18 August Sunday

കൊല്ലപ്പെട്ടവന്റെ തലയോട്ടിയിലെ അമൃതപാനം

അനിൽകുമാർ എ വിUpdated: Thursday Mar 14, 2019


നിർവചിക്കുന്നതിൽനിന്ന് ലോകത്തെ മാറ്റിമറിക്കാനുള്ള പ്രത്യയശാസ്ത്രം സംഭാവനചെയ്ത കാൾ മാർക്സ് മുതലാളിത്തത്തിന്റെ കണ്ണില്ലാത്ത ചൂഷണവും മനുഷ്യവിരുദ്ധതയും വിശകലനം ചെയ്യവെ ശക്തങ്ങളായ രൂപകങ്ങളാണ്  ഉപയോഗിച്ചത്. "കൊല്ലപ്പെട്ടവന്റെ തലയോട്ടിയിൽനിന്നു മാത്രമേ  അമൃതപാനം നടത്തൂവെന്ന് ശഠിക്കുന്ന ദുർദേവത'യെന്ന പ്രയോഗം അതിൽ ശ്രദ്ധേയം. മൂലധനം,  ഫ്രാൻസിലെ വർഗസമരം, ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ അവസ്ഥ തുടങ്ങിയ കൃതികളിൽ അതിന്റെ നിറഞ്ഞ സൂചനകളുണ്ട്. തേജോമയമായ ആലങ്കാരിക ഭാഷയും ചുട്ടുപഴുത്ത ഗദ്യവും ഇപ്പോഴത്തെ യാഥാർഥ്യമാണോ നിർധാരണം ചെയ്യുന്നതെന്ന  സംശയം ജനിപ്പിക്കും.  ഇറ്റിറ്റുവീഴുന്ന രക്തം, ചോരയാർത്തി, രക്തംകൊണ്ടുള്ള മുലകുടി, രക്തരക്ഷസ് തുടങ്ങിയ പ്രയോഗങ്ങൾക്ക് സമാനതകളില്ല. ലാഭം മുൻനിർത്തി മാർക്സ് പറഞ്ഞ ഫലിതംപോലും മോഡിക്കാലത്തിന് നന്നായി ഇണങ്ങും. ലാഭം പത്തു ശതമാനമായാൽ മൂലധനം പ്രസന്നമായിരിക്കും, നൂറായാൽ ഉത്സാഹഭരിതമാകും; മുന്നൂറെത്തിയാൽ ഉടമയെത്തന്നെ തൂക്കിലേറ്റുമെന്നത് ഇന്ത്യയിലും ശരിയായിരിക്കുന്നു.

സാമൂഹ്യമേഖലകൾക്ക് അവഗണന

ഈ  തെരഞ്ഞെടുപ്പ്  അവസാനത്തേതാകുമോ എന്ന ആശങ്ക അടിസ്ഥാനമില്ലാത്തതല്ല. രാജ്യം വലിച്ചിഴയ്ക്കപ്പെടുന്ന സമാനതകളില്ലാത്ത വെല്ലുവിളികൾ അത് ഉറപ്പിക്കുന്നു. "വാഷിങ്ടൺ പോസ്റ്റ്' വിലയിരുത്തിയത് മോഡി ഇന്ത്യയെ സാമ്പത്തികമായി എഴുപതുകളിലേക്ക് തിരിച്ചോടിച്ചുവെന്നാണ്. സാംസ്കാരിക‐ സാമൂഹിക രംഗത്തെ പതനം ഏഴു നൂറ്റാണ്ടിന്റേതാണ്. ആധുനിക ജനാധിപത്യത്തിലെ ഒട്ടുമിക്ക മൂല്യങ്ങളും പിച്ചിച്ചീന്തപ്പെട്ടു.  ജനതയെ സാമുദായികമായി  കീറിമുറിച്ചു. നാനാത്വത്തിൽ ഏകത്വം, ബഹുസ്വരത, സഹിഷ്ണുത തുടങ്ങി  ഊറ്റംകൊണ്ട പ്രമാണങ്ങളെയെല്ലാം  നാടുനീക്കി. ഹിന്ദുത്വം ആക്രമണോത്സുകമായ ആധിപത്യം സ്ഥാപിച്ചു. പ്രാകൃതവിശ്വാസങ്ങളുള്ള അപരിഷ്കൃതർ നിറഞ്ഞ രാജ്യമായി ലോകത്തിനു മുന്നിൽ നാണംകെട്ടു. ശാസ്ത്ര കോൺഗ്രസിനെ അന്തഃസാര ശൂന്യതകളുടെ വേദിയാക്കി.  എന്ത് തിന്നണം, ഏത് ധരിക്കണം, എങ്ങനെ  ചിന്തിക്കണം എന്നെല്ലാം  അടിച്ചേൽപ്പിക്കപ്പെട്ടു. വിശ്വാസത്തിന്റെ മറപിടിച്ചുള്ള  ആൾക്കൂട്ടക്കൊലപാതകങ്ങൾ നടുക്കങ്ങളായി.

