30 November Wednesday

ആരുടേതാണ് രാഷ്ട്രീയനിയമനം - എ കെ ബാലൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

അടുത്തകാലത്തായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനിൽനിന്ന്‌ ഉണ്ടാകുന്ന നിർഭാഗ്യകരമായ ചില പരാമർശങ്ങളാണ് ഈ ലേഖനത്തിന് അടിസ്‌ഥാനം. യുഡിഎഫിനും ബിജെപിക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ വഴിമരുന്നിട്ടുകൊടുക്കുന്നതാണ് ഗവർണറുടെ പരാമർശങ്ങൾ.

വൈസ് ചാൻസലർ നിയമനം
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു വിവാദം.  ഈ നിയമനം പൂർണമായും നിയമപരമായിരുന്നുവെന്ന് 2021  ഡിസംബർ 15ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചും 2022 ഫെബ്രുവരി 23ന്‌ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചും ( ഡബ്ല്യുഎ നമ്പർ: 1698 / 2021 ) വിധി പ്രഖ്യാപിച്ചതാണ്. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർക്ക്  അനുകൂലമായി രണ്ട്  വിധിപ്രഖ്യാപനം ഹൈക്കോടതിയിൽനിന്ന് ഉണ്ടായിട്ടുപോലും ഇത് സ്വജനപക്ഷപാതവും രാഷ്ട്രീയ നിയമനവുമാണെന്ന സന്ദേശം തുടരെത്തുടരെ ഉണ്ടാകുന്നത് ഭൂഷണമാണോ? മാത്രവുമല്ല, ഈ നിയമനം 2021  നവംബർ 23നു ഗവർണർ അംഗീകരിച്ചതായിരുന്നില്ലേ?  എല്ലാ കാര്യവും പരിശോധിച്ച് പുനർനിയമനത്തിൽ  നിയമപരമായ പിശകോ മറ്റ്  അപാകതകളോ ഒന്നുമില്ലെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചാൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനം രാഷ്ട്രീയപ്രേരിതമെന്ന്‌ പറയുന്നത് ശരിയാണോ?

അധ്യാപകനിയമനം
ഇനി അധ്യാപകനിയമനം സംബന്ധിച്ച്‌  ഇപ്പോഴുള്ള  വിവാദത്തിലേക്ക് കടക്കാം. ഗവർണർ എന്നനിലയിൽ ചാൻസലറുടെ നോമിനി അംഗമായ ഇന്റർവ്യൂ പാനൽ അംഗീകരിച്ചതും ആരും അഭിപ്രായവ്യത്യാസം രേഖപ്പെടുത്താത്തതുമായ പാനലിന്റെ നിഗമനത്തെ  സംശയിക്കാൻ  എങ്ങനെയാണ് കഴിയുന്നത്? സർവകലാശാലാ സിൻഡിക്കറ്റ് ഏകകണ്ഠമായി അംഗീകരിച്ച പാനലാണ്‌ അത്. മൂന്ന് സബ്ജക്ട് കമ്മിറ്റി വിദഗ്ധരും ഒരു ലാംഗ്വേജ് ഡീനും ഗവർണറുടെ നോമിനിയുമടങ്ങിയ ഇന്റർവ്യൂ പാനലിനെയാണ് സിൻഡിക്കറ്റ് അംഗീകരിച്ചത്. പാനലിലെ അംഗങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. ഇന്റർവ്യൂവിൽ പ്രിയ വർഗീസിന് അനർഹമായ മാർക്ക് കൊടുത്തിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാർഗമാണല്ലോ ഓൺലൈൻ ഇന്റർവ്യൂ റെക്കോർഡ്. ഒന്നാം റാങ്കുകാരി പ്രിയ വർഗീസിന്റെ പ്രകടനം മോശമാണെങ്കിൽ ഈ സംവിധാനംവഴി വ്യക്തമാക്കാമല്ലോ. അങ്ങനെയൊരു പരിശോധനയും നടത്താതെ ഇന്റർവ്യൂ പാനലിന്റെ  നിഗമനത്തെ ചോദ്യം ചെയ്തുകൊണ്ട്  അതിനെ സ്റ്റേ ചെയ്യാൻ ഗവർണർക്കുള്ള അധികാരം എന്താണ്?

