08 August Saturday

വിയോജിപ്പിലെ ആദരവ്‌ - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Sunday Aug 25, 2019

രാഷ്ട്രീയമായി ശക്തമായി വിയോജിക്കുമ്പോഴും ആദരവ് പ്രകടിപ്പിക്കാൻ ജെയ്‌റ്റ്‌ലി പ്രത്യേകം ശ്രദ്ധിച്ചു. പാർലമെന്ററി പ്രവർത്തനത്തിന് അതിരുകളില്ലാത്ത പാoങ്ങൾ ജെയ്‌റ്റ്‌ലി നൽകി. പാർലമെന്റ് ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മര്യാദകളും അപ്രസക്തമാക്കുന്ന കാലത്താണ് അരുൺ ജെയ്‌റ്റ്‌ലി വിടവാങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കുശേഷമുള്ള സമയം പാർലമെന്റിൽ വിരലിലെണ്ണാവുന്ന അംഗങ്ങളേ ഉണ്ടാകാറുള്ളൂ. സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും ഇടവിട്ട വെള്ളിയാഴ്ചകളിൽ സഭയുടെ പരിഗണനയ്‌ക്ക് വരും. ഐടി ആക്ടിലെ 66എ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്ന കാലത്ത് ഈ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഒരു സ്വകാര്യ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. നറുക്ക് വീണതിനെത്തുടർന്ന് പ്രമേയം ചർച്ചയ്‌ക്കെടുത്തു. അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ ആദ്യം പിന്തുണച്ച് സംസാരിക്കാൻ എഴുന്നേറ്റത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്‌റ്റ്‌ലിയായിരുന്നു. പ്രതിപക്ഷനേതാവ് സ്വകാര്യ പ്രമേയത്തിൽ സംസാരിക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് തിരുചി ശിവ പറഞ്ഞു. പിന്നീട് സുപ്രീംകോടതി 66എ റദ്ദാക്കിയപ്പോൾ ഈ പ്രസംഗം അരുൺ ജെയ്‌റ്റ്‌‌ലി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത്തരം നിയമങ്ങൾ ഒന്നുമില്ലാതെതന്നെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തുന്നവരെ നിശ്ശബ്ദരാക്കാമെന്ന് ബിജെപി ഭരണം തെളിയിച്ചുവെന്നത് മറ്റൊരു വശം.

മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ സഭയുടെ നിലപാടുകളെ സ്വാധീനിക്കാൻ കഴിയുന്ന ഇടപെടലുകൾ നടത്താൻ അരുൺ ജെയ്‌റ്റ്‌ലിക്ക് കഴിഞ്ഞിരുന്നു. ജഡ്ജിമാരെ ഇംപീച്ച്ചെയ്യുന്ന നടപടി അസാധാരണങ്ങളിൽ അസാധാരണമാണല്ലോ. സൗമിത്ര സെന്നിന്റെ ഇംപീച്ച്മെന്റ് നടപടി പുതിയ അനുഭവമായിരുന്നു. സഭയുടെ പുറത്ത്, വാതിലിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന സൗമിത്ര സെൻ നിന്നത്. മണിക്കൂറുകൾ നീണ്ട ഉജ്വലമായ വാദമായിരുന്നു സെൻ നടത്തിയത്. ഇദ്ദേഹത്തെ എന്തിനാണ് ഇംപീച്ച് ചെയ്യുന്നതെന്ന ചിന്തയിലായി സഭ. എന്നാൽ, പിന്നീട് നടന്ന മൂന്ന്‌ പ്രസംഗം സഭയുടെ ആ ധാരണയെ ഇളക്കിമറിച്ചു. പ്രമേയം അവതരിപ്പിച്ച സീതാറാം യെച്ചൂരി സ്വതസിദ്ധമായ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. തുടർന്ന് പ്രസംഗിച്ച അരുൺ ജെയ്‌റ്റ്‌ലിയും രാംജെത് മലാനിയും അഭിഭാഷകരെന്ന നിലയിൽ തങ്ങൾ മികച്ചവരായതെങ്ങനെയെന്ന് വ്യക്തമാക്കുന്നവിധം വാദങ്ങൾ അവതരിപ്പിച്ചു. ഒരുപക്ഷേ, ജെയ്‌റ്റ്‌ലിയുടെ ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്ന് ഇതായിരിക്കും.

ഐടി നിയമത്തിന്റെ ചട്ടം റദ്ദാക്കണമെന്ന സ്റ്റാറ്റ്യൂട്ടറി പ്രമേയം സഭയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. പാർലമെന്റിലെ ചരിത്രത്തിൽ അത്യപൂർവമായാണ് ചട്ടങ്ങളെ സംബന്ധിച്ച് ചർച്ചചെയ്യുന്നത്. ആ പ്രമേയത്തെ പിന്തുണച്ച് ജെയ്‌റ്റ്‌ലി സംസാരിച്ചു. പാർലമെന്റിന് നിയമനിർമാണ അധികാരംമാത്രമേയുള്ളൂ എന്നായിരുന്നു തന്റെ ധാരണയെന്നും ചട്ടങ്ങളിൽ എക്സിക്യൂട്ടീവിനു മുകളിൽ പാർലമെന്റിന് അധികാരമുണ്ടെന്ന പുതിയ അറിവ് ഈ പ്രമേയം നൽകിയെന്നും പറഞ്ഞ് അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചത് സഭാരേഖകളുടെ ഭാഗമാണ്.

അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരിക്കെ അതിശക്തമായ വിയോജിപ്പ് സഭയിൽ പ്രകടിപ്പിച്ചിരുന്നു. ഇൻഷുറൻസ് മേഖലയിൽ വിദേശ മൂലധനം അനുവദിക്കുന്ന ബിൽ വീണ്ടും സെലക്ട് കമ്മിറ്റിക്ക് അയക്കുന്നതിനായി ഒരു പ്രമേയം ഞാൻ ചട്ടപ്രകാരം അവതരിപ്പിച്ചു. രാജ്യസഭാ പ്രവർത്തനത്തിന്റെ ആധികാരിക ഗൈഡായ രാജ്യസഭ അറ്റ് വർക്കിൽ അത് പുതിയ കീഴ്‌‌വഴക്കമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രമേയത്തിനെതിരെ അര മണിക്കൂറിലധികം എടുത്താണ് ജെയ്‌റ്റ്‌ലി വാദിച്ചത്. എതിർ വാദമുഖങ്ങൾ ആധികാരികമായി ഞങ്ങളും ഉയർത്തി. അന്ന്‌ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി ചെയർമാൻ ജെയ്‌റ്റ്‌ലിയുടെ വാദങ്ങൾ തള്ളി പ്രമേയത്തിന് അനുമതി നൽകി. സഭ പിരിഞ്ഞപ്പോൾ അടുത്തേക്ക് വന്ന ജെയ്‌റ്റ്‌ലി താൻ നന്നായി കഠിനാധ്വാനം  ചെയ്തിരിക്കുന്നുവെന്നും ഇതൊരു ലേണിങ്‌ പ്രോസസായിരുന്നുവെന്നും എന്നോട്‌ പറഞ്ഞു.

ഇതെല്ലാം മനസ്സിൽവച്ചായിരിക്കണം അദ്ദേഹം യാത്രയയപ്പ് സമ്മേളനത്തിൽ പ്രസംഗിച്ചതെന്ന്‌ തോന്നുന്നു. രാജീവിന്റെ റിട്ടയർമെന്റോടെ തങ്ങളുടെ ജോലി എളുപ്പമായി എന്നാണ് അദ്ദേഹം പറഞ്ഞത്. നിരന്തരം ഇടപെട്ടതിന്റെ അസ്വാരസ്യമല്ലായിരുന്നു ആ വാക്കുകളിൽ. അതുകൊണ്ടാണ് ജനാധിപത്യം ശക്തിപ്പെടുത്താൻ  അയാളെ തിരിച്ചുകൊണ്ടുവരൂ (bring him back) എന്ന് തുടർച്ചയിൽ പറഞ്ഞത്. മന്ത്രിയായിരിക്കുമ്പോൾ ഏത് ആവശ്യത്തിനും മുൻകൂർ അനുമതി വാങ്ങാതെ കാണാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. കുടുംബസമേതം കണ്ടപ്പോൾ മക്കളെ പ്രത്യേകം ചേർത്തുനിർത്തി അച്ഛന്റെ പ്രവർത്തനങ്ങൾ സ്നേഹപൂർവം വിശദീകരിച്ചു. രാഷ്ട്രീയമായി ശക്തമായി വിയോജിക്കുമ്പോഴും ആദരവ് പ്രകടിപ്പിക്കാൻ ജെയ്‌റ്റ്‌ലി പ്രത്യേകം ശ്രദ്ധിച്ചു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ശക്തമായി എതിർത്ത കാര്യങ്ങൾ ധനമന്ത്രിയെന്ന നിലയിൽ നടപ്പാക്കുമ്പോൾ, അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങൾ തെരഞ്ഞുപിടിച്ച് ഞങ്ങൾ തുറന്നുകാട്ടാൻ ശ്രമിക്കുന്നത് ചിരിച്ചുകൊണ്ട് ആസ്വദിച്ചു.

രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലാതിരുന്ന കാലത്ത് സ്വീകരിക്കുന്ന സമവായത്തിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും രീതിയായിരിക്കാം പ്രൊഫഷണലായി പിന്തുടർന്നത്. വ്യത്യസ്തതകൾ വലിയ കുറ്റമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തെ ഒരുക്കിയെടുക്കുന്നതിൽ ജെയ്‌റ്റ്‌ലിയുടെ രീതികൾ ബിജെപിയെ സഹായിച്ചിട്ടുണ്ടാകും. പാർലമെന്ററി പ്രവർത്തനത്തിന് അതിരുകളില്ലാത്ത പാഠങ്ങൾ ജെയ്‌റ്റ്‌ലി നൽകി. പാർലമെന്റ് ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മര്യാദകളും അപ്രസക്തമാക്കുന്ന കാലത്താണ് അരുൺ ജെയ്‌റ്റ്‌ലി വിടവാങ്ങിയത്. ആദരാഞ്ജലികൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top