സാമൂഹ്യമേഖലകൾക്ക് രാജ്യചരിത്രത്തിൽ ഏറ്റവും അവഗണന നേരിട്ട കാലമാണ് മോഡി ഭരണം. ആരോഗ്യരംഗത്ത് ബംഗ്ലാദേശിനേക്കാളും പിറകിൽ. ആഭ്യന്തരോൽപ്പാദനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിന് ഉറപ്പുനൽകിയെങ്കിലും നൽകിയത് നേർപകുതി. പൊതുമേഖലയെ നിലംപരിശാക്കിയതാണ് മറ്റൊരു "നേട്ടം'. എച്ച്എഎല്ലിലും ബിഎസ്എൻഎല്ലിലുംതൊട്ട് പട്ടേൽ പ്രതിമയ്ക്ക് കാവലിരിക്കുന്ന തൊഴിലാളികൾക്കുവരെ വേതനം മുടങ്ങി. മോഡി  വരുമ്പോൾ 40,000 കോടിയുടെ മൂലധനമുണ്ടായ ബിഎസ്എൻഎല്ലിൽ ആദ്യമായി ശമ്പളം  മുടങ്ങിയപ്പോൾ ഒന്നേമുക്കാൽ ലക്ഷത്തിലധികം സ്ഥിരജീവനക്കാരും ലക്ഷക്കണക്കിന് കാഷ്വൽ  തൊഴിലാളികളും ദുരിതത്തിലായി.  പ്രതിസന്ധിയിൽ വായ്പയെടുക്കാനും അനുവദിക്കുന്നില്ല. എന്നാൽ, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി വെട്ടിച്ചു മുങ്ങിയ നീരവ്മോഡി ഇംഗ്ലണ്ടിൽ ആഡംബര ജീവിതം നയിച്ച് വജ്രവ്യാപാരം നടത്തുകയാണ്. ഒരു വർഷമായി കേന്ദ്രം അന്വേഷിക്കുന്ന "പിടികിട്ടാപ്പുള്ളി'യെ "ദി  ടെലഗ്രാഫ് ’കണ്ടെത്തി. ഒമ്പതു ലക്ഷത്തിന്റെ  "ഓസ്ട്രിച്ച് ഹൈഡ്' ജാക്കറ്റ് ധരിച്ച് നീരവ് നടക്കുന്നതും മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് പ്രതികരിക്കാത്തതുമാണ് ആ ബ്രിട്ടീഷ് പത്രം പുറത്തുവിട്ടത്. കർഷക ആത്മഹത്യ വീണ്ടും ചോദ്യചിഹ്നമായി. ദളിതർക്ക് പുഴുവിന്റെ  പരിഗണനപോലും ഇല്ലാതായി. തെക്കൻ രാജസ്ഥാനിലെ ബിൽവാരയിൽ വലിച്ചെറിയുന്ന ഷൂ ഉപയോഗിച്ച്  വെള്ളംകുടിക്കുന്ന ദളിതർ നിത്യകാഴ്ച. അവിടത്തെ ജിയോലിയ കലാൻ ഗ്രാമത്തിൽ അറുപതുകാരനായ ഗംഗാറാം ബലായിയെ തീയിട്ട് കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ബൻസോലിയിൽ സവർണന്റെ ബക്കറ്റ് അറിയാതെ തൊട്ടതിന് ഗർഭിണിയെ കല്ലെറിഞ്ഞാണ് വധിച്ചത്. സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത  100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 84–ാം സ്ഥാനത്ത്. അപ്പോഴും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരസ്യങ്ങൾക്ക് മോഡി പൊടിച്ചത് പരശതം കോടികൾ. പത്രങ്ങൾക്ക്  100 കോടിയും റേഡിയോ‐ചാനലുകൾക്കായി 200 കോടിയും. ഈ ഘട്ടത്തിലെ പരസ്യച്ചെലവുകൾ വഹിക്കേണ്ടത് വരുന്ന സർക്കാരാണ്.


