16 April Friday

പിഎ‌സ്‌സി റാങ്ക‍‍് ലിസ്റ്റും തൊഴിൽ ലഭ്യതയും - അശോകൻ ചരുവിൽ എഴുതുന്നു

അശോകൻ ചരുവിൽUpdated: Friday Feb 12, 2021


നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. നിലവിലുള്ള എൽഡിഎഫ് സർക്കാർ തുടർന്നും അധികാരത്തിൽ വരണമെന്ന ആഗ്രഹം ആവേശത്തോടെ ജനങ്ങൾ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചിരിക്കുന്നു. അതോടെ കോൺഗ്രസ്‌ പാർടിക്കും യുഡിഎഫിനും ഭ്രാന്തുപിടിച്ചിരിക്കുകയാണ്. അതിന്റെ ചില ലക്ഷണങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ പിഎ‌സ്‌സി ഓഫീസുകൾക്ക് മുന്നിൽ കണ്ട രാഷ്ട്രീയ നാടകങ്ങൾ.

ക്യാമറ ഓൺ ചെയ്യുമ്പോൾ ഒരു കൂട്ടർ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നു. ക്യാമറയുടെ മുന്നിൽ നിന്ന് ഒരാൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുന്നു. അന്വേഷിച്ചപ്പോഴാണ് ഇവരെല്ലാം റാങ്ക് ലിസ്റ്റ് അസോസിയേഷൻകാരുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയവരാണെന്ന് മനസ്സിലായത്. ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മാഹുതിക്കൊരുമ്പെട്ട മധ്യവയസ്‌കൻ യാതൊരു റാങ്ക് ലിസ്റ്റിലും ഉൾപ്പെടാത്ത കോൺഗ്രസ്‌ പ്രവർത്തകനാണ്. ഒന്നുമാത്രമേ കോൺഗ്രസ്‌ സഹോദരന്മാരോട് പറയാനുള്ളൂ. അധികാരത്തെ ഓർത്ത് വേവലാതിപ്പെട്ട് ആത്മഹത്യയ്‌ക്ക് ഒരുങ്ങരുത്.

ഒന്നുകൂടെ പറയട്ടെ: അധികാരാർഥികൊണ്ട് നിങ്ങൾ തയ്യാറാക്കി വച്ചിരിക്കുന്ന എരിതീയിലേക്ക് തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന യുവതീയുവാക്കളെ വലിച്ചെറിയരുത്. "പിഎ‌സ്‌സിയെ മറികടന്ന് പിൻവാതിൽ നിയമനം’എന്ന പുകമറ സൃഷ്ടിക്കാനാണല്ലോ ശ്രമം. ഈ നീക്കം ഒട്ടും ഫലപ്രദമാകില്ല. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയും പിഎ‌സ്‌സി മുഖാന്തരം ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുകയും ചെയ്ത ഒരു സർക്കാരിനെയാണ് നിങ്ങൾ പുകമറയിൽ നിർത്താൻ ശ്രമിക്കുന്നത്. അത് ഫലിക്കുമോ?

കോൺഗ്രസ്‌ വളന്റിയർമാർ നടത്തുന്ന വ്യാജ മരണനാടകങ്ങളും അതിനെ അവലംബമാക്കി ചില മാധ്യമങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ഒതുങ്ങിയാൽ റാങ്ക്‌ലിസ്റ്റ് അസോസിയേഷനുകൾ നടത്തുന്ന ഒരു സമരത്തെ വസ്തുതാപരമായി നമുക്കു കാണാനാകും.


 

എന്താണ് അവരുടെ ആവശ്യം?
"പിഎ‌സ്‌സി റാങ്ക്  ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം കിട്ടണം; അങ്ങനെ നിയമനം കിട്ടുന്നതുവരെ റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെടരുത്; പുതിയ വിജ്ഞാപനം പുറപ്പെടുവിക്കരുത്; പുതിയ റാങ്ക് ലിസ്റ്റുകൾ പബ്ലിഷ് ചെയ്യരുത്.’
തൊഴിൽ എന്നത് പരമപ്രധാനമായ ഒരു ജീവിതാവശ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ തൊഴിൽ ഉറപ്പാണ് എന്ന് വിശ്വസിക്കുന്നത് ഒരുപക്ഷേ അവരുടെ അതീവ നിഷ്‌കളങ്കത കൊണ്ടാകാം. പക്ഷേ നിഷ്‌കളങ്കതയും വസ്തുതയും ഒന്നിച്ചു പോകണമെന്നില്ലല്ലോ. റാങ്കുലിസ്റ്റുകളുടെ കാലാവധി തീരാറാകുമ്പോൾ ഇത്തരം സമരങ്ങൾ പതിവുള്ളതാണ്. അതിന്റെ അർഥശൂന്യത തിരിച്ചറിയാവുന്നതുകൊണ്ട് അതിനു ശ്രദ്ധ കിട്ടാറില്ലെന്നു മാത്രം. ഇപ്പോൾ അതിന്മേൽ മണ്ണെണ്ണയൊഴിച്ച് ആളിപ്പടർത്താൻ ചിലർ ശ്രമിക്കുന്നു.

