17 January Sunday

വികസനം വോട്ടർമാർ ചർച്ചചെയ്യും - ജോസ്‌ കെ മാണി സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


നാലു പതിറ്റാണ്ട്‌ യുഡിഎഫിലെ പ്രബല ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ്‌ എം എൽഡിഎഫിൽ എത്തിയതിനെത്തുടർന്നുള്ള രാഷ്ട്രീയമാറ്റം ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പോടെ ബോധ്യപ്പെടുമെന്ന്‌ ചെയർമാൻ ജോസ്‌ കെ മാണി. ഇതിനുപരി വലിയ ഇച്ഛാശക്തിയോടെ നടപ്പാക്കിയതും നടന്നുവരുന്നതുമായ ചരിത്രവികസനം വോട്ടർമാർക്ക്‌ നേരിട്ടു ബോധ്യമുള്ളതിനാൽ വിലയിരുത്തും. നാട്‌ എത്തിനിൽക്കുന്ന സാഹചര്യങ്ങളെക്കുറിച്ച്‌ ജോസ്‌ കെ മാണി ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുന്നു.

● ഈ തെരഞ്ഞെടുപ്പിലെ സവിശേഷതയും ചർച്ചാവിഷയവും
നാടിന്റെ മുക്കിലും മൂലയിലുമുണ്ടായ വികസനവും ക്ഷേമപദ്ധതികളും വോട്ടർമാർ കാണുന്നുണ്ട്‌. ഇച്ഛാശക്തിയുള്ള സർക്കാരിനേ ഇത്‌ സാധിക്കൂ. ഈ ഭരണത്തിൽ വികസനത്തിന്റെ ഗുണഭോക്താക്കളല്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. അതോടൊപ്പം ജനക്ഷേമ പദ്ധതികൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനു പിന്നിലുള്ള താൽപ്പര്യവും വോട്ടർമാർ കാണുന്നുണ്ട്‌.

●രാഷ്ട്രീയ ഗതിനിർണയിക്കുമെന്നു പറയാൻ കാരണം
മധ്യ തിരുവിതാകൂറിൽ യുഡിഎഫിന്റെ കരുത്ത്‌ കേരള കോൺഗ്രസ്‌ എം ആയിരുന്നു. മലബാറിലും തെക്കൻ മേഖലയിലും യുഡിഎഫ്‌ പരാജയം ഏറ്റുവാങ്ങുമ്പോഴും ഭരണത്തിൽ എത്തിച്ചിരുന്നത്‌ കേരള കോൺഗ്രസിന്‌ മേൽക്കൈയുള്ള മണ്ഡലങ്ങളാണ്‌. 38 വർഷത്തെ തെരഞ്ഞെടുപ്പുവിജയ ചരിത്രം ഇത്‌ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലും സഹകരണമേഖലയിലും ഈ മികവ്‌ നിലനിർത്തുന്നു. മുന്നണിമാറ്റം യുഡിഎഫിനെ സാരമായി ബാധിക്കുമെന്ന് അവർക്ക് ബോധ്യമുണ്ട്‌. പി ജെ ജോസഫിനെ കരുവാക്കി കോൺഗ്രസ്‌ നേതാക്കൾ മുതലെടുപ്പിനു ശ്രമിക്കുന്നത് അതുകൊണ്ടാണ്.

●തുടരെ വഞ്ചിച്ചെന്ന ആരോപണം
കെ എം മാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട യുഡിഎഫ്‌ സംവിധാനത്തിൽനിന്ന്‌ ഒരു കാരണവുമില്ലാതെയാണ്‌ പുറത്താക്കിയത്‌. വർഷങ്ങളായി കോൺഗ്രസ്‌ നേതാക്കളുടെയുള്ളിൽ പുകയുന്ന അതൃപ്‌തിയുടെ പ്രതിഫലനം. ചില നേതാക്കളുടെ ഗൂഢതാൽപ്പര്യവുമുണ്ട്‌. ഇല്ലാത്ത കരാറിന്റെ പേരിൽ പി ജെ ജോസഫിന്‌ എല്ലാ പിന്തുണയും നൽകി പാർടിയെ ഭിന്നിപ്പിക്കാനും ശ്രമിച്ചു.

