06 December Monday

ഭരണത്തുടർച്ച
പ്രതിഫലിപ്പിക്കുന്ന ജനഹിതം

കെ ശ്രീകണ്‌ഠൻ‌Updated: Wednesday Apr 7, 2021

ജനങ്ങളാണ്‌ പരമാധികാരി എന്ന്‌ ഒരിക്കൽക്കൂടി അടിവരയിട്ട്‌ കേരളം വിധിയെഴുതിയിരിക്കുകയാണ്‌. പ്രചാരണത്തിലെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിച്ചുവെന്നതിന്‌ ഉയർന്ന പോളിങ്‌ ശതമാനം തെളിവാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർഭരണത്തിന്‌ കേരളീയർ പച്ചക്കൊടി കാണിച്ചോ എന്നതാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഉയർത്തുന്ന ഏറ്റവും സുപ്രധാനമായ ചോദ്യം. ഇതിന്‌ അനുസൃതമായ വിധിയെഴുത്താണ്‌ ഉണ്ടായതെങ്കിൽ അത്‌ കേരളത്തിലെ രാഷ്‌ട്രീയ ചിത്രത്തിൽ നിർണായകമായ പരിവർത്തനത്തിന്‌ തുടക്കം കുറിക്കും. തെരഞ്ഞെടുപ്പ്‌ ഫലം കേരള രാഷ്‌ട്രീയത്തെ പിടിച്ചുലയ്‌ക്കുന്നതാകും.

ഭരണത്തുടർച്ചയ്‌ക്ക്‌ അനുകൂലമായ വിധിയെഴുത്താണെങ്കിൽ കേരള രാഷ്‌ട്രീയത്തിൽ കോൺഗ്രസും യുഡിഎഫും തീർത്തും അപ്രസക്തമാകും. കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ സംസ്ഥാനത്ത്‌ നേട്ടം കൊയ്യാമെന്ന ബിജെപിയുടെ മോഹങ്ങൾക്കും തിരിച്ചടിയാകും. യുഡിഎഫിലും ബിജെപിയിലും ഉരുത്തിരിയുന്ന രാഷ്‌ട്രീയ പൊളിച്ചെഴുത്താണ്‌ കേരളം ഉറ്റുനോക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുമ്പോൾ യുഡിഎഫിന്‌ ഈ നിലയിൽ മുന്നോട്ടുപോകാൻ കഴിയില്ല. യുഡിഎഫ്‌ ഘടനയിലെ തകർച്ചയ്‌ക്ക്‌ പിന്നാലെ കോൺഗ്രസിലെ ഉൾപ്പിരിവുകൾ ആ പാർടിക്ക്‌ കനത്ത വെല്ലുവിളിയായിരിക്കും.

ദേശീയ നേതാക്കളടക്കം കോൺഗ്രസിനെ കൈവിടുന്നതാണ്‌ പ്രചാരണത്തിന്റെ അവസാന നാളുകളിൽപ്പോലും കണ്ടത്‌. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ അതിന്‌ കൂടുതൽ വേഗം കൈവരും.നേതാക്കളും അണികളും കൂട്ടത്തോടെ കോൺഗ്രസിനെ മുറിച്ചെറിയുന്നതോടെ കേരളത്തിൽ മാത്രമല്ല, ദേശീയമായി കനത്ത തിരിച്ചടിയാണ്‌ അവരെ കാത്തിരിക്കുന്നത്‌.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന്‌ ചേർന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശമാണ്‌ ഉയർന്നത്‌. കുത്തഴിഞ്ഞ സംഘടനാ സംവിധാനവും കാലഹരണപ്പെട്ട നേതൃത്വവുമാണ്‌ തോൽവിക്ക്‌ കാരണമെന്നാണ്‌ ഉയർന്ന വിമർശം. നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതും ഇതേ നേതൃത്വമാണ്‌ എന്നതാണ്‌ ശ്രദ്ധേയമായത്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ കെപിസിസി രാഷ്‌ട്രീയകാര്യസമിതി ചേരാനെങ്കിലും കഴിഞ്ഞെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനുപോലും കഴിയാത്ത ദുർഗതിയാണ്‌ കോൺഗ്രസ്‌ നേരിടേണ്ടിവരിക.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ നേട്ടം കൊയ്യാൻ കഴിയില്ലെന്ന്‌ ഫലം പുറത്തുവരുന്നതിനുമുമ്പ്‌ മുതിർന്ന നേതാവും എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചത്‌ തകർച്ചയുടെ മൂർധന്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.


