06 July Wednesday

ബദൽനയങ്ങളാണ്‌ പ്രധാനം - സീതാറാം യെച്ചൂരി സംസാരിക്കുന്നു

തയ്യാറാക്കിയത്‌ 
സാജൻ എവുജിൻUpdated: Monday Apr 11, 2022

ഹിന്ദുത്വവാദികൾ ഹിന്ദുമതത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ജീവിതദുരിതങ്ങളും മറച്ചുവയ്‌ക്കാൻ അവർ ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്നു. വർഗ, ജനകീയ സമരങ്ങൾ ശക്തിപ്പെടുത്തണമെങ്കിൽ ഹിന്ദുത്വശക്തികളെ ചെറുക്കണം. സിപിഐ എം ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ്‌

മതനിരപേക്ഷ ഇന്ത്യക്കുനേരെ ഹിന്ദുത്വ വർഗീയശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതാനുള്ള പ്രതിജ്ഞയും ദൃഢനിശ്‌ചയവും എടുത്താണ്‌ സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ പിരിഞ്ഞതെന്ന്‌ പാർടി ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പറഞ്ഞു. വലിയ വെല്ലുവിളികൾ നേരിടാൻ പാർടിയെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ്‌ ഏറ്റവും പ്രധാന കടമ. തെരഞ്ഞെടുപ്പ്‌ വിജയങ്ങളുടെ അടിസ്ഥാനത്തിൽമാത്രം പാർടിയുടെ പ്രകടനത്തെ വിലയിരുത്തരുത്‌. രാജ്യത്ത്‌ ചെങ്കൊടി പാറാത്ത ഒരിടംപോലുമില്ല. നവഉദാരവൽക്കരണത്തിനെതിരെ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ബദൽനയങ്ങളാണ്‌ പ്രധാനം. കൂടുതൽ ജനകീയബന്ധവും കരുത്തുമുള്ള പ്രസ്ഥാനമായി സിപിഐ എമ്മിനെ വളർത്തിയെടുക്കാൻ തികഞ്ഞ ഐക്യത്തോടെ പ്രവർത്തിക്കാനുള്ള തീരുമാനമാണ്‌ പാർടി കോൺഗ്രസിൽ ഉണ്ടായത്‌–-സീതാറാം യെച്ചൂരി ദേശാഭിമാനിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു

? സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ 
രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന 
സന്ദേശം എന്താണ്‌
● അങ്ങേയറ്റം പ്രാധാന്യമുള്ള പാർടി കോൺഗ്രസാണ്‌ സമാപിച്ചത്‌. അർഥപൂർണവും ആവേശകരവുമായ ചർച്ചകളാണ്‌ നടന്നത്‌. ഹിന്ദുത്വവർഗീയവാദികൾ മതനിരപേക്ഷ റിപ്പബ്ലിക്കിനുനേരെ ഉയർത്തുന്ന ഭീഷണിക്കെതിരെ ഐക്യത്തോടെ പൊരുതാനുള്ള ആത്മവിശ്വാസം വർധിച്ചു. വർഗീയവിപത്തിനെതിരെ സുസ്ഥിരവും കൃത്യവുമായ പോരാട്ടം നടത്തുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷവും മാത്രമാണ്‌. കയ്യൂർ രക്തസാക്ഷികളുടെ മണ്ണിലാണ്‌ ഈ പാർടി കോൺഗ്രസ്‌ ചേർന്നത്‌. ബ്രിട്ടീഷുകാരുടെ കാലംമുതൽ കമ്യൂണിസ്‌റ്റുകാരെ വേട്ടയാടുകയും കൊലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, അടിച്ചമർത്തലുകളെ അതിജീവിച്ച്‌ കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി മുഖ്യശക്തിയായി നിലകൊള്ളുന്നു.

