31 October Saturday

അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Aug 28, 2020


അയ്യൻകാളിയുടെ ജയന്തിസ്മരണ പതിതവർഗത്തിന്റെ മോചനത്തിനായി യത്നിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ്. നാടിന്റെ പുരോഗതിക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനുമായി അയ്യൻകാളി പ്രയത്നിച്ചപ്പോൾ യാഥാസ്ഥിക പിന്തിരിപ്പൻ ശക്തികൾ എന്തെല്ലാം അക്രമങ്ങളും വിഘ്നങ്ങളുമാണ് ഉണ്ടാക്കിയത്. അവയെ എല്ലാം വെല്ലുവിളിക്കാൻ സ്വസമുദായത്തിൽപ്പെട്ടവരെ മാത്രമല്ല, പുരോഗമന ചിന്താഗതിക്കാരെയും സമത്വവാദികളെയും കൂട്ടിയിണക്കാനും അയ്യൻകാളി ശ്രദ്ധിച്ചു. പട്ടികജാതി വിഭാഗക്കാർക്ക് വിദ്യാഭ്യാസം ലഭിക്കാൻവേണ്ടി സ്കൂൾ സ്ഥാപിച്ചപ്പോൾ സവർണ പിന്തിരിപ്പൻമാരും ജൻമിമാരും അതിനെ എതിർക്കുക മാത്രമല്ല, സ്കൂൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

താഴ്‌ന്ന ജാതിക്കാരെന്ന് മുദ്രയടിച്ചവർക്ക് അന്ന് സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിച്ചിരുന്നു. അതിനെതിരെ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ നടത്തിയ "വില്ലുവണ്ടി' യാത്ര സൃഷ്ടിച്ച സാമൂഹ്യചലനം ചെറുതല്ല.  ദൂരെയാത്രയ്ക്കായി സവർണ ജൻമിമാർമാത്രം ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയിൽ കയറി അയ്യൻകാളി വെള്ള ബനിയനിട്ട് സിൽക്ക് മുണ്ട് നീട്ടിയുടുത്ത് കിന്നരി തലപ്പാവുമണിഞ്ഞ് യാത്ര ചെയ്തപ്പോൾ തടയാൻ ജാതികോമരങ്ങളെത്തി. പക്ഷേ, അവർക്കുനേരെ നീട്ടിപ്പിടിച്ച കത്തി കാട്ടി വെല്ലുവിളിച്ച് യാത്ര ലക്ഷ്യസ്ഥാനംവരെ തുടർന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ ആ സമരം ഉണർത്തിയ സാമൂഹ്യപ്രതികരണം ബോംബിനേക്കാൾ ശക്തിയുള്ളതായിരുന്നു. 1893 ലായിരുന്നു ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി സമരം.


 

പുലയസമുദായത്തിൽ ജനിച്ച കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതിനെതിരെ അയ്യൻകാളിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് സമരവും ഐതിഹാസിക ഏടാണ്. "ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ജൻമിമാരുടെ പാടങ്ങളിൽ ഞങ്ങളിറങ്ങില്ലെന്ന്' അയ്യൻകാളി പ്രസ്താവിച്ചു. തന്റെ സമുദായത്തിൽപ്പെട്ടവർ വിയർപ്പൊഴുക്കി വിളയിച്ച നെല്ല് ജൻമിമാർക്ക് ഉണ്ണാൻ കൊള്ളാം. എന്നാൽ, ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിപ്പിച്ചാൽ അയിത്തമായി. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. ഈ സമരം ഒത്തുതീർക്കാൻ തിരുവിതാംകൂർ രാജഭരണം ഇടപെടാൻ നിർബന്ധിതമാകുകയും സ്കൂൾ പ്രവേശനം അനുവദിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

വസ്ത്രവും ആഭരണവും ധരിക്കാൻ ജാതിയും മതവും നോക്കിയ കാലമായിരുന്നു ഒന്നേകാൽ നൂറ്റാണ്ട് മുമ്പുവരെ. മാറുമറയ്ക്കാനും ആഭരണം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി 1915ൽ കൊല്ലത്ത് പെരിനാടും പരിസരത്തും നടന്ന കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സ്ത്രീകൾ നടത്തിയ കലാപം അയ്യൻകാളിയുടെ ആഹ്വാനപ്രകാരമായിരുന്നു. ഇത്തരം സമരങ്ങളിലൂടെയും അയ്യൻകാളിയെപ്പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ ചിന്തയിലൂടെയും വളർന്ന കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതാണ് പിണറായി വിജയൻ സർക്കാരെന്ന് കഴിഞ്ഞ നാലേകാൽ വർഷത്തെ ഭരണം സംശയരഹിതമായി തെളിയിക്കുന്നു.