 

സംസ്ഥാന രാഷ്‌ട്രീയത്തിലെ ഏറ്റവും മ്ലേച്ഛമായ ഏടെന്ന്‌ കരുതുന്ന കുപ്രസിദ്ധമായ ‘കോ ലീ ബി’ അവിശുദ്ധ കൂട്ടുകെട്ടിന്‌ വർഷങ്ങൾക്കുശേഷം ഈ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വീണ്ടും ജീവൻ വച്ചു. കനത്ത വെല്ലുവിളി നേരിട്ട കാലത്തെല്ലാം മറികടക്കാൻ അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുകയെന്നത്‌ കേരളത്തിലെ കോൺഗ്രസിന്റെ പൊതുരീതിയാണ്‌. ഈ തെരഞ്ഞെടുപ്പിലും അത്തരം അസാധാരണ നീക്കങ്ങൾക്ക്‌ മുതിർന്നത്‌ അവർ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

2016ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ അക്കൗണ്ട്‌ തുറക്കാൻ വഴിയൊരുക്കിയത്‌ കോൺഗ്രസാണ്‌. ഈ നാണക്കേടിൽനിന്ന്‌ കരകയറാൻ ഒരുക്കമല്ലെന്ന്‌ ഇക്കുറിയും അവർ തെളിയിച്ചു. തലശേരി അടക്കം പല മണ്ഡലങ്ങളിലും യുഡിഎഫും ബിജെപിയും പരസ്യകൂട്ടുകെട്ടിലായിരുന്നു. ജമാഅത്തെ ഇസ്ലാമി, ആർഎസ്‌എസ്‌ എന്നിവയുമായി മാറിയും തിരിഞ്ഞുമുള്ള രാഷ്‌ട്രീയ ബാന്ധവത്തിലൂടെ യുഡിഎഫ്‌ അതിന്റെ രാഷ്‌ട്രീയ ധാർമികതയെ സ്വയം വെല്ലുവിളിച്ചു.

ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് യുഡിഎഫിനും ബിജെപിക്കും നേരെ നിരവധി ചോദ്യങ്ങളാണ്‌ ഉയർത്തുന്നത്‌. രണ്ടു കൂട്ടരും രാഷ്‌ട്രീയ ശൈഥില്യത്തിലേക്ക്‌ നീങ്ങുമോയെന്ന ചർച്ചയ്‌ക്ക്‌ കേരളം തുടക്കമിട്ടിട്ടുണ്ട്‌. തുടർഭരണത്തിനാണ്‌ ജനവിധിയെങ്കിൽ ഒരു മുഖംമിനുക്കൽ നടപടിക്കും യുഡിഎഫിനെയും ബിജെപിയെയും രക്ഷിക്കാൻ കഴിയില്ലെന്നതാണ്‌ യാഥാർഥ്യം.


