23 March Saturday

അഭിമന്യുവും ഇന്ത്യൻ അവസ്ഥയും...: മതേതര ഇന്ത്യയുടെ മുഖ്യശത്രു മതരാഷ്ട്രവാദമാണ്- ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നു

ബാലചന്ദ്രൻ ചുള്ളിക്കാട്Updated: Saturday Aug 4, 2018

മതേതര ഇന്ത്യയുടെ മുഖ്യശത്രു മതരാഷ്ട്രവാദമാണ്. വർഗരാഷ്ട്രീയത്തിന്റെ ശത്രു വർഗീയതയും. മതേതര ഇന്ത്യക്കും വർഗരാഷ്ട്രീയത്തിനുംവേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് ദരിദ്രരിൽ ദരിദ്രനും അധഃകൃതരിൽ അധഃകൃതനുമായ അഭിമന്യു എന്ന വിദ്യാർഥി കൊല്ലപ്പെട്ടത്. അഭിമന്യു ഉയർത്തിയ ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യമാണ് ഇന്ത്യയെ ഇസ്ലാമികരാഷ്ട്രമാക്കാൻവേണ്ടി പ്രവർത്തിക്കുന്ന വർഗീയവാദികളായ ക്യാമ്പസ‌് ഫ്രണ്ടുകാരെയും പോപ്പുലർ ഫ്രണ്ടുകാരെയും എസ്ഡിപിഐക്കാരെയും പ്രകോപിപ്പിച്ചത്. അതിനാൽ, ഒറ്റപ്പെട്ട സംഭവം എന്നതിനപ്പുറം ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ദേശീയ, സാർവദേശീയ പ്രാധാന്യമുണ്ട്.

മതരാഷ്ട്രവാദവും വർഗീയതയും സൃഷ്ടിച്ച രക്തപ്പുഴയിലാണ് സ്വതന്ത്ര ഇന്ത്യ പിറന്നുവീണത്. ഇറ്റാലിയൻ ഫാസിസത്തിൽനിന്ന‌് പ്രചോദനമുൾക്കൊണ്ട സവർണഹിന്ദുവർഗീയത 1925 മുതൽ സൈനികമായി സംഘടിക്കാൻ തുടങ്ങി. രാഷ്ട്രത്തെ ഹിന്ദുത്വവൽക്കരിക്കുക, ഹിന്ദുത്വത്തെ സൈനികവൽക്കരിക്കുക എന്ന സവർക്കറുടെ ആദർശത്തിന്റെ പ്രായോഗികരൂപമായി ആർഎസ‌്എസ‌് എന്ന അർധ സൈനികസംഘടന ഉണ്ടായി. ചാതുർവർണ്യത്തിലും സവർണാധികാരത്തിലും അധിഷ്ഠിതമായ ഹിന്ദുത്വത്തെ ഇന്ത്യയുടെ സാംസ്കാരിക ദേശീയതയായി നിർവചിച്ചുകൊണ്ട് രൂപംകൊണ്ട ഈ നവ സവർണഹൈന്ദവ വർഗീയരാഷ്ട്രീയം ഇന്ത്യയിലെ മതന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തു. പ്രബലന്യൂനപക്ഷമായ മുസ്ലിംസമുദായത്തെ സവർണഹൈന്ദവരാഷ്ട്രീയത്തിന്റെ പ്രകോപനം പരമാവധി വർഗീയവൽക്കരിച്ചു. ജനത വർഗീയമായി വിഭജിക്കപ്പെട്ടു. വർഗീയരാഷ്ട്രീയം ഇന്ത്യൻ സ്വാതന്ത്ര്യത്തെ രക്തപങ്കിലമാക്കി. അതിന്റെ ആത്യന്തികഫലമായിരുന്നു ഇന്ത്യാവിഭജനവും ഗാന്ധിവധവും.

സ്വതന്ത്ര പാകിസ്ഥാനിൽ വർഗീയരാഷ്ട്രീയം വിജയിക്കുകയും അതൊരു മതരാഷ്ട്രമായി മാറുകയും ചെയ്തു. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ സവർണഹൈന്ദവ വർഗീയരാഷ്ട്രീയം വിജയിച്ചില്ല. ഭൂരിപക്ഷമായ ഹിന്ദുക്കൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ സമ്മതിച്ചില്ല. കാരണം, ഹിന്ദുരാഷ്ട്രം ചാതുർവർണ്യവ്യവസ്ഥയിലും ഫലത്തിൽ ജാതിവ്യവസ്ഥയിലും അധിഷ്ഠിതമായിരിക്കുമെന്നും, ഹിന്ദുരാഷ്ട്രത്തിൽ അവർണജനകോടികളും അഹിന്ദുക്കളും സവർണരുടെ അടിമകൾമാത്രമായിരിക്കുമെന്നും തിരിച്ചറിയാനുള്ള ജനാധിപത്യവിവേകം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായി. അതിനാൽ, അംബേദ്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ ഭരണഘടന എല്ലാ ഭാരതപൗരന്മാർക്കും തുല്യതയും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും ഉറപ്പുവരുത്തുന്ന ജനാധിപത്യരാഷ്ട്രമായി ഇന്ത്യയെ വിഭാവനം ചെയ്തു.

