Deshabhimani

നിർമിതബുദ്ധിയും ലൈം​ഗികതയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 10:34 AM | 0 min read

ഏറ്റവും മനോഹരമായതും പൊതുസമൂഹം ലജ്ജയോടെയോ അറപ്പോടെയോ പറയുന്നതുമായ വാക്കാണ് ലൈംഗികത. പുരുഷ ലൈംഗികതയെക്കാളും സ്ത്രീ ശരീരത്തിനും അവളുടെ ലൈംഗികതയുമാണ് സമൂഹത്തിൽ സദാചാര വിശകലനങ്ങൾക്ക്‌ കൂടുതൽ ഇരയാകേണ്ടി വരുന്നത്. സ്ത്രീകളെ  പാർശ്വവൽക്കരിക്കാനും സ്ത്രീ ഒരു ഉപയോഗ വസ്തുവാണെന്ന ചിന്തയുടെ ആക്കം കൂട്ടാനും അവളുടെ തന്നെ ലൈംഗികതയെയും ശരീരത്തെയും ആയുധമാക്കുന്നത്‌ നമ്മുടെ ശീലങ്ങളിലുണ്ട്. ലൈംഗികതയെന്ന വാക്കിനെ വലയംവച്ച് വലിയ വാദപ്രതിവാദങ്ങളും സംശയങ്ങളും നിലനിൽക്കുന്ന പരിവർത്തനത്തിന്റെ അവസ്ഥയിലാണ് സമൂഹം. നിറവേറ്റപ്പെടാത്ത ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന്‌ മനുഷ്യൻ ഒരുപാട് വഴികൾ തിരഞ്ഞെടുക്കാറുണ്ട്. പോൺ വീഡിയോകളും മോർഫിങ്ങും ഫോട്ടോ എഡിറ്റിങ്ങുമെല്ലാം അതിന്റെ സാങ്കേതിക അംശമാണ്. നിർമിത ബുദ്ധി എന്ന വിസ്മയത്തിന്റെ വരവോടെ മേൽപ്പറഞ്ഞ സാങ്കേതിക അവസരങ്ങളുടെ സാധ്യത എളുപ്പമാക്കപ്പെടുകയാണ്.

ഡിജിറ്റൽ ട്വിൻ


ഫോട്ടോ മോർഫിങ്ങെന്നത് കുട്ടിക്കളിയാണെങ്കിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ നമ്മുടെ ഇടയിലേക്ക് നീട്ടിവയ്ക്കുന്ന ഡിജിറ്റൽ ട്വിന്നെന്ന സാങ്കേതികവിദ്യ വലിയ കളിയാണ്. നിങ്ങളുടെ ശബ്ദത്തിന്റെയോ വീഡിയോയുടെയോ ചെറിയൊരു സാമ്പിൾ കിട്ടിയാൽ ഡിജിറ്റൽ ട്വിൻ ഉണ്ടാക്കി കൃത്രിമമായ വീഡിയോ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യ വഴി സാധിക്കും. നിർമാണ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര ഗവേഷണങ്ങൾക്കുമൊക്കെ ഉപകരിക്കുന്ന തരത്തിൽ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവച്ച ആശയമാണ് ഡിജിറ്റൽ ട്വിൻ.
പുതിയ കണ്ടെത്തലുകളെ ചിലർ ദുരുപയോഗം ചെയ്യുന്നത് പതിവാണ്. മനുഷ്യന്റെ ലൈംഗിക ചോദനകളെ ചൂഷണം ചെയ്യാൻ ഡിജിറ്റൽ ട്വിന്നെന്ന സാങ്കേതികവിദ്യ അതിവിദഗ്ധമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മനുഷ്യന്റെ രൂപവും പെരുമാറ്റ രീതികളും ചലനങ്ങളും സംസാരവും അതേപടി പുനഃസൃഷ്ടിക്കപ്പെടുകയാണ്. നമ്മുടെ വ്യക്തിത്വവും രൂപവും ദുരുപയോഗം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന ഒരാൾക്ക് അയാൾ നമ്മളിലൂടെ ചെയ്യാൻ ആഗ്രഹിക്കുന്നതെന്താണോ അതൊക്കെ നമ്മുടെ ഡിജിറ്റൽ ട്വിൻ ഉപയോഗിച്ച്‌ ചെയ്യാൻ സാധിക്കും.

