01 March Monday

കേരളം എൽഡിഎഫിനൊപ്പം - സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: വിജേഷ്‌ ചൂടൽUpdated: Tuesday Dec 8, 2020


തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച്‌ തെക്കൻ ജില്ല ആദ്യഘട്ടത്തിൽ പോളിങ്‌ബൂത്തിലേക്ക്‌ നീങ്ങുകയാണ്‌. പ്രാദേശിക പ്രശ്‌നങ്ങൾക്കൊപ്പം ശക്തമായ രാഷ്‌ട്രീയം ചർച്ചയായ തെരഞ്ഞെടുപ്പാണിത്‌.  16ന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം ഉറ്റുനോക്കുകയാണ്‌ രാഷ്‌ട്രീയ കേരളം. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം  എം എ ബേബി ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.

●ഏറെ രാഷ്ട്രീയ പ്രസക്തിയുള്ള ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത എന്താണ്? എൽഡിഎഫിന്റെ വിജയപ്രതീക്ഷ എത്രത്തോളമാണ്?
എല്ലാ മേഖലയിലും ജനാനുകൂല നയങ്ങൾ പിന്തുടരുന്ന എൽഡിഎഫിനെയും ജനവിരുദ്ധ സമീപനം മുറുകെപ്പിടിക്കുന്ന കോൺഗ്രസ്-, ബിജെപി മുന്നണികളെയും താരതമ്യപ്പെടുത്തിയാകും വോട്ടർമാർ തീരുമാനമെടുക്കുന്നത്. 1975ൽ ഇന്ദിരഗാന്ധി സ്വേച്ഛാധിപത്യ മർദന നയങ്ങൾ അടിച്ചേൽപ്പിക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആരും മറന്നിട്ടില്ല. മോഡിയുടെ ഭരണം അതിഭീകരാവസ്ഥയിലേക്ക് നാടിനെ നയിക്കുന്നത് അപ്രഖ്യാപിത നടപടികളിലൂടെയാണ്.  ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഘട്ടംഘട്ടമായി അട്ടിമറിക്കുന്നു. പരമോന്നത കോടതികൾ ആർഎസ്എസ് നിയന്ത്രിക്കുന്ന ഭരണത്തെ പ്രീതിപ്പെടുത്താൻ നീതിപൂർവമല്ലാത്തതും പക്ഷപാതപരമെന്ന്‌ ആശങ്കയുണർത്തുന്നതുമായ വിധികൾ നിസ്സങ്കോചം പ്രഖ്യാപിക്കുന്നു. മതത്തെ മാനദണ്ഡമാക്കിയ വിവേചനപരമായ നിയമഭേദഗതികൾ ഒറ്റനോട്ടത്തിൽത്തന്നെ ഭരണഘടനാവിരുദ്ധമാണെങ്കിലും കേസുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയി മോഡി സർക്കാരിനെ സഹായിക്കാൻ സുപ്രീംകോടതിക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. അത്യസാധാരണ തിടുക്കത്തിൽ സുപ്രീംകോടതി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചത് നരേന്ദ്ര മോഡിയുടെ വാടക നാവായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ എന്ന കുപ്രസിദ്ധി ഉള്ളതിനാൽ ആണെന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്നു.

മഹാത്മാഗാന്ധിയുടെ ദാരുണമായ വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആർഎസ്എസാണ് ഇന്ന്‌ ഇന്ത്യയിലെ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത്. അതിന്റെ സർസംഘചാലക് ഗോൾവാൾക്കർ ഗാന്ധിവധത്തെ തുടർന്ന് അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ കെട്ടിട സമുച്ചയത്തിന് ഗോൾവാൾക്കറുടെ പേര് നൽകാൻ ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുന്നു. നഗ്നമായ വർഗീയനയങ്ങൾ പിന്തുടരുന്ന ബിജെപിയെ യുഡിഎഫ് പ്രകടനപത്രികയിൽ പേരിനൊന്ന്‌ വിമർശിക്കാൻപോലും തയ്യാറായിട്ടില്ല എന്നത് എത്ര അവസരവാദപരമാണ്. ഏതാനും സീറ്റിന്റെ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിൽ ഏതുതരം വർഗീയതയുമായും  തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന അപകടകാരികളുമായും പരസ്യമോ രഹസ്യമോ ആയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടാക്കുകയാണ്‌ കോൺഗ്രസ്‌.