നിലവിലുള്ളതും സമീപഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളുടെ എണ്ണം കണക്കാക്കി അതിന്റെ അഞ്ചും ആറും മടങ്ങ് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്കു പട്ടിക തയ്യാറാക്കുന്നത്. അതു കൂടാതെ നരേന്ദ്രൻ കമീഷന്റെ നിർദേശമനുസരിച്ച് ഓരോ സംവരണ സമുദായങ്ങൾക്കും പ്രത്യേകം സപ്ലിമെന്ററി ലിസ്റ്റുകളും തയ്യാറാക്കുന്നു. സപ്ലിമെന്ററിലിസ്റ്റിൽ ഉൾപ്പെട്ടവരും റാങ്ക് ഹോൾഡർമാരാണ്. സംവരണത്തിന്റെ റൊട്ടേഷൻ വരുമ്പോൾ മെയിൻ ലിസ്റ്റിൽ ആളില്ലാതെ വന്നാൽ മാത്രം പരിഗണിക്കാൻ വേണ്ടിയാണ് സപ്ലിമെന്ററിലിസ്റ്റ്. സപ്ലിമെന്ററിലിസ്റ്റിൽ നിന്ന് നിയമനം നടത്തേണ്ട സാഹചര്യം ഇപ്പോൾ ഉണ്ടാകാറില്ല.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെല്ലാം നിയമനം സ്വീകരിക്കണമെന്നില്ല എന്നതുകൊണ്ടാണ് റാങ്ക് ലിസ്റ്റ് വലുതാക്കുന്നത്. ഉദ്യോഗാർഥികൾ ഒട്ടുമിക്ക പരീക്ഷകളും എഴുതുന്നവരാണ്. ചില സമർഥർ എല്ലാ ലിസ്റ്റിലും മുൻ നിരയിൽത്തന്നെ ഉണ്ടാകും. പരീക്ഷയെഴുതിക്കഴിഞ്ഞാൽ ഉദ്യോഗാർഥികൾ നടത്തുന്ന ആദ്യസമരം റാങ്കു പട്ടിക വലുതാക്കണം എന്ന് ആവശ്യപ്പെട്ടാണ്. നിലവിലുള്ള ഒഴിവുകളുടെ എണ്ണത്തിന്റെ പതിന്മടങ്ങു പേർ ഉൾക്കൊള്ളുന്ന ഒരു റാങ്കുപട്ടികയിലെ എല്ലാവർക്കും നിയമനം നൽകുക എന്നത് മനുഷ്യസാധ്യമായ കാര്യമാണോ?

നിയമനാധികാരം പിഎ‌സ്‌സിക്കു വിട്ടുകൊടുത്ത സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും എണ്ണത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണ്. അത് ഇവിടെ എൽഡിഎഫ് സർക്കാരുകൾ ഭരിച്ചു എന്നതിന്റെ നേട്ടങ്ങളിൽ ഒന്ന്. (പിഎ‌സ്‌സി മെമ്പർമാരുടെ എണ്ണം കൂട്ടുന്ന കാര്യത്തിൽ മാത്രമേ യുഡിഎഫ് സർക്കാരുകളുടെ സംഭാവന ഉള്ളൂ) എന്നിട്ടുപോലും പിഎ‌സ്‌സിക്കു വിട്ടുകൊടുക്കാത്ത നിരവധി വകുപ്പുകളും തസ്തികകളും കേരളത്തിൽ ബാക്കിയുണ്ട്. പിഎ‌സ്‌സിക്കു വിട്ട വകുപ്പുകളിൽ തന്നെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയുണ്ടാകുന്ന ഒഴിവുകൾ പിഎ‌സ്‌സിയെ ഏൽപ്പിക്കാറില്ല. പിഎ‌സ്‌സിക്കു വിടാത്ത സ്ഥാപനങ്ങളിലും ജീവനക്കാരെ നിയമിക്കുന്നുണ്ട്. അവിടെ താൽക്കാലിക ജീവനക്കാരുണ്ട്. കരാർ ജീവനക്കാരുണ്ട്. അവരെ സ്ഥിരപ്പെടുത്താറുണ്ട്. അവിടെയുള്ള ഒഴിവുകളിൽ തങ്ങളെ നിയമിച്ചാലെന്താ, എന്ന് റാങങ്ക് ലിസ്റ്റിലുള്ളവർ ചോദിച്ചാൽ എന്താണ് മറുപടി പറയുക?

