തില്‍ നമുക്കുകാണാം. മാംസം കഴിക്കാന്‍ വിസമ്മതിച്ചതിന് നാവികര്‍ അച്ചടക്കനടപടി നേരിടുകയാണ്. അവരെ വെടിവയ്ക്കാന്‍ ഓഫീസറുടെ ആജ്ഞയുണ്ടാകുന്നുവെങ്കിലും വാകുലിന്റെ ആഹ്വാനത്തില്‍ ഫയറിങ് സ്ക്വാഡിലെ അംഗങ്ങള്‍ അതിന് വിസമ്മതിക്കുന്നു. പുഴുക്കളെ കഴുകിക്കളയാവുന്നതേയുള്ളൂ എന്നു വിധിച്ച ഡോക്ടര്‍ മീനുകള്‍ക്ക് ഭക്ഷണമായി കടലിലേക്കെറിയപ്പെടുന്നിടത്തോളമെത്തുന്ന സംഭവവികാസങ്ങളാണ് 'ഡക്കിന്മുകളിലെ നാടകം' എന്ന രണ്ടാം ഖണ്ഡത്തിലുള്ളത്.

കലാപത്തില്‍ രക്തസാക്ഷിയാകുന്ന വീരനായകന്‍ വാകുലില്‍ ചുകിന്റെ മൃതദേഹം ഒഡേസയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ നാവികരും നാട്ടുകാരുംതമ്മില്‍ രൂപപ്പെടുന്ന ഐക്യദാര്‍ഢ്യം 'മരിച്ചവന്‍ നീതി തേടുന്നു' എന്ന മൂന്നാം ഖണ്ഡത്തെ ഐതിഹാസികമാനങ്ങളിലേക്കെത്തിക്കുന്നു. ലോകസിനിമയില്‍ എക്കാലത്തെയും അത്യപൂര്‍വ മുഹൂര്‍ത്തമായി എണ്ണപ്പെടുന്ന 'ഒഡേസ പടവുകളാ'ണ് നാലാം ഖണ്ഡത്തിന്റെ ഉള്ളടക്കം. കുതിരപ്പട്ടാളക്കാര്‍ ജനങ്ങളെ ലക്ഷ്യംവച്ചു നീങ്ങുന്നു; ആളുകള്‍ മറിഞ്ഞുവീഴുന്നു, ജീവനുംകൊണ്ടോടുന്നു. പിടിവിട്ടുപോയ ഒരു പരാംബുലേറ്റര്‍ കൈക്കുഞ്ഞുമായി താഴേക്കുരുളുന്നു, പൊട്ടിച്ചിതറിയ കണ്ണട; നിര നിരെ പിന്നെയും കുതിക്കുന്ന പട്ടാള ബൂട്ടുകള്‍.

സൈനികസ്ഥാനത്തിനുനേരെ പടക്കപ്പലിന്റെ പീരങ്കി പ്രയോഗിക്കാനുള്ള നാവികരുടെ ആലോചനയ്ക്കിടെ അവരെ നേരിടാന്‍ കൂറുള്ള കപ്പല്‍പ്പട എത്തുന്നുവെന്ന വാര്‍ത്തയെത്തുന്നു. എന്തുവന്നാലും നേരിടാനുറച്ച നാവികരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട് ആഗതര്‍ തോക്കുതാഴ്ത്തി തങ്ങളുടെ സഖാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന 'ഒരുവന്‍ എല്ലാര്‍വര്‍ക്കുമെതിരെ' എന്ന അഞ്ചാം ഖണ്ഡത്തോടെ ചിത്രവും പര്യവസാനിക്കുന്നു.

പ്രേക്ഷകരെ ഉടനീളം ജാഗ്രത്തായി നിര്‍ത്തിയാണ് 'ബാറ്റില്‍ഷിപ് പോടെംകിന്‍ പുരോഗമിക്കുന്നത്. സിനിമയുടെ നിശ്ശബ്ദയുഗത്തിലെ ഒരു സൃഷ്ടിയാണിതെന്ന് ഓര്‍ക്കാന്‍ നിറഞ്ഞുതുളുമ്പുന്ന ഊഷ്മളത നമ്മെ അനുവദിക്കുന്നില്ല. ചരിത്രപരമായ വൈരുധ്യാത്മകവാദത്തിലും കാഴ്ചയുടെ മനഃശാസ്ത്രപരമായ സവിശേഷതകളിലും ഊന്നി ചലച്ചിത്രസംയോജനസങ്കേതത്തെ സൈദ്ധാന്തീകരിക്കുകയാണ് ഐസന്‍സ്റ്റീന്‍ എന്ന മാര്‍ക്സിസ്റ്റ് ചിന്തകന്‍ ചെയ്തത്. ഒറ്റയൊറ്റ ഷോട്ടുകളുടെ യാന്ത്രികമായ കൂട്ടിച്ചേര്‍ക്കലല്ല, വിവേകപൂര്‍വം ആലോചിച്ചുറച്ച് ആശയദാര്‍ഢ്യത്തില്‍ പരസ്പരം ബന്ധപ്പെടുത്തി ക്രമീകരിക്കപ്പെട്ട ഷോട്ടുകളുടെ സവിശേഷമായ നിരയാണ് മൊണ്ടാഷ് പ്രകാരമുള്ള സിനിമ.

1958ല്‍ ബ്രസല്‍സില്‍ ലോകപ്രദര്‍ശനവേളയില്‍ ഒത്തുകൂടിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 117 ചലച്ചിത്രനിരൂപകര്‍ എക്കാലത്തെയും മികച്ച ചിത്രമായി തെരഞ്ഞെടുത്ത 'ബാറ്റില്‍ഷിപ് പോടെംകിന്‍' പ്രദര്‍ശിപ്പിക്കപ്പെടാതെ ഒരൊറ്റ ദിവസവും ഇപ്പോഴും കടന്നുപോകുന്നില്ലെന്നുപറയാം. വോള്യങ്ങള്‍ എഴുതപ്പെട്ടുകഴിഞ്ഞ ഈ ചിത്രത്തെക്കുറിച്ച് ഇപ്പോഴും ചലച്ചിത്രസൈദ്ധാന്തികര്‍ തല പുണ്ണാക്കുന്നു; ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു.

 

പ്രധാന വാർത്തകൾ
 Top