Deshabhimani

മുന്നേറാം, കൈകോർത്ത്‌ - ജോർജ്‌ മാവ്‌റിക്കോസ്‌ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 12, 2024, 11:20 PM | 0 min read

ലോക തൊഴിലാളി സംഘടനകളുടെ കൂട്ടായ്‌മയായ ഡബ്ല്യുഎഫ്‌ടിയു (വേൾഡ്‌ 
ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻ) ഓണററി പ്രസിഡന്റും ഏതൻസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വർക്കേഴ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റുമായ ജോർജ്‌ മാവ്‌റിക്കോസ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ എത്തി. 
അന്താരാഷ്ട്രതലത്തിൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നിടുന്ന സാധ്യതകളെ സംബന്ധിച്ചും അദ്ദേഹം സംസാരിക്കുന്നു. 
സാധാരണക്കാരായ തൊഴിലാളികളുമായുള്ള നിരന്തര ഇടപെടലിലൂടെ 
സ്വായത്തമാക്കിയ അനുഭവങ്ങളുടെ കരുത്തിലാണ്‌ മാവ്‌റിക്കോസ്‌ 
അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്‌. തയ്യാറാക്കിയത്‌: ദേശാഭിമാനി 
തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സുജിത്‌ ബേബി


 

സമകാലീന ലോക തൊഴിൽ സാഹചര്യം 
വിശദീകരിക്കാമോ
ഏറെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കുമേൽ മുതലാളിത്തം പിടിമുറുക്കുകയും ഐഎംഎഫിന്റെയും യൂറോപ്യൻ യൂണിയന്റെയും നയങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. തൊഴിലാളിവർഗത്തിന്‌, പ്രത്യേകിച്ച്‌ യുവതലമുറയ്‌ക്ക്‌ വലിയ പ്രതിസന്ധിയുണ്ടാക്കുന്ന നിലപാടുകളാണ്‌ ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. നിർമിതബുദ്ധിയടക്കമുള്ള നവീന സാങ്കേതികവിദ്യകളുടെ ആവിർഭാവം തൊഴിൽമേഖലയിൽ പുതിയ സാഹചര്യമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇതിനെ അന്ധമായി എതിർക്കുകയല്ല, പകരം സാങ്കേതികവിദ്യകളെ തൊഴിലാളിയുടെ ഉന്നമനത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയാണ്‌ ആവശ്യം. ചുരുക്കത്തിൽ, തൊഴിലാളിയുടെ വീക്ഷണകോണിൽ പുതിയ സാഹചര്യത്തെ വിലയിരുത്താനാണ്‌ ഡബ്ല്യുടിഎഫിന്റെ പരിശ്രമം. പലരാജ്യങ്ങളിലും മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്‌. തൊഴിലാളികളുടെ ഈ പോരാട്ടത്തിന്‌ അന്താരാഷ്ട്രതലത്തിൽ ഐക്യരൂപം കാണാനുള്ള ശ്രമമാണ്‌ ഡബ്ല്യുടിഎഫും ഇന്റർനാഷണൽ വർക്കേഴ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ടും നടത്തുന്നത്‌.

തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മുതലാളിത്തം പരാജയപ്പെട്ടു. ചൈനയടക്കമുള്ള ശക്തികളുടെ വളർച്ചയെ സാമ്രാജ്യത്വം ഭയപ്പെടുന്നു. തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന വേവലാതിയാണവർക്ക്‌. പല രാജ്യങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കാൻ മുതലാളിത്തം ശ്രമിക്കുന്നത്‌ ഇക്കാരണത്താലാണ്‌. റഷ്യയെ വിഭജിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. ഇസ്രയേലിനെ പൊലീസായി അവരോധിക്കാൻ ശ്രമിച്ചു. അന്തർദേശീയത ഉയർത്തിപ്പിടിച്ച്‌ സാമ്രാജ്യത്വ ശക്തികളെ ചെറുക്കാൻ തൊഴിലാളികൾ മുന്നിട്ടിറങ്ങണം.

പ്രതിസന്ധികളെ ഏത്‌ രീതിയിൽ 
മറികടക്കാനാകും
സമകാലീന സാഹചര്യങ്ങളെ ആഴത്തിൽ പഠിക്കുകയെന്നത്‌ പ്രധാനമാണ്‌. ഇതുവഴി മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാർഗനിർദേശങ്ങൾ തൊഴിലാളികൾക്കും സംഘടനകൾക്കും നൽകാനാകൂ. അമിതലാഭത്തിനായി മുതലാളിത്തം പ്രവർത്തിക്കുമ്പോൾ തൊഴിലാളിക്ക്‌ മെച്ചപ്പെട്ട വേതനം, ജീവിത സാഹചര്യം, സാമൂഹ്യസുരക്ഷ, വിശ്രമ സമയം, ട്രേഡ്‌ യൂണിയനുകളുടെ പ്രവർത്തന സമയം തുടങ്ങിയവ നിഷേധിക്കപ്പെടുന്നു. ഇവ നേടിയെടുക്കാൻ ശക്തമായ പോരാട്ടം അനിവാര്യമാകും. ചൂഷണരഹിതമായ നാളേയ്‌ക്കും പൊതുലക്ഷ്യങ്ങൾ നേടിയെടുക്കാനുമായി തൊഴിലാളിവർഗം കൈകോർത്ത്‌ മുന്നേറണം.