തീവ്രദേശീയതയും മതവിശ്വാസവും ഇളക്കിവിട്ട് നുണകൾക്ക്  വൈകാരിക പശ്ചാത്തലമൊരുക്കുകയായിരുന്നു മോഡി.ആ കൗശലത്തിലൂടെ  വികസനമോ ജനക്ഷേമമോ  ചർച്ചയാക്കാതെ നിർത്തുന്നതിലും വിജയിച്ചു 
                   തീവ്രഹിന്ദുത്വത്തിന്  ബദൽ മൃദുഹിന്ദുത്വമല്ല
രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യം ഏറ്റവും ഒച്ചത്തിൽ ഉയരേണ്ട തെരഞ്ഞെടുപ്പാണിത്. തൊഴിലില്ലായ്മ, കർഷക ആത്മഹത്യ, പൊതുമേഖലയുടെ തകർച്ച, റഫേൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം സജീവംതന്നെ. എന്നാൽ, ഇന്ത്യയെന്ന യാഥാർഥ്യം കടുത്ത വെല്ലുവിളിയിലാണ്. സ്വാതന്ത്ര്യസമരവും ഭരണഘടനയും ഉയർത്തിയ മൂല്യങ്ങളെല്ലാം അപകടത്തിലുമായി. അതിനാൽ  "വീ, ദി പീപ്പിൾ ഓഫ് ഇന്ത്യ'എന്ന  ഭരണഘടനയുടെ തുടക്കവാചകം ഓർമപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യസ്ഥാപനങ്ങൾ കാവിപ്പടയുടെ ആജ്ഞയ്ക്ക് കാത്തിരിക്കുന്നു. അമിത് ഷാ പ്രധാന പ്രതിയായ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ ന്യായാധിപൻ ലോയയുടെ മരണംമുതൽ അത് പ്രകടമായി. 2002 ഫെബ്രുവരി 28ന് നരോദ പാട്യയിൽ 97 മുസ്ലിങ്ങളെ കൊന്ന ബാബു ബജ്രംഗിക്ക് സുപ്രീംകോടതി മാർച്ച് ഏഴിന്  ജാമ്യം അനുവദിച്ചപ്പോൾ വംശഹത്യാവേളയിൽ സത്യത്തിനൊപ്പംനിന്ന ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ജയിലിൽ തന്നെ. 2007ൽ തെഹൽക്ക നടത്തിയ ഒളിക്യാമറ അഭിമുഖം ബജ്രംഗി  മൃഗീയതയുടെ ആൾരൂപമാണെന്ന് തെളിയിക്കുകയുണ്ടായി. മുസ്ലിം സ്ത്രീയുടെ വയർ പിളർന്ന് ഭ്രൂണം പുറത്തെടുത്ത് ശൂലത്തിൽ കുത്തിനിർത്തിയപ്പോൾ മഹാറാണ പ്രതാപായി മാറിയെന്നാണ് അയാൾ പറഞ്ഞത്. ഭരണഘടന  തിരുത്തണമെന്ന സാക്ഷി മഹാരാജാവിന്റെ പ്രസ്താവത്തിന്റെ ശബ്ദഘോഷം കെട്ടടങ്ങുംമുമ്പ് ആർഎസ്എസ് ജനറൽ സെക്രട്ടറി  ഭയ്യാജി ജോഷിയും രംഗത്തിറങ്ങി. ഭരണഘടനയിൽ എഴുതിയതുമാത്രം നോക്കി  പോകാനാവില്ലെന്നും വിശ്വാസവും പാരമ്പര്യവും പ്രധാനമാണെന്നുമാണ് മാർച്ച്  പത്തിന് ഗ്വാളിയോറിൽ പറഞ്ഞത്. തീവ്രദേശീയതയും മതവിശ്വാസവും ഇളക്കിവിട്ട് നുണകൾക്ക്  വൈകാരിക പശ്ചാത്തലമൊരുക്കുകയായിരുന്നു മോഡി. ആ കൗശലത്തിലൂടെ  വികസനമോ ജനക്ഷേമമോ  ചർച്ചയാക്കാതെ നിർത്തുന്നതിലും വിജയിച്ചു. എല്ലാ സംവാദങ്ങളുടെയും കേന്ദ്രം മതമായി. മാധ്യമങ്ങൾക്കെതിരായ വെല്ലുവിളി അതിരുവിട്ടു. റഫേലിൽ "ഹിന്ദു'വിന്റെ വെളിപ്പെടുത്തലുകൾക്കുനേരെ ഓങ്ങിയ വാൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാവിയും കരിനിഴലിലാക്കി. അസഹിഷ്ണുത എല്ലാ പരിധിയും കടന്നുപോകുകയാണെന്നതിന്റെ അവസാന തെളിവാണ് ഹിന്ദു‐മുസ്ലിം സൗഹാർദത്തിന്റെ കഥ പറയുന്ന സർഫ് എക്സെൽ പരസ്യത്തിനെതിരായ  കടന്നാക്രമണം. ഹോളി ആഘോഷത്തിനിടെ ഹിന്ദു പെൺകുട്ടി  മുസ്ലിം സുഹൃത്തിനെ കുർത്തയിലും പൈജാമയിലും ചായം പറ്റാതെ നമസിന് പള്ളിയിലെത്താൻ സഹായിക്കുന്നതാണ് പരസ്യം. ലൗ ജിഹാദ് എന്ന ഇല്ലാക്കഥ ആവർത്തിച്ചാണ് പുതിയ  നീക്കം.