●പിന്നിൽനിന്നും കുത്തിയെന്ന കെ എം മാണിയുടെ വെളിപ്പെടുത്തൽ
കേരള കോൺഗ്രസിനെ തകർക്കാനുള്ള ശ്രമങ്ങൾ ബോധ്യപ്പെട്ടതിനാലാണ്‌ 2016ൽ ചരൽക്കുന്നിൽ കെ എം മാണി ചിലത്‌ വെളിപ്പെടുത്തിയത്‌. കോൺഗ്രസിലെ ചിലരുടെ മുഖ്യശത്രു കേരള കോൺഗ്രസാണെന്നും തോൽപ്പിക്കാൻ പ്രത്യേക ബറ്റാലിയനും പ്രത്യേക ഫണ്ടും റിക്രൂട്ട്‌മെന്റും ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ എം മാണിയുടെ മരണശേഷം അതിരുവിട്ട പ്രവർത്തനം കോൺഗ്രസ്‌ നേതാക്കളിൽനിന്നുണ്ടായി.

●ചിഹ്നത്തിൽനിന്ന്‌ പിടിവിടാതെ നിൽക്കാൻ കാരണം
തെരഞ്ഞെടുപ്പുകമീഷനാണ്‌ എല്ലാ മെറിറ്റും മാനദണ്ഡങ്ങളും നോക്കി ചിഹ്നം അനുവദിക്കുന്നത്‌. നിരന്തരം കോടതികളിൽ പോയിട്ടും പാർടിയും ചിഹ്നവും തങ്ങൾക്കു ലഭിച്ചു. അതുതന്നെ തെരഞ്ഞെടുപ്പിൽ ഇത്തവണ വികാരമായി പ്രതിഫലിക്കും. പി ജെ ജോസഫിനും കാര്യങ്ങളറിയാം. എങ്ങനെയെങ്കിലും ഇടങ്കോലിട്ട്‌ കാലതാമസം വരുത്തുകയാണ്‌ ലക്ഷ്യം.

●ജനകീയ പ്രശ്‌നങ്ങളും എൽഡിഎഫ്‌ നിലപാടും
കർഷക–-ജനകീയ പ്രശ്‌നങ്ങളിൽ എൽഡിഎഫ്‌ രാജ്യത്ത്‌ മാതൃകയാണ്‌. കുടിയേറ്റ കർഷകരുടെ പ്രശ്‌നങ്ങളിൽ എൽഡിഎഫ്‌ നിലപാടിനോട്‌ നേരത്തെയും യോജിച്ചിരുന്നു. പച്ചക്കറി ഉൾപ്പെടെയുള്ളവയ്‌ക്ക്‌ താങ്ങുവില, റബർ കർഷകരോടുള്ള അനുഭാവ നിലപാടും പ്രധാനം. മാത്രമല്ല, പ്രളയം, കോവിഡ്‌, കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങിയ പ്രതിസന്ധികളെ സംസ്ഥാനം ഫലപ്രദമായി നേരിടുന്നു. ഏറ്റവുമൊടുവിൽ സാമ്പത്തിക സംവരണ കാര്യത്തിൽ കോൺഗ്രസ്‌ ഇരട്ടത്താപ്പ്‌ വ്യക്തമായി. നിലവിലുള്ളവർക്ക്‌ ഒരു കുറവും വരുത്താതെയാണ്‌ 10 ശതമാനം മുന്നോക്ക സംവരണം കൊണ്ടുവന്നത്‌.

●വർഗീയതയും വിഭജനവും
യുഡിഎഫിന്റെ മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടു. വർഗീയശക്തികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ഫലപ്രദമായി നേരിടുന്നതും ചെറുത്തുതോൽപ്പിക്കുന്നതും എൽഡിഎഫാണ്‌.


തയ്യാറാക്കിയത്‌ : കെ ടി രാജീവ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top