21 February Thursday

കേരളം തനിച്ചാകില്ല അതിജീവിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

അഭിമുഖം : സീതാറാം യെച്ചൂരി/ വി ബി പരമേശ്വരൻ

? ആലപ്പുഴ, കുട്ടനാട് മേഖലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചല്ലോ. എന്താണ് അവിടങ്ങളിൽ കാണാനായത്?
അസാധാരണമായ ദുരന്തത്തിന്റെ ദൃശ്യങ്ങളാണ് കണ്ടത്. ദൗർഭാഗ്യമെന്നു പറയട്ടെ വൻ നാശംതന്നെയാണ് കേരളത്തിലുണ്ടായത്. പല വീടും വെള്ളത്തിനടിയിലാണ്.  എന്നാൽ, ഏറെ ആശ്വാസം നൽകിയ കാഴ്ച കാര്യക്ഷമമായി നടക്കുന്ന രക്ഷാപ്രവർത്തനമാണ്. ലക്ഷക്കണക്കിനാളുകളെയാണ് രക്ഷപ്പെടുത്തിയത്. പത്തു ലക്ഷം പേരെ ക്യാമ്പുകളിലേക്ക് മാറ്റാനായി. ആയിരക്കണക്കിനു ക്യാമ്പാണ് തുറന്നത്. രക്ഷാപ്രവർത്തനത്തിന്റെ വൈപുല്യവും ഏകോപനവും അത്ഭുതപ്പെടുത്തുന്നതാണ്. മറ്റൊരു സംസ്ഥാനത്തും ദുരന്തവേളയിൽ ഇത്രയും കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടന്നെന്നു പറയാനാകില്ല. മുന്നൂറിലധികം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നത് ദുഃഖകരംതന്നെ. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും സിപിഐ എമ്മും പങ്കുചേരുന്നു.

? മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ മനുഷ്യരുടെ ജീവഹാനി എപ്പോഴും ഉയർന്നതായിരിക്കും. എന്നാൽ, ഇവിടെ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി അത് നന്നേ കുറയ‌്ക്കാൻ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് കാര്യമാണ് വ്യത്യസ്തമായിട്ടുള്ളത്. ഒന്ന് സ്വമേധയാ ജനങ്ങൾ കൂട്ടത്തോടെ മുന്നോട്ടുവന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള വൻ ജനകീയപങ്കാളിത്തം കാണാറില്ല. രണ്ടാമതായി  ദുരിതബാധിതർക്ക‌് എത്തിക്കാനുള്ള ഭക്ഷ്യസാധനങ്ങളുടെയും മരുന്നുകളുടെയും മറ്റും ശേഖരണവും അത് വേർതിരിച്ച് കൃത്യമായി പാക്ക് ചെയ്ത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കുന്ന രീതിയും അഭിനന്ദനമർഹിക്കുന്നു. തിരുവനന്തപുരം എസ‌്എംവി സ്‌കൂളിലുള്ള  ഇത്തരത്തിലുള്ള ഒരു കേന്ദ്രം ഞാൻ സന്ദർശിക്കുകയുണ്ടായി. നൂറുകണക്കിനു യുവജനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ സ്വമേധയാ പ്രവർത്തിക്കാനായി മുന്നോട്ടുവന്നിട്ടുള്ളത്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. മൂന്നാമതായി രക്ഷാപ്രവർത്തനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കാര്യക്ഷമമായ ഏകോപനം സംസ്ഥാനത്തുണ്ടായി. കര‐ നാവിക‐ വ്യോമസേനകൾ, കോസ്റ്റ‌് ഗാർഡുകൾ, സംസ്ഥാന പൊലീസും ഫയർഫോഴ്‌സും,  ദുരന്തനിവാരണസേന, സംസ്ഥാന സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ പാർടികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ മെച്ചപ്പെട്ട ഏകോപനം സാധ്യമായി. എവിടെയാണ് ബോട്ടിനെ അയക്കേണ്ടത്, എവിടെയാണ് ഹെലികോപ്റ്റർ അയക്കേണ്ടത് തുടങ്ങി കൃത്യമായ ആസൂത്രണമാണ് നടന്നത്. മരണം കുറയ‌്ക്കാൻ കഴിഞ്ഞത് ഇതുകൊണ്ടുതന്നെയാണ്. രക്ഷാപ്രവർത്തനത്തിൽ മാത്രമല്ല, പുനരധിവാസത്തിലും ഈ ഏകോപനം കാണാൻ കഴിയുന്നുവെന്നത് ഈ ദുരന്തത്തെ അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്നതിന്റെ ഗ്യാരന്റിയാണ്.