ഡീപ് വെബ്

ഗൂഗിളിൽ സെർച്ച് ചെയ്താൽ കാണാൻ സാധിക്കാത്ത ഇന്റർനെറ്റിന്റെ 80 ശതമാനത്തിൽ അധികം വരുന്ന ഡീപ് വെബ് എന്നൊരു ലോകമുണ്ട്. അതിനുള്ളിൽ  പ്രധാനമായും നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഇരുണ്ട ലോകമാണ് ഡാർക് വെബ്. അതിനകത്തും ലൈംഗികപരമായ ഉള്ളടക്കങ്ങൾ വിൽക്കപ്പെടുന്ന വെബ്സൈറ്റുകളിലും ഡിജിറ്റൽ ട്വിന്നുകൾ ഉപയോഗിച്ച് മനുഷ്യന്റെ ലൈംഗികമായ ആഗ്രഹങ്ങളെ ചൂഷണം ചെയ്യുന്ന രീതി വളർന്നുവരികയാണ്. ലൈംഗികതയെന്ന് പറയുമ്പോൾ സ്വാഭാവികമായും സ്ത്രീ അവിടെ ഒരു ഉപയോഗ വസ്തുവാണെന്ന ബോധ്യങ്ങളിൽ ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. പണം നൽകിയാൽ ഒരു നിശ്ചിത സമയം ഉദ്ദേശിക്കുന്ന സ്ത്രീയുമായി വീഡിയോ കോളിൽ ഏർപ്പെടാമെന്ന സന്ദേശം നമുക്ക് ലഭിക്കുകയാണ്. ഒരുപക്ഷേ ആ സ്ത്രീ നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയാകാം. വീഡിയോ കോളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കുന്ന രീതിയിലുള്ള അറിയപ്പെടുന്ന ഒരു സ്ത്രീയുടെ പേര് വിശ്വസനീയമായ രീതിയിൽ മുമ്പിലേക്ക് വരുമ്പോൾ നിങ്ങൾ പണം കൊടുത്ത് ആ സൈറ്റിലേക്ക് വീഡിയോ കോളിനായി കയറിയേക്കാം. നിങ്ങളോട് വീഡിയോ കോളിൽ സംസാരിക്കുന്നത് ആ സ്ത്രീയുടെ ഡിജിറ്റൽ ട്വിൻ ആയിരിക്കും. ആ ഡിജിറ്റൽ ട്വിൻ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന സ്ത്രീയുടെ രൂപവും ഭാവവും ശബ്ദവും അതുപോലെ ഒപ്പിയെടുത്ത ഒന്നായിരിക്കും. ഇത് പണം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വ്യവസായമായി മാറുമ്പോൾ ആദ്യം തന്നെ അതിന്റെ ഇരയാക്കപ്പെടുന്നത് പലപ്പോഴും സെലിബ്രിറ്റി സ്ത്രീകളാകാം. അവരുടെ നഗ്നതയും അർധനഗ്നതയും പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒളിഞ്ഞും തെളിഞ്ഞും ബഹുഭൂരിപക്ഷവും കാണാൻ ആഗ്രഹിക്കുന്നവയാണ്. ലൈംഗികമായ ആവശ്യങ്ങളുടെ പൂർത്തീകരണം ഒരു സ്വാഭാവിക പ്രക്രിയയെന്നോണം തിരിച്ചറിയാൻ സാധിക്കാത്ത, സദാചാരവും സംസ്കാരവും മാനുഷിക മൂല്യങ്ങൾക്കും അപ്പുറമുയർത്തി കാണിക്കുന്ന ഒരു സമൂഹത്തിൽനിന്നും അടർന്നു വീഴുന്നവരായത് കൊണ്ട് ലൈംഗികത പലപ്പോഴും ഒളിച്ചുവയ്ക്കപ്പെടേണ്ട എന്തോ ഒന്നാണ് നമുക്ക്. ആ സാമൂഹ്യ അവസ്ഥയാണ് ലൈംഗികമായ ഉള്ളടക്കങ്ങൾ നിയമപരമല്ലാത്ത രീതിയിൽ വിൽക്കുന്നതിലൂടെ ചൂഷണം ചെയ്യപ്പെടുന്നത്.

