29 July Thursday

അയോധ്യാവിധിയുടെ രാഷ്‌ട്രീയമാനങ്ങൾ

ബൃന്ദ കാരാട്ട്Updated: Thursday Nov 14, 2019


അയോധ്യാകേസിലെ സുപ്രീംകോടതിവിധി ഒരു ദീർഘകാലത്തർക്കത്തിന്  നിയമപരമായ അന്ത്യം കുറിച്ചിരിക്കുന്നു. റിവ്യൂ പെറ്റീഷനുള്ള അവകാശമുണ്ടെന്നത് നേരുതന്നെ. പക്ഷേ, കക്ഷികൾ ആ അവകാശം ഉപയോഗപ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല. പ്രശ്നം വളർന്നുവന്ന രീതി നോക്കിയാൽ, ഒറ്റ വഴി കോടതിവിധി മാത്രമാണ് എന്നത് വ്യക്തമായിരുന്നു. വിധി ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞു. അതിനെ അംഗീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. പക്ഷേ, അംഗീകരിക്കുക എന്നതിനുള്ള ഏക അർഥം അതവസാനിപ്പിക്കുക എന്നല്ല. രാഷ്ട്രങ്ങളോ സമുദായങ്ങളോ വ്യക്തികളോ ആകട്ടെ, വിവിധ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും കാര്യങ്ങളവസാനിപ്പിക്കാറുണ്ട്. അത്  തങ്ങൾ  നീതി നിഷേധിക്കപ്പെട്ടവരായെന്ന്‌ അവസാനം തോന്നാതിരിക്കുമ്പോഴാണ്. അയോധ്യാവിധി ഇത്തരമൊരു നിലവാരം പാലിക്കുന്നില്ല. അത് അംഗീകരിക്കപ്പെട്ടേക്കാം, പക്ഷേ കാര്യങ്ങൾ സമാപ്തിയിലെത്തി എന്നു പറയാനാകില്ല.  അന്തിമവിധിയെ സംബന്ധിച്ചിടത്തോളം മൗലികമായ ചില അനുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാവുന്നവയാണ്.

‘ഹിന്ദു’ വിഭാഗമെന്നും ‘മുസ്ലിം’ വിഭാഗമെന്നുമുള്ള പരാമർശം കേസിൽ കക്ഷികളായവരെമാത്രം സൂചിപ്പിക്കുന്നതായേ കാണാനാകൂ; രണ്ട്‌ സമുദായങ്ങളെ സൂചിപ്പിക്കാനായി പ്രയോഗിച്ചതെന്ന് കാണാനാകില്ല. തങ്ങളുടെ പേരിൽ നടന്ന പ്രവർത്തനങ്ങളെച്ചൊല്ലി നടുങ്ങിപ്പോയ വലിയൊരു വിഭാഗം ഹിന്ദുക്കളുണ്ട്. മുസ്ലിം സമുദായത്തിലുമതേ, വ്യത്യസ്‌ത വീക്ഷണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ പരാമർശം കേസിലെ കക്ഷികൾക്കുമാത്രമേ ബാധകമാകുന്നുള്ളു.