ആർഎസ്എസിന്റെ കാർബൺ കോപ്പിയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംവിധാനമായ വെൽഫെയർ പാർടിയുമായി കോൺഗ്രസും മുസ്ലിംലീഗും കൂട്ടുകൂടുന്നതിന്റെ അർഥം ഇതാണ്. മതസൗഹാർദവും സാമൂഹ്യമൈത്രിയും തകർക്കുന്ന ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ ജനവിധി എൽഡിഎഫിന് അനുകൂലമാകാതെ തരമില്ല. ഈ രാഷ്ട്രീയ കാരണങ്ങളാൽ അഞ്ചുവർഷം മുമ്പുണ്ടായ വിജയത്തെ അപേക്ഷിച്ച് വ്യക്തമായ എൽഡിഎഫ് മുന്നേറ്റം ഇത്തവണ ഉറപ്പാണ്.

●തദ്ദേശ തെരഞ്ഞെടുപ്പിൽ  പ്രാദേശികമായ വിഷയങ്ങൾക്കൊപ്പം സംസ്ഥാന- ദേശീയ സ്ഥിതിഗതികൾ എത്രത്തോളം ചർച്ചയാകുന്നു?
ഡൽഹിയിലെ കർഷകസമരവും നവംബർ 26-ന്റെ അഖിലേന്ത്യാ പണിമുടക്കുമെല്ലാം നമ്മുടെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. കർഷകർക്കും സാധാരണക്കാർക്കും എതിരാകുന്നതിൽ കോൺഗ്രസ്–-ബിജെപി നയങ്ങൾ എപ്രകാരം യോജിക്കുന്നു എന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്‌.  ഉത്തരേന്ത്യയിലെ അസ്ഥി തുളയ്ക്കുന്ന കൊടുംതണുപ്പിലും കോവിഡ് ഭീതിയിലും കർഷകരെ തുടർ സമരത്തിലേക്ക് തള്ളിവിട്ട നിയമങ്ങൾ നടപ്പാക്കിയത് ബിജെപിയാണ്. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതേ നിയമഭേദഗതികൾ കോൺഗ്രസ് അഖിലേന്ത്യാ മാനിഫെസ്റ്റോയിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരുന്നു. കുത്തക മുതലാളിമാരെയും ഭൂപ്രഭുക്കളെയും സഹായിക്കുന്നതിലും സാധാരണക്കാരെ ദ്രോഹിക്കുന്നതിലും കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമില്ലെന്ന് ചുരുക്കം.

ജനകീയാസൂത്രണംപോലുള്ള ഭാവനാപൂർണമായ പരിപാടികളിലൂടെ അധികാരവും പണവും നൽകി ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നത് എൽഡിഎഫ് ആണെങ്കിൽ അവയെ ദുർബലപ്പെടുത്തുന്നതാണ് മറ്റു മുന്നണികളുടെ നയം. ഒരു പ്രധാന ചർച്ചാവിഷയമാകും ഇക്കാര്യം.