ഡിജിറ്റൽ ട്വിന്നുകൾ


ഇന്ന് അറിയപ്പെടുന്ന സെലിബ്രിറ്റി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പലരുടെയും ലൈംഗിക പൂർത്തീകരണത്തിനായി വിൽക്കപ്പെടുന്നതെങ്കിൽ നാളെ അത് സാധാരണ സ്ത്രീകളിലേക്ക് നുഴഞ്ഞുകയറപ്പെടാം. സാങ്കേതികത ഇനിയും മുന്നോട്ടുപോകുമ്പോൾ ഡിജിറ്റൽ ട്വിന്നുകൾക്ക് നിങ്ങളുടെ സ്വഭാവവും പ്രതിഫലിപ്പിക്കാൻ സാധിച്ചേക്കും. നമ്മുടെ സോഷ്യൽ മീഡിയകളിലെ ഫോട്ടോകളിൽനിന്നും വീഡിയോകളിൽനിന്നും നമ്മുടെ രൂപവും ഭാവവും സ്വഭാവവും സവിശേഷതകളും ഒപ്പിയെടുക്കാൻ നിർമിതബുദ്ധിക്ക് യാതൊരു വിഷമവും ഉണ്ടാകില്ല. ഇത്തരം സാധ്യതകൾക്കുവേണ്ടി നമ്മൾ നൽകേണ്ടി വരുന്ന പണത്തിന്റെ അളവ് നാളുകൾ കഴിയുമ്പോൾ കുറഞ്ഞുവരും. തൽഫലമായി കൂടുതൽ മനുഷ്യരിലേക്ക് അവ എളുപ്പത്തിൽ എത്തിച്ചേരും. ഡിജിറ്റൽ ട്വിന്നുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പുകളും നടക്കുന്നുണ്ട്. വീഡിയോ കോളുകളിലൂടെയുള്ള തട്ടിപ്പുകൾക്ക് ആധികാരികത കൂടുകയും എളുപ്പത്തിൽ ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കാൻ സാധിക്കുകയും ചെയ്യും. പുരുഷന്മാരുടെ ട്വിന്നുകൾ പലപ്പോഴും ഇത്തരം പണം തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും വേണ്ടിയാവും ഉപയോഗിക്കപ്പെടുക.
രതിയും ലൈംഗികതയും മനുഷ്യന്റെ ഏറ്റവും മനോഹരമായ വൈകാരിക അവസ്ഥയാണ്. സകല ആശങ്കകൾക്കുമപ്പുറം ലൈംഗികത അതിലേർപ്പെടുന്ന വ്യക്തികളിൽ ആരുടെയെങ്കിലും അവകാശ പ്രഖ്യാപനമോ അധികാര പ്രയോഗമോ അല്ല. ലൈംഗികത അറപ്പോടെയോ ദാരുണമായ നാണത്തോടെയോ നോക്കിക്കാണേണ്ട സവിശേഷതയാണെന്നും സ്ത്രീ ഭോഗവസ്തുവാണെന്ന ധാരണകളും നിർമിതബുദ്ധി പൊളിച്ചെഴുതുമെന്നുതന്നെ പ്രതീക്ഷിക്കാം. എത്ര തന്നെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാലും ഞങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന സ്ത്രീയുടെ നിലപാടുകൾ ദുർവിനിയോഗങ്ങൾ വർധിക്കുന്നതിനോടൊപ്പം തന്നെ ശക്തമാകുന്നുണ്ട്. അതാണ്‌ പുരോഗമന സമൂഹത്തിന്റെ ആവശ്യവും. ദുർവിനിയോഗങ്ങളെ ഇല്ലാതാക്കുകയെന്നത് അസാധ്യമെന്നിരിക്കെ ദുർവ്യാഖ്യാനങ്ങളെയും സാങ്കേതികതയുടെ അപനിർമിതികളെയും കവച്ചുവയ്ക്കാനുള്ള നിർഭയത്വം നമ്മുടെ സ്ത്രീകളിലേക്ക് പടർന്ന് കയറണം. നിർമിതബുദ്ധി  ദ്രുതഗതിയിൽ വികസിക്കുന്ന സാങ്കേതികതയുടെ വിസ്മയരൂപമായതുകൊണ്ട് തന്നെ സമൂഹത്തിനാകെ ലൈംഗികതയോടുള്ള നിഷേധാത്മകവും അന്യായവുമായ ധാരണകളെ പൊളിച്ചെഴുതാൻ നിർമിതബുദ്ധിക്ക് വളരെ പെട്ടെന്ന് സാധിച്ചേക്കാം.



deshabhimani section

Related News

0 comments
Sort by

Home