13 September Friday

ബംഗ്ലാദേശ് പാകിസ്ഥാന്റെ പാതയിലേക്കോ

ഡോ. ജോസഫ് ആന്റണിUpdated: Tuesday Aug 6, 2024

ബംഗ്ലാദേശിൽ വീണ്ടും ഒരു ആഗസ്‌ത്‌ അട്ടിമറി. ബംഗ്ലാദേശ് രാഷ്ട്രം രൂപീകൃതമായി അഞ്ചാംവർഷംതന്നെ, രാഷ്‌ട്രരൂപീകരണത്തിനു നേതൃത്വം നൽകിയ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ മുജീബ് റഹ്‌മാനെ വധിച്ചുകൊണ്ടാണ് 1975 ആഗസ്‌ത്‌ 15ന് സൈനിക അട്ടിമറി അരങ്ങേറിയതെങ്കിൽ, ഈ ആഗസ്‌ത്‌ അഞ്ചിന് ലോകം കേട്ട വാർത്ത മുജീബ് റഹ്‌മാന്റെ മകൾ ഷെയ്‌ഖ്‌ ഹസീന വാസിദ് മറ്റൊരു അട്ടിമറിയിലൂടെ പുറത്തായെന്നാണ്. 

1996 മുതൽ 2001 വരെ പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ്‌ ഹസീന, വീണ്ടും പ്രധാനമന്ത്രിപദവിയിലെത്തിയത് 2009ൽ ആണ്. അതിനുശേഷം, കഴിഞ്ഞ പതിനഞ്ചുവർഷമായി അവർ  ആ പദവിയിൽ തുടരുകയായിരുന്നു. 2014 മുതൽ ബംഗ്ലാദേശ് പാർലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പുകളൊന്നും നീതിപൂർവകമായിരുന്നില്ലെന്ന ആരോപണം ശക്തമാണ്. 2024 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പും പ്രതിപക്ഷകക്ഷികൾ പൂർണമായും ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷകക്ഷികളെ അടിച്ചമർത്തിയും  നേതാക്കളെ ജയിലിലടച്ചും ഒരു ഏകാധിപത്യ സമാനമായ ഭരണമാണ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ നടന്നുകൊണ്ടിരുന്നത്. അതിനെതിരായി പ്രതിപക്ഷകക്ഷിയായ, ഇപ്പോൾ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് വീട്ടുതടങ്കലിൽ കഴിയുന്ന, ബീഗം ഖാലിദയുടെ ബംഗ്ലാദേശ്  നാഷണലിസ്റ്റ്  പാർടിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നു. ആ സമരങ്ങളിൽ ഇസ്ലാമിക തീവ്രവാദ നിലപാടുകളുള്ള കക്ഷികളും പങ്കെടുത്തിരുന്നു. എന്നാൽ, ആ സമരങ്ങളെയെല്ലാം ഉരുക്കുമുഷ്ടിയുപയോഗിച്ച് ഹസീന അടിച്ചമർത്തി. കഴിഞ്ഞ പതിനഞ്ചുവർഷമായി ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഖനീഭവിച്ചുനിന്ന ജനകീയ അസംതൃപ്തിയുടെ അണപൊട്ടിയൊഴുകലാണ് ഈ വർഷം മെയ്‌ മുതൽ ആരംഭിച്ച, മുന്നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയതും ഇപ്പോൾ ഹസീനയ്‌ക്കെതിരായ അട്ടിമറിയിലേക്കും നയിച്ച സംഭവങ്ങൾ. 

ജോലി സംവരണം

പതിനേഴു കോടി ജനങ്ങളുള്ള ബംഗ്ലാദേശിൽ ആകെയുള്ള സർക്കാർ ജോലിയുടെ 56 ശതമാനം സംവരണം ചെയ്യപ്പെട്ടിരുന്നു. ഇതിൽ മുപ്പതു ശതമാനം കൊടുത്തിരുന്നത്, 1971ലെ ബംഗ്ലാദേശ് വിമോചനസമരങ്ങളിൽ പങ്കെടുത്തിരുന്നവരുടെ ബന്ധുക്കൾക്കായിരുന്നു. ആശ്രിതർക്കുള്ള മുപ്പതു ശതമാനം ജോലി സംവരണം നടപ്പാക്കിയപ്പോൾത്തന്നെ അത് ഭരണകക്ഷിയുടെ ഇഷ്ടക്കാർക്ക് ജോലി നൽകാനാണെന്നുള്ള ആരോപണം ശക്തമായിരുന്നു. എന്നാൽ, ഹസീന വീണ്ടും അധികാരത്തിലെത്തിയ ശേഷം  2010ൽ ഈ തൊഴിൽസംവരണം, സ്വാതന്ത്ര്യസമര സേനാനികളുടെ മൂന്നാം തലമുറയ്ക്കുകൂടി നൽകാൻ തീരുമാനിച്ചു. ഇതിനെതിരായി ഉയർന്ന സമരങ്ങൾ  2018ൽ അതിശക്തമായ പ്രക്ഷോഭമായതിനെത്തുടർന്ന്, ഹസീന ആ സംവരണം പൂർണമായും പിൻവലിച്ചു. 