? രക്ഷാപ്രവർത്തനത്തിൽ പ്രധാന പ്രത്യേകതയായി തോന്നിയതെന്താണ്.
സാധാരണ ജനങ്ങളുടെ പ്രവർത്തനമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ആരുടെയും ഉത്തരവിനൊന്നും കാത്തുനിൽക്കാതെ അവർ രക്ഷാപ്രവർത്തനത്തിലേക്ക് കയ്യും മെയ്യും മറന്ന് ഇറങ്ങി. മത്സ്യത്തൊഴിലാളികളാണ് ഏറ്റവും കൂടുതൽ പേരെ രക്ഷിച്ചതെന്നാണ് എല്ലാവരും പറയുന്നത്. കുട്ടനാട്ടിൽ അവർ നടത്തുന്ന രക്ഷാപ്രവർത്തനം എനിക്ക് നേരിട്ട് കാണാനുമായി. സാധാരണ ജനങ്ങൾ ഏകാംഗസേനയായി നടത്തിയ രക്ഷാപ്രവർത്തനമാണ് ദുരന്തത്തിന്റെ ആഘാതം കുറയ‌്ക്കുന്നതിന് കാരണമായതെന്ന് നിസ്സംശയം പറയാം. ദുരന്തസമയത്ത് ഒറ്റക്കെട്ടായിനിന്ന കേരളത്തിലെ ജനങ്ങൾക്ക് ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. അവർക്കൊപ്പംനിന്ന സംസ്ഥാന സർക്കാരിനെയും.  

? കുട്ടനാടിലെ അഞ്ച‌് ക്യാമ്പ‌് സന്ദർശിച്ചിരുന്നല്ലോ. അവിടെ കണ്ടത് എന്താണ്?
രാജ്യത്ത് ഇത്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടായ പല സ്ഥലങ്ങളിലെയും ക്യാമ്പുകൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഭൂരിപക്ഷം പ്രദേശങ്ങളിലും ക്യാമ്പിലെ അന്തേവാസികൾ വൻ പരാതികളാണ് ഉയർത്താറുള്ളത്. ഭക്ഷണം ലഭിക്കുന്നില്ലെന്നും വസ്ത്രങ്ങൾ ലഭിക്കുന്നില്ലെന്നുമുള്ള പരാതികളാണ് അവർ പൊതുവെ ഉയർത്താറുള്ളത്. എന്നാൽ, കുട്ടനാട്ടിലെ ക്യാമ്പുകളിൽനിന്ന‌് അത്തരമൊരു പരാതിയും കേൾക്കേണ്ടിവന്നില്ല. എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്നും ഭക്ഷണം കൃത്യമായി ലഭിക്കുന്നുണ്ടെന്നുമാണ് ക്യാമ്പിലുള്ളവർ പറഞ്ഞത്. അവരുടെ ആകുലത മുഴുവൻ വീട്ടിലേക്ക് തിരിച്ചുപോയി ജീവിതം കരുപ്പിടിപ്പിക്കുന്ന കാര്യത്തിലാണ്. അതു സംബന്ധിച്ച ആകുലതകൾമാത്രമാണ് അവർ പങ്കുവച്ചത്. പക്ഷേ, അതിനുള്ള പദ്ധതികളും സംസ്ഥാന സർക്കാർ രൂപംനൽകിവരികയാണെന്നാണ് ഞാൻ അറിഞ്ഞത്.