 

വിവാദങ്ങളും വികസനവും തമ്മിൽ നേർക്കുനേർ പോരാട്ടമാണ്‌ ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായത്‌. ജനങ്ങളുടെ അടിസ്ഥാനതാൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ നടപടികളും ജനസേവനങ്ങളും വിലയിരുത്തുമെന്ന കാര്യം നിസ്സംശയമാണ്‌. ഇതുതന്നെയാണ്‌ എൽഡിഎഫിനെ എതിർക്കാൻ യുഡിഎഫിനെയും ബിജെപിയെ പ്രേരിപ്പിച്ച ചേതോവികാരം. ഒരു കാരണവശാലും സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രചാരണവേദിയിലേക്ക്‌ കടന്നുവരാതിരിക്കാനാണ്‌ ഇരുകൂട്ടരും പരിശ്രമിച്ചത്‌. വിശ്വാസം, ആചാരം എന്നിങ്ങനെ കാലിക പ്രസക്തിയില്ലാത്ത വിഷയങ്ങളും ജാതി–-മത സ്‌പർധ വർധിപ്പിക്കുന്നതിനുള്ള ചേരുവകളുമാണ്‌ പ്രതിപക്ഷം ഒന്നൊന്നായി തെരഞ്ഞെടുപ്പ്‌ വിഷയമാക്കിയത്‌. വികസനത്തുടർച്ചയോ സ്വൈരജീവിതത്തിനുള്ള സാമൂഹ്യസാഹചര്യമോ ചർച്ചയാകരുതെന്ന‌ കരുതിക്കൂട്ടിയുള്ള തന്ത്രമാണ്‌ പ്രതിപക്ഷം രൂപം നൽകിയത്‌. ഇത്‌ മറികടക്കുന്നതിന്‌ വികസനത്തിലും ക്ഷേമത്തിലും ഊന്നിയുള്ള മറുതന്ത്രം എൽഡിഎഫും ആവിഷ്‌കരിച്ചു.

പാഴ്‌വാക്കുകളും പ്രലോഭനങ്ങളുമല്ല, മറിച്ച്‌ ജീവിതാനുഭവങ്ങളെ മുൻനിർത്തിയാണ്‌ എൽഡിഎഫ്‌ ജനങ്ങളെ സമീപിച്ചത്‌. അത്‌ കേരളീയർ തിരിച്ചറിഞ്ഞതായി കരുതാൻ വകനൽകുന്ന ഘടകങ്ങളും നിരവധിയാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽനിന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ എത്തുമ്പോൾ പരിഗണനാ വിഷയങ്ങളും ഏറെയാണ്‌. എൽഡിഎഫ്‌ ആ വഴിക്ക്‌ നീങ്ങിയപ്പോൾ യുഡിഎഫും ബിജെപിയും രണ്ട്‌ കാലഹരണപ്പെട്ട വിഷയത്തിലും വിവാദങ്ങളിലും ആശ്രയം തേടി. കേരളത്തിലെ ജനങ്ങൾ ഇതിൽ ഏത്‌ മുഖവിലയ്‌ക്ക്‌ എടുക്കുമെന്നതാണ്‌ പ്രസക്തം. തദ്ദേശ തെരഞ്ഞെടുപ്പിലെയും അതിനുമുമ്പ്‌ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും അനുഭവം കണക്കിലെടുത്താൽ കേരളത്തിലെ വോട്ടർമാരുടെ യാഥാർഥ്യബോധം അരക്കിട്ടുറപ്പിക്കുന്നതാകും ജനവിധി.

തെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയമായി അഭിമുഖീകരിക്കാൻ യുഡിഎഫിന്‌ പ്രത്യേകിച്ച്‌ കോൺഗ്രസിന്‌ കഴിഞ്ഞില്ല എന്നത്‌ ഏറ്റവും ശ്രദ്ധേയമാണ്‌. കഴിഞ്ഞ അഞ്ചു വർഷത്തെ രാഷ്‌ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളെ അഭിമുഖീകരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. ജനമനസ്സിനെ തൊടാതെ വിവാദങ്ങളിൽ അഭിരമിക്കാൻ കോൺഗ്രസ്‌ ദേശീയ നേതൃത്വംപോലും തയ്യാറായി. രാജ്യത്തെ തിരിച്ചുവരവിന്‌ കേരളത്തിൽ തുടക്കമാകുമെന്നത്‌ കോൺഗ്രസിന്റെ ദിവാസ്വപ്‌നമായി തീരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top