യുജിസി മാനദണ്ഡം പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ അധ്യാപകനിയമനം നടത്തുന്നത്. അക്കാദമിക് റിസർച്ച്‌ തലത്തിൽ ഏറ്റവും കൂടുതൽ സ്കോർ ഉള്ളയാളെ രണ്ടാം റാങ്കിലേക്ക് തള്ളിയെന്ന ആക്ഷേപത്തിന് വസ്തുതാപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? മിനിമം സ്കോറായ 75നു മുകളിൽ എത്രയുണ്ടെങ്കിലും അതിന് ഇന്റർവ്യൂവിൽ  പ്രത്യേക പരിഗണനയോ വെയിറ്റേജോ ഇല്ലെന്നത് യുജിസി റെഗുലേഷനിൽ വ്യക്തമാക്കിയതല്ലേ? അതായത് അക്കാദമിക് സ്കോർ കേവലം യോഗ്യതാ മാനദണ്ഡം മാത്രമാണെന്ന് യുജിസി നിഷ്കർഷിച്ചിട്ടുണ്ട്. അത് മറച്ചുവച്ചാണ് നിക്ഷിപ്ത താൽപ്പര്യക്കാർ പ്രചാരണം നടത്തുന്നത്. 2018 ജൂലൈ 18ലെ യുജിസി ഗസറ്റ് വിജ്ഞാപനത്തിൽ അധ്യാപകനിയമനം പൂർണമായും അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടത്തേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അക്കാദമിക് സ്കോർ എന്നത് ഇന്റർവ്യൂവിലേക്ക്  തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം മാത്രമാണെന്നും യുജിസി വ്യക്തമാക്കുന്നു. 

അഭിപ്രായവ്യത്യാസമുള്ള കാര്യം, ഡെപ്യൂട്ടേഷൻ കാലാവധി അധ്യാപന പരിശീലനകാലമായി സർവീസിലുള്ളവർക്ക് പരിഗണിക്കാമെന്ന് യുജിസി റെഗുലേഷനിൽ വ്യക്തമാക്കിയതാണ്.  യുജിസി റെഗുലേഷനെതിരായി കണ്ണൂർ സർവകലാശാല വഴിവിട്ട് എന്താണ് ചെയ്തിട്ടുള്ളത്? കണ്ണൂർ സർവകലാശാലാ ആക്ടിനെതിരായി എന്താണ് ചെയ്തിട്ടുള്ളത്? നിയമവ്യവസ്ഥയുള്ള ഒരു സമൂഹത്തിൽ നിയമവ്യവസ്ഥയ്‌ക്ക് അനുസൃതമായി നടത്തുന്ന നിയമനങ്ങൾ എങ്ങനെയാണ് രാഷ്ട്രീയ നിയമനമാകുന്നത്? ഗവർണർ പദവിയിലേക്ക്  ഇന്റർവ്യൂ നടത്തിവരുന്നതല്ലല്ലോ. ആ നിലയിൽ ഗവർണർ പദവിയിലേക്കുള്ളതല്ലേ രാഷ്ട്രീയനിയമനം?