പിഎ‌സ്‌സിക്കു വിട്ടുകൊടുത്ത തസ്തികകളിൽ ചിലപ്പോൾ താൽക്കാലിക/കരാർ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടാകും. റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ലാതിരിക്കുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. റാങ്ക് ലിസ്റ്റ് വരുന്നതോടെ ഇത്തരക്കാർ പുറത്തു പോകും. അവരവിടെ എത്രകാലം ജോലി ചെയ്തു എന്നതൊന്നും പ്രശ്നമല്ല. റാങ്ക് ലിസ്റ്റിനെ ധിക്കരിച്ച് താൽക്കാലികക്കാരെ നിലനിർത്താനുള്ള ഉളുപ്പില്ലായ്മ കാണിച്ച ഒരു മുഖ്യമന്ത്രി മാത്രമേയുള്ളു. അത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹത്തിന് നിയമവും വ്യവസ്ഥയുമൊന്നും ബാധകമല്ലല്ലോ.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം കിട്ടാൻ വേണ്ടി സമരം ചെയ്യുന്ന സുഹൃത്തുക്കളും ആ സമരത്തെ മണ്ണെണ്ണയൊഴിച്ച് ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരും ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്:

പിഎ‌സ്‌സിക്ക് റിക്രൂട്ട്മെന്റ്‌ ചുമതലയുള്ള ആയിരക്കണക്കിനു തസ്തികകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും ഈ സർക്കാരിന്റെ കാലത്ത് മറ്റുരീതിയിൽ സ്ഥിരനിയമനം നടത്തിയത് ചൂണ്ടിക്കാട്ടാനാകുമോ?

പിഎ‌സ്‌സി റാങ്ക് ലിസ്റ്റ് പ്രവർത്തനനിരതമായിരിക്കുന്ന ഏതെങ്കിലും തസ്തികയിൽ താൽക്കാലിക ജീവനക്കാർ തുടരുന്നതായി പറയാൻ കഴിയുമോ?

പിഎ‌സ്‌സിക്ക് നിയമനാധികാരം വിട്ടുകൊടുത്ത ഏതെങ്കിലും തസ്തികയിൽ ഈ സർക്കാർ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായി ഇവർക്ക് പറയാനാകുമോ?

ഒരു വർഷത്തെ കാലാവധി നിശ്ചയിച്ചാണ് പിഎ‌സ്‌സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. പുതിയ റാങ്ക് ലിസ്റ്റിന് കാലതാമസം ഉണ്ടാകുന്ന പക്ഷം നിലവിലുള്ള ലിസ്റ്റിന് മൂന്നു വർഷം വരെ തുടരാൻ കഴിയും. അസാധാരണമായ സാഹചര്യത്തിൽ സർക്കാർ ആവശ്യപ്പെട്ടാൽ ലിസ്റ്റ് വീണ്ടും നീട്ടാറുണ്ട്. പക്ഷേ നാലര കൊല്ലത്തിലധികം ഒരു ലിസ്റ്റിനും നിലനിൽക്കാൻ നിയമം അനുവദിക്കുന്നില്ല. കാര്യക്ഷമതയെ മുൻനിർത്തി യൂണിഫോംഡ് ഫോഴ്സുകളിൽ വർഷാവർഷം നിർബന്ധമായും റാങ്ക് ലിസ്റ്റുകൾ വരണമെന്നാണ് പിഎ‌സ്‌സി തീരുമാനിച്ചിട്ടുള്ളത്.

പഴയ കാലത്ത് എല്ലാ റാങ്ക് ലിസ്റ്റുകളും മൂന്നും അതിലധികവും കൊല്ലം നീണ്ടുപോകാറുണ്ട്. പിന്നീട് റാങ്ക് ലിസ്റ്റുകൾ നിലവിലില്ലാത്ത കാലവും ഉണ്ടാകും. അത്തരം നീണ്ട ഇടവേള കഴിഞ്ഞു വരുന്ന ലിസ്റ്റിൽ നിന്ന് വലിയ മട്ടിൽ റിക്രൂട്ട്മെന്റ്‌ നടക്കും. പിഎ‌സ്‌സിയുടെ കാര്യക്ഷമതക്കുറവായിരുന്നു ലിസ്റ്റുകൾ വൈകുന്നതിന് കാരണം. അത്തരം അവസ്ഥ ഇപ്പോൾ ഇല്ല. റാങ്ക് ലിസ്റ്റുകൾ കൃത്യസമയത്ത് പുറത്തു വരുന്നു. കൂടുതൽ മാർക്കു കിട്ടി റാങ്ക് ലിസ്റ്റുകളിൽ മുൻനിരയിൽ വരുന്ന സമർഥർക്ക് നിയമനം ലഭിക്കുന്നു. പിറകിലുള്ളവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥ ദു:ഖകരം തന്നെ. നന്നായി പഠിച്ച് റാങ്ക് ലിസ്റ്റിന്റെ മുകളിൽ വരാൻ പരിശ്രമിക്കുക മാത്രമേ അതിന് പ്രതിവിധിയുള്ളു.

റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയ പലരും ചില ബസുയാത്രക്കാരെപ്പോലെയാണ്. പുതിയവർക്ക് അവസരം നൽകരുത് എന്ന ശാഠ്യം. ഒരു കാര്യം അവർ ഓർമിക്കണം: നിലവിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ മാത്രമല്ല സംസ്ഥാനത്തെ ഉദ്യോഗാർഥികൾ. പുതിയ തലമുറയുണ്ട്. പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവർ ആയിരക്കണക്കിനു പുറത്തുണ്ട്. പഴയ ലിസ്റ്റുകൾ നീണ്ടു നിൽക്കുകയും പുതിയ പരീക്ഷകൾ നടക്കാതിരിക്കുകയും ചെയ്യുമ്പോൾ അവരുടെ പ്രതീക്ഷയും കാത്തിരിപ്പും വൃഥാവിലാകുന്നു.

`പിഎ‌സ്‌സി കോച്ചിങ്‌ സ്ഥാപനങ്ങളും റാങ്ക് ലിസ്റ്റ് അസോസിയേഷനുകളും നല്ല നിലയ്‌ക്കാണെങ്കിൽ ഉദ്യോർഥികൾക്ക് അനുഗ്രഹമാണ്. പക്ഷേ അവയിൽ പലതും സുതാര്യമായല്ല പ്രവർത്തിക്കുന്നത്. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം ഇവ നേടിയെത്തിയവർക്കെല്ലാം പിഎ‌സ്‌സി വഴി തൊഴിൽ എന്ന ഒരിക്കലും നടക്കാത്ത തെറ്റായ വാഗ്ദാനങ്ങൾ പരസ്യങ്ങളിലൂടെ നൽകിയാണ് അവർ ആളെ ചേർക്കുന്നത്. വലിയ ഫീസു വാങ്ങിക്കുന്നു. വലിയ തുക മുടക്കി കോച്ചിങ്‌ നേടിയവർക്ക് തൊഴിൽ കിട്ടാതാകുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികം. ചില റാങ്ക് ലിസ്റ്റ് അസോസിയേഷനുകൾ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് നിയമാനുസൃതമല്ലാത്ത കാര്യങ്ങൾ നടത്താമെന്ന് വ്യാമോഹിപ്പിച്ച് വലിയ മട്ടിൽ പണപ്പിരിവു നടത്തുന്നു. നൂറു കണക്കിന് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിലൂടെ പിഎ‌സ്‌സിയെപ്പറ്റിയും സർക്കാരിനെപ്പറ്റിയും നുണപ്രചാരണം നടത്തുന്നവർ അക്കൂട്ടത്തിലുണ്ട്. അവരാണ് പാവപ്പെട്ട ഉദ്യോഗാർഥികളെ യുഡിഎഫിന്റെ രാഷ്ട്രീയ നാടകത്തിന് ബലിയാടാകാൻ വിട്ടു കൊടുക്കുന്നത്.

നിശ്ചിത തസ്തികകൾ മാത്രമേ സർക്കാർ സർവീസിൽ ആകെ ഉള്ളൂ. നിലവിലുള്ളവർ റിട്ടയർ ചെയ്താൽ മാത്രമേ ഒഴിവുണ്ടാകൂ. പരിമിതമായ ഈ ഒഴിവുകളുടെ ആനുപാതികമായല്ല സംസ്ഥാനത്ത് പിഎ‌സ്‌സി കോച്ചിങ്‌ ബിസിനസ് നടക്കുന്നത്. പണ്ടുകാലത്ത് യുവാക്കൾ ബിഎസ്‌സിക്കും ബിഎയ്‌ക്കുമൊക്കെയാണ് പഠിച്ചിരുന്നതെങ്കിൽ ഇന്നത് "പിയെസ്സിക്ക്" പഠിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. ഈ മട്ടിലുള്ള പഠനം ശുഭസൂചകമല്ല. നാളെ എല്ലാവരും ഐഎഎസിന്‌ പഠിക്കാൻ തുടങ്ങിയാലത്തെ അവസ്ഥ എന്താകും?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top