03 October Tuesday

അമരസ്‌മരണയായി അഴീക്കോടൻ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 50 വർഷം പിന്നിടുകയാണ്. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു അഴീക്കോടൻ. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്നതിനിടെയാണ്‌ അദ്ദേഹം കൊല്ലപ്പെടുന്നത്‌. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച്‌, അവരെ ജനാധിപത്യബോധ്യമുള്ള പൗരന്മാരായി മാറ്റിയെടുക്കുന്നതിനായി അഴീക്കോടന്റെ നേതൃത്വത്തിൽ കേരളത്തിൽ വലിയ മുന്നേറ്റമാണ്‌ നടത്തിയത്‌. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രംതന്നെ തിരുത്തിയെഴുതാനുള്ള ആ പോരാട്ടത്തിനിടയിലാണ്‌ ഇരുളിന്റെ മറവിൽ സഖാവിനെ ഇല്ലായ്‌മ ചെയ്‌തത്‌.

അരനൂറ്റാണ്ടുമുമ്പ്‌ അഴീക്കോടൻ സ്വപ്‌നം കണ്ട അതേപാതയിലൂടെ ഇന്ന്‌ കേരളത്തിലെ പാർടിയും ഇടതുപക്ഷവും മുന്നേറുകയാണ്‌. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ വികസനരംഗത്ത്‌ ചരിത്രം സൃഷ്ടിക്കുന്നു. ഭാവി മുന്നിൽക്കണ്ട്‌ നിരവധി വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക്‌ സർക്കാർ തുടക്കംകുറിച്ചു. പലതും പൂർത്തിയായി. കഴിഞ്ഞ ആറുവർഷം കേരളത്തെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ കാലമായിരുന്നു. സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും വർധിച്ച ജനപിന്തുണയും അംഗീകാരവും  കോൺഗ്രസിനെയും ബിജെപിയെയും അലോസരപ്പെടുത്തുന്നു. ഏതുവിധേനയും സർക്കാരിന്‌ പ്രതിബന്ധം സൃഷ്ടിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. ഒരുവിഭാഗം മാധ്യമങ്ങളെ  കൂട്ടുപിടിച്ച്‌ ഇല്ലാക്കഥകൾ മെനഞ്ഞും അസത്യങ്ങൾ പ്രചരിപ്പിച്ചും നിരന്തരം ആക്രമിക്കുന്നു. ഗവർണർ ഉൾപ്പെടെ സർക്കാരിനെതിരെ തിരിഞ്ഞുനിൽക്കുന്ന സാഹചര്യവും ഇതുമായി കൂട്ടിവായിക്കണം. സമാന്തരമായി പലവിധ വികസനവിരുദ്ധ സംഘങ്ങളും നീങ്ങുന്നു. ഇതെല്ലാം ആസൂത്രിതനീക്കമാണെന്ന്‌ തിരിച്ചറിയാൻ കഴിയും. ഏതുവിധത്തിലും സർക്കാരിനെ അട്ടിമറിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം. ഇത്തരം ശ്രമങ്ങളെയെല്ലാം പ്രതിരോധിച്ച്‌ കൂടുതൽ കരുത്തോടെ മുന്നോട്ടുനീങ്ങേണ്ട സാഹചര്യത്തിലാണ്‌ നാം അഴീക്കോടന്റെ സ്‌മരണ പുതുക്കുന്നത്‌. അരനൂറ്റാണ്ടുമുമ്പ്‌ സംസ്ഥാന ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യംവഹിച്ചത്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്. പാർടി പരിപാടിയിൽ പങ്കെടുക്കാനായി  സഖാവ്‌ തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നു നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിനുണ്ടായിരുന്നു.

വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് സഖാവ് ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിന്‌ അടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവസംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ  കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. തുടർന്ന്, പാർടി സംഘടനാരംഗത്ത് വിവിധ ചുമതല  വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ്  1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി.  1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചിരുന്നത്.  നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു.  എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ  മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിൽ അടയ്‌ക്കപ്പെട്ടു. 1948ൽ അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും  ജയിൽവാസം അനുഭവിച്ചു.

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്‌സിസ്റ്റ്‌ നിലപാടെടുക്കാൻ  അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പ്രായോഗികപ്രവർത്തനങ്ങളിലൂടെ ആർജിച്ച വിജ്ഞാനത്തിന്റെ അളവിനെക്കൂടിയാണത് കാണിക്കുന്നത്. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച്  പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പടർന്നുപന്തലിച്ച സഹകരണമേഖലയിലും അതുകാണാം. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിൽ ഒന്നായ കണ്ണൂർ കോ–ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു.  ജീവിതത്തിന്റെ എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പ്രതിബദ്ധതയോടെ അഴീക്കോടൻ ഇടപെട്ടിരുന്നു.

തൊഴിലാളിവർഗ പാർടിക്ക് സ്വന്തമായുണ്ടാകേണ്ടുന്ന മാധ്യമത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയ നേതാവായിരുന്നു അഴീക്കോടൻ. അദ്ദേഹം 1969ൽ ദേശാഭിമാനി പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജനപത്രമാക്കുന്നതിന് നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു.  സഖാവിന്റെ രക്തസാക്ഷിത്വദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണപ്രവർത്തനം ആരംഭിക്കുന്നത്. ദേശാഭിമാനിയുടെ 80–-ാം വാർഷിക വേളയിലാണ്‌ ഇത്തവണ നാം അഴീക്കോടന്റെ സ്‌മരണ പുതുക്കുന്നത്‌. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം.


 

അഴീക്കോടൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർടി നേതാക്കൾ വിഭാവനം ചെയ്ത വികസന പാതയിലേക്കാണ്‌ കേരളത്തെ എൽഡിഎഫ്‌ സർക്കാർ നയിക്കുന്നത്‌. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച്‌ മികച്ച സാമൂഹ്യ അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം വളരുകയാണ്‌. അതേസമയം, ജനജീവിതം അനുദിനം ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിലെ ബിജെപി സർക്കാർ കൈക്കൊള്ളുന്നത്‌. രാജ്യത്തിന്റെ സമ്പത്ത്‌ മുഴുവൻ വിറ്റുതുലച്ച കേന്ദ്രം ഇപ്പോൾ ജനാധിപത്യംതന്നെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ്‌. യോജിച്ച പോരാട്ടത്തിലൂടെ മാത്രമേ രാജ്യത്തെ വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസാകട്ടെ ഉത്തരവാദിത്വം മറന്ന മട്ടിലാണ്‌. കേന്ദ്രത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിലേക്ക്‌ രാജ്യം നീങ്ങുകയാണ്‌. അതിന്റെ ഭാഗമായി കർഷക–-തൊഴിലാളി ഐക്യം രൂപപ്പെട്ടുകഴിഞ്ഞു.  പോരാട്ടപാതയിൽ അണിനിരക്കാൻ അഴീക്കോടന്റെ സ്‌മരണ നമുക്ക്‌ ഊർജമേകും.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ രക്ഷയ്ക്കായി ഇടതുപക്ഷ തുടർഭരണത്തിനുംവേണ്ടി തുടിച്ച ഹൃദയത്തിനുടമയായിരുന്നു  അഴീക്കോടൻ രാഘവൻ. സഖാവിന്റെ ആ ജീവിതസ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കാനാണ് ഈ രക്തസാക്ഷിത്വദിനം നമ്മെ ജാഗ്രതപ്പെടുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top