2014ൽ 44 സീറ്റിലേക്ക് കൂപ്പുകുത്തിയ കോൺഗ്രസിന്  വർഗീയതയ്ക്കെതിരായ പ്രചാരണം ഏറ്റെടുക്കാനോ  സാമ്പത്തികക്ലേശം വലച്ച ജനകോടികളുടെ ശബ്ദമാകാനോ ബദൽ നയങ്ങൾ ഉയർത്താനോ കഴിഞ്ഞില്ല. ജയിക്കുംവരെ കോൺഗ്രസും അതുകഴിഞ്ഞാൽ ബിജെപിയുമെന്ന നില അവരുടെ വിശ്വാസ്യത തിരിച്ചെടുക്കാനാകാത്തവിധം തകർത്തു. തെരഞ്ഞെടുപ്പിനു മുന്നോടിയായ സുപ്രധാന വർക്കിങ് കമ്മിറ്റി അഹമ്മദാബാദിൽ നടക്കാനിരിക്കെയാണ് ചുമതലക്കാരനായ ജവഹർ ചാവ്ഡ  ബിജെപിയിൽ ചേർന്ന്  വിജയ് രൂപാനി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായത്. എംഎൽഎമാരായ  പുരുഷോത്തം സബരിയ, കുൻവാർജി ബവലിയ,ആശാ പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരും കാവിക്കൊടിയേന്തി. പശു ഇരു പാർടികളുടെയും പ്രധാന അജൻഡയായതും നിസ്സാരമല്ല. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. സിപിഐ എം തുണച്ച ഒന്നാം യുപിഎ ഗവൺമെന്റിനെ മനസ്സിലിരുത്തി ആ ചർച്ച  മുന്നോട്ടുകൊണ്ടുപോകാനാകണം. ഇടതുപക്ഷം നിർണായക ശക്തിയായാലേ  കോൺഗ്രസടക്കമുള്ള വലതുപക്ഷത്തെ ജനപക്ഷ സമീപനങ്ങളാൽ  തിരുത്താനും നയിക്കാനും സാധിക്കൂ. ആ ഉത്തരവാദിത്തം നിസ്സാരമല്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് സീറ്റ് കൂടുകയും ഭരണത്തിൽ സ്വാധീനം ചെലുത്താനുള്ള സാധ്യത ഉണ്ടാകുകയും വേണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതും. കോൺഗ്രസിനേക്കാൾ ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രു കമ്യൂണിസ്റ്റുകാരാണ്. തങ്ങൾ പ്രചരിപ്പിക്കുന്ന സാംസ്കാരിക ദേശീയതയുടെ നടത്തിപ്പിനും പ്രചാരണത്തിനും ഏറ്റവും തടസ്സം ഇടതുപക്ഷമാണെന്ന ബോധ്യം അവർക്കുണ്ട്.  അതിനാലാണ് അക്കാദമിക മേഖലയിൽ കാവിപ്പട അധിനിവേശം നടത്തുന്നത്. യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു‐ കമ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാൻ പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം പാവന സഖ്യത്തിലേർപ്പെട്ടിരിക്കയാണെന്ന "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യുടെ ആമുഖം വർഗരാഷ്ട്രീയത്തിനെതിരായ മഹാസഖ്യങ്ങളെ എക്കാലവും തുറന്നുകാട്ടും. കമ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള മുത്തശിക്കഥയെ സ്വന്തം മാനിെഫസ്റ്റോ വഴി നേരിടുകയാണെന്ന അതിലെ നിശ്ചയവും ചെറുതല്ല.