●സർക്കാരിന്റെ വികസനപദ്ധതികളും ജനക്ഷേമ പ്രവർത്തനവും തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് ഭയക്കുന്നതുകൊണ്ടാണോ പ്രതിപക്ഷം മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
അതെ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ–-വികസന പരിപാടികളുടെ പ്രയോജനം ചെന്നെത്താത്ത ഒരു പ്രദേശമോ കുടുംബമോ കേരളത്തിലുണ്ടാകില്ല. ലോക്‌ഡൗൺകാലത്ത്‌ ഒരാളും കേരളത്തിൽ പട്ടിണി കിടക്കാതിരിക്കാൻ സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും സമൂഹ അടുക്കളയും സജ്ജമാക്കി. ജീവജാലങ്ങളും പട്ടിണിയാകാതിരിക്കാൻ കരുതൽ വേണമെന്ന് സർക്കാർ ഓർത്തു. ത്രിതല പഞ്ചായത്തുകളുമായി ചേർന്ന്  ക്രമീകരണങ്ങൾ ഉറപ്പാക്കി. കോവിഡ് രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ ഭക്ഷണവും ചികിത്സയും പരിരക്ഷയും സൗജന്യമായി നൽകി.  കോൺഗ്രസോ ബിജെപിയോ ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനത്തും ഇതൊന്നും ചെയ്തിട്ടില്ല. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനും ആരോഗ്യമേഖലയുടെ വികസനത്തിനും സർക്കാർ പ്രത്യേക ശ്രദ്ധചെലുത്തി. 60000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. ഇതിൽനിന്നെല്ലാം ശ്രദ്ധതിരിക്കാനാണ്‌ അപവാദ വ്യവസായത്തിൽ എതിർമുന്നണികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്‌.  ദൃശ്യമാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപ്പര്യത്തോടൊപ്പം ടിആർപി റേറ്റിങ്‌ ഉയർത്താനും വിവാദ വ്യവസായം ആവശ്യമാണ്.

●അധികാരത്തിനുവേണ്ടി യുഡിഎഫ് വർഗീയ ശക്തികളുമായി ഉണ്ടാക്കുന്ന കൂട്ടുകെട്ട് ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും?
ജനങ്ങൾ സമാധാനവും മതമൈത്രിയും ആഗ്രഹിക്കുന്നവരാണ്. വർഗീയ വിഭാഗീയ രാഷ്ട്രീയത്തെ തുറന്നെതിർക്കുന്നതും അത്തരം ശക്തികളെ ആശ്രയിക്കാത്തതും എൽഡിഎഫ് മാത്രമാണ്. അതിന്റെ തിളക്കമുള്ള നയം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയുള്ള വർഗീയ ബന്ധങ്ങളെ തള്ളിക്കളയാൻ വോട്ടർമാരെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും.

●സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ തദ്ദേശ തെരഞ്ഞെടുപ്പ്?
ജനങ്ങൾക്കിടയിൽ സർക്കാർവിരുദ്ധ വികാരമില്ല. ഇത്ര കാര്യക്ഷമമായും ജനകീയ പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇന്ത്യയിൽ വേറെയില്ല എന്ന വസ്തുതയും ജനമനസ്സുകളിലുണ്ട്. നിഷ്പക്ഷമായ സ്ഥാപനങ്ങൾ ഇതൊക്കെ അംഗീകരിച്ച്‌ സംസ്ഥാന സർക്കാരിന് അവാർഡുകൾ നൽകിയിട്ടുണ്ട്. കോവിഡ്‌ പ്രതിരോധത്തിൽ അന്താരാഷ്ട്രതലത്തിൽ കേരളത്തിന് അഭിനന്ദനങ്ങൾ ലഭിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ ഭരണമികവിനുള്ള അംഗീകാരം കൂടിയാകും.