 

പരാജയപ്പെട്ട അവിശ്വാസപ്രമേയം
ഇത്തരമൊരു സർക്കാരിനെതിരെയാണ് നിയമസഭയിൽ അവിശ്വാസ പ്രമേയവുമായി യുഡിഎഫ് വന്ന് പ്രഹരമേറ്റ് മടങ്ങിയത്. അയ്യൻകാളിയുടെ സ്വപ്നമായിരുന്നു അരികുവൽക്കരിക്കപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസവും പാർപ്പിടവും ലഭിക്കുകയെന്നതും ആരാധനാ സ്വാതന്ത്ര്യവും. ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാർ വലിയൊരു അളവുവരെ വിജയിച്ചു. ലൈഫ് പദ്ധതിയും വിദ്യാലയ ആധുനികവൽക്കരണവും ദളിതരെ ക്ഷേത്രപൂജാരികളായി നിയമിച്ചതും  ആ വഴിത്താരയിലെ വഴിവിളക്കുകളാണ്. അതൊന്നും കാണാതെ പിണറായി സർക്കാരിന്റെ രാജിക്കായി അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷമെത്തിയപ്പോൾ അവർ രാഷ്ട്രീയമായും സംഘടനാപരമായും കൂടുതൽ പ്രതിസന്ധിയിലായി. യുഡിഎഫ് ഭരണത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ എൽഡിഎഫിനുവേണ്ടി അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന ഈ ലേഖകൻ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണത്തിന്റെ കൊള്ളരുതായ്മകൾ എണ്ണിയെണ്ണി പ്രതിപക്ഷം അന്ന് സഭയിൽ വിവരിച്ചു. പ്രമേയം സഭയിൽ പരാജയപ്പെട്ടെങ്കിലും ജനങ്ങൾ അതേറ്റെടുത്തു.

എന്നാൽ, ഇന്ന് നിയമസഭയ്ക്കകത്തും പുറത്തും എൽഡിഎഫിന് അനുകൂലമായ വോട്ടുബലവും ജനഹിതവുമാണ്.
പരാജയപ്പെട്ട അവിശ്വാസപ്രമേയ ചർച്ചവഴി യുഡിഎഫ് –- ബിജെപി പ്രതിപക്ഷത്തിന്റെ എൽഡിഎഫ് സർക്കാർവിരുദ്ധ അഴിമതി ആക്ഷേപ വ്യവസായത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടു. ടിവി ചാനലുകളിലെ അവതാരക ജഡ്ജിമാരുടെ പകർന്നാട്ടം ചില യുഡിഎഫ് നേതാക്കൾ സഭയിൽ ആവർത്തിച്ചപ്പോൾ അവരുടെ മുഖം തകർന്നു. മുഖ്യമന്ത്രിയുടെയും ഭരണപക്ഷത്തുള്ളവരുടെയും സുവ്യക്തവും യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ മറുപടികൾകൊണ്ട്. ഓതാൻ പോയിട്ട്‌  ഉള്ള ബുദ്ധിയും പോയിയെന്ന അവസ്ഥയിലായി സർക്കാരിനെതിരെ അവിശ്വാസവുമായി എത്തിയ പ്രതിപക്ഷത്തിന്റെ അവസ്ഥ.


 

135 വർഷം പഴക്കമുള്ള മുത്തശ്ശി പാർടിയായ കോൺഗ്രസ്, സ്വന്തം പ്രസിഡന്റിനെപ്പോലും തെരഞ്ഞെടുക്കാൻ കഴിയാത്ത ഗതികേടിൽ ഉഴലുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. കുടുംബവാഴ്ചയ്ക്ക് അറുതിവരുത്തി, സ്ഥിരം പ്രസിഡന്റിനെ കൊണ്ടുവരൂ എന്ന് ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ കത്തെഴുതിയതിനെത്തുടർന്ന് ചേർന്ന  പ്രവർത്തകസമിതിയോഗം ഉദ്വേഗജനകമായിരുന്നല്ലോ. സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരാൻ പ്രവർത്തക സമിതി തീരുമാനിച്ചെങ്കിലും കോൺഗ്രസിൽ  ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇത് സംഘടനാ വിഷയം മാത്രമല്ല, രാഷ്ട്രീയ കാര്യവുമാണ്. ബിജെപിയുടെ ബന്ധുവാര്, ശത്രുവാര് എന്നതാണ് ഇരുചേരിയും തമ്മിലുള്ള തർക്കത്തിന്റെ അടിസ്ഥാനം. ബിജെപി ഏജന്റെന്ന് വിമതരെ രാഹുൽ വിളിച്ചപ്പോൾ അത് താനല്ലെന്നും ഇനി കോൺഗ്രസിൽ ഇല്ലെന്നും ട്വിറ്റ് ചെയ്തത് കപിൽ സിബലാണ്. രാഹുൽ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് തൽക്കാലം കപിലിന്റെ രാജി ഒഴിവായത്. രാമക്ഷേത്രം, കശ്മീർ തുടങ്ങിയ വിഷയങ്ങളിലെ മൃദുഹിന്ദുത്വ കോൺഗ്രസ് നിലപാടിനെ ഗുലാംനബി ആസാദ്, കപിൽ സിബൽ തുടങ്ങിയ വിമതപക്ഷ നേതാക്കൾ  വിമർശിക്കുകയാണ്.