ഇന്ത്യയിൽ  മാർക്സിസത്തിനും ഇടതുപക്ഷത്തിനും ഭാവിയുണ്ടോ എന്നതിനേക്കാൾ  ഇടതുപക്ഷമില്ലാത്ത രാജ്യത്തിന്റെ  ഭാവി എന്താകുമെന്നതാണ് അലട്ടേണ്ടതെന്ന പ്രഭാത് പട്നായിക്കിന്റെ പ്രസ്താവം കൃത്യമാണ്. നിഷ്പക്ഷത വലതുപക്ഷ‐ മൂലധന രാഷ്ട്രീയംതന്നെ. അനീതി നടമാടുമ്പോൾ  പക്ഷമില്ലെന്ന് ഊറ്റംകൊള്ളുന്നത് ചൂഷകർക്കൊപ്പം നിലകൊള്ളലാണെന്ന ഡെസ്മണ്ട് ടുട്ടുവിന്റെ മുന്നറിയിപ്പും ഗൗരവതരം
 

ഇന്ത്യയിൽ  മാർക്സിസത്തിനും ഇടതുപക്ഷത്തിനും ഭാവിയുണ്ടോ എന്നതിനേക്കാൾ  ഇടതുപക്ഷമില്ലാത്ത രാജ്യത്തിന്റെ  ഭാവി എന്താകുമെന്നതാണ് അലട്ടേണ്ടതെന്ന പ്രഭാത് പട്നായിക്കിന്റെ പ്രസ്താവം കൃത്യമാണ്. നിഷ്പക്ഷത വലതുപക്ഷ‐ മൂലധന രാഷ്ട്രീയംതന്നെ. അനീതി നടമാടുമ്പോൾ  പക്ഷമില്ലെന്ന് ഊറ്റംകൊള്ളുന്നത് ചൂഷകർക്കൊപ്പം നിലകൊള്ളലാണെന്ന ഡെസ്മണ്ട് ടുട്ടുവിന്റെ മുന്നറിയിപ്പും ഗൗരവതരം. തീവ്രഹിന്ദുത്വത്തിന്  ബദൽ, മൃദുഹിന്ദുത്വമല്ല. അതിനാൽ ഇടതുപക്ഷത്തിന്റെ ശക്തി കൂട്ടുക എന്നതാകണം അജൻഡ. കമ്യൂണിസ്റ്റുകാർ ക്രിസ്തുമതത്തോട് അടുത്തുനിൽക്കുന്നവരാണെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ അഭിപ്രായവും കരുത്താകണം. മുതലാളിത്തത്തെ വിമർശിക്കുമ്പോഴും സാമ്പത്തിക പരിഷ്കാരങ്ങൾ മുൻനിർത്തി സംസാരിക്കുമ്പോഴും പാപ്പ ലെനിനിസ്റ്റിനെപ്പോലെയാണെന്ന ഇക്കണോമിസ്റ്റ് മാഗസിന്റെ പരാമർശത്തോട് പ്രതികരിക്കവെ ഇറ്റാലിയൻ പത്രമായ "ലാ റിപ്പബ്ലിക്ക'യ്ക്ക്  നൽകിയ അഭിമുഖത്തിലാണ് ആ തുറന്നുപറച്ചിൽ. ലോകത്തെ ഏറ്റവും വലിയ തിന്മ അസമത്വമാണ്. താൻ സുവിശേഷം ഉദ്ധരിക്കുന്നു, അവർ കമ്യൂണിസ്റ്റെന്ന് വിളിക്കുന്നുവെന്ന കൂട്ടിച്ചേർക്കലും വിട്ടുകളയാനാകാത്തത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top