●യുഡിഎഫിൽനിന്ന് രണ്ടു പ്രധാനപ്പെട്ട കക്ഷികൾ ഇടതുമുന്നണിയിലേക്ക് വന്നിരിക്കുന്നു. ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ പ്രതിപക്ഷ മുന്നണിയിലാണ്‌ പ്രശ്നങ്ങൾ. ഈ സാഹചര്യം സൂചിപ്പിക്കുന്നത് എന്താണ് ?
യുഡിഎഫ് ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയാണെന്ന്‌ അതിലെ ഘടകകക്ഷികൾക്കുതന്നെ തിരിച്ചറിയാനാകുന്നു എന്നാണ് ഇതിന്റെയർഥം. അതുമാത്രമല്ല,  യുഡിഎഫിലെ പാർടികൾക്ക് പിന്നിൽ നിൽക്കുന്ന ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും തലതിരിഞ്ഞ യുഡിഎഫ് നയങ്ങൾ മടുത്തും സംസ്ഥാന സർക്കാരിന്റെ സൽപ്രവൃത്തികൾ തിരിച്ചറിഞ്ഞും സ്വന്തം നിലപാട് തിരുത്തി എൽഡിഎഫിനൊപ്പം അണിനിരക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്‌ പ്രതിഫലിക്കും.

●ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തകർച്ച എത്രത്തോളം വലുതാകും?
യുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണ്. ആർഎസ്എസിന്റെ മറുപതിപ്പായ ജമാഅത്തെ ഇസ്ലാമിയുമായുള്ള അവിശുദ്ധബന്ധം കോൺഗ്രസിലും യുഡിഎഫിലും മുസ്ലിംലീഗിലും ആഭ്യന്തര പ്രതിസന്ധി മൂർച്ഛിപ്പിക്കും. തോൽവി അത് കൂടുതൽ സങ്കീർണമാക്കും. എൽഡിഎഫിന് പിന്നിൽ ഈ സാഹചര്യത്തിൽ കൂടുതൽ ജനവിഭാഗങ്ങൾ വന്നുചേരും.

●സർക്കാരിനെതിരെ ചില വിവാദങ്ങൾ മാധ്യമങ്ങളും ചില പ്രതിപക്ഷ കക്ഷികളും ബിജെപിയും ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നു. ഇത്‌  എൽഡിഎഫിന്റെ വിജയത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ?
പുകമറ ഉയർത്താനും അപൂർവം ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കാനും കഴിഞ്ഞാൽ ആകട്ടെ എന്നു മാത്രമേ ആസൂത്രകരായ കോൺഗ്രസ്–-ലീഗ്–-ബിജെപി കുൽസിതർ ഉദ്ദേശിക്കുന്നുള്ളൂ. യുഡിഎഫ് നേതൃത്വവും മുൻമന്ത്രിമാരും സിറ്റിങ്‌ എംഎൽഎമാരും അഴിമതിക്കേസുകളിൽ വ്യക്തമായി പ്രതിസ്ഥാനത്തെത്തി ജയിലിലോ ജയിൽവഴിയിലോ നിൽക്കുമ്പോഴാണ്‌ എൽഡിഎഫിനെതിരെ പുകപടലം ഉയർത്താനുള്ള വൃഥാശ്രമം. ഒരുകാര്യം അസന്ദിഗ്ധമായി  വ്യക്തമാക്കാം. എൽഡിഎഫിനെതിരെ കൃത്രിമമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്. ഏതെങ്കിലും പ്രശ്നത്തിൽ ആർക്കെങ്കിലും കുറ്റകരമായ പങ്കുണ്ടെന്ന് തെളിഞ്ഞാൽ തക്ക നടപടി കൈക്കൊള്ളാൻ സിപിഐ എം ഒരിക്കലും മടിച്ചുനിൽക്കില്ലെന്ന് ആർക്കാണ് അറിയാത്തത്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക്‌ ഒരു വോട്ട് ’എന്ന മുദ്രാവാക്യമാണ്‌ ഉയർത്തുന്നത്‌. മനുഷ്യന്റെ സുരക്ഷയും അഭയവും ഉറപ്പാക്കുന്ന നിലപാടുയർത്തുന്നവർക്കാണ്‌ ജനപിന്തുണ. നവകേരള സൃഷ്ടിക്ക്‌  ഒറ്റക്കെട്ടായി നീങ്ങുന്ന കേരളം അപവാദ വ്യവസായികളെ തിരസ്കരിക്കുകതന്നെ ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top