നടപടി ഭരണഘടനാവിരുദ്ധം
ഗവർണർ സ്വീകരിച്ച നടപടി നിയമപരമായിരുന്നോ. ഇന്ത്യൻ ഭരണഘടന പ്രകാരം മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഗവർണറെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനപ്പുറമുള്ള ഉപദേശം സ്വീകരിക്കൽ ഗവർണറുടെ പരിധിയിൽ വരുന്നതല്ല. കണ്ണൂർ സർവകലാശാലാ ആക്ടുപ്രകാരം ഗവർണർ ചാൻസലറായി വരുന്നത് സംസ്ഥാന സർക്കാർ രൂപംകൊടുത്ത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിയമത്തിനു വിധേയമായി മാത്രമേ ചാൻസലർക്ക് പ്രവർത്തിക്കാൻ സാധിക്കൂ. ഇവിടെ കണ്ണൂർ സർവകലാശാലാ ആക്ട് സെക്‌ഷൻ 7 (3)ന്റെ പ്രകടമായ ലംഘനമാണ് ഗവർണർ നടത്തിയിട്ടുള്ളത്. സർവകലാശാല നടത്തുന്ന ഏതൊരു നിയമവിരുദ്ധ പ്രവൃത്തിയെയും റദ്ദുചെയ്യാൻ ചാൻസലർ എന്നനിലയിൽ ഗവർണർക്ക് അധികാരമുണ്ട്. അത് സ്വാഭാവികനീതി ഉറപ്പാക്കിക്കൊണ്ടാകണം. ഇവിടെ സിൻഡിക്കറ്റ് ഏകകണ്ഠമായി അംഗീകരിച്ച റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്യുന്നതിനുമുമ്പ് കാരണംകാണിക്കൽ നോട്ടീസ് കൊടുത്തിട്ടുണ്ടോ? ഇല്ല. ഫെബ്രുവരി അഞ്ചിനാണ് ഗവർണർക്ക്  പരാതി ലഭിക്കുന്നത്. ആ പരാതിക്ക് ഫെബ്രുവരി 12ന്‌ സർവകലാശാല വിശദീകരണം നൽകി. അച്ചടക്ക നടപടിയെടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കൽ  നോട്ടീസ് ആയിരുന്നില്ലല്ലോ പരാതി? ഇത്തരം സാഹചര്യങ്ങളിൽ സർവകലാശാലാ അധികാരികളെ വിളിച്ച്  ഗവർണർക്ക് വസ്തുതകൾ അന്വേഷിക്കാമെന്ന് സർവകലാശാലാ ആക്ടിലെ 7 (3)ൽ പറയുന്നുണ്ട്. ഇതറിയാത്ത ആളല്ലല്ലോ  ഗവർണർ. ഗവർണർക്ക് നിയമോപദേശം ലഭിക്കേണ്ടത് ആധികാരിക ഭരണഘടനാ സ്ഥാപനങ്ങൾ  വഴിയാണ്; അറ്റോർണി ജനറൽ, അഡ്വക്കറ്റ് ജനറൽ എന്നിവർ വഴി. സ്വകാര്യ നിയമോപദേശത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട കാര്യങ്ങളിൽ നിയമപരമായ തീരുമാനമെടുക്കുമ്പോൾ ഭരണഘടനാ സ്ഥാപനങ്ങളായ അറ്റോർണി ജനറൽ, അഡ്വക്കറ്റ് ജനറൽ എന്നിവയെയാണ് അവിശ്വസിക്കുന്നത്.  ചുരുക്കത്തിൽ ഭരണഘടനാവിരുദ്ധവും സർവകലാശാലാ ആക്ടിനും ചട്ടത്തിനും സ്വാഭാവികനീതിക്കും എതിരായതുമായ നിലപാടല്ലേ  ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്?

സർക്കാർ ഒരിക്കലും ഗവർണറുമായി ഏറ്റുമുട്ടിയിട്ടില്ല. ഉദ്ദേശിച്ചിട്ടുമില്ല. ഗവർണറായിരുന്ന ജസ്റ്റിസ് പി സദാശിവത്തോടു കാട്ടിയ അതേ  മര്യാദയും ബഹുമാനവുംതന്നെയാണ് ഇപ്പോഴുള്ള ഗവർണർക്കും നൽകുന്നത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിലും  കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ അസംതൃപ്തി പ്രകടിപ്പിച്ചപ്പോഴും എൽഡിഎഫ് സർക്കാർ വഴിവിട്ട് പെരുമാറിയില്ല. എന്നിട്ടും ഗവർണർ ഈ രീതിയിൽ പെരുമാറുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാൻ കേരളീയ സമൂഹത്തിന്  ആഗ്രഹമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top