‘ശാശ്വതമായ ശാന്തി’
1949ൽ വിഗ്രഹങ്ങൾ പള്ളിയിൽ കടത്തിക്കൊണ്ടുവച്ചതും 1992ൽ പള്ളി തകർത്തു കളഞ്ഞതും ‘ഗുരുതരമായ നിയമലംഘന’മായി കണക്കാക്കിയശേഷം, അത്തരം ഗുരുതരലംഘനം നടത്തിയവർക്ക് മുഴുവൻ ഭുമിയും കൈമാറിക്കൊണ്ട് എന്തിന് കോടതി അവർക്ക് പാരിതോഷികം നൽകണം എന്നതാണ് ആരെയും അലട്ടുന്ന അടിസ്ഥാനചോദ്യം. അത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ, തടുക്കാനാകാത്ത മറ്റു പ്രശ്നങ്ങൾ വല്ലതുമുണ്ടോ? വിധിയിൽ അത് ബോധ്യപ്പെടുത്തുന്ന യാതൊന്നുമില്ല. ഒരുപക്ഷേ, അനവധാനമായിട്ടാകാം, അതിന്റെ രാഷ്ട്രീയമാനങ്ങൾ വിധി അംഗീകരിക്കുന്നുണ്ട്. തർക്കഭൂമി മൂന്ന് തുല്യ ഭാഗങ്ങളായി പകുത്തുകൊടുക്കണമെന്ന് നിർദേശിക്കുന്ന  അലഹബാദ് ഹൈക്കോടതിവിധി തള്ളിക്കളയുന്നതിനായി പറയുന്ന ന്യായം ‘അത് ശാശ്വതമായ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കില്ല’ എന്നതാണ്. അതുകൊണ്ട് തങ്ങളുടെ വിധിന്യായത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി സുപ്രീം കോടതി കണക്കാക്കിയത്‌ ‘ശാശ്വതമായ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കലാണ്!’  ഇതാകട്ടെ നിയമപ്രശ്നങ്ങളെ മുൻനിർത്തിയല്ല, മറിച്ച് രാഷ്ട്രീയനിർണയങ്ങളെ ആസ്പദമാക്കിയാണുതാനും.

വിധി വരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ, പ്രധാനമന്ത്രി സമാധാനം പാലിക്കണമെന്നും വിധി എന്തായാലും എല്ലാവരും  അംഗീകരിക്കണമെന്നും അഭ്യർഥിക്കുമ്പോഴും, ഭരണപക്ഷത്തെ ഉന്നതനേതാക്കൾ ബാബ്‌റി മസ്ജിദ് നിന്നിടത്തുതന്നെ രാമക്ഷേത്രം പണിയുന്നതിനെക്കുറിച്ചുള്ള അക്രമാസക്തമായ പ്രചാരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു. വിധിയിൽ പറഞ്ഞ പ്രകാരമുള്ള ഒരു പരിഹാരമല്ലെങ്കിൽ ‘ശാശ്വതമായ ശാന്തി’യെന്നത് ഒരിക്കലും നടപ്പാകില്ല എന്ന് അവർ വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് പിന്നിൽ, മറ്റെല്ലാത്തിനെയും സ്വാധീനിക്കാനാകുന്ന പ്രമേയമായി ഒരു രാഷ്ട്രീയമാനം  ഉണ്ടെന്ന  കാര്യം കാണാതെപോകരുത്.വിശ്വാസം യുക്തിയെ മറികടക്കുന്ന തരത്തിലുള്ള വാദങ്ങളിൽനിന്ന് അകലം പാലിക്കാൻ വിധി പാടുപെടുന്നുണ്ട്. ‘വിശ്വാസത്തെ ആസ്പദമാക്കിയല്ല, മറിച്ച് തെളിവുകളെ മുൻനിർത്തിയാണ് കോടതി ഉടമസ്ഥാവകാശത്തിൽ തീരുമാനമെടുക്കുക’ എന്ന് പ്രഖ്യാപിക്കുന്നുണ്ടവർ. രാം ജന്മസ്ഥാന് നിയമപരമായ ഒരു അസ്‌തിത്വമെന്നത്‌ കോടതി നിരാകരിച്ചു. അത്തരമൊരു അവകാശവാദം അംഗീകരിച്ചാൽ ‘അംഗീകൃത നിയമപ്രമാണങ്ങളനുസരിച്ചല്ല,  മറിച്ച് വിശ്വാസികളുടെ വിശ്വാസത്തെ ആസ്പദമാക്കി മത്സരിച്ചുള്ള അവകാശവാദങ്ങൾ ’ ഉണ്ടാകും എന്ന് വിധി ചൂണ്ടിക്കാട്ടി. പക്ഷേ,  ഇതേ വിഷയത്തിൽ വിധി സ്വയം നിഷേധിക്കുകയാണ് എന്നു തോന്നും.  തർക്കഭൂമിയിൽ ഇരുകക്ഷികളുടെയും അവകാശവാദങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിന് കോടതി വ്യത്യസ്‌ത മാനദണ്ഡങ്ങളാണ്‌ ‌സ്വീകരിച്ചത്. പള്ളി പണിതത് 1528ലാണ്. 1528നും 1856നും ഇടയ്‌ക്ക് ആരായിരുന്നു ഉടമസ്ഥൻ? വിധി പറയുന്നത് ‘പതിനാറാം നൂറ്റാണ്ടിൽ നിർമാണം പൂർത്തിയായതിനു ശേഷം,1857ന് മുമ്പുവരെ കെട്ടിടത്തിന്റെ ഉൾവശം തങ്ങളുടെ കൈവശമായിരുന്നു എന്നു തെളിയിക്കുന്നതിനുള്ള രേഖകളൊന്നുംതന്നെ മുസ്ലിങ്ങൾ ഹാജരാക്കിയിട്ടില്ല’ എന്നാണ്.