ആ ഭരണഘടനയുടെ അന്തസ്സത്ത മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണ്. എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും തുല്യപരിഗണന നൽകുന്ന, മാനവികതയിൽ അധിഷ്ഠിതമായ ഭരണവ്യവസ്ഥയാണ‌് മതേതരത്വം. എല്ലാ പൗരന്മാർക്കും രാഷ്ട്രീയാധികാരത്തിലുള്ള പങ്കാളിത്തമാണ‌് ജനാധിപത്യം. ദേശീയസമ്പത്തിൽ എല്ലാ പൗരന്മാർക്കുമുള്ള അവകാശമാണ‌് സോഷ്യലിസം. ഇന്ത്യക്കാർക്ക് ഇതെല്ലാം ഉറപ്പുനൽകുന്ന അടിസ്ഥാനരേഖയാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദുഭൂരിപക്ഷത്തെ വർഗീയവൽക്കരിച്ച്, ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തിലെത്തി, മതേരത്വം ജനാധിപത്യം സോഷ്യലിസം എന്നീ മാനവികാദർശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയെ അട്ടിമറിച്ച്, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഇന്ന് ഹിന്ദുവർഗീയതയുടെ ലക്ഷ്യം. ആ ലക്ഷ്യം സാധിക്കാനുള്ള സൈനികവും രഷ്ട്രീയവും സാംസ്കാരികവുമായ ഉപകരണങ്ങളാണ‌് സംഘപരിവാർ സംഘടനകൾ.

ഈ രഷ്ട്രീയസന്ദർഭം ന്യൂനപക്ഷങ്ങളിലും ദളിതരിലും ഉണ്ടാക്കുന്ന ഭയത്തെയും അരക്ഷിതാവസ്ഥയെയും മുതലെടുത്തുകൊണ്ട്, അവരെ വർഗീയമായി സംഘടിപ്പിച്ച്, ആഗോള ഇസ്ലാമിസ്റ്റ് സഹായത്തോടെ, ഇന്ത്യയെ ഇസ്ലാമികരാഷ്ട്രമാക്കി മാറ്റാനാണ് ഇസ്ലാമിക മതമൗലികവാദികൾ ശ്രമിക്കുന്നത്.

ലോകത്തെ മറ്റെല്ലാ ജനതകളെയും കീഴടക്കി, മറ്റെല്ലാ സംസ്കാരങ്ങളെയും തുടച്ചുനീക്കി, ഇസ്ലാമിന്റെ ലോകാധിപത്യം സ്ഥാപിക്കുക എന്നതാണ് ആഗോള ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യവുമായി 1977ൽ രൂപംകൊണ്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി). മതേതര ജനാധിപത്യവ്യവസ്ഥയെ തകർത്ത് ഇന്ത്യയിൽ ഇസ്ലാമികഭരണം സ്ഥാപിക്കുക എന്നതായിരുന്നു സിമിയുടെ ലക്ഷ്യം. പരിശുദ്ധ ഖുറാനാണ‌് ഞങ്ങളുടെ ഭരണഘടനയെന്നും മുഹമ്മദാണ‌് ഞങ്ങളുടെ സേനാനായകനെന്നും ജിഹാദ് (മതയുദ്ധം) ആണ‌് ഞങ്ങളുടെ മാർഗമെന്നും പ്രഖ്യാപിച്ച സിമി ഹിന്ദുക്കളെ വർഗീയവൽക്കരിക്കുന്നതിന് ആർഎസ‌്എസിനെ സഹായിക്കുകയാണ‌് ചെയ്തത്. ഭീകരപ്രവർത്തനത്തിന്റെ പേരിൽ സിമി നിരോധിക്കപ്പെട്ടപ്പോഴാണ് എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ എന്നിങ്ങനെ ഇസ്ലാമികപരിവാരം ഉണ്ടായത്.

ബാബ‌്റി മസ്ജിദ് തകർക്കൽ, ഗോധ്ര കൂട്ടക്കൊല, ഗുജറാത്ത് കൂട്ടക്കൊല തുടങ്ങി അനേകം ദേശീയ ദുരന്തങ്ങളുടെ സഹായത്തോടെ ഇന്ത്യൻ ജനതയെ വർഗീയമായി വിഭജിച്ച് ഭൂരിപക്ഷവർഗീയതയെ രാഷ്ട്രീയമായി സംഘടിപ്പിച്ച് ഇന്ന‌് സംഘപരിവാർ ഇന്ത്യ ഭരിക്കുന്നു. ബഹുരാഷ്ട്രകുത്തകകൾ അടക്കമുള്ള മൂലധനശക്തികളുമായി ചങ്ങാത്തം സ്ഥാപിച്ചുകഴിഞ്ഞ സംഘപരിവാർ ഇന്ത്യയുടെ സമസ്തമേഖലകളും കൈപ്പിടിയിലൊതുക്കാനാണ‌് ശ്രമിക്കുന്നത‌്. ഹിന്ദുരാഷ്ടസ്ഥാപനത്തിന് ഏറ്റവും വലിയ തടസ്സമായ ഇന്ത്യൻ ഭരണഘടനയെ തകർക്കുക എന്നതാണ‌് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ലക്ഷ്യം.