? അടിയന്തരസഹായമായി കേരളം കേന്ദ്രത്തോട് ചോദിച്ചത് 2000 കോടി രൂപയാണെങ്കിലും ലഭിച്ചത് 500 കോടി രൂപയാണ്. ഇതിൽ അതൃപ്തിയുണ്ടോ.
കേരളത്തിലുണ്ടായത് വലിയ ദുരന്തമാണ്. സംസ്ഥാന സർക്കാരിന്റെ പ്രാഥമിക കണക്കനുസരിച്ചുള്ള നാശനഷ്ടം 20,000 കോടി രൂപയുടേതാണ്. അതിന്റെ പത്ത് ശതമാനം. അതായത്, 2000 കോടി അടിയന്തരസഹായമാണ് സംസ്ഥാനം ചോദിച്ചത്. അനുവദിച്ച 500  കോടി രൂപ തീർത്തും അപര്യാപ്തമാണ്. പ്രധാനമന്ത്രി നേരിട്ട് കേരളത്തിലെത്തുകയും അവലോകനയോഗത്തിൽ പങ്കെടുക്കുകയും ഏരിയൽ സർവേ നടത്തുകയും ചെയ്തതാണ്. സ്ഥിതിഗതികളുടെ ഗൗരവം അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെട്ടതാണ്. ആ സ്ഥിതിക്ക് അടിയന്തരസഹായമായി 2000 കോടി അനുവദിക്കണമായിരുന്നു. നാലുവർഷത്തെ കേന്ദ്രഭരണത്തെക്കുറിച്ച് പരസ്യം നൽകുന്നതിനുമാത്രം മോഡി സർക്കാർ 5000 കോടി രൂപ ചെലവഴിച്ചെന്നാണ് അടുത്തിടെ വിവരാവകാശ നിയമമനുസരിച്ചുള്ള അപേക്ഷയ‌്ക്കുള്ള മറുപടിയിൽ വെളിപ്പെട്ടത്. പരസ്യം നൽകാൻ സർക്കാരിന്റെ കൈവശം കാശുണ്ട്. പക്ഷേ, ദുരന്തബാധിതരെ സഹായിക്കാൻ കാശില്ലെന്നു പറയുന്നത് യുക്തിക്ക‌് നിരക്കുന്നതല്ല. അതിനാൽ, കൂടുതൽ സഹായം നൽകണമെന്ന് അഭ്യർഥിക്കുന്നു.

? കേരളത്തിലെ പ്രളയക്കെുടതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണല്ലോ. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം.
തീർത്തും ന്യായമായ ആവശ്യമാണിത്. ദുരന്തത്തിന്റെ വ്യാപ്തി അത്രയ‌്ക്കുണ്ട്. 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിനുള്ള വകുപ്പില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. മോഡി സർക്കാർതന്നെയാണ് 2014 സെപ്തംബറിൽ ജമ്മു കശ്മീരിലെ വെള്ളപ്പൊക്കത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസമാണ് ഏറ്റവും വലിയ പ്രശ്‌നം.

അതിനാൽ, കേന്ദ്ര സർക്കാർ അവസരത്തിനൊത്ത് ഉയർന്ന് പുനർനിർമാണത്തിന് എല്ലാ സഹായവും സംസ്ഥാനത്തിന് നൽകണം. കേന്ദ്രസർക്കാർ അതിന് തയ്യാറാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. യുഎൻ, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സഹായവും കേരളത്തിന് ലഭ്യമാക്കുന്നതിന് കേന്ദ്രം മുൻകൈ എടുക്കണം. ഈ ദുരന്തത്തിൽ കേരളം തനിച്ചാകില്ലെന്ന് ഉറപ്പുതരുന്നു. സിപിഐ എം അതിന്റെ എല്ലാ ഘടകങ്ങളോടും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top