ഇതൊരു വിചിത്രമായ നിഗമനമാണ്. 1528നും 1722നുമിടയ്‌ക്ക് ഈ മേഖലയാകെ മുഗളരുടെ കീഴിലായിരുന്നു. അതിനുശേഷം ഔധിലെ നവാബുമാരുടെ കീഴിലും. 1856ൽ അത് ബ്രിട്ടീഷുകാർ കൈവശത്താക്കി. അതിനുശേഷമാണ് ആദ്യത്തെ തർക്കം രജിസ്റ്റർ ചെയ്യപ്പെടുന്നത്. മുസ്ലിംഭരണത്തിന് കീഴിലായിരിക്കെ ഭൂമിയുടെ ഉടമസ്ഥതയും അവരുടെ കൈയിലായിരിക്കെ, അവിടത്തെ പള്ളിയിൽ മുസ്ലിങ്ങളായിരിക്കും പ്രാർഥിച്ചിരിക്കുക എന്നതിന് വേറെയെന്ത് തെളിവാണ് വേണ്ടത്? പുറം മുറ്റത്തിന് തങ്ങളാണ് യഥാർഥ ഉടമസ്ഥർ എന്ന് തെളിയിക്കാൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഇതൊരു പ്രശ്നമായി കണക്കാക്കുന്നേയില്ല. അങ്ങനെ നോക്കുമ്പോൾ, ഇരുപക്ഷത്തെയും അവകാശവാദങ്ങൾ വിലയിരുത്തുന്നതിൽ തുല്യ മാനദണ്ഡങ്ങളല്ല ഉപയോഗിച്ചത് എന്നു കാണാനാകും.

വിധിയിൽ പറയുന്നത് ‘തർക്കഭൂമിയിലാണ് ശ്രീരാമൻ ജനിച്ചത് എന്നുള്ള ഹിന്ദുക്കളുടെ വിശ്വാസം ഒരു മുസ്ലിംപള്ളിയുടെ ഭൗതികസാന്നിധ്യംകൊണ്ട് ഒട്ടും തകർന്നില്ല’ എന്നാണ്.  മുസ്ലിങ്ങൾക്ക് തങ്ങളുടെ സ്വന്തം കൈവശാവകാശം തെളിയിക്കാനാകാത്തതുകൊണ്ടും ഹിന്ദുക്കൾ അവിടെ പ്രാർഥന തുടർന്നുപോന്നതുകൊണ്ടും തർക്കഭൂമിയുടെ ഉടമസ്ഥത ഹിന്ദുക്കളുടേതാണ് എന്ന് തെളിയുന്നുവെന്ന് പറയാനുള്ള ചെപ്പടിവിദ്യയാണ് ഇതിൽ പ്രകടിപ്പിച്ചത്.