മതേതര ഇന്ത്യയുടെയും ജനാധിപത്യവ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സ്വപ്നത്തിന്റെയും മരണമണി മുഴങ്ങുകയാണ്. മതേതര ജനാധിപത്യശക്തികളുടെ ഐക്യമാണ് ഈ ഇന്ത്യൻ അവസ്ഥയിൽ ചെറുത്തുനില്പിനുള്ള ഏക മാർഗം. എന്നാൽ, മതം, വംശം, വർഗം, നിറം, സ്വത്വം, ദേശം, ഭാഷ എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ചൂഷണത്തിനെതിരായ ജനകീയ ഐക്യം തകർക്കുക എന്നത് മൂലധനശക്തികളുടെ അജൻഡയാണ്. ഇസ്രയേലിനെയും മോഡി സർക്കാരിനെയും പിന്തുണയ്ക്കുന്ന അമേരിക്ക അതേസമയംതന്നെ സൗദി അറേബ്യയുടെയും ഖത്തറിന്റെയും കുവൈത്തിന്റെയും ബഹ‌്റൈന്റെയും സൈനിക കൂട്ടാളിയാണ്. ലക്ഷക്കണക്കിനു കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കി ഇന്തോനേഷ്യയിൽനിന്നും മധ്യപൂർവേഷ്യയിൽനിന്നും കമ്യൂണിസ്റ്റ് സ്വാധീനത്തെ തുടച്ചുനീക്കാൻ ഇസ്ലാമിക മതതീവ്രവാദികളെ പ്രോത്സാഹിപ്പിച്ചതും സഹായിച്ചതും അമേരിക്കയാണ്. ഇസ്ലാമിക ഭീകരവാദത്തെ രഹസ്യമായി പ്രോത്സാഹിപ്പിച്ച‌് മധ്യപൂർവേഷ്യയെ കലാപഭൂമിയാക്കുന്നതും അമേരിക്കതന്നെ.

ഈ അവസ്ഥയിൽ ഇസ്ലാമിക മതരാഷ്ട്രവാദവും മുസ്ലിം വർഗീയതയും ഇസ്ലാമിക ഭീകരവാദവും ആത്യന്തികമായി ഹിന്ദുവർഗീയതയ്ക്ക് പ്രചോദനവും പ്രകോപനവും സഹായവും ന്യായീകരണവുമായി പ്രവർത്തിക്കുന്നു. ഇസ്ലാംമതരാഷ്ട്രവാദവും തീവ്രവാദവും ഭീകരവാദവുമല്ല, മതേതര ജനാധിപത്യശക്തികളുടെ ഐക്യമാണ് ഹിന്ദുവർഗീയതയ്ക്കെതിരായ പ്രതിരോധം. വർഗീയരാഷ്ട്രീയത്തിനെതിരെ വർഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കലാണ് പ്രതിരോധം.

ഹിന്ദുരാഷ്ട്രവാദികളെപ്പോലെ ഇസ്ലാംമതരാഷ്ട്രവാദികളും മതേതര ജനകീയ ഐക്യത്തെ ഭയപ്പെടുന്നു. മൂലധനശക്തികളും വർഗീയശക്തികളും വർഗരാഷ്ട്രീയത്തെ തകർക്കാൻ ശ്രമിക്കുന്നു. ‘വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കി വർഗരാഷ്ട്രീയം ഉയർത്തിപ്പിടിച്ച അഭിമന്യു എന്ന ആദർശത്തെ, അഭിമന്യു എന്ന ജനകീയ സ്വപ്നത്തെ കുത്തിക്കൊന്ന ഇസ്ലാമിക മതരാഷ്ട്രവാദികളായ എസ്ഡിപിഐക്കാർ ആത്യന്തികമായി സഹായിച്ചത് ഹിന്ദുവർഗീയതയെയും മൂലധനശക്തികളെയുമാണ്.

വർഗീയത വിജയിച്ചാൽ ഇന്ത്യ കലാപഭൂമിയാകും. ആഭ്യന്തരയുദ്ധമുണ്ടാകും. രക്തപ്പുഴകളൊഴുകും. ജനങ്ങൾ അഭയാർഥികളാകും. സ്വതന്ത്ര ഇന്ത്യ തകരും. അതിനാൽ, മഹാരാജാസിന്റെ അഭിമന്യു കാലത്തിന്റെ കൽച്ചുമരിൽ സ്വന്തം ചോരകൊണ്ട് എഴുതിയിട്ട ‘വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ഇന്നത്തെ ഇന്ത്യയുടെ ഇരുണ്ട ചക്രവാളങ്ങളിൽ മുഴങ്ങട്ടെ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top