ഇങ്ങനെ ദേശീയമായി കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി, അതിനേക്കാൾ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസിലും ആ കക്ഷി നയിക്കുന്ന യുഡിഎഫിലും. ഗാന്ധി കുടുംബം കോൺഗ്രസിനെ നയിക്കണമെന്ന പക്ഷക്കാരാണ് എ കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരെല്ലാം. ഹൈക്കമാൻഡിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കൂ എന്നാണ് ആന്റണിയുടെ വചനം. പക്ഷേ, പാറകൾക്ക് ഇപ്പോൾ പണ്ടേപോലെ ഉറപ്പില്ല. കാരണം, ഹൈക്കമാൻഡ്‌ ‘ലോ’ കമാൻഡ്‌ ആയി. എന്നിട്ടും നെഹ്റുകുടുംബ ചേരിയിലാണ് ഇക്കൂട്ടർ. അതുകാരണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെയും കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും മൃദുഹിന്ദുത്വ അജൻഡ സ്വീകരിച്ചിരിക്കുന്ന കോൺഗ്രസ് ദേശീയ നിലപാടിനെ തള്ളിപ്പറയാൻ കെപിസിസിക്കോ കോൺഗ്രസ് പ്രതിപക്ഷത്തിനോ നാവ് പൊന്തുന്നില്ല.  രാമക്ഷേത്ര പ്രശ്നത്തിൽ രണ്ടുവരി പത്രപ്രസ്താവനയിൽ കോൺഗ്രസിനോടുള്ള പ്രതിഷേധം ഒതുക്കിയ മുസ്ലിംലീഗിന്റെ നേതൃത്വവുമായി അണികൾ കൂടുതൽ അകലുകയാണ്. ദേശീയ വിദ്യാഭ്യാസനയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൃദുഹിന്ദുത്വ നയത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന്റെ വാലായി തുടരണമോയെന്ന ചോദ്യം വിവിധ ഘടകകക്ഷികളിലും അവയിലെ അണികളിലും ഉയരുകയാണ്.


 

ഇങ്ങനെ യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എൽഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി. കേരള കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരള കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്ചെയ്യാതിരുന്നത്. കേരള കോൺഗ്രസ് എം ദേശീയതലത്തിൽ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാർഥിക്ക്‌ വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തകരാൻ പോകുന്ന കപ്പലിൽനിന്ന്‌ നേരത്തേ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അപ്പോൾ ജോസ് കെ മാണിയും കൂട്ടരും ചെയ്തത്. എന്നാൽ, ജോസ് വിഭാഗത്തെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ് –- മുസ്ലിംലീഗ് നേതാക്കൾ പലവിധ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിള്ളലേറ്റത്. ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവവികാസമാണ്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിർവരമ്പും കടന്നിരിക്കുകയാണ്. ഇത്തരം സംഭവഗതികൾ യുഡിഎഫിന്റെ ശക്തിയെയും നിലനിൽപ്പിനെയും സാരമായി ബാധിക്കും. മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ പ്രകടമാകുന്ന അന്തരവും ഇവിടെ തെളിയുന്നുണ്ട്.


 

കരുത്തോടെ എൽഡിഎഫ്
എൽഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തിൽ എൽഡിഎഫോ സിപിഐ എമ്മോ കക്ഷിയാകില്ല. എന്നാൽ, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും.

എന്തായാലും  സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ ഉള്ള കരുത്തും ചോർത്തി. നിയമസഭയിൽ തോറ്റ പ്രതിപക്ഷം, സെക്രട്ടറിയറ്റിലെ ഒരു സെക്‌ഷനിലുണ്ടായ ചെറിയ തീപിടിത്തത്തെ മഹാസംഭവമാക്കി വ്യാജകഥകളുമായി ഇറങ്ങി. ഒരു വിഭാഗം മാധ്യമങ്ങൾ കൈമെയ് മറന്ന് ഇവരെ സഹായിക്കുകയും ചെയ്തു. പക്ഷേ, ഇക്കൂട്ടരെല്ലാം നടത്തുന്ന സർക്കാരിനെതിരായ പ്രചാരണം ജനങ്ങളിൽ ഏശാൻ പോകുന്നില്ല.

സെക്രട്ടറിയറ്റിൽ ഇ–-ഫയൽ സംവിധാനം ഏർപ്പെടുത്തിയതിനാൽ തീപിടിച്ചാലും ഫയലുകൾ പൊതുവിൽ നഷ്ടപ്പെടില്ല. ഇതെല്ലാം മനസ്സിലാക്കിയിട്ടും കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന കോൺഗ്രസ് –- ബിജെപി–-മുസ്ലിംലീഗ് ഉൾപ്പെടുന്ന പ്രതിപക്ഷത്തിന്റെ മർമത്ത് അടിക്കുന്ന ജനവിധിയാകും ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ലഭിക്കുക. അയ്യൻകാളിയെപ്പോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ സ്മരണ അതിന് ജനങ്ങൾക്ക് ഉത്തേജനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top