 

ഒരു കക്ഷിയോട് ഉടമസ്ഥത പൂർണമായും തങ്ങളുടേതാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുക, മറുഭാഗത്തിന്റെ “രാംലല്ല’യെപ്പറ്റിയുള്ള വിശ്വാസത്തെമാത്രം ആസ്പദമാക്കി അവരുടെ ഉടമസ്ഥത അംഗീകരിക്കുക എന്നത്, തങ്ങൾതന്നെ മുമ്പേ പറഞ്ഞതിന്റെ നിഷേധമാണ്.  വിശ്വാസത്തെ ആസ്പദമാക്കാതെ നീതിയെ ആസ്പദമാക്കിയുള്ള തീരുമാനമായിരിക്കും എന്ന്‌ പറഞ്ഞവർ, ഹിന്ദുക്കളുടെ വിശ്വാസത്തിനാണ് കൂടുതൽ തൂക്കം എന്നാണ് തെളിയിക്കുന്നത്. തകർക്കപ്പെടുംവരെ തടസ്സമില്ലാതെ പള്ളി ഉപയോഗിച്ചുപോന്നതാണെങ്കിലും, അത് നിന്ന സ്ഥലത്തെ ഭൂമി ഹിന്ദുക്കൾക്ക് കൈമാറിയിരിക്കുകയാണ്.

പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ജഡ്‌ജിയുടെ അനുബന്ധക്കുറിപ്പിൽ വാദിക്കുന്നത്  “പള്ളി പണിയുന്നതിന് മുമ്പും അതിനുശേഷവും ഹിന്ദുക്കളുടെ വിശ്വാസം ബാബ്റി മസ്ജിദ് നിലനിന്നിടത്തുതന്നെയാണ് ശ്രീരാമന്റെ ജന്മസ്ഥാനം എന്നാണ്. ആ വിശ്വാസം രേഖാപരമായ പ്രമാണങ്ങൾവഴി തെളിയിക്കപ്പെട്ടിരിക്കുന്നു.’അതൊരു അനുബന്ധക്കുറിപ്പ്‌ മാത്രമാണെങ്കിലും, അതിൽ ഉന്നയിക്കുന്ന വാദമാണ് തർക്കഭൂമി രാംലല്ലയ്‌ക്ക് വിട്ടുകൊടുക്കുന്ന തീരുമാനത്തിൽ എത്തുന്നതിൽ ഭാഗികമായെങ്കിലും പ്രതിഫലിച്ചത്.

ഭൂമി രാംലല്ലയുടെ പേരിലാണ് കൈമാറ്റം ചെയ്യുന്നത്. ഒരു ദേവതാ സങ്കൽപ്പത്തിന് സമസ്‌താവകാശങ്ങളോടെ നിയമപരമായ അസ്‌തിത്വം നൽകുന്ന വിചിത്രമായ ഒരു കീഴ്‌വഴക്കമുണ്ട് ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്‌ക്ക്. വൻകിട ഭൂപ്രഭുക്കൾ തങ്ങളുടെ ദേവതയ്‌ക്ക് ദാനംചെയ്‌തതായി കാട്ടിയ  സ്വത്തും ഭൂമിയും സംരക്ഷിക്കാൻവേണ്ടിയാണ് ഇത് മുഖ്യമായും ആരംഭിച്ചത്. ഭൂപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഉദയത്തോടെ, മിക്ക സംസ്ഥാനങ്ങളിലെ ഭൂപ്രഭുക്കളും ഭൂസ്വത്ത് പരിധിയെ മറികടക്കാൻ ഈ വ്യവസ്ഥയെയാണ് ആശ്രയിച്ചത്.

ഏതു നിയമത്തിനും ചില സമയബന്ധിത ചട്ടക്കൂടുകളുണ്ടല്ലോ. ചോദ്യംചെയ്യപ്പെടാവുന്ന ഇത്തരമൊരു പശ്ചാത്തലത്തിൽ, മുസ്ലിങ്ങൾക്ക് അയോധ്യയിൽ പള്ളി പണിയാനായി അഞ്ച്‌ ഏക്കർ ഭൂമി കൈമാറുന്നതിന് 142-–-ാം  വകുപ്പ്  ഉപയോഗിക്കുന്നത് ഏറെ വിചിത്രമായിരിക്കുന്നു.