മാനവവിമോചനത്തിനുള്ള പോരാട്ടത്തോടൊപ്പം മതനിരപേക്ഷ ഇന്ത്യയെ കാത്തുസൂക്ഷിക്കാനുള്ള കടമയും നിർവഹിക്കും. ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുകയെന്ന ദൗത്യം സിപിഐ എം ഇരട്ടിശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും. മതവിശ്വാസം വ്യക്തിപരമായ തീരുമാനമാണ്‌. ആർക്കും ഇതിൽ ഇടപെടാൻ അവകാശമില്ല. ഹിന്ദുത്വവാദികൾ ഹിന്ദുമതത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ജീവിതദുരിതങ്ങളും മറച്ചുവയ്‌ക്കാൻ അവർ ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്നു. വർഗ, ജനകീയ സമരങ്ങൾ ശക്തിപ്പെടുത്തണമെങ്കിൽ ഹിന്ദുത്വശക്തികളെ ചെറുക്കണം. സിപിഐ എം ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ്‌. ജനറൽ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയും പാർടി അംഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കും. ബിജെപിക്കെതിരെ പരമാവധി വിശാലമായ സഖ്യം ഉയർത്തിക്കൊണ്ടുവരും. മുതലാളിത്തത്തിനു ബദൽ സോഷ്യലിസം മാത്രമാണ്‌. ഈ ആശയം പരമാവധി ജനങ്ങളിലെത്തിക്കും.

? പൊളിറ്റ്‌ബ്യൂറോ അംഗങ്ങളിൽ രാമചന്ദ്ര ഡോമിന്റെ പേര്‌ പ്രഖ്യാപിച്ചപ്പോൾ സിപിഐ എം പരമോന്നത സമിതിയിൽ എത്തുന്ന ആദ്യത്തെ ദളിത്‌ എന്ന്‌ വിശേഷിപ്പിച്ചു. ഇതിന്റെ പ്രാധാന്യം എന്താണ്‌
● സാമ്പത്തിക ചൂഷണത്തിനും സാമൂഹ്യമായ അടിച്ചമർത്തലിനും എതിരായ പോരാട്ടങ്ങൾ ഒരേസമയം മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ ഇന്ത്യൻ സാഹചര്യത്തിൽ വർഗസമരം വിജയത്തിൽ എത്തുകയുള്ളൂവെന്ന്‌ ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്‌. ഈ നിലപാട്‌ ക്രിയാത്മകമായ രീതിയിൽ പാർടിയിൽ പ്രതിഫലിക്കുന്നതിന്‌ തെളിവാണ്‌ രാമചന്ദ്രഡോമിന്റെ പിബിയിലേക്കുള്ള വരവ്‌.

? കോൺഗ്രസിനെ ഒഴിച്ചുനിർത്തി ദേശീയതലത്തിൽ ബിജെപിക്കെതിരെ മതനിരപേക്ഷസഖ്യം ഫലപ്രദമാകുമോ
● ദേശീയതലത്തിൽ സഖ്യം എന്നതുതന്നെ ഫലപ്രദമല്ല. ഓരോ സംസ്ഥാനത്തും ഓരോ കക്ഷിക്കാണ്‌ മേധാവിത്വം. തമിഴ്‌നാട്ടിൽ ഡിഎംകെ, ഒഡിഷയിൽ ബിജെഡി, തെലങ്കാനയിൽ ടിആർഎസ്‌, ആന്ധ്രപ്രദേശിൽ വൈഎസ്‌ആർ കോൺഗ്രസ്‌ എന്നിങ്ങനെ.  ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടിയും ബിഹാറിൽ ആർജെഡിയുമാണ്‌ ബിജെപിക്കെതിരെ മുന്നിൽനിൽക്കുന്ന പാർടികൾ. ഇത്തരം കക്ഷികളുടെ നേതൃത്വത്തിലുള്ള പ്രാദേശികസഖ്യങ്ങൾക്ക്‌ ബിജെപിയെ ചെറുക്കാൻ കഴിയും. അതേസമയം തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയിൽ കോൺഗ്രസ്‌ പങ്കാളിയാണ്‌. അസമിൽ കോൺഗ്രസ്‌ മുന്നണിയുമായി സിപിഐ എം തെരഞ്ഞെടുപ്പ്‌ ധാരണയുണ്ടാക്കി. ദേശീയതല മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രൂപംകൊള്ളുന്നതാണ്‌ പതിറ്റാണ്ടുകളായി രാജ്യത്തെ അനുഭവം.

? കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ 
ഉയർത്തിക്കാട്ടുന്നതിന്റെ പ്രസക്തി
● എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപരമായ ബദൽനയങ്ങളാണ്‌ മാതൃക. കേരളത്തിലെ ജീവിതനിലവാരം യൂറോപ്പിലേതിനു തുല്യമാണ്‌. മാനവവിഭവശേഷി വികസനസൂചികയിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണ്‌. പട്ടിണിയും നിരക്ഷരതയും തുടച്ചുനീക്കാൻ കേരളത്തിനു കഴിഞ്ഞു. കേരളത്തിന്‌ ഇതു സാധ്യമായെങ്കിൽ രാജ്യത്തിനു മൊത്തത്തിൽ എന്തുകൊണ്ട്‌ ഇതിനു കഴിയുന്നില്ലെന്നതാണ്‌ ചോദ്യം. കേരളത്തിന്റെ മുന്നേറ്റം മറ്റ്‌ ഭാഗങ്ങളിൽ എന്തുകൊണ്ട്‌ ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ജനക്ഷേമ ബദൽനയങ്ങൾ നടപ്പാകണം. ഇതിനുള്ള വഴിയാണ്‌ കേരളം കാട്ടുന്നത്‌. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനം ദേശീയതലത്തിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കരുത്താണ്‌.
?  സിൽവർ ലൈൻ വിഷയത്തിൽ പാർടി ജനറൽസെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും വ്യത്യസ്‌ത അഭിപ്രായങ്ങളാണെന്ന പ്രചാരണം വലതുപക്ഷ മാധ്യമങ്ങൾ തുടരുകയാണല്ലോ

● അവർ വാർത്തകൾ വളച്ചൊടിക്കുകയാണെന്ന്‌ പറയാതിരിക്കാൻ വയ്യ. മാത്രമല്ല, ഇത്തരത്തിൽ വാർത്തകൾ നൽകി ലാഭമുണ്ടാക്കുന്നുവെന്നുകൂടി പറയേണ്ടിവരും. നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ സർവേ നടക്കുകയാണ്‌. അന്തിമ അനുമതി നൽകേണ്ടത്‌ കേന്ദ്രസർക്കാരാണ്‌. കേരളത്തിന്റെ വികസനത്തിനുവേണ്ടി ഈ പദ്ധതി നടപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ ഞാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ കാര്യമാണ്‌ പറയുന്നത്‌. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ല.

?  സിപിഐ എം ശക്തികേന്ദ്രങ്ങളായിരുന്ന 
ബംഗാളിലും ത്രിപുരയിലും നേരിടുന്ന 
മുഖ്യപ്രശ്‌നം എന്താണ്‌
● ബംഗാളിൽ ഭീകരതയുടെയും സംഘർഷത്തിന്റെയും രാഷ്‌ട്രീയമാണ്‌ തൃണമൂൽ പയറ്റുന്നത്‌. ത്രിപുരയിൽ ബിജെപിയാണ്‌ അക്രമരാഷ്‌ട്രീയത്തിന്റെ പ്രയോക്താക്കൾ. താൽക്കാലികമായ തെരഞ്ഞെടുപ്പ്‌ തിരിച്ചടികൾ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, അവരുടെ വിജയം ശാശ്വതമല്ല. വെല്ലുവിളികൾ ഏറ്റെടുത്ത്‌ സിപിഐ എം പൊരുതുകയാണ്‌.

? ഉത്തരേന്ത്യയിൽ സിപിഐ എമ്മിന്റെ സ്വാധീനം ശക്തമാകാത്തതിനു കാരണമെന്താണ്‌

● തെരഞ്ഞെടുപ്പ്‌ വിജയങ്ങൾ മാത്രമല്ല പാർടി പ്രവർത്തനത്തിന്റെ അളവുകോൽ. ജനകീയ പോരാട്ടങ്ങളുടെയെല്ലാം മുന്നിൽ പാർടിയും ചെങ്കൊടിയുമുണ്ട്‌. രാജ്യത്ത്‌ ചെങ്കൊടി പാറാത്ത മേഖലകളില്ല. കർഷകരും തൊഴിലാളികളും അങ്കണവാടി ജീവനക്കാരും നടത്തുന്ന പോരാട്ടങ്ങൾ രാജ്യത്തെ സ്വാധീനിച്ചു. കർഷകസമരത്തെതുടർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. ഇതെല്ലാം പ്രധാന സംഭവഗതികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top