02 December Friday

ഗവർണറും വിസിയും ; കരിയറിസ്റ്റ് രാഷ്ട്രീയക്കാർക്ക് 
പ്രതിഭകളെ മനസ്സിലാകില്ല - അശോകൻ ചരുവിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2022


കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രശസ്ത സാമ്പത്തിക ചരിത്രകാരനുമായ ഡോ. ഗോപിനാഥ് രവീന്ദ്രനെ "ക്രിമിനൽ' എന്നു വിശേഷിപ്പിച്ചതിലൂടെ ഒരു കരിയറിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയ്‌ക്കുള്ള തന്റെ അധമസ്വഭാവമാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ സാമൂഹ്യക്രമത്തിൽ രാഷ്ട്രീയ നേതാക്കൾ പലവിധ അധികാരസ്ഥാനങ്ങളിൽ എത്തിപ്പെടും. യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും അവരുടെ അധികാര പരിധിയിൽ വരും. എന്നാൽ, ലഭ്യമായ അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിക്കാത സ്ഥാപനങ്ങളിലുള്ള പണ്ഡിതന്മാരെയും കലാ സാഹിത്യ ശാസ്ത്ര ഗവേഷക പ്രതിഭകളെയും ബഹുമാനിക്കാനും ആദരിക്കാനുമാണ് സമുന്നത രാഷ്ട്രീയ നേതാക്കൾ ഒരുമ്പെട്ടു കണ്ടിട്ടുള്ളത്. ജവാഹർലാൽ നെഹ്റു, ഇ എം എസ് തുടങ്ങിയ നേതാക്കൾ ഇക്കാര്യത്തിൽ മാതൃകയാണ്. "ജനങ്ങൾ തെരഞ്ഞെടുത്തതുകൊണ്ടുമാത്രം പ്രധാനമന്ത്രിയായ തനിക്ക് എം എസ് സുബ്ബുലക്ഷ്മിയുടെ സംഗീതത്തെ വിലയിരുത്താൻ എന്ത് അവകാശമാണ് ഉള്ളത്‌' എന്ന നെഹ്റുവിന്റെ ചോദ്യം പ്രസിദ്ധമാണല്ലോ.

എന്നാൽ, ഇത്തരമൊരു സാമാന്യ മര്യാദ ആരിഫ് മൊഹമ്മദ് ഖാനിൽനിന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവചരിത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവർത്തകർ രണ്ടുതരമുണ്ടല്ലോ. ഒന്ന് ആദർശപ്രേരിതരായി ജനസേവനത്തിനിറങ്ങുന്നവർ. അറസ്റ്റിനും മർദനത്തിനും ജയിൽവാസത്തിനും ഇടയിൽ അവർ അധികാരപദവികളിലും എത്താറുണ്ട്. എന്നാൽ, രണ്ടാമത്തെ വിഭാഗത്തിന്റെ ലക്ഷ്യം അധികാരപദവികൾ മാത്രമാണ്. അതിന്റെ ഭാഗമായുള്ള അനധികൃത സ്വത്തുസമ്പാദനവും. അതിനുവേണ്ടി അവർ ഏതു വേഷവും കെട്ടും. "ആത്മകഥ അക്കത്തിലെഴുതുന്നവർ' എന്ന് ഇവരെ വിശേഷിപ്പിക്കാറുണ്ട്. ആരിഫ് മൊഹമ്മദ് ഖാൻ ഇതിൽ ഏതിൽപ്പെടുമെന്നു നിർവചിക്കാൻ ഞാൻ ഒരുമ്പെടുന്നില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്: അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്ര - പ്രത്യേകിച്ചും സന്ദർഭംപോലെ അദ്ദേഹം ചേക്കേറിയ രാഷ്ട്രീയ പാർടികൾ- ഏതെങ്കിലും  ഐഡിയോളജിയുമായി  ബന്ധപ്പെട്ടതായിരുന്നില്ല.


 

കരിയറിസ്റ്റ് രാഷ്ട്രീയപ്രവർത്തകരിൽനിന്ന് പണ്ഡിറ്റ് നെഹ്റുവിന്റെയോ ഇ എം എസിന്റെയോ മനോഭാവം പ്രതീക്ഷിക്കാനാകില്ലല്ലോ. അവർക്ക് പ്രതിഭകളെ മനസ്സിലാകണമെന്നുമില്ല. എല്ലാവരും തന്നെപ്പോലെ സ്ഥാനമോഹികൾ; പദവിയും സമ്പത്തും മോഹിക്കുന്നവർ എന്നു കരുതാനേ അവർക്കു കഴിയൂ. മഹാപ്രതിഭകളുടെ ജീവിതം എന്നും വേറിട്ട വഴിയിൽ ആയിരിക്കും. തന്റെ പഠനവിഷയമാണ് അവർക്കു ജീവിതം.  ആ മേഖലയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ഉദ്ദേശ്യത്തോടെയാണ് അവർ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് എത്തുന്നത്‌. അതും വലിയ മട്ടിലുള്ള പ്രേരണയ്‌ക്ക്‌ വിധേയരായി.  ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ്‌ പൊളിറ്റിക്കൽ സയൻസിൽ അക്കാദമിക് വിസിറ്ററായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ യൂണിവേഴ്സിറ്റി വിസി ആയി കൊണ്ടുവരാൻ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമായിട്ടാണ് അക്കാദമിക് ലോകം വിലയിരുത്തിയത്. അതിന്റെ സാധ്യത ഒരു ഭിക്ഷാംദേഹി രാഷ്ട്രീയപ്രവർത്തകന് മനസ്സിലാകുകയില്ല.

ഇന്ത്യൻ ഭരണഘടനയിൽ വിഭാവനംചെയ്ത ഗവർണർ പദവി എന്നും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അത്തരമൊരു പദവി ആവശ്യമുണ്ടോയെന്ന് നിയമവിദഗ്ധർ ചർച്ച ചെയ്യാറുണ്ട്. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർടികൾ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരാൻ തുടങ്ങിയതോടെയാണ് ഇതു കൂടുതൽ പ്രശ്നമായത്. നമ്മുടെ ഫെഡറൽ ഘടനയെത്തന്നെ ഇവർ അട്ടിമറിക്കാൻ ശ്രമിച്ചു. ഭിക്ഷാംദേഹികൾക്കുള്ള ഇടമായിട്ടാണ് ഈ പദവി ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. പാർടികൾക്കകത്ത് ശല്യവും ബാധ്യതയുമാകുന്ന വയോധികരെ വനവാസത്തിനയക്കാനുള്ള സ്ഥലമായും കണക്കാക്കുന്നു. തങ്ങളെ അയക്കുന്ന കേന്ദ്ര ഭരണകക്ഷിയോടുള്ള കൂറ് പ്രകടിപ്പിക്കാനായി ഇക്കൂട്ടർ നടത്തുന്ന നീക്കങ്ങൾ പല ഘട്ടത്തിലും കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും തടസ്സമായിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ ഇപ്പോഴത്തെ ഗവർണർ അതിന്റെ എല്ലാ സീമയും കടന്നിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top