ഈയൊരു കേസിൽ ദേവതാസങ്കൽപ്പത്തിന് നിയമപരമായ അസ്‌തിത്വം നൽകുന്നതിന് എതിരായി വാദിച്ചിട്ടില്ല. ചില നിരീക്ഷകർ ചൂണ്ടിക്കാട്ടിയതുപോലെ, രാംലല്ലയുടെ നിയമപരമായ അസ്‌തിത്വം 1989ൽ മാത്രമാണ് ചിത്രത്തിൽ വരുന്നത്. ആ കേസ് 1950ൽ ആരംഭിച്ചതാണ്. എന്നിരിക്കെ ദേവതയ്‌ക്കുള്ള നിയമപരമായ അസ്‌തിത്വം ഇപ്പോഴത്തെ നിയമനടപടികളിൽ കയറിവരുന്നത് നിയമാനുസൃതമല്ല. ഏതു നിയമത്തിനും ചില സമയബന്ധിത ചട്ടക്കൂടുകളുണ്ടല്ലോ. ചോദ്യംചെയ്യപ്പെടാവുന്ന ഇത്തരമൊരു പശ്ചാത്തലത്തിൽ, മുസ്ലിങ്ങൾക്ക് അയോധ്യയിൽ പള്ളി പണിയാനായി അഞ്ച്‌ ഏക്കർ ഭൂമി കൈമാറുന്നതിന് 142-–-ാം  വകുപ്പ്  ഉപയോഗിക്കുന്നത് ഏറെ വിചിത്രമായിരിക്കുന്നു.

മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് ഭൂമിക്ക് വേണ്ട ആവശ്യം ഒരിക്കലും ഉയർന്നിട്ടില്ല. പള്ളിയും അത് നിലനിന്ന ഭൂമിയും തങ്ങളുടെ കൈവശമായിരുന്നതുകൊണ്ട് അതിന്റെ ഉടമസ്ഥത തങ്ങളുടേതാണ് എന്നായിരുന്നു അവരുടെ പ്രധാന വാദം. ഒരിക്കൽ ആ വാദം കോടതി നിരാകരിച്ചുകഴിഞ്ഞതിനുശേഷവും 142–--ാം വകുപ്പ് പ്രയോഗിക്കണമെങ്കിൽ,  പള്ളി തകർത്തതിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിന്‌  ഒരു സമയപരിധി നിശ്ചയിക്കുന്നതിനുവേണ്ടിയും ആ വകുപ്പ്‌  ഉപയോഗിക്കാമായിരുന്നില്ലേ? 27 കൊല്ലമായി ആ കേസുകൾ തുടരുകയാണ്. പക്ഷേ, അതിന് വേഗം തീർപ്പ് കൽപ്പിക്കാൻ കോടതി ഒരു നിർദേശവും നൽകുന്നില്ല.ശ്രദ്ധേയമായ ഒട്ടേറെ ഉദ്ധരണികളും ഭാവിയിൽ മതനിരപേക്ഷതയുടെ താൽപ്പര്യത്തിന് പ്രയോജനപ്പെടുത്താവുന്ന പ്രധാനപ്പെട്ട ചില നിർദേശങ്ങളും വിധിയിലുണ്ട്‌.

‘ചരിത്രത്തിന്റെ വഴികൾ അംഗീകരിക്കാനാകാത്ത ഓരോരുത്തർക്കുമുള്ള നിയമപരിഹാരത്തിനായി കാലത്തിലൂടെ പിറകോട്ടുചെല്ലാനുള്ള ഉപകരണമായി നിയമത്തെ ഉപയോഗപ്പെടുത്താനാകില്ല’ എന്ന് വിധി വ്യക്തമാക്കുന്നു. മറ്റ് ചില ആരാധനാലയങ്ങളുടെ കാര്യത്തിലും ഈ വിധിയെ കീഴ്‌വഴക്കമായി ചൂണ്ടിക്കാട്ടാനുള്ള മന്ദിർ വാദികളുടെ നീക്കത്തിനും ഈ വിധി കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്.

മതനിരപേക്ഷതയുടെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് വിധി പ്രസ്‌താവന നടത്തുന്നുണ്ട്. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെ അതെടുത്ത്‌ ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, വിധിന്യായത്തിൽ ഗുരുതരമായ ചില പ്രശ്നങ്ങളുമുണ്ട്. അവയിൽ ചിലതാണ് ഇവിടെ വിശദീകരിച്ചത്. അവഗണിക്കാവുന്നതല്ല അവയൊന്നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top