സംവരണം പിൻവലിച്ച തീരുമാനത്തിനെതിരായി സ്വാതന്ത്ര്യസമരസേനാനികളുടെ അനന്തരാവകാശികൾ 2018 മുതൽ നിയമപോരാട്ടത്തിലായിരുന്നു. 2024 ജൂണിൽ തൊഴിൽസംവരണം പിൻവലിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. അതോടെയാണ്, തൊഴിൽസംവരണത്തിനെതിരായി രൂപീകരിച്ച ‘വിവേചനവിരുദ്ധ വിദ്യാർഥിപ്രസ്ഥാനം' ജൂലൈ ഒന്നുമുതൽ  വീണ്ടും സമരരംഗത്തേക്കു വന്നത്. അപ്പോഴൊന്നും തൊഴിൽസംവരണ വിരുദ്ധസമരം ഹസീനയുടെ പദവി നഷ്ടപ്പെടുത്തുമെന്ന് ആരും കരുതിയില്ല. എന്നാൽ, ആ സമരത്തെ മുൻകാലങ്ങളിലെന്നപോലെ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്താനുള്ള തീരുമാനം ഭീകരമായ രക്തച്ചൊരിച്ചിലിനാണ് വഴിവച്ചത്. 

ആദ്യഘട്ടത്തിൽ സമാധാനപരമായി നടന്ന സമരം അക്രമാസക്തമായതിൽ പ്രധാനമന്ത്രി ഹസീനയ്‌ക്കും അവരുടെ യുവജന വിദ്യാർഥിസംഘടനകൾക്കും വലിയ പങ്കുണ്ട്. സമരം നടത്തുന്നവർ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായം ലഭിക്കുന്നവരാണെന്നും മതതീവ്രവാദ നിലപാടുകാരാണെന്നും അതിനെ ശക്തമായി നേരിടുമെന്നും ജൂലൈ 12ന് ഹസീന പ്രഖ്യാപിച്ചു. അതിനെത്തുടർന്ന്, സമരക്കാരെ നേരിടാൻ ഭരണകക്ഷി അനുഭാവികളും രംഗത്തെത്തി. അതോടെ സമരം അക്രമാസക്തമായി മാറി. ഇതിനിടയിൽ ബംഗ്ലാദേശ് സുപ്രീംകോടതി സംവരണത്തിന് അനുകൂലമായി പുറപ്പെടുവിച്ച വിധി റദ്ദാക്കിയെങ്കിലും സമരത്തിന്റെ അജൻഡ ഹസീന പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യമായി മാറിക്കഴിഞ്ഞിരുന്നു. 

ഹസീന രാജിവയ്ക്കാതെ പിരിഞ്ഞുപോകില്ലെന്ന്‌ പ്രഖ്യാപിച്ച് ധാക്കയിൽ ആയിരങ്ങൾ കഴിഞ്ഞ ദിവസം തടിച്ചുകൂടിയിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത്‌ സമൂഹമാധ്യമങ്ങൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തി. ജയിലിലടച്ച സമരനേതാക്കളെ വിട്ടയക്കില്ലെന്ന  തീരുമാനവും പട്ടാളത്തെ ഉപയോഗിച്ച് ജനകീയസമരത്തെ അടിച്ചമർത്താനുള്ള ഹസീനയുടെ നീക്കവും സൈന്യത്തിലും അസംതൃപ്തിയുണ്ടാക്കി. മുൻ സേനാമേധാവികൾ പരസ്യപ്രസ്താവനയുമായി രംഗത്തുവരുകയും ചെയ്തു. 

ജനകീയസമരങ്ങളെ അടിച്ചമർത്താനും ജനാധിപത്യത്തെ അവഗണിക്കാനും ശ്രമിച്ച ഹസീനയുടെ സ്വയംകൃതാനർഥങ്ങളാണ് പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് നാടുവിടേണ്ട അവസ്ഥയിലേക്ക്  അവരെ എത്തിച്ചതും ബംഗ്ലാദേശിനെ വീണ്ടും പട്ടാളഭരണത്തിലേക്ക് നയിച്ചതും. ബംഗ്ലാദേശ് വീണ്ടും സേനയുടെ കൈകളിലെത്തുമ്പോൾ ഇന്ത്യക്ക്‌ ആശങ്കയുടെ ദിനങ്ങളാകും ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ ബംഗ്ലാദേശ് സന്ദർശിക്കുകയും ചെയ്തിരുന്നു. കശ്മീരിൽ ആക്രമണങ്ങൾ മൂർച്ഛിക്കവേ ബംഗ്ലാദേശും സേനയുടെ നിയന്ത്രണത്തിലാകുന്നത് ഇന്ത്യക്ക്‌ നല്ലതല്ല. വരുംദിനങ്ങൾ ബംഗ്ലാദേശിനു മാത്രമല്ല, ദക്ഷിണേഷ്യക്കും ആശങ്ക നിറഞ്ഞതായിരിക്കും. 


(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മുൻമേധാവിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top