എട്ട്‌ മണിക്കൂർ ജോലി, എട്ട്‌ മണിക്കൂർ വിശ്രമം എന്നത്‌ അട്ടിമറിക്കപ്പെടുകയാണോ
ജോലിസമയം വർധിപ്പിക്കുന്നത്‌ എങ്ങനെയെന്നാണ്‌ മുതലാളിത്തത്തിന്റെ ആലോചന. 20 മണിക്കൂർവരെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കമ്പനികളും സ്ഥാപനങ്ങളുമുണ്ട്‌. കുറഞ്ഞ ശമ്പളത്തിലാണ്‌ പലയിടത്തും തൊഴിൽ. പുതിയ സാങ്കേതികവിദ്യകൾ തൊഴിലാളിക്ക്‌ കൂടുതൽ വിശ്രമവേളയും മെച്ചപ്പെട്ട ശമ്പളവും ഒരുക്കുമെന്ന പ്രതീക്ഷയ്‌ക്ക്‌ ഘടകവിരുദ്ധമാണിത്‌. തൊഴിലാളി സംഘടനകൾ ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു വിഷയമാണിത്‌.

പ്രതിസന്ധികൾ നേരിടുന്നതിനൊപ്പം സാധ്യതകളെ ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതില്ലേ
തൊഴിലിടങ്ങളിലെ പുതിയ സാധ്യതകളെക്കുറിച്ച്‌ തൊഴിലാളികളെ ബോധവൽക്കരിക്കേണ്ടതുണ്ട്‌. സാങ്കേതികവിദ്യയിലും പുതിയ കാര്യങ്ങളിലും കൃത്യമായ അറിവ്‌ പകരാനാകണം. ഐഎൽഒയടക്കം അന്താരാഷ്ട്ര സംഘടനകളിൽ കൃത്യമായ ഇടപെടൽ നടത്താൻ തൊഴിലാളി സംഘടനകൾക്ക്‌ സാധിക്കണം. ഗൗരവവും കാലികവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയെന്നത്‌ പ്രധാനമാണ്‌. ഇന്റർനാഷണൽ വർക്കേഴ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ പത്തിന്‌ നിർമിതബുദ്ധിയെക്കുറിച്ച്‌ ഒരു അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുകയാണ്‌. തൊഴിലാളിയുടെ ഉന്നമനത്തിനായി നിർമിതബുദ്ധിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ക്രിയാത്മകമായ ചർച്ചകളാകും അവിടെ ഉയരുക.

വിവിധ രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ വരുന്നത്‌ എത്രത്തോളം പ്രതീക്ഷാഭരിതമാണ്‌
തീർച്ചയായും പ്രതീക്ഷ നൽകുന്നുണ്ട്‌. തൊഴിലാളികൾക്ക്‌ അനുഗുണമായ തീരുമാനങ്ങളും നയങ്ങളും അവർ കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കാം. ഇടതുപക്ഷ സർക്കാരുകൾക്ക്‌ കീഴിൽ തൊഴിലാളിയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുമെന്നാണ്‌ പ്രതീക്ഷ. മുതലാളിത്തം ഈ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കും. ആ നീക്കങ്ങളെയും അതിജീവിക്കേണ്ടതുണ്ട്‌.

ഇന്ത്യൻ തൊഴിലാളിയുടെ സമകാലിക സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ടോ
ലോകത്ത്‌ ഏതൊരു വലതുപക്ഷ സർക്കാരിന്റെയും സഞ്ചാരം സമാന ദിശയിലാകും. അവരുടെ നയങ്ങൾ സ്വാഭാവികമായും തൊഴിലാളിവിരുദ്ധമായിത്തീരും. പൊതുവായ നിരവധി പ്രശ്‌നങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിലും നിലനിൽക്കുകയാണ്‌. ഇന്ത്യയിൽ തൊഴിലാളികളും കർഷകരും മഹാപ്രക്ഷോഭമായി തെരുവിലിറങ്ങിയതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. അതിശക്തമായ പോരാട്ടത്തിലാണ്‌ ഇന്ത്യൻ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നത്‌. സിഐടിയുവടക്കമുള്ള സംഘടനകൾക്ക്‌ ഇതിൽ നിർണായക പങ്കുവഹിക്കാൻ സാധിക്കുന്നുവെന്നത്‌ അഭിമാനകരമാണ്‌. അവകാശങ്ങൾ നേടിയെടുക്കാൻ ഇന്ത്യൻ തൊഴിലാളി നടത്തുന്ന പ്രക്ഷോഭങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രശംസിക്കപ്പെടുന്ന സാഹചര്യമുണ്ട്‌. ഇന്ത്യയിലെ തൊഴിലാളി, കർഷക സമരങ്ങൾ ലോകത്തിന്‌ നൽകുന്നത്‌ ശക്തമായ സന്ദേശമാണ്‌.

കേരളത്തിലെ തൊഴിലാളി മുന്നേറ്റങ്ങളെ 
ഏതുരീതിയിൽ വിലയിരുത്തുന്നു
തൊഴിലാളികൾക്ക്‌ മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാൻ കേരളത്തിനായിട്ടുണ്ടെന്നാണ്‌ ബോധ്യം. കേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകൾക്ക്‌ ഈ മുന്നേറ്റത്തിന്‌ നേതൃത്വം നൽകാനായിട്ടുണ്ട്‌. ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ച്‌ തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ ഇവിടത്തെ തൊഴിലാളിവർഗം താൽപ്പര്യം കാണിക്കുന്നുവെന്നത്‌ സന്തോഷകരമാണ്‌.

തൊഴിലാളികളുടെ ജീവിതസാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഇവിടത്തെ തൊഴിലാളി മുന്നേറ്റത്തിനും ഇടതുപക്ഷ സർക്കാരുകളുടെ പ്രവർത്തനങ്ങൾക്കും നിർണായക പങ്കുവഹിക്കാനായിട്ടുണ്ട്‌. അതിനിയും മുന്നോട്ട്‌ പോകുമെന്നാണ്‌ പ്രതീക്ഷ.
 



deshabhimani section

Related News

